മാതാപിതാക്കളുടെ തിരക്ക് പിടിച്ച ജീവിതങ്ങള്‍, മക്കള്‍ മനസമാധാനം തേടി എത്തുന്നത് മയക്കു മരുന്നിനു മുമ്പില്‍. കേസുകളില്‍ പെട്ട് വരുന്ന കുട്ടികള്‍ പലരും പറയുന്നതാണ് മാഡം ,മനസമാധാനം കിട്ടാന്‍ വേണ്ടിയാണ്. വീട്ടുകാര്‍ പലപ്പോഴും അവരുടെ തിരക്കുകളില്‍ മുഴുകുമ്പോള്‍, കുട്ടികളെ ശ്രദ്ധിക്കാന്‍ മറക്കുന്നു. വഴക്കിട്ട് വീട് വിട്ടില്‍ നിന്ന് ഇറങ്ങുന്ന കുട്ടികള്‍ പലരും എത്തിച്ചേരുന്നത് ലഹരിയുടെ ലോകത്താണ്.
    
കുട്ടികളില്‍ ആണ് ഏറ്റവും കൂടുതല്‍ മയക്കു മരുന്ന് ഉപയോഗം,അവരുടെ ഇടയില്‍ പടരുകയാണ്. സിറിഞ്ച് ഉപയോഗം മൂലം 
ഹെപെറ്റിറ്റിസ് സി  പോലുള്ള അസുഖങ്ങള്‍. ജീവിതം ആസ്വദിക്കാന്‍ ഉള്ളതാണ്,എല്ലാ സുഖവും ഞങ്ങള്‍ക്ക് അറിയണം എന്ന ആ ഒരെറ്റ ചിന്ത ഗതിയാണ് ലഹരി ഉപയോഗത്തിന് പിറകില്‍. അതിനു പലരും പല കാരണങ്ങളും കണ്ടെത്തുന്നു.

മുതിര്‍ന്ന ആളുകള്‍ കുട്ടികളെ ഇതിലേക്ക് എത്തിക്കാന്‍ വേണ്ടി പല മാര്‍ഗ്ഗങ്ങളും സ്വീകരിക്കുന്നുണ്ട്. ഇന്ന് ലഹരി പല രൂപത്തിലും ലഭ്യമാണ് .

ജീവിതം ആസ്വദിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടവര്‍ക്ക് മാരകമായ അസുഖം,ചിലര്‍ക്ക് കേസുകള്‍, കഞ്ചാവിന്റെ മൂന്നാമത്തെ പുകച്ചുരുള്ളില്‍ പെട്ട് നിവരാന്‍ ആവാത്തവര്‍. ചിറകൊടിഞ്ഞ പക്ഷികള്‍ പോലെ ചുരുണ്ട് കിടക്കുന്നു .

ഒരിക്കലും ആരെയും തിരിച്ചറിയാന്‍ ആവാത്ത തരത്തില്‍ അവര്‍ എത്തി ചേരുന്നു. എത്ര വലിയ ദ്രോഹമാണ് ചെയുന്നത്. കുട്ടികളെ ഇങ്ങനെ നശിപ്പിക്കുന്നവര്‍ വിടുരും മുമ്പേ പൂമൊട്ടുകളെ കശാപ്പു ചെയുന്നവര്‍ ആണെന്ന് പറയാം .

അമ്മയെയും അച്ഛനെയും ലഹരിയില്‍ കണ്ടെത്താന്‍ സാധിക്കും എന്ന ഭാവമാണ് കുട്ടികള്‍ക്ക്. ലഹരി എന്റെ സിരകളില്‍ ഓടുമ്പോള്‍ 
എല്ലാം ഞാന്‍ മറന്നു എന്ന് തോന്നുന്നു എന്നാണു കുട്ടികള്‍ പറയുന്നത് .

മൂന്നാം പുകച്ചുരുള്ളില്‍ കൗമാരവും,ഒടുക്കം യൗവനവും തളക്കപ്പെടുന്നു.ഒടുവില്‍, ഒന്നു കൈ അനക്കാന്‍ പോലും ആവാതെ,വലിക്കാന്‍ ആവാതെ കരയുമ്പോള്‍ ഒരിക്കല്‍ അവര്‍ ആട്ടിയിറക്കിയ അവരുടെ അമ്മ തന്നെ കാവലായി ആശുപത്രികളില്‍ കൂട്ടിരിക്കുന്ന എത്രയോ സംഭവങ്ങള്‍. 

