1993ല്‍ ഒരു ചെറുകിട മലയാള പത്രത്തിലെ പ്രസ്സ് ഫോട്ടോഗ്രാഫര്‍ ആയി പത്രപ്രവര്‍ത്തന രംഗത്തേയ്ക്ക് കടന്നു വന്ന ആളാണ് ഞാന്‍.പിന്നീട് കഴിഞ്ഞ 25 വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ പ്രത്യേകിച്ച് മലബാര്‍ മേഖലയില്‍ നടന്ന മിക്ക സംഭവങ്ങളും ക്യാമറയില് പകര്‍ത്താന്‍ അവസരം ലഭിച്ചിട്ടുണ്ട്. കൂത്തുപറമ്പ് വെടിവയ്പിനു ശേഷം കണ്ണൂരില് നടന്ന അക്രമങ്ങള്‍, മാറാടും നാദാപുരത്തും നടന്ന കലാപങ്ങള്‍, മുത്തങ്ങ വെടിവയ്പ്, കടലുണ്ടി ട്രെയിന് ദുരന്തം അങ്ങനെ എന്റെ ക്യാമറ കണ്ണുകള്‍ ഒപ്പിയെടുത്ത കാഴ്ച്ചകള്‍ നിരവധിയാണ്. പക്ഷേ ഇന്നും മനസിലെ അലട്ടുന്ന എന്റെ ക്യാമറ കണ്ട ഏറ്റവും വലിയ ദയനീയമായ കാഴ്ച്ചയാണ് ഇവിടെ പങ്കുവെക്കുന്നത്.  

ഇന്ത്യാ ഹെല്ത്ത് ആക്ഷന് ട്രസ്റ്റ് എന്ന പേരില്‍ ആരംഭിച്ച ഏജന്‌സിക്കു വേണ്ടി രാജസ്ഥാന്‍,യു.പി,ഡല്‍ഹി,കര്‍ണാടക എന്നിവിടങ്ങളിലെല്ലാം യാത്ര ചെയ്യുന്നതിനിടയില്‍  എന്റ ക്യാമറ കണ്ട കാഴ്ചകളാണ് ഇന്നും മനസ്സിനെ ഏറ്റവുമധികം കുത്തി നോവിച്ചുകൊണ്ടിരിക്കുന്നത്.

DrugsUI07.jpg

ആ ചിത്രങ്ങളാണ് ഈ ഓര്‍മക്കുറിപ്പിനൊപ്പം ചേര്‍ത്തിരിക്കുന്നത്. അമിതമായ സൂചിപ്രയോഗം മൂലം ഞരമ്പുകള്‍ ദ്രവിച്ച് ആഴത്തിലുണ്ടായ മുറിവില് മരുന്ന് പുരട്ടാന്‍ എത്തിയ സ്ത്രീയും ഭാരതത്തിന്റെ ദേശീയപതാക തുന്നിച്ചേര്‍ത്ത  തൊപ്പി തലയിലണിഞ്ഞ് ഡീ അഡിക്ഷന് സെന്ററില് മരുന്ന് സ്വീകരിക്കുന്ന ഭാരതീയപൗരനും പൊട്ടിയൊലിക്കുന്ന തോളിലെ മുറിവില്‍ ബാന്‍ഡേയ്ഡ് അണിഞ്ഞ യുവാവും ഡല്‍ഹിയിലെ തെരുവോരത്ത് ഉച്ചയായിട്ടും നേരം പുലരാത്ത വികലാംഗനടക്കമുള്ള മനുഷ്യരും ഡീ അഡിക്ഷന് സെന്ററില്‍ പൂര്‍ണമായി ലഹരിക്കടിമപ്പെട്ടവര്‍ക്കൊപ്പം കഴിയാന്‍ വിധിക്കപ്പെട്ട പെണ്‍ കുഞ്ഞും കാലിനു മുറിവേറ്റ് മുഖം മറച്ചുറങ്ങുന്ന യുവാവും...

