ആറ്റിങ്ങല്‍: നാടന്‍ബോംബുള്‍പ്പെടെയുള്ള മാരകായുധങ്ങളുമായി ബൈക്കില്‍ കഞ്ചാവ് കടത്തിയ സംഘത്തെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ചിറയിന്‍കീഴ് അഴൂര്‍ ഭഗവതിക്ഷേത്രത്തിനു സമീപം വിളവീട്ടില്‍ ആര്‍.രാജേഷ് (32), ഇടയ്ക്കോട് ഊരുപൊയ്ക തെക്കതില്‍ ക്ഷേത്രത്തിനു സമീപം പുളിയില്‍ക്കണ്ടിവീട്ടില്‍ വിനീത് (25), ചെമ്പകമംഗലം വൈ.എം.എ. ജങ്ഷന്‍ പ്രതീഷ്ഭവനില്‍ പ്രതീഷ് (20) എന്നിവരാണ് ആറ്റിങ്ങല്‍ എക്സൈസ് സംഘത്തിന്റെ പിടിയിലായത്.

അറസ്റ്റിലായവരില്‍ നിന്ന് ഒരുകിലോ നൂറുഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ഇവരില്‍നിന്ന് അഞ്ച് നാടന്‍ബോംബ്, മഴു, വാക്കത്തി എന്നിവയും കണ്ടെടുത്തു. ആറ്റിങ്ങല്‍ എക്സൈസ് ഇന്‍സ്‌പെക്ടര്‍ ആര്‍.രാജേഷിന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ സുരേഷ്‌കുമാര്‍, ബിനു താജുദ്ദീന്‍, സി.ഇ.ഒ.മാരായ വിനു, ഹാഷിം, ബിനു, അജിത്കുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ അഴൂര്‍ റെയില്‍വേഗേറ്റിനു സമീപം ഇവരുടെ ബൈക്ക് പരിശോധിക്കാന്‍ ശ്രമിക്കുമ്പോള്‍ പ്രതികള്‍ ആയുധങ്ങളുമായി ചെറുത്തുനില്പിന് ശ്രമിച്ചു. ബലപ്രയോഗത്തിലൂടെ സാഹസികമായാണ് പ്രതികളെ പിടികൂടിയത്.

ചിറയിന്‍കീഴ് താലൂക്കിലെ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം നടത്തുന്നവരാണിവരെന്ന് അധികൃതര്‍ പറഞ്ഞു. ഇവരെക്കുറിച്ച് വ്യാപകമായ പരാതികളുണ്ടായിരുന്നു. ആഴ്ചകളായി ഇവര്‍ എക്സൈസ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. അറസ്റ്റിലായ രാജേഷിന്റെ പേരില്‍ രണ്ട് കൊലക്കേസുള്‍പ്പെടെ 12 ക്രിമിനല്‍ക്കേസുകള്‍ നിലവിലുണ്ട്. മറ്റ് രണ്ടുപേരും വധശ്രമമുള്‍പ്പെടെയുള്ള കേസുകളില്‍ പ്രതികളാണ്. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി. പിടിച്ചെടുത്ത ആയുധശേഖരം ചിറയിന്‍കീഴ് പോലീസിന് കൈമാറിയതായി എക്സൈസ് സംഘം അറിയിച്ചു.

ContentHighlight: 3 arrested with ganja in attaingal