സ്‌കൂളില്‍ വെച്ച് കഞ്ചാവ് വലിച്ചു തുടങ്ങിയതാണ് അര്‍ജുന്‍. പിന്നീട് എല്‍എസ്ഡി പോലുള്ള ലഹരികളില്‍  സ്വയം നഷ്ടപ്പെട്ട് ചെന്നൈയിലെ തെരുവുകളിലൂടെ.. ക്ലോസറ്റിലെ വെള്ളം കോരി കുടിക്കുന്ന, സ്വന്തം മലം വാരി എറിയുന്ന ഡിഅഡിക്ഷന്‍ സെന്ററിലെ അനുഭവങ്ങള്‍.. അവിടെ നിന്നും തിരികെ ജീവിതത്തിലേക്ക്.. ആ കഥ അര്‍ജ്ജുന്‍ തുറന്നു പറയുന്നു...  
 
പ്ലസ്ടുവിനായി ബോര്‍ഡിങ് സ്‌കൂളില്‍ ചേര്‍ന്ന കാലഘട്ടത്തിലാണ് ആദ്യമായി 'ലഹരി' എന്ന മൂന്നക്ഷരം അര്‍ജുന്റെ ജീവിതത്തിലേക്ക് കടന്നു വന്നത്. മദ്യത്തിലൂടെയാണ് ലഹരി ഉപയോഗം തുടങ്ങുന്നതെങ്കിലും അതിനോട് വലിയ ആസക്തിയൊന്നും അന്ന് അര്‍ജുനുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെയാണ് കഞ്ചാവ് പരീക്ഷിച്ചു നോക്കിയത്. കഞ്ചാവ് ഉപയോഗിക്കുന്ന കൂട്ടികാരുടെ അനുഭവങ്ങളിലൂടെയുണ്ടായ കൗതുകമാണ് പ്രധാനമായും അര്‍ജുനെ കഞ്ചാവിന്റെ ലോകത്തിലേക്കെത്തിച്ചത്. ലൗ അറ്റ് ഫസ്റ്റ് സൈറ്റ് എന്ന പോലെ ആദ്യ ഉപയോഗത്തില്‍ തന്നെ അര്‍ജുന്‍ കഞ്ചാവിന് അടിമപ്പെടുകയായിരുന്നു. ആദ്യഘട്ടത്തില്‍ സ്‌കൂളിലെ പ്രശ്നങ്ങളില്‍ നിന്നും രക്ഷപ്പെടാനുള്ള ഒരു ഉപാധിയായി മാത്രമാണ് കഞ്ചാവ് ഉപയോഗിച്ചിരുന്നെങ്കിലും പിന്നീട് അത് അര്‍ജുന്റെ ജീവിതത്തിന്റെ ഭാഗമായി മാറുകയായിരുന്നു. അതില്ലാതെ ഒരു ദിവസം പോലും തള്ളി നീക്കാന്‍ സാധിക്കാത്ത അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങിക്കൊണ്ടിരുന്നു. പിന്നീട് സമൂഹത്തിലേക്കിറങ്ങിയപ്പോഴും ചുറ്റും തന്നെപോലുള്ള ഒരുപാട് പേരെയാണ് അവന് കണ്ടുമുട്ടാന്‍ സാധിച്ചതും. മറ്റെന്തിനേക്കാളും കഞ്ചാവിനോട് മാത്രമായിരുന്നു ഭ്രമം.
 
