ത്ത് വര്‍ഷം മുമ്പാണ്. മാധ്യമപ്രവര്‍ത്തനം കണ്ണൂരില്‍. ഒരു ദിവസം വൈകിട്ടാണ് ജയില്‍ സൂപ്രണ്ട് ഫോണില്‍ വിളിക്കുന്നത്. ജയിലിലെ മിടുക്കനായ ഒരു ചെറുപ്പക്കാരനെ പറ്റി പറയാനാണ് വിളിച്ചത്. കൊലപാതകക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് തടവില്‍ കഴിയുന്ന ഇരുപതുകാരന്‍. വാര്‍ത്ത ചെയ്യാന്‍ പറ്റുന്ന കഥയാണ് അവനെന്ന് ജയില്‍ സൂപ്രണ്ട് പറഞ്ഞു. അവന്‍ വലിയൊരു ഉദ്യമത്തിലാണ്. സിവില്‍ സര്‍വീസ് പ്രിലിമനറി പരീക്ഷയ്ക്ക് തയാറെടുക്കുന്നു. കണ്ണൂര്‍ ജയില്‍ പൂര്‍ണ പിന്തുണയുമായി അവനൊപ്പമുണ്ട്. ഒരു വാര്‍ത്ത കൂടി വന്നാല്‍ അവന് അത് ഗുണമാകും. അംഗീകാരമാകും. കഠിനമായി പരിശ്രമിക്കുന്നുണ്ട്. നല്ല വായന. പഠനത്തിനാവശ്യമായ പുസ്തകങ്ങള്‍ അടക്കം എല്ലാ സംവിധാനവും ഉദ്യോഗസ്ഥര്‍ തന്നെയാണ് ഒരുക്കിക്കൊടുക്കുന്നത്. മറ്റ് ജോലികളില്‍ നിന്നെല്ലാം ഒഴിവാക്കി അവനെ പഠിക്കാന്‍ മാത്രമായി വിട്ടിരിക്കുകയാണ്. കൊലക്കേസ് പ്രതി സിവില്‍ സര്‍വീസ് പരീക്ഷ എഴുതി വിജയിച്ചാല്‍ എന്താകും എന്നൊന്നും അറിയില്ല. പക്ഷെ അവന്റെ ഉത്സാഹത്തെ കെടുത്താന്‍ ഞങ്ങള്‍ക്ക് തോന്നിയില്ല. അവന്റെ പേരും ദൃശ്യങ്ങളും പുറത്തുവിടാന്‍ കഴിയില്ല. പക്ഷെ നിങ്ങള്‍ക്ക് അവനോട് സംസാരിക്കാം. അതിനുള്ള സൗകര്യമൊരുക്കാം എന്നും സൂപ്രണ്ട് പറഞ്ഞു. 

പിറ്റേന്ന് വൈകിട്ട് ആ യുവാവിനെ കാണാനായി ജയിലില്‍ എത്തി. കൊലയാളി. ജീവപര്യന്തം തടവുകാരന്‍. മനസില്‍ ആളെപ്പറ്റി ഒരു രൂപമൊക്കെയുണ്ട്. ഗൗരവമുള്ള ഒരു മുഖവും കഠിനമായ ഹൃദയവുമുള്ള ആ മനുഷ്യനോട് എങ്ങനെ സംസാരിക്കും എന്ന ആശങ്കയുണ്ട് ഉള്ളില്‍. സാധാരണ കുറ്റവാളികള്‍ അങ്ങനെയാണ്. പ്രത്യേകിച്ച് ജയിലില്‍ കിടക്കുന്നവര്‍. മാധ്യമപ്രവര്‍ത്തകരോട് യാതൊരു മമതയുമില്ലാതെയാണ് അവര്‍ സംസാരിക്കുക. താത്പര്യക്കേട് ഒരോ വാക്കിലുമുണ്ടാകും. സൂപ്രണ്ട് മുന്‍കൈയെടുത്തതുകൊണ്ട് അയാള്‍ എന്തെങ്കിലും പറയുമായിരിക്കും എന്ന ആശ്വാസം കണ്ടെത്തി. തടവുകാരനെ കാണാനുള്ള നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി മുറിയിലേക്ക് കടന്നു. ഒരല്പം കാത്തിരിക്കാന്‍ പോലീസുകാരന്റെ നിര്‍ദേശം.