മരുന്ന് കയറ്റുമ്പോള്‍ അലറിയും അട്ടഹസിച്ചും കരയുമ്പോള്‍ അവരുടെ തലയക്ക് പിറകില്‍ ഉള്ള ജനലിന്റെ അടുത്ത് നിന്ന്  ശബ്ധമിലാതേ അമ്മമാര്‍ കരയുന്നത് കാണാം. കുട്ടികളില്‍ പലരും അപ്പോഴാണ് അമ്മമാരേ ശ്രദ്ധിക്കുന്നത് ,ആ ശ്രദ്ധയെ മനസിലേക്ക് പതിപ്പിക്കാനായാല്‍ ചിലപ്പോള്‍ അത് ജീവിതത്തിലേക്കുള്ള തിരിച്ചുവരവ് കൂടിയാകാം.

അതുവരെ കണ്ണുകളില്‍ ലഹരിയായിരുന്ന അവര്‍ക്കു തിരിച്ചറിവിന്റെ കാഴ്ച ലഭിക്കും. തിമിരം ബാധിച്ചപോലെ പലതും കണ്ടില്ല കേട്ടില്ല എന്ന മട്ടില്‍ ഇരുന്ന പലരും എനിക്ക് ജീവിക്കണം എന്ന് പറഞ്ഞു കരയുന്നത് കാണാം .
'എല്ലാം തെറ്റ് എന്ന് അറിഞ്ഞപ്പോഴേക്കും വൈകി പോയി..ഒരു ഭാഗം പൊട്ടി ഒലിച്ചു കിടക്കുമ്പോള്‍ അമ്മ മാത്രം വെറുപ്പിലാതേ അടുത്തു നിന്ന് എന്റെ തലയില്‍ തടവിതന്നു...എന്റെ കൂട്ടുക്കാര്‍ ആരും വന്നില്ലന്നേരം .. എന്റെ അമ്മ മാത്രം ,എന്റെ കൂടെ ..എനിക്ക് ശേഷം എന്റെ അമ്മയ്ക്ക് ആര് അന്ന് ആ ചോദ്യം മനസ്സില്‍ ഒരിക്കലും വന്നില്ല 
ഇന്നിപ്പോള്‍  ഉത്തരം തരാന്‍ പോലും ആരുമില്ല 

ഇതു പോലൊരു  ഡയറികുറിപ്പ് ആണ് ഓരോ കുട്ടിയും ഒടുക്കം  മനസ്സില്‍ എഴുതുക .'

മയക്കുമരുന്ന് തടയുക ഇന്ന് ബുദ്ധിമുട്ടാണ് കുട്ടികളിലേക്ക് ഇഷ്ടംപോലെ എത്തിച്ചേരുന്നുണ്ട്. ചെറിയ പൊതികള്‍ കൊടുത്തു  വലയിലാക്കി ഒടുക്കം അവരെ ലഹരിവാഹകര്‍ ആക്കുന്നു ,ചിലയിടങ്ങളില്‍ ലഹരിക്ക് വേണ്ടി അവര്‍ എന്തും ചെയാന്‍ തയ്യാറാകുന്നു. കുട്ടികളില്‍ ചിലര്‍ പണം ലഭിക്കാന്‍ വേണ്ടി മോഷണങ്ങളില്‍ എത്തിച്ചേരുന്നു. കേസുകള്‍ എടുക്കുമ്പോള്‍ ഓരോ കുട്ടിയും പറയുന്നത് ഓരോ കഥകള്‍ ആണ് .

ഇന്നത്തെ കാലത്ത് കുട്ടികളെ കൂടുതല്‍ മാനസികമായി ശകതരാകുക എന്നതാണ് പ്രധാനം .

ഗട്ടര്‍ കാണുമ്പോള്‍ ഒഴിവാക്കുന്നപോലെ  മോശമായ വഴി വേണ്ടെന്നു വെയ്ക്കാന്‍ കുട്ടികള്‍ക്ക് സാധിക്കണം. ആരോഗ്യമുള്ള ഒരു സമൂഹം ആവശ്യമാണ്. കുട്ടികളുടെ പെരുമാറ്റങ്ങള്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. സഹായം വേണമെന്ന് തോന്നിയാല്‍ ഉടനെ സഹായം തേടേണ്ടതാണ്. കുട്ടികളുമായി സമയം ചിലവഴിക്കാന്‍ മാതാപിതാക്കള്‍ക്ക് സാധിക്കണം .

ഉണരുക ഒരാളെയെങ്കിലും രക്ഷിക്കാന്‍ കഴിയട്ടെ...