'ആദ്യ കാലഘട്ടത്തില്‍ തന്നെ ഒരു ദിവസം അച്ഛന്‍ പിടിച്ചിരുന്നു. ഒരിക്കല്‍ പോലും പുറത്ത് പോയി വരുന്ന എന്നെ ചോദ്യം ചെയ്യുകയോ ദേഹപരിശോധന നടത്തുകയോ ചെയ്യാത്ത അച്ഛന്‍ അന്ന് എന്റെ പോക്കറ്റ് തപ്പി, കഞ്ചാവ് പിടിച്ചു. പിടിച്ചപ്പോള്‍ വലിയ കോലാഹലങ്ങള്‍ പ്രതീക്ഷിച്ചെങ്കിലും അച്ഛന്‍ കാര്യമായി ഒന്നും പ്രതികരിച്ചില്ല. എല്ലാവരെയും പോലെ തന്നെ എന്തു ചെയ്യണമെന്ന് അറിയാത്ത ആശങ്കയിലായിരുന്നു അവര്‍. ആ കാലഘട്ടത്തില്‍ വീട്ടിലെ സമാധാനം നഷ്ടപ്പെട്ട അവസ്ഥയായിരുന്നു. വെറുതെ അനാവശ്യമായി വഴക്കുണ്ടാക്കുക, ദേഷ്യപ്പെടുക തുടങ്ങി ഏകദേശം കയ്യാങ്കളിയോടടുത്ത് വരെ കാര്യങ്ങള്‍ എത്തിച്ചേരുകയായിരുന്നു. കൂടാതെ, സാധനം വാങ്ങാനായി വീട്ടിലെ വിലപിടിപ്പുള്ള സാധനങ്ങള്‍ മോഷ്ടിക്കുക, മോഷ്ടിച്ച് കിട്ടുന്ന പണം കൊണ്ട് വയനാട്, ഗോവ, ഇടുക്കി തുടങ്ങിയ ലഹരി വസ്തുക്കള്‍ സുലഭമായി കിട്ടുന്ന സ്ഥലങ്ങളിലേക്ക് തേടിപ്പോവുകയായിരുന്നു.' -അര്‍ജുന്‍ പറയുന്നു. 
 
ലഹരി നുരഞ്ഞ ചെന്നൈ നാളുകള്‍
 
ലഹരിയുപയോഗം യഥാര്‍ത്ഥത്തില്‍ അര്‍ജുനെ പുറം ലോകമായുള്ള ബന്ധത്തില്‍ നിന്ന് വിച്ഛേദിച്ച്‌ ഒരു മുറിക്കുള്ളില്‍ മാത്രമായി തളച്ചിടുകയായിരുന്നു. ഒരു 'ഗഞ്ച'യാണെങ്കില്‍ കൂടി പ്ലസ്ടു ഒരു വിധം നല്ല മാര്‍ക്കോടെ തന്നെയാണ് പാസായത്. പ്ലസ്ടുവിന് ശേഷം തുടര്‍ പഠനത്തിനായി ചെന്നൈയിലേക്ക് വണ്ടി കയറി. എന്നാല്‍ ഉപരി പഠനം എന്നതിലുപരി ആ യാത്ര കഞ്ചാവിനേക്കാള്‍ കൂടിയ ഇനം ലഹരികള്‍ തേടിയുള്ള യാത്രയാവുകയായിരുന്നു. എല്‍.എസ്.ഡി, എം.ഡി.എം.എ തുടങ്ങി ഹൈ ഡോസ് ലഹരി വസ്തുക്കള്‍ കുറഞ്ഞ വിലയില്‍ ലഭ്യമായപ്പോള്‍ പിന്നീട് കഞ്ചാവിന് പകരം ഇവയോടായി കൂടുതല്‍ താല്‍പര്യം. ദിവസങ്ങളോളം അതിന്റെ അഡിഷനില്‍ താനാരാണെന്ന് പോലും തിരിച്ചറിയാതെ മനോനില നഷ്ടപ്പെട്ട് ചെന്നൈയിലെ തെരുവുകളിലൂടെ അലയേണ്ടി വന്നിട്ടുണ്ടെന്നും അര്‍ജുന്‍ തുറന്നു പറയുന്നു. സ്വബോധം നഷ്ടപ്പെട്ട അവസ്ഥയില്‍ ഒരു രാത്രിയില്‍ ഓട്ടോ കൈ കാണിച്ച് കയറി കോഴിക്കോട്ടേക്ക് പോകണം എന്ന് പറഞ്ഞപ്പോള്‍ അയാള്‍ക്ക് മനസ്സിലായി സ്വബോധത്തിലല്ലെന്ന്. തുടര്‍ന്ന് അയാള്‍ എന്നെ പോലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. സ്റ്റേഷനില്‍ നിന്ന് വീട്ടുകാര്‍ എത്തിയാണ് കൂട്ടികൊണ്ടുപോയ അനുഭവവും അര്‍ജുന്‍ വേദനയോടെ ഓര്‍ക്കുന്നു.  
arjun vyshak
ഫോട്ടോ: ഷഹീര്‍. സി.എച്ച്

