Anusree S Pillaiറാന്നി: ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ആസ്പത്രിയിലെത്തിച്ച യുവമാധ്യമപ്രവര്‍ത്തക മരിച്ചു. ചാലാപ്പള്ളി കുന്നം നാടമലക്കുന്ന് തടത്തേല്‍ പരേതനായ ശ്രീധരന്‍പിള്ളയുടെ മകള്‍ അനുശ്രീ എസ്.പിള്ളയാണ് (32) മരിച്ചത്. ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പിന്റെ മലയാളം വാര്‍ത്താപോര്‍ട്ടലായ സമയം ഡോട്ട്കോമില്‍ സീനിയര്‍ കോപ്പി എഡിറ്ററായിരുന്നു. രക്തസമ്മര്‍ദം കുറഞ്ഞ് ഹൃദയാഘാതമുണ്ടായതാണു മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടത്തിലെ പ്രാഥമികനിഗമനമെന്ന് പോലീസ് പറഞ്ഞു.
 
വൃക്കയില്‍ അണുബാധയുണ്ടായിരുന്നതായും പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയതായി പോലീസ് പറഞ്ഞു. ചികിത്സാപിഴവാണു മരണകാരണമെന്നു സംശയിക്കുന്നതായി ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ആന്തരികാവയവങ്ങള്‍ രാസപരിശോധന നടത്തി റിപ്പോര്‍ട്ട് കിട്ടിയശേഷമേ മരണകാരണം കൂടുതല്‍ വ്യക്തമാകൂ. തിങ്കളാഴ്ച രാത്രി 10.30ഓടെ ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് അനുശ്രീയെ ചുങ്കപ്പാറയിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രിപ്പിടുകയും വയറുവേദനയ്ക്കു കുത്തിവയ്പെടുക്കുകയും ചെയ്തു.
 
അബോധാവസ്ഥയിലായ ഇവരെ കോഴഞ്ചേരിയിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു. മരണത്തില്‍ സംശയമുള്ളതായി കോഴഞ്ചേരി ആസ്പത്രിയിലെ ഡ്യൂട്ടിഡോക്ടര്‍ അറിയിച്ചതായി ബന്ധുക്കള്‍ പറഞ്ഞു. ഇക്കാര്യം ബന്ധുക്കള്‍ പോലീസിലും അറിയിച്ചു. എന്നാല്‍, ചികിത്സാപിഴവുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് ചുങ്കപ്പാറയിലെ സ്വകാര്യ ആസ്?പത്രിയിലെ ഡോ.സാറാ പറഞ്ഞു. രക്തസമ്മര്‍ദം വളരെ കുറഞ്ഞ നിലയിലാണ് അനുശ്രീയെ ആസ്പത്രിയില്‍ എത്തിച്ചത്.
 
എത്രയുംവേഗം സൗകര്യങ്ങളുള്ള ആസ്പത്രിയിലെത്തിക്കാന്‍ നിര്‍ദേശിച്ചു. വാഹനം എത്താന്‍ വൈകിയതിനാല്‍ ഡ്രിപ്പിടുകയും വയറുവേദന അസഹനീയമാണെന്നു പറഞ്ഞപ്പോള്‍ അതിനുള്ള കുത്തിവയ്പ് നല്‍കുകയുമാണു ചെയ്തതെന്നും ഡോ.സാറാ പറഞ്ഞു.
മല്ലപ്പള്ളി തഹസില്‍ദാര്‍ ഷംസുദ്ദീന്റെ സാന്നിധ്യത്തില്‍ പെരുമ്പെട്ടി എസ്.ഐ. എ.എം.സാഹിറിന്റെ നേതൃത്വത്തിലാണ് ഇന്‍ക്വിസ്റ്റ് തയ്യാറാക്കിയത്. കോട്ടയം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ രണ്ടു സര്‍ജന്മാരടങ്ങിയ സംഘമാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്.
 
ചികിത്സാപിഴവുകളുണ്ടായിട്ടില്ലെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പ്രഥമദൃഷ്ട്യാ കണ്ടെത്തിയതെന്നു പോലീസ് പറഞ്ഞു.

ജയ്ഹിന്ദ്, ഇന്ത്യാ വിഷന്‍ ചാനലുകളിലും അനുശ്രീ പ്രവര്‍ത്തിച്ചിട്ടുണ്ട്. അമ്മ: രത്നമ്മ. സഹോദരി: അപര്‍ണ. ആന്റോ ആന്റണി എം.പി., എം.എല്‍.എ.മാരായ രാജു എബ്രഹാം, വീണ ജോര്‍ജ് എന്നിവര്‍ ആസ്പത്രിയിലെത്തിയിരുന്നു. മല്ലപ്പള്ളിയിലെ സ്വകാര്യ ആസ്പത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കുന്ന മൃതദേഹം ബുധനാഴ്ച രാവിലെ 10ന് വീട്ടില്‍ കൊണ്ടുവരും. ശവസംസ്‌കാരം 1.30ന് വീട്ടുവളപ്പില്‍ നടക്കും.