കുറച്ചുകാലം മുമ്പാണ്. ഒരു ലഹരിചികിത്സാകേന്ദ്രത്തില്‍ കുറെ ചെറുപ്പക്കാര്‍ വന്നു. എല്ലാവര്‍ക്കും ഏതാണ്ട് ഒരേ പ്രായം. കുറച്ചുനേരം ഇവര്‍ സ്ഥാപനമേധാവിയുമായി സംസാരിച്ചിരുന്നു. ആര്‍ക്കാണ് പ്രശ്നം എന്ന് പിടികിട്ടുന്നില്ല. പെട്ടെന്ന് ഒരാള്‍ ചാടിയെഴുന്നേറ്റ് ജനലിന് ഒറ്റയിടി. മോനവിടെയിരിക്ക് എന്ന് സ്നേഹബുദ്ധ്യാ പറഞ്ഞുനോക്കി. ഫലമില്ല. ജനല്‍ക്കമ്പിയില്‍ പിടിച്ച് ഒറ്റനില്‍പ്പാണയാള്‍. കൈ വിടുവിക്കാന്‍ നോക്കുമ്പോള്‍ ഇരുമ്പിനെക്കാള്‍ കട്ടി. ഞരമ്പ് ത്രസിച്ചുനില്‍ക്കുന്നു. പിടിച്ചത് ചെറുപ്പക്കാരന്‍ അറിയുന്നുപോലുമില്ല. സംവേദനക്ഷമത നഷ്ടപ്പെട്ടതുപോലെ. കൂടെയുള്ളവര്‍ ചാടിയെഴുന്നേറ്റു. ഇനി നിന്നാല്‍ അപകടമെന്നു പറഞ്ഞ് അവര്‍ ഓടി കോമ്പൗണ്ടിന് വെളിയിലെത്തി. മനോനില തെറ്റിയപോലെ ചെറുപ്പക്കാരന്‍ നിന്നലറുകയാണ്: 'അഞ്ചുമിനിറ്റിനകം എനിക്ക് സാധനം കിട്ടിയില്ലെങ്കില്‍ എല്ലാവരെയും കൊല്ലും.' ഓടുന്നതിനിടെ കൂടെവന്ന ചെറുപ്പക്കാര്‍ വിളിച്ചുപറയുന്നുണ്ട്: 'അവന്‍ ഒന്നിനും മടിക്കില്ല, രക്ഷപ്പെട്ടോ.'

ജനല്‍ക്കമ്പിയില്‍നിന്ന് പിടിവിട്ട ചെറുപ്പക്കാരനും ചാടി മുറ്റത്തിറങ്ങി. അവിടെ കുഴിയില്‍ ചെളിവെള്ളം കിടക്കുന്നിടത്തേക്ക് പാഞ്ഞെത്തി. തന്റെ ഷര്‍ട്ട് ഊരി അതില്‍ മുക്കി. ചെളിവെള്ളം വാര്‍ന്നുവീഴുന്ന ഷര്‍ട്ട് തലയില്‍ വെച്ചു. അതില്‍നിന്ന് ഇറ്റുവീഴുന്ന വെള്ളം നാക്കുനീക്കി വലിച്ചുകുടിച്ചു. പിന്നെ നിലത്ത് കിടന്ന് പാന്റ്സ് ഊരി ദേഹത്തിട്ടു. അഞ്ചുമിനിട്ട് കിടന്നപ്പോള്‍ ശാന്തമായി.

'ഇങ്ങനെയുള്ളവരെ ഒന്നും ചെയ്യാന്‍ പറ്റില്ലെന്നറിയാം. ഞങ്ങള്‍ പറഞ്ഞുവിട്ടു' -സ്ഥാപനമേധാവി പറയുന്നു. കഞ്ചാവിനടിപ്പെട്ട ചെറുപ്പക്കാരന്റെ അവസ്ഥയാണിത്. ഈ സ്ഥിതിയിലേക്ക് നൂറുകണക്കിനാളുകളെ തള്ളിവിടുകയാണ് കഴിഞ്ഞ ദിവസം ഇവിടെ 112 കിലോഗ്രാം കഞ്ചാവ് എത്തിച്ചതരം ഗൂഢസംഘങ്ങള്‍. പിടിക്കപ്പെടുന്നത് നൂറിലൊന്നുപോലും വരില്ലെന്ന് പോലീസ് ഉള്‍പ്പെടെയുള്ള നിയമപാലക സംഘങ്ങള്‍ പറയുന്നു. ബാക്കിയെല്ലാം ഈ നാട്ടില്‍ എത്തുന്നു, വിതരണം ചെയ്യപ്പെടുന്നു. ആരെങ്കിലും വിവരം കൊടുത്താലേ പിടിക്കാന്‍ കഴിയൂ. അത് അപൂര്‍വമായിരിക്കും -ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