നോ ടു ഡ്രഗ്‌സ് യെസ് ടു ലൈഫ്
 
ലഹരി ഉപയോഗം മൂലം ജീവിത്തിലെ സുവര്‍ണ കാലഘട്ടത്തിന്റെ മുക്കാല്‍ ഭാഗവും അഞ്ച് റിഹാബിലേഷന്‍ സെന്ററുകളിലായാണ് അര്‍ജുന്‍ കഴിച്ചുകൂട്ടിയത്. പക്ഷേ, ഒരിക്കല്‍ പോലും ഉപയോഗം നിര്‍ത്തണമെന്ന് തോന്നിയിരുന്നില്ല. അത് ഇല്ലാതെ ഒന്നുമല്ലാതെയാവുകയാകുന്നത് പോലെയാണ് തോന്നിയിരുന്നത്. ഉപയോഗിക്കുമ്പോള്‍ മാത്രമാണ് ഞാന്‍ എന്ന വ്യക്തിയെ തിരിച്ചറിയാന്‍ സാധിച്ചിരുന്നത്. ഓരോ റിഹാബിലേഷന്‍ സെന്ററുകളും ലഹരി ഉപയോഗത്തില്‍ നിന്നും താല്‍ക്കാലിക ആശ്വാസം മാത്രമായിരുന്നു. ഓരോ സ്ഥലത്ത് നിന്നും പോരുമ്പോഴും ഇനിയില്ല എന്നു തീരുമാനിച്ചാലും അതിലേക്ക്  വീണ്ടും എത്തിച്ചേരുകയായിരുന്നു.
 
അങ്ങനെയിരിക്കെയാണ് കണ്ണൂരിലെ മാക്സ് മൈന്‍ഡ്സ് റിഹാബ്സ് സെന്ററിലെത്തുന്നത്. അവിടുത്തെ ഓരോ കാഴ്ചകളും അനുഭവങ്ങളും ലഹരിയിലെ അര്‍ജുന്റെ ജീവിതത്തില്‍ നിന്നു തന്നെ തുടച്ചു നീക്കി. ഡി അഡിക്ഷന്‍ സെന്ററുകള്‍ക്ക് തീര്‍ച്ചയായും ലഹരിയില്‍ നിന്നും തിരികെ കൊണ്ടു വരാന്‍ സാധിക്കുമെന്ന് ഈ ചെറുപ്പക്കാരന്‍ പറയുന്നു. അവിടെ എത്തിയിരിക്കുന്ന സ്വന്തം പ്രായത്തിലുള്ളവരുടെ മനോനിലകള്‍, തെറ്റിയ കാഴ്ചകള്‍ പലര്‍ക്കും തിരിച്ചറിവുണ്ടാക്കി കൊടുക്കുന്നു. ക്ലോസറ്റിലെ വെള്ളം കോരി കുടിക്കുന്നവര്‍, പിച്ചും പേയും പറഞ്ഞ് നഗ്‌നമായി പുറത്തേക്ക് ഇറങ്ങി ഓടുന്നവര്‍, സ്വന്തം മലം വാരി എറിയുന്നവര്‍... തുടങ്ങി നിരവധി പേര്‍ ഇതേ സാധനങ്ങള്‍ ഉപയോഗിച്ചതിന്റെ അനന്തരഫലമായി അനുഭവിക്കുന്ന കാഴ്ചകളിലൂടെ ലഹരി എന്ന മൂന്നക്ഷരം എത്രത്തോളം ഭീകരമാണെന്ന് സ്വയം കാണിച്ചു തരികയാണ്. 
 
