അമിത മദ്യപാനവും കരളിന്റെ ആരോഗ്യവും

യുവാക്കൾക്ക് ഇത് ആഘോഷങ്ങളുടെയും പാർട്ടികളുടെയും സമയമാണ്. മദ്യത്തിന്റെ ഉപയോഗം വർധിക്കുന്ന കാലം. സ്വയംമറന്ന്, ആരോഗ്യത്തെക്കുറിച്ച് യാതൊരു ശ്രദ്ധയുമില്ലാതെ, അപകടകരമായ അളവിൽ മദ്യം അകത്താക്കാൻ പലരും ശ്രമിക്കാറുണ്ട്. മദ്യോപയോഗത്തിന്റെ അപകടകരമായ രീതിയാണിത്. ബോധം മറയുന്നതുവരെ കുടിക്കുക എന്നതാണ് ഇവരുടെ താത്പര്യം. പുരുഷന്മാരുടെ കാര്യത്തിൽ അഞ്ചോ അതിലധികമോ ഡ്രിങ്ക്‌സ് തുടർച്ചയായി കഴിക്കുന്നതും വനിതകളുടെ കാര്യത്തിൽ നാലോ അതിലധികമോ തുടരെത്തുടരെ കഴിക്കുന്നതും അമിതമദ്യപാനമായി കണക്കാക്കാം. 

പലർക്കും മദ്യപാനമെന്നത് തലയ്ക്കു പിടിക്കുന്നതുവരെയോ ബോധം മറയുന്നതുവരെയോ കഴിക്കുക എന്നതാണ്. തലചുറ്റൽ, തുടർന്നുണ്ടാകുന്ന ബോധക്ഷയം, കാര്യങ്ങൾ തീരുമാനിക്കാനാവാതെ വരിക, വയറുവേദന, തുടർച്ചയായ മനംപുരട്ടൽ, ഛർദി എന്നിവയൊക്കെയാണ് അമിത മദ്യപാനത്തിന്റെ അപകടകരമായ ബാക്കിപത്രം. 

മുറിവുകൾ ഉണ്ടാകുന്നതിനും അപകടങ്ങൾ വരുത്തിവയ്ക്കുന്നതിനും അമിത മദ്യപാനം ഇടയാക്കിയേക്കാം. വാഹനാപകടങ്ങൾ, ഉയരത്തിൽനിന്നുള്ള വീഴ്ച, പൊള്ളൽ, മുങ്ങി മരണം എന്നിവയ്ക്കൊക്കെ ഇത് കാരണമാകാം. തോക്കോ കത്തിയോ കൊണ്ടുള്ള മുറിവുകൾക്കും ലൈംഗികാതിക്രമത്തിനോ വീട്ടിനുള്ളിലെ അക്രമത്തിനോ ഇത് വഴിതെളിച്ചേക്കാം. 
അമിത മദ്യപാനം മൂലം പെട്ടെന്ന് രക്തസമ്മർദം വർധിക്കുക, പക്ഷാഘാതം, ഹൃദയത്തിന്റെ താളം തെറ്റൽ, ഹൃദയാഘാതം എന്നിവ സംഭവിക്കാം. ആൽക്കഹോളിക് ഹെപ്പറ്റൈറ്റിസ് എന്നറിയപ്പെടുന്ന ഗുരുതരമായ കരൾ രോഗത്തിനും അക്യൂട്ട് പാൻക്രിയാറ്റൈറ്റിസ് എന്ന ആഗ്നേയഗ്രന്ഥിയുടെ വീക്കത്തിനും ഇത് കാരണമാകാം. തുടർച്ചയായ ഛർദി ആഹാരനാളിയിൽ മുറിവുകളോ വിള്ളലുകളോ ഉണ്ടാക്കാം. ഇത്തരം കാരണങ്ങൾ പലപ്പോഴും ആശുപത്രിയിലാകുന്നതിനും മരണത്തിനു തന്നെയും കാരണമാകാം.

അമിതമായ മദ്യപാനം ശരീരത്തിൽ വിഷം പോലെ പ്രവർത്തിച്ച് മരണത്തിന് കാരണമാകാം. തലച്ചോറിനെ ബാധിക്കുന്നതുപോലെതന്നെ ശ്വാസഗതിയും ഹൃദയമിടിപ്പും കുറയ്ക്കുന്നതിന് അമിതമദ്യപാനം കാരണമാകും. മദ്യപിച്ച് ബോധമില്ലാത്ത അവസ്ഥയിൽ ഒരാൾ ഛർദിക്കുകയാണെങ്കിൽ ശ്വാസക്കുഴലുകളെ അടച്ചു കളയാൻ സാധ്യതയുണ്ട്. അത് ചിലപ്പോൾ പെട്ടെന്നുള്ള മരണത്തിനുതന്നെ കാരണമാകാം. 