* മദ്യത്തിനടിപ്പെട്ടവരെക്കാള്‍ നൂറുമടങ്ങ് പ്രയാസമാണ് കഞ്ചാവിനടിപ്പെട്ടവരുടെ ചികിത്സ. കഞ്ചാവ് കിട്ടാത്ത അവസ്ഥയുണ്ടാക്കുകയാണ് ചികിത്സയുടെ നിര്‍ണായക ഘട്ടം. ഒന്നോ രണ്ടോ പേര്‍ എപ്പോഴും കൂടെ വേണം. കാരണം ലഹരി അടിമകളുടെ മാനസികനില ദുര്‍ബലമായിരിക്കും. എപ്പോള്‍ മാറുമെന്ന് പറയാന്‍ പ്രയാസം. എപ്പോഴും പിരിമുറക്കം അനുഭവിച്ചുകൊണ്ടിരിക്കും അവര്‍. നിരന്തര ലഹരി ഉപയോഗം മൂലം തലച്ചോറിന് ക്ഷതമേല്‍ക്കുന്നതുകൊണ്ടാണിത്. സാധാരണ സിഗരറ്റ് വലിക്കുമ്പോള്‍ 7000 രാസവസ്തുക്കള്‍ ശരീരത്തില്‍ പ്രവേശിക്കുന്നുവെന്നും അതില്‍ 69 എണ്ണം കാന്‍സര്‍ സാധ്യത ഉണ്ടാക്കുന്നതുമാണെന്നിരിക്കെ കഞ്ചാവ് എത്രമാത്രം ആഘാതമുണ്ടാക്കും...

* രാത്രി ഉറക്കക്കുറവും ശ്വാസതടസ്സവും വിശപ്പില്ലായ്മയും അടിമകളുടെ ലക്ഷണങ്ങളാണ്. അന്തര്‍മുഖനായിരിക്കും. അപകര്‍ഷതാബോധം ഭരിക്കും. ആത്മനിയന്ത്രണമുണ്ടാകില്ല, ആത്മാഭിമാനവും. എന്ത് തരംതാണ പ്രവൃത്തിക്കും തയ്യാറാകും. ശരീരത്ത് കടുത്ത വേദനയുള്ളതുപോലെ തോന്നും. ഓര്‍മക്കുറവുണ്ടാകും. യുക്തിഭദ്രമായി കാര്യങ്ങള്‍ ബന്ധിപ്പിക്കില്ല. കഞ്ചാവിന് അഞ്ചുനിറം എന്ന ചൊല്ല് വന്നത് അടിപ്പെട്ടവരുടെ തികച്ചും പ്രവചനാതീതമായ പെരുമാറ്റം കൊണ്ടാണ്.

* കൂട്ടുകാരില്‍നിന്ന് രസത്തിന് ഒന്നോ രണ്ടോ പുക വാങ്ങി വലിച്ചാണ് തുടക്കം. ആദ്യം വെറുതെ കിട്ടും. കൂടുതല്‍ പുക എടുത്തു ശീലമാകുമ്പോള്‍ കിട്ടാതെ നിവൃത്തിയില്ലെന്ന് വരും. ആദ്യം വെറുതെ തന്നവന്‍ പണം ചോദിക്കും. കൊടുക്കാന്‍ നിര്‍ബന്ധിതനാകും. അതുകൊണ്ട് വിദഗ്ധര്‍ പറയുന്നു, ആദ്യത്തെ പുക ഒരിക്കലും എടുക്കാതിരിക്കുക.

Content Highlight: ganja addiction treatment| Anti Drug Campaign 2019