DrugsUI01.jpg

ഒരിക്കലും ഉണങ്ങാത്ത, പഴുത്തൊലിക്കുന്ന വ്രണങ്ങള്‍ പൊതിഞ്ഞും പൊതിയാതെയും നരകിച്ച് ജീവിക്കുന്നവര്‍. ശരീരത്തില്‍ സൂചി കുത്തിക്കയറ്റാന്‍ ഞരമ്പുകള്‍ കിട്ടാഞ്ഞ് കുത്തിയ ഇടങ്ങളില്‍ വീണ്ടും വീണ്ടും കുത്തിയിറക്കുന്നവര്‍.

drug1.jpg

ജീവിതത്തിന്റെ താളംതെറ്റിയ മാതാപിതാക്കള്‍ക്കൊപ്പം പുനരധിവാസകേന്ദ്രത്തില്‍ ബാല്യം ചെലവഴിക്കേണ്ടി വരുന്ന പിഞ്ചുകുഞ്ഞുങ്ങള്‍. ഇന്ത്യയിലെ മഹാനഗരങ്ങളുടെ പിന്നാമ്പുറങ്ങളില്‍ ബസ് സ്റ്റാന്‍ഡ് പരിസരങ്ങളിലും, പാലങ്ങള്‍ക്ക് അടിയിലും റെയില്‍വേ ട്രാക്കുകളിലും പാതയോരങ്ങളിലും ബോധം നശിച്ച് അന്തിയുറങ്ങുന്നവര്‍. ഇത്തിരി ബോധം വയ്ക്കുമ്പോള്‍ പുനരധിവാസകേന്ദ്രങ്ങളില്‍ എത്തുന്നവര്‍. മനസ്സിന്റേയും ശരീരത്തിന്റേയും ഓജസും തേജസും നശിച്ച് നരകിച്ച് ജീവിതം തള്ളിനീക്കാന്‍ വിധിക്കപ്പെട്ട മനുഷ്യജീവിതങ്ങള്‍.

DrugsUI13.jpg

ഈ ചിത്രങ്ങളെല്ലാം ദിവസങ്ങളോളം മനസ്സിനെ എത്ര മാത്രം അസ്വസ്ഥമാക്കി എന്ന് എനിക്കറിഞ്ഞു കൂടാ.

ഈ കുറിപ്പ് തയ്യാറാക്കുന്നതിനു വേണ്ടി മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പെടുത്ത ഈ ചിത്രങ്ങളിലൂടെയും ഓര്‍മകളിലൂടെയും വീണ്ടും കടന്നു പോകുമ്പോള്‍ മുന്‍പില്‍ എടുത്തു വച്ച അത്താഴം ഇറക്കാന് കഴിയുന്നില്ല.

DrugsUI02.jpg

എന്റെ സുഹൃത്തുക്കളായ ചില അധ്യാപകരില്‍ നിന്നും അറിയാന്‍ കഴിഞ്ഞത് നമ്മുടെ സ്‌ക്കൂളുകളിലും മറ്റും പഠിക്കുന്ന വിദ്യാര്‍ഥികള്‍ ഫെവിക്വിക്ക് പോലുള്ള പശയും മറ്റും സ്‌ക്കൂളുകള്‍ക്ക് പരിസരത്തുള്ള കടകളില്‍ നിന്ന് വാങ്ങി മണപ്പിച്ച് ലഹരി കണ്ടെത്തുന്നു എന്നാണ്. ഇത്തരം സംഗതികളാണ് പിന്നീട് ഈ കുട്ടികളെ പൂര്‍ണമായും ലഹരിക്ക് അടിമപ്പെടുത്തുന്നത്. മയക്കുമരുന്നിനും മറ്റും അടിമപ്പെട്ട് ഓജസ്സും തേജസ്സും നശിച്ച ഒരു തലമുറയെയല്ല നമ്മുക്കാവശ്യം. മാതാപിതാക്കളും അധ്യാപകരും സമൂഹവും ഇതിനെതിരെ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ഈ ചിത്രങ്ങള്‍ വരും തലമുറയ്‌ക്കൊരു പാഠമാകട്ടെ എന്ന് ആശംസിക്കുന്നു... 

 ലഹരിയില്‍ ഒടുങ്ങുന്നവര്‍ ക്യാമറക്കണ്ണിലൂടെ

 

Content Highlight: drug usage in India experience sharing by  photographer N.P Jayen