എന്റെ പേര് ദീപ (പേര് സാങ്കല്‍പികം). തൃശൂര്‍ പുതുക്കാടാണ് വീട്. പ്ലസ് ടു കഴിഞ്ഞപ്പോള്‍ എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് എഴുതി. റാങ്ക് വളരെ പിറകിലായിരുന്നു. എന്നിട്ടും ബിടെക്കിനു തന്നെ വിടാനായിരുന്നു മാതാപിതാക്കളുടെ തീരുമാനം. സേലത്തുള്ള ഒരു കോളേജില്‍ ബയോടെക്‌നോളജിക്ക് സീറ്റ് ഒപ്പിച്ചു.
ആദ്യമായി വീടു വിട്ടു നില്‍ക്കുന്നതിന്റെ സങ്കടത്തോടെ ഞാന്‍ സേലത്ത് എത്തി. ഹോസ്റ്റലിലും കോളേജിലും ഭൂരിഭാഗവും മലയാളി കുട്ടികളായിരുന്നു. ആദ്യത്തെ കുറച്ചു നാള്‍ ചെറിയ തോതിലുള്ള റാഗിങ്ങൊക്കെ ഉണ്ടായിരുന്നു. അതൊക്കെ പെട്ടെന്ന് തീര്‍ന്നു.
ക്ലാസ് തുടങ്ങിയപ്പോഴാണ് പണി പാളിയെന്നു മനസ്സിലാകുന്നത്. ഒന്നും തലയില്‍ കയറുന്നില്ല. സീനിയേഴ്‌സാണെങ്കില്‍ കാണുമ്പോഴെ 'ബാക്ക് പേപ്പറു'കളുടെ കാര്യം പറഞ്ഞ് പേടിപ്പിക്കും. അതോടെ ഉള്ള മൂഡും പോകും.
തരം കിട്ടുമ്പോഴെല്ലാം ഞാന്‍ നാട്ടിലേക്ക് വണ്ടികയറും. ഓരോ തവണ തിരിച്ചു പോകുമ്പോഴും കരയും. ഒരു വര്‍ഷം അങ്ങനെ പോയി. പരീക്ഷയില്‍ എട്ടില്‍ രണ്ടു പേപ്പര്‍ മാത്രം പാസായി. അടുത്ത സെമ്മില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളായി. ഒരു കാര്യത്തിലും ശ്രദ്ധ കിട്ടാതായി. പുസ്തകം കൈയിലെടുത്താല്‍ തുടങ്ങും തലവേദന. ഇക്കാര്യം കൂട്ടുകാരി മരിയയോട് പറഞ്ഞപ്പോള്‍ അവള്‍ ചിരിച്ചു, 'പേപ്പര്‍ ബാക്ക് അപ്പ് ആയവരുടെ ഒരു വാട്‌സ് ആപ്പ് കൂട്ടായ്മയുണ്ട്. ഞാന്‍ നിന്നെ അതില്‍ ആഡ് ചെയ്യാം.' അങ്ങനെ തുല്യ ദുഃഖിതരുടെ കൂട്ടായ്മയില്‍ ഞാനുമെത്തി. മലപ്പുറത്തു നിന്നുള്ള സജീറായിരുന്നു ഗ്രൂപ്പ് അഡ്മിന്‍. സജീര്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയ ആളാണ്. 30 പേപ്പര്‍ എഴുതിയെടുക്കാനുണ്ട്. അതുകൊണ്ട് കോളേജിനടുത്തു തന്നെ മുറിയെടുത്തു താമസിക്കുകയാണ്.