ഇരുമ്പ് വലയ്ക്ക് അപ്പുറത്ത് ആളനക്കം. വെള്ളക്കുപ്പായമൊക്കെയിട്ട് മാലാഖയെപ്പോലെയൊരു സുന്ദരക്കുട്ടപ്പന്‍. കണ്ണ് നിറയെ പുഞ്ചിരി. മുഖം വലയോട് ചേര്‍ത്തുവെച്ച് അവന്‍ എന്നെ നോക്കി ചിരിച്ചു കൊണ്ടേയിരുന്നു. ഞാന്‍ സ്വയം പരിചയപ്പെടുത്തി. വരവിന്റെ ഉദ്ദേശം പറഞ്ഞു. ആദ്യമെ അവന്‍ പറഞ്ഞു. എന്റെ പേരും വീട്ടുപേരും ഒന്നും കൊടുക്കരുത്. അച്ഛനും അമ്മയും സഹോദരങ്ങളുമൊക്കെയുണ്ട് അവര്‍ക്ക് ബുദ്ധിമുട്ടാകും. ഇല്ല എന്ന ഉറപ്പില്‍ അവന്‍ സംസാരിച്ചു തുടങ്ങി. വയനയെക്കുറിച്ചും പരീക്ഷയെക്കുറിച്ചും ആത്മവിശ്വാസത്തെക്കുറിച്ചും. ഏറ്റവും ഒടുവിലാണ് ഞാന്‍ ചോദിച്ചത്-എങ്ങനെ ഇതിനകത്ത് എത്തി?
ഞാനല്ല ചേട്ടാ കുറ്റം ചെയ്തത്. ലഹരിയാണ്. മയക്കുമരുന്ന്. ചിരിമാഞ്ഞു. കണ്ണ് നിറയെ സങ്കട നിഴല്‍. 

എന്‍ജീനീയറിംഗ് വിദ്യാര്‍ത്ഥി കൊലയാളിയായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തിയ കഥ അവന്‍ പറഞ്ഞു. ബാംഗ്ലൂരിലാണ് എന്‍ജിനീയറിംഗ് പഠിക്കാന്‍ പോയത്. ശരാശരി വിദ്യാര്‍ത്ഥിയായതുകൊണ്ട് രക്ഷിതാക്കള്‍ പണം കൊടുത്തു വാങ്ങിയ സീറ്റ്. കോളേജ് ജീവിതം അടിച്ചുപൊളിയായിരുന്നു. ഹോസ്റ്റല്‍, കൂട്ടുകാര്‍, മദ്യം, സിഗരറ്റ് അങ്ങനെ മെല്ലെ ലഹരിയുടെ ലോകത്തേക്ക് പിച്ചവെച്ചു തുടങ്ങി. പൊട്ടിയ പട്ടം കണക്കെയായി. വീട്ടില്‍ പോകാറില്ല. കൂട്ടുകാര്‍ തന്നെയായിരുന്നു ഹരം. നഗരത്തിന്റെ ഇരുട്ടുമൂലകളില്‍ പതിയിരുന്ന ലഹരക്കെണികളില്‍ ഞാനും കൂട്ടുകാരും വീണുപോവുകയായിരുന്നു. കഞ്ചാവും മയക്കുമരുന്നും ഭക്ഷണം പോലെയായി. അതില്ലാതെ ജീവിക്കാന്‍ കഴിയില്ലെന്ന അവസ്ഥയിലേക്ക് മാറി. എന്നിലുള്ള നിയന്ത്രണങ്ങള്‍ നഷ്ടപ്പെട്ടു. മനസ് ഒട്ടും അനുസരിക്കാന്‍ കൂട്ടാക്കാത്ത വാശിക്കാരന്‍. എപ്പോഴും ലഹരി മാത്രം ആവശ്യപ്പെട്ടുകൊണ്ടിരിക്കും. അഡിക്ടായി. മൊത്തത്തില്‍ താളം തെറ്റി. വീട്ടില്‍ നിന്ന് പഠനാവശ്യങ്ങള്‍ക്കായി നല്‍കുന്ന പണം മയക്കുമരുന്നിന് തികയുന്നില്ല. കള്ളം പറഞ്ഞ് വീണ്ടും വീണ്ടും പണം വാങ്ങി. പക്ഷെ അതും പോരാതായി. അങ്ങനെ കൂറച്ചധികം പണം വാങ്ങാനാണ് വീട്ടിലേക്ക് പോയത്. മകന്‍ നശിച്ചുകൊണ്ടിരിക്കുകയാണെന്ന് അവന്റെ ശരീരം തന്നെ മാതാപിതാക്കളോട് പറഞ്ഞു. ഇനി ബാംഗ്ലൂരിലേക്ക് പോകേണ്ട എന്നായി വീട്ടുകാര്‍. മതി പഠിത്തം. ഭ്രാന്താകാന്‍ അത്ര മതിയായിരുന്നു. 

