ഇടുക്കി: ജില്ലയിലെ കടവരി, രാജാക്കാട്, രാജകുമാരി മേഖല ഒരുകാലത്ത് കുപ്രസിദ്ധിയാർജിച്ചത് കഞ്ചാവ് കൃഷിയുടെ പേരിലായിരുന്നു. എന്നാൽ, ഇപ്പോൾ ഇവിടെനിന്ന് കഞ്ചാവ് കൃഷി പൂർണമായും അപ്രത്യക്ഷമായെങ്കിലും കഞ്ചാവ് കടത്തും കച്ചവടവും സജീവമായി തുടരുന്നു. ഇവിടെ ചില്ലറ വിൽപനയ്ക്ക് മുതൽ അതിർത്തി വഴി കഞ്ചാവ് കടത്താൻവരെ കൗരമാരക്കാരെയാണ് ഉപയോഗിക്കുന്നത്. വിനോദ സഞ്ചാരത്തിനായി മൂന്നാർ അടക്കമുള്ള പ്രദേശങ്ങളിലെത്തുന്ന വിദ്യാർഥികളും കൗമാരക്കാരുമാണ് കഞ്ചാവിന്റെ ആവശ്യക്കാർ.
രാജാക്കാട് കള്ളിമാലി വ്യൂ പോയിന്റിന് സമീപത്ത് നിന്ന് കഞ്ചാവുമായി മൂന്ന് ദിവസം മുമ്പാണ് രണ്ട് യുവാക്കളെ എക്സൈസ് സംഘം പിടികൂടിയത്. പിടിയിലായ ആൽബിൻ കെ.വിൻസൻറ് ബിടെക് ബിരുദധാരിയും റിട്ടയേഡ് എസ്.ഐയുടെ മകനുമാണ്. ഒപ്പമുണ്ടായിരുന്ന ചെമ്മണാർ സ്വദേശി അഭിരാം പ്രദേശത്തെ കോളേജിലെ ബിരുദ വിദ്യാർഥിയും.
ഇവിടത്തെ കോളേജ് വിദ്യാർഥികൾക്കും വിനോദസഞ്ചാരികളായെത്തുന്ന കൗമാരക്കാർക്കും യുവാക്കൾക്കുമാണ് പ്രധാനമായും ലഹരിവിൽപന നടത്തുന്നതെന്ന് ഇവർ എക്സൈസിന് മൊഴി നൽകിയിരിക്കുന്നത്. ഇരുവരും കഞ്ചാവ് ഉപയോഗിക്കുന്നവരും ഇടുക്കിയിലെ കഞ്ചാവ് കച്ചവടം നിയന്ത്രിക്കുന്ന സംഘത്തിലെ കണ്ണികളുമാണ്. പ്രതികളിലൊരാളയ ആൽബിന്റെ പിതാവിനെ സർവീസിൽ നിന്നും പിരിച്ചുവിട്ടത് ഹാഷിഷ് ഓയിൽ കടത്തുമായി ബന്ധപ്പെട്ടാണ്.
വിനോദസഞ്ചാരത്തിന്റെ മറവിൽ ഹോം സ്റ്റേകളിലും റിസോർട്ടുകളിലുമൊക്കെ കഞ്ചാവ് വിൽപന നടക്കുന്നുണ്ടെന്ന് ഉടുമ്പൻചോലയിലെ പ്രിവന്റീവ് ഓഫീസറായ പ്രമോദ് എം.പി. പറയുന്നു. 'ഒറ്റപ്പെട്ട സ്ഥലങ്ങളിലുള്ള റോം സ്റ്റേകളും റിസോർട്ടുകളുമൊക്കെ കേന്ദ്രീകരിച്ച് ഇടുക്കി ജില്ലയിൽ കാര്യമായ ലഹരി വിൽപന നടക്കുന്നുണ്ട്. ഈയൊരു ഉദ്ദേശ്യത്തോടെ തന്നെ വരുന്നവരുമുണ്ട്. കഞ്ചാവ് മാഫിയയുടെ വ്യാപ്തിയും ഫോഴ്സിലെ അംഗബലവും പരിഗണിക്കുമ്പോൾ നമുക്ക് പരിമിതികളുണ്ട്' -പ്രമോദ് കൂട്ടിച്ചേർത്തു.
ഈ വർഷം ഉടുമ്പൻചോല സർക്കിളിൽ രജിസ്റ്റർ ചെയ്തത് 42 കഞ്ചാവ്കേസുകളാണ്. ഇതിൽ എക്സൈസിന്റെ പിടിയിലായ 38 പേർ 18നും 25നുമിടയിൽ പ്രായമുള്ളവരാണ്.
Content Highlight: ganja influence teenagers in Idukki | Mayangunna Kaumaram| Anti Drug Campaign 2019