ലഹരി ഉപയോഗിക്കുന്ന ഒരു വ്യക്തിക്ക് മുമ്പില്‍ സാരോപദേശങ്ങള്‍ക്ക് യാതൊരു പ്രസക്തിയുമില്ലെന്നാണ് അര്‍ജുന്‍ തന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ തുറന്നു പറയുന്നത്. കൗണ്‍സിലിങ്ങുകള്‍ക്കു ഒരു പരിധി വരെ മാത്രമേ നിയന്ത്രിക്കാന്‍ സാധിക്കുകയുള്ളൂ. അതേസമയം, ഇത്തരം  കാഴ്ചകള്‍ ജീവിതത്തെ മാറ്റി മറിക്കാന്‍ പോലും സഹായിക്കുന്നതാണ്. 'നിനക്കൊന്നും ഒരു കാലത്തും ഇത് നിര്‍ത്താന്‍ സാധിക്കില്ല' എന്ന് പറഞ്ഞരോടൊക്കെയുള്ള വെല്ലുവിളി കൂടിയായിരുന്നു അര്‍ജുന്റെ ഈ തീരുമാനം. 
 

 

ഉപയോഗം നിര്‍ത്തിയപ്പോഴാണ് ലഹരി എത്രത്തോളം ആഴത്തില്‍ സ്പര്‍ശിച്ചുവെന്ന് അര്‍ജുന്‍ മനസ്സിലാക്കുന്നത്. ജീവച്ഛവമായി നിലനില്‍ക്കുന്നതിനു തുല്യമായുള്ള അനുഭവമായിരുന്നു ലഹരിയില്‍ നിന്ന് പൂര്‍ണമായും വിട്ടുപോരുമ്പോള്‍. തുടര്‍ച്ചയായുള്ള കൗണ്‍സിലിംഗിന്റെയും ആസക്തി ഇല്ലാതാക്കാനുള്ള മരുന്നുകളുടെയും പിന്‍ബലത്തിലാണ് പൂര്‍ണമായും  ലഹരിയെ ഇല്ലാതാക്കാന്‍ സാധിച്ചത്. ഏതൊരു കാര്യത്തെ പോലെ തന്നെ നിര്‍ത്തണം എന്ന ദൃഢനിശ്ചയമുണ്ടെങ്കില്‍, സ്വയം വില്‍പവര്‍ കൂടിയുണ്ടെങ്കില്‍ മാത്രമേ ഇത്തരം കാര്യങ്ങള്‍ സാധ്യമാവുകയുള്ളൂവെന്നാണ് അര്‍ജുന്‍ പറയുന്നത്.
 
ലഹരി ഉപയോഗത്തിലൂടെ എന്തെന്നില്ലാത്ത സന്തോഷവും ഉന്മാദവുമുണ്ടാകുമെന്നാണ് പൊതുവെ പറയപ്പെടാറ്. എന്നാല്‍ സ്വന്തം ജീവിതം തന്നെ ലഹരിയ്ക്ക് അടിമപ്പെട്ട ഈ ചെറുപ്പകാരന്‍ ഒരിക്കല്‍ പോലും ആ പ്രസ്താവനയോട് യോജിക്കുന്നില്ല. ഇത് ഉപയോഗിക്കാന്‍ തുടങ്ങിയാല്‍ ഒരിക്കലും ജീവിതത്തില്‍ ഒരു വിജയവും നേടാന്‍ സാധിക്കില്ല എന്നു മാത്രമല്ല, കുടുംബത്തിലെ സമാധാനം നഷ്ടപ്പെടുക മാത്രമാണ് ചെയ്യുന്നതെന്നാണ് അര്‍ജുന്‍ പറയുന്നത്. സന്തോഷം ഉണ്ടാകും സാധനം കിട്ടുമ്പോള്‍ മാത്രം, നൈമിഷികമായ സന്തോഷം!. സാധനം കിട്ടുമ്പോഴുള്ള ആഘോഷാരവങ്ങള്‍ അടുത്തത് എങ്ങനെ കിട്ടും എന്ന വിഭ്രാന്തിയായിലേക്കാണ് കൊണ്ടെത്തിക്കുന്നത്. 
 