അയല്‍പകത്ത് ഒരു ആന്റിയുണ്ട്. ഒറ്റയ്ക്കാണ് താമസം. രാത്രിയില്‍ അവിടെ കയറി പണമോ ആഭരണമോ കൈയില്‍ കിട്ടുന്നതെല്ലാം കവര്‍ന്ന് ബാംഗ്ലൂരിലേക്ക് പോകാന്‍ തീരുമാനിച്ചു. പക്ഷെ പദ്ധതി തകര്‍ന്നു. കള്ളനെ ആന്റി കണ്ടു. മുഖം തിരിച്ചറിഞ്ഞു. ആ മാനസികാവസ്ഥയില്‍ പ്രാണന്‍ പോകുവോളം ആ വൃദ്ധയുടെ കഴുത്തും മുഖവും അമര്‍ത്തിപ്പിടിച്ചു. അവസാന ചലനവും നിലച്ചതോടെ അവിടെ നിന്നും ലഭിച്ച കുറച്ചു പണവുമായി ബാംഗ്ലൂരിലേക്ക് പോയി. കുറ്റബോധം ഒട്ടും ഇല്ലായിരുന്നു. കുട്ടിക്കാലം മുതല്‍ ഒരു പാട് സ്നേഹവും ലാളനയും തന്നിരുന്ന ഒരു സ്ത്രീയെയാണ് കൊന്നത് എന്ന സങ്കടം പോലും തോന്നിയില്ല. ശരിക്കുമുള്ള ഞാന്‍ അതിനൊക്കെ ദിവസങ്ങള്‍ക്കു മുന്നേ മരിച്ചു പോയിരുന്നു.  ലഹരിയും അതിനുവേണ്ടിയുള്ള ദാഹവുമായിരുന്നു മനസുനിറയെ. മരുന്ന് കിട്ടുക എന്നതു മാത്രമായിരുന്നു ലക്ഷ്യം. ഹോസ്റ്റലില്‍ ലഹരിയില്‍ തളര്‍ന്നു കിടന്ന എന്നെ പിറ്റേന്നു തന്നെ പോലീസ് അറസ്റ്റ് ചെയ്തു. 

കവര്‍ച്ചയും കൊലപാതകവും. ജീവപര്യന്തം ശിക്ഷിച്ചു കോടതി. 

ജയിലില്‍ എത്തിയ ആദ്യ നാളുകളില്‍ ഭ്രാന്തായിരുന്നു. പതുക്കെ പതുക്കെ ലഹരിയില്‍ നിന്ന് പൂര്‍ണമായും മോചിതനായി. ഇപ്പോള്‍ വായനയാണ് ലഹരി. പഠിക്കാനുള്ള വല്ലാത്ത ദാഹം. അതിപ്പോള്‍ സിവില്‍ സര്‍വീസ് പരിശീലനത്തില്‍ എത്തി നില്‍ക്കുന്നു. അവന്‍ കഥയവസാനിപ്പിച്ചു. ഒന്നും തിരിച്ചു പറഞ്ഞില്ല. ഒരു ചിരിമാത്രം കൊടുത്തു. റൈറ്റിംഗ് പാഡ് മടക്കി യാത്ര പറഞ്ഞ് തിരിഞ്ഞു നടന്നു. 
അവനിപ്പോഴും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തന്നെയുണ്ടാകും. ശിക്ഷ കഴിഞ്ഞ് ജയില്‍ മോചിതനായോ എന്ന് അറിയില്ല. ഒന്നുറപ്പുണ്ട്. മോചിതനായാല്‍ അവന്‍ ലഹരിയുടെ വഴി തേടിപ്പോകും. അവിടെ കെണിയില്‍ പെട്ടു കിടക്കുന്നവരെ അവന്‍ ചേര്‍ത്തു പിടിക്കും. ഭ്രാന്തിന്റെ ലോകത്ത് നിന്ന് അവരെ അവന്‍ ജീവിതത്തിലേക്ക് മടക്കുക്കൊണ്ടു വരും. അവനോളം അതിനു കഴിയുന്നവര്‍ മറ്റാരുമുണ്ടാകില്ല. ലഹരിയാല്‍ അത്രമേല്‍ ചതിക്കപ്പെട്ടവനാണ് അവന്‍...

Content Highlight: Engineering student prepare civil service from jail