സജീറുമായി ചാറ്റു ചെയ്യാന്‍ നല്ല രസമാണ്. പതുക്കെ ഞങ്ങള്‍ തമ്മില്‍ അടുത്തു. സജീര്‍ പുറത്ത് കറങ്ങാന്‍ കൂട്ടു വിളിക്കും. നമ്മുടെ നാട് അല്ലാത്തതു കൊണ്ട് ആരേയും പേടിക്കേണ്ട. ഈ കൂട്ട് നല്ലതിനല്ലെന്ന് മരിയ എന്നോട് പലവട്ടം പറഞ്ഞു. ഞാനതു ശ്രദ്ധിച്ചില്ല. ഒരിക്കല്‍ സജീറിനൊപ്പം സേലത്തു നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ പോയി. അന്നാണ് ഞാനത് അറിയുന്നത്, സജീറിന് കഞ്ചാവ് വലിക്കുന്ന ശീലമുണ്ട്. അന്ന് ഒരു പഫ് എടുക്കാന്‍ അവനെന്നെ നിര്‍ബന്ധിച്ചു. രണ്ടു ദിവസത്തിനു ശേഷം ഞങ്ങള്‍ വീണ്ടുമവിടെ പോയി. ഇത്തവണ പത്തുപേരുണ്ടായിരുന്നു സംഘത്തില്‍. കഞ്ചാവിനു പകരം വേദനസംഹാരിയുടെ ആംപ്യൂളുകളായിരുന്നു ലഹരി. സജീര്‍ കുറേ ആംപ്യൂളുകള്‍ പൊട്ടിച്ച് ഒരു കപ്പിലൊഴിച്ചു. ഒരു സിറിഞ്ചു മാത്രം. കപ്പില്‍ നിന്ന് മരുന്നു കുത്തിയെടുത്ത് ഓരോരുത്തരായി കൈത്തണ്ടയില്‍ കുത്താന്‍ തുടങ്ങി. അന്ന് ഒരിറ്റു ലഹരിയുടെ സുഖം ഞാനുമറിഞ്ഞു.
രാത്രി ഉറങ്ങാന്‍ കഴിഞ്ഞില്ല. നേരം വെളുത്തപ്പോള്‍ സജീറിനെ വിളിച്ചു, 'ഇനി എനിക്കു നിങ്ങളെ കാണേണ്ട'. സജീര്‍ ചിരിച്ചു, 'നീ എന്നെ തേടി വരും'. ശരിക്കും അതു തന്നെ സംഭവിച്ചു. രണ്ടു ദിവസം വരെ ഞാന്‍ കണ്‍ട്രോള്‍ ചെയ്തു . മൂന്നാം നാള്‍ സജീറിനെ വിളിച്ചു, 'അന്നു കുത്തിവെച്ച സാധനം എനിക്ക് വേണം'. സജീര്‍ പഴയ ആളായിരുന്നില്ല, 'മരുന്നു തരാം. പക്ഷേ, പൈസ തരണം'. വീര്യമേറിയ ഇഞ്ചക്ഷനായി കൈയിലെ പണമെല്ലാം ധൂര്‍ത്തടിച്ചു. ബന്ധങ്ങളും ഉത്തരവാദിത്തങ്ങളും വിട്ടെറിഞ്ഞ് ലഹരിയുടെ ലോകത്തായി പിന്നെയെന്റെ ജീവിതം.
ഒരു ദിവസം വിളിച്ചപ്പോള്‍ സജീര്‍ ഫോണ്‍ എടുക്കുന്നില്ല. മരുന്ന് കിട്ടാതെ ഞാന്‍ അസ്വസ്ഥയായി. ഭ്രാന്തു പിടിച്ച പോലെ ഞാന്‍ നിലവിളിച്ചു. വിവരം കോളേജിലറിഞ്ഞു. എന്നെ സസ്‌പെന്റ് ചെയ്തു. അച്ഛനും അമ്മയും വന്ന് കൂട്ടിക്കൊണ്ടു പോയി. അവരുടെ കണ്ണീരും നാട്ടുകാരുടെ പഴിചാരലുകളും എന്നെ കൂടുതല്‍ സങ്കടത്തിലാക്കി. ഞാന്‍ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്കു ശ്രമിച്ചു. പക്ഷേ, മരണം വഴുതി മാറി. ഇപ്പോള്‍ ലഹരിവിമോചന കേന്ദ്രത്തില്‍ ചികിത്സയിലാണ്.
Content Highlight: a girl write her story from de addiction centre