ലക്‌സാണ്ടര്‍ ഡ്യൂമായുടെ 'ദ കൗണ്ട് ഓഫ് മോണ്ടി ക്രിസ്റ്റോ' എന്ന പ്രശസ്ത നോവലില്‍ ഒരാള്‍ക്ക് ശത്രുക്കള്‍ വരുന്ന വഴിയെക്കുറിച്ച് പറയുന്നുണ്ട് . നോവലിലെ യുവാവായ  നായകന്‍ ഡാന്റെ നിഷ്‌കളങ്കനായിട്ടും നീണ്ട വര്‍ഷങ്ങള്‍ ജയിലിലടക്കപ്പെട്ടതിലെ നൈതികത ഏകാന്ത ജീവിതത്തില്‍ ഉരുകിയമര്‍ന്നിട്ടും അയാള്‍ക്ക് വെളിപ്പെടാതെപോയി! വലിയൊരു കാലം കൊണ്ട് പെരുകുന്നതാണ് ശത്രുക്കള്‍ എന്നയാള്‍ കരുതി. ഒരു കപ്പലിന്റെ കപ്പിത്താനായതും അതീവ സുന്ദരിയായ പെണ്‍കുട്ടിയെ ജീവിതത്തിലേക്ക് ചേര്‍ത്തണച്ചതുമാണ് ഡാന്റെയുടെ പിന്നിട്ട ജീവിതത്തിലെ സമ്മോഹന നിമിഷങ്ങള്‍ .

ജയിലില്‍ അപ്രതീക്ഷിതമായി കണ്ടെത്തുന്ന ജ്ഞാനിയായ അഭി ഫാരിയ എന്ന മറ്റൊരു തടവുകാരന്‍ ഡാന്റെയുടെ