അമിത മദ്യപരിൽ പലപ്പോഴും ജോലിസ്ഥലത്തെയും വീട്ടിലെയും ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുന്നതിൽ വിമുഖത കാണിക്കും. മദ്യപിച്ചു കൊണ്ട് വാഹനമോടിക്കുക, ശരീരത്തിന്റെ നിയന്ത്രണം വിട്ടുപോകുന്നതിനാൽ മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരിക എന്നിവയെല്ലാം അമിത മദ്യപാനികളിൽ കാണാറുണ്ട്. മദ്യത്തോട് അധികമായ ആസക്തി, നിയന്ത്രണമില്ലാത്ത അവസ്ഥ എന്നിവയ്ക്കു പുറമെ മദ്യപിച്ച് തുടങ്ങിയാൽ നിയന്ത്രിക്കാൻ കഴിയാതെ വരിക എന്നിവയും അമിത മദ്യപരുടെ ലക്ഷണങ്ങളാണ്. ശരീരം മദ്യത്തോട് പൊരുത്തപ്പെടുന്നതിനാൽ അധികതോതിൽ മദ്യപിച്ചാൽ മാത്രമേ തലയ്ക്കു പിടിക്കൂ എന്ന അവസ്ഥയിലേക്ക്‌ എത്തും. അതുകൊണ്ടുതന്നെ തുടർച്ചയായി മദ്യപിക്കുന്നതിലേക്കും കുടി നിർത്താനുള്ള മനഃശക്തി ഇല്ലായ്മയിലേക്കും നയിക്കും. ഇത്തരം സാഹചര്യത്തിൽ മനഃശാസ്ത്രജ്ഞരുടെ സഹായവും കൗൺസലിങ്ങും ചിലപ്പോൾ വൈദ്യസഹായവും വേണ്ടി വന്നേക്കാം.  

തലച്ചോറിലെ സുപ്രധാന തീരുമാനങ്ങളെടുക്കാനുള്ള ഭാഗം ഇരുപത്തഞ്ച് വയസ്സ് വരെയുള്ള പ്രായത്തിൽ പൂർണ വളർച്ചയെത്തുന്നില്ല. അതുകൊണ്ടുതന്നെ കോേളജ് വിദ്യാർഥികളും മറ്റും അമിത മദ്യപാനത്തിലേക്ക്‌ വഴുതിവീഴുമ്പോൾ അത് തലച്ചോറിന്റെതന്നെ വളർച്ചയെ സാരമായി ബാധിച്ചേക്കാം എന്നത് ഓർക്കുക. ഇത് വളരെ അപകടകരമായ അവസ്ഥയിലേക്ക്‌ നയിക്കാം.
ശരീരത്തിന് ആകമാനം ദോഷകരമാണ് എന്നതിന് അപ്പുറം ഒരാളെ മരണത്തിലേക്ക്‌ തള്ളിവിടുന്നതാണ് അമിത മദ്യപാനം. അതുകൊണ്ടുതന്നെ ആഘോഷങ്ങളിലും മറ്റും അമിത മദ്യപാനം ഒഴിവാക്കുക. കുടിക്കുന്നുണ്ടെങ്കിൽത്തന്നെ ഉത്തരവാദിത്വത്തോടെ നിയന്ത്രിതമായി കുടിക്കുക.

കരളിന്റെ സൗഖ്യത്തിന് വേണ്ട കാര്യങ്ങൾ എന്തൊക്കെയെന്നു നോക്കാം

ആരോഗ്യകരമായ ശരീരഭാരം സൂക്ഷിക്കുക: അമിതഭാരം ഉള്ളവരിൽ കരളിൽ കൊഴുപ്പ് അടിഞ്ഞ് ഫാറ്റി ലിവർ എന്ന അവസ്ഥയ്ക്കും അതുവഴി മദ്യപാനത്തിലൂടെയല്ലാത്ത കരൾ രോഗത്തിനും  (നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ) കാരണമാകാം. ഏറ്റവും അധികമായി കാണുന്ന കരൾരോഗങ്ങളിൽ ഒന്നാണിത്. ശരീരഭാരം കുറയ്ക്കുന്നത് കരളിലെ കൊഴുപ്പ് കുറയ്ക്കുന്നതിൽ വളരെ പ്രധാനപ്പെട്ട കാര്യമാണ്. 

സമീകൃതമായ ആഹാരം: ഉയർന്ന കലോറിയുള്ള ആഹാരസാധനങ്ങൾ, പൂരിത കൊഴുപ്പ്, വൈറ്റ് ബ്രെഡ്, വെള്ളയരി, സാധാരണ പാസ്ത തുടങ്ങിയ സംസ്കരിച്ച കാർബോഹൈഡ്രേറ്റുകൾ, പഞ്ചസാര എന്നിവ ഒഴിവാക്കുക. പച്ചയായതോ ശരിയായ രീതിയിൽ പാചകം ചെയ്യാത്തതോ ആയ കക്കയിറച്ചിയും ചിപ്പികളും മറ്റും കഴിക്കരുത്. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, അരി തുടങ്ങി നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കുക. മാംസം കഴിക്കാമെങ്കിലും ചുവന്ന മാംസം ഒഴിവാക്കുക. കുറഞ്ഞ കൊഴുപ്പ് അടങ്ങിയ പാൽ, ചെറിയ അളവിൽ ചീസ്, സസ്യഎണ്ണകൾ, പരിപ്പ്, വിത്തുകൾ, മത്സ്യം തുടങ്ങിയ പൂരിതമല്ലാത്ത കൊഴുപ്പ് എന്നിവ കഴിക്കാം. ആവശ്യത്തിന് വെള്ളം കുടിക്കുന്നുവെന്ന് ഉറപ്പാക്കുക. 

സ്ഥിരമായി വ്യായാമം ചെയ്യുക: തുടർച്ചയായി വ്യായാമം ചെയ്യുമ്പോൾ ട്രൈഗ്ലിസറൈഡുകൾ ശാരീരിക പ്രവർത്തനത്തിനായി ഉപയോഗപ്പെടുത്തുകയും അത് കരളിലെ കൊഴുപ്പ് കുറയ്ക്കുകയും ചെയ്യും. 

വിഷവസ്തുക്കൾ ഒഴിവാക്കുക: ശുചീകരണത്തിന് ഉപയോഗിക്കുന്ന വസ്തുക്കളിലെയോ എയ്‌റോസോൾ ഉത്പന്നങ്ങളിലെയോ വിഷവസ്തുക്കൾ, കീടനാശിനികൾ, രാസവസ്തുക്കൾ തുടങ്ങിയവ ഉപേക്ഷിക്കുക. എയ്‌റോസോളുകൾ ഉപയോഗിക്കുമ്പോൾ വാതിലുകളും മറ്റും തുറന്നിട്ടിട്ടുണ്ടെന്നും മുഖംമൂടി ധരിച്ചിട്ടുണ്ടെന്നും ഉറപ്പുവരുത്തുക. പുകവലിക്കരുത്. 

മദ്യത്തിന്റെ ഉപയോഗം ഉത്തരവാദിത്വത്തോടെ: മദ്യം ഒട്ടേറെ ആരോഗ്യപ്രശ്നങ്ങൾക്ക് വഴിതെളിക്കാം. അവ കരൾകോശങ്ങളെ നശിപ്പിക്കുകയും കരളിൽ വടുക്കൾ ഉണ്ടാക്കുന്നതിന് കാരണമാകുകയും ചെയ്യും. നിങ്ങളുടെ ശാരീരികാവസ്ഥ പരിഗണിച്ച് എത്രമാത്രം മദ്യം കഴിക്കാമെന്നതിനെക്കുറിച്ച് ഡോക്ടറുമായി സംസാരിക്കുക. നിയന്ത്രിതമായി മാത്രം കഴിക്കുക, അല്ലെങ്കിൽ മദ്യപാനം ഉപേക്ഷിക്കുക. 

മയക്കുമരുന്നുകൾ ഉപേക്ഷിക്കുക: മയക്കുമരുന്നുകളുടെ ഉപയോഗം ഇപ്പോൾ വർധിച്ചുവരികയാണ്. മരിജുവാന, ഹാഷിഷ്, കൊക്കെയ്ൻ, ഹെറോയിൻ, വൈദ്യോപയോഗത്തിനു വേണ്ടിയല്ലാതെയുള്ള വേദനസംഹാരികൾ, ഉറക്കത്തിനുവേണ്ടിയുള്ള മരുന്നുകൾ, ഉത്തേജകങ്ങൾ തുടങ്ങിയവയെല്ലാം ശരീരത്തിന് ദോഷകരമാണ്. 

തൊലിപ്പുറമേ മുറിവേൽക്കുമ്പോൾ: ശുചിയല്ലാത്ത സിറിഞ്ച് ഉപയോഗിച്ചുള്ള സുരക്ഷിതമല്ലാത്ത കുത്തിവയ്പുകൾ, ശരീരത്തിൽ മുറിവേൽപ്പിക്കുന്ന ടാറ്റൂകൾ, ആഭരണങ്ങൾ എന്നിവ ഒഴിവാക്കുക.

രക്തം കലരുമ്പോൾ: ഏതെങ്കിലും കാരണത്താൽ മറ്റുള്ളവരുടെ രക്തവുമായി സമ്പർക്കത്തിലായാൽ ഡോക്ടറെ കാണുക. ആശങ്കയുണ്ടെങ്കിൽ ഉടൻതന്നെ അടുത്തുള്ള ആശുപത്രിയിലെത്തി പരിശോധന നടത്തുക. 

വ്യക്തിഗത ശുചിത്വം: റേസറുകൾ, ടൂത്ത്ബ്രഷുകൾ, നഖം വെട്ടികൾ എന്നിവ മറ്റുള്ളവരുമായി പങ്കുവയ്ക്കരുത്. വളരെ കുറഞ്ഞ അളവിലാണെങ്കിൽ പോലും രക്തമോ, ശരീരസ്രവങ്ങളോ കാണാനുള്ള സാധ്യത ഒഴിവാക്കാനാണിത്. 

ലൈംഗിക സുരക്ഷ: സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം, ഒന്നിലധികം പേരുമായുള്ള ലൈംഗികബന്ധം എന്നിവ ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി എന്നിവയുടെ സാധ്യതകൾ വർദ്ധിപ്പിക്കുന്നു. 

കൈകളുടെ ശുചിത്വം: ബാത്ത്‌റൂം ഉപയോഗിച്ചതിനുശേഷവും ഡയപ്പറുകളും മറ്റും മാറ്റിയതിനുശേഷവും ആഹാരം കഴിക്കുന്നതിനുമുമ്പും തീർച്ചയായും സോപ്പ്് ഉപയോഗിച്ചോ ചൂട് വെള്ളം ഉപയോഗിച്ചോ കൈകൾ കഴുകുക

മരുന്നുകൾ ഉപയോഗിക്കുമ്പോൾ  ശ്രദ്ധിക്കുക: ശരിയായ തോതിലല്ലാതെ മരുന്നുകൾ ഉപയോഗിക്കുക, വിവിധ മരുന്നുകൾ കൂട്ടിക്കലർത്തി കഴിക്കുക എന്നിവ കരളിന് ദോഷകരമാകാം. ഒരിക്കലും മരുന്നും മദ്യവുമായി കൂട്ടിക്കലർത്തരുത്. ഏതെങ്കിലും ഓവർ - ദ- കൗണ്ടർ മരുന്നുകളോ സപ്ലിമെന്റുകളോ പ്രകൃതിദത്തമായതോ ഹെർബൽ മരുന്നുകളോ ഉപയോഗിക്കുന്നുണ്ടെങ്കിൽ ഡോക്ടറോട് അക്കാര്യം പറയുക. 

ഹെപ്പറ്റൈറ്റിസ് എ, ഹെപ്പറ്റൈറ്റിസ് ബി എന്നിവയ്‌ക്കെതിരായ വാക്‌സിനുകൾ എടുക്കുക. നിർഭാഗ്യവശാൽ ഹെപ്പറ്റൈറ്റിസ് സി വൈറസിനെതിരേ വാക്സിനുകൾ കണ്ടെത്തിയിട്ടില്ല.

(ഡോ. മാത്യു ജേക്കബ് കൺസൾട്ടന്റ് എച്ച്.പി.ബി. ആൻഡ് ലിവർ ട്രാൻസ്‌പ്ലാന്റ് സർജൻ, ഇന്റഗ്രേറ്റഡ് ലിവർ കെയർ, ആസ്റ്റർ 
മെഡ്സിറ്റി കൊച്ചി)

Content Highlights: anti drug campaign 21019