ദി പ്രൊഫറ്റിക് കഴ്സ്
the prophetic curse
 
കുട്ടിക്കാലം മുതലേ പുസ്‌കങ്ങളോടുെം വായനയോടും പ്രത്യേക താല്‍പര്യമുള്ള വ്യക്തിയായിരുന്നു അര്‍ജുന്‍. അങ്ങനെയിരിക്കെയാണ് കണ്ണൂരിലെ റിഹാബിലേഷന്‍ നാളുകള്‍ക്കിടയില്‍ എപ്പോഴോ തന്റെ അനുഭവം മറ്റുള്ളവരിലേക്കും എത്തിക്കണമെന്ന്‌ അര്‍ജുന്‍ ചിന്തിക്കുന്നത്. ഒരാള്‍ പറഞ്ഞ് അറിയുന്നതിലും നല്ലത് എഴുത്തിലൂടെ അനുഭവങ്ങള്‍ പ്രകടിപ്പിക്കുകയാണ് ഉചിതമെന്ന് മനസ്സിലാക്കി കൊണ്ടാണ് രാഹുല്‍ എന്ന അപരനിലൂടെ( കഥാപാത്രം) അര്‍ജുന്‍ തന്റെ ജീവിതം  The prophetic curse എന്ന പുസ്തകമായി വായനക്കാരിലേക്ക് എത്തിക്കുന്നത്.
 
ലഹരിയില്‍ മയങ്ങി കിടക്കുന്നവര്‍ക്ക് സ്വന്തം ജീവതത്തെ തന്നെയാണ് രാഹുലിലൂടെ കാണാന്‍ സാധിക്കുക. ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നവര്‍ക്കും അതില്‍ നിന്ന് മോചനം ആഗ്രഹിക്കുന്നവര്‍ക്കും പ്രചോദനമേകുന്ന പുസ്തകമാണ് അര്‍ജുന്റെ ദി പ്രൊഫറ്റിക് ക്‌ഴ്‌സ്. ലഹരിയില്‍ വഴിപിഴയ്ക്കുന്ന കൗമാരക്കാരുടെ പ്രശ്‌നങ്ങളാണ് പ്രധാനമായും പുസ്തകത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്.  32 ഭാഗങ്ങളിലായുള്ള അര്‍ജുന്റെ ഈ അനുഭവക്കുറിപ്പ് അമേരിക്കയിലെ ഫ്രോഗ് ബുക്‌സിന്റെ അനുബന്ധസ്ഥാപനമായി മുബൈയിലെ ലീഡ് സ്റ്റാര്‍ട് പബ്ലിഷേഴ്‌സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. കോഴിക്കോട് നടന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ വെച്ച് ചെറുകഥാകൃത്തും നോവലിസ്റ്റുമായ ബെന്യാമിനും ആര്‍. ജെ. ജോസഫ് അന്നക്കുട്ടി ജോസുമാണ് പുസ്തകം പ്രകാശനം ചെയ്തത്.
 
തൃശ്ശൂര്‍ ചേതന കോളേജില്‍ ഫിലിം ആന്‍ഡ് ടെലിവിഷന്‍ പ്രൊഡക്ഷന്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണ് അര്‍ജുന്‍ വൈശാഖ്. കോഴിക്കോട് ആകാശവാണി വാര്‍ത്താ അവതാരകനായ അനില്‍ ചന്ദ്രന്റെയും വി.എന്‍ ശ്രീകലയുടെയും ഏക മകനാണ് അര്‍ജുന്‍. 
 
Content Highlights: arjun vyshak, an experience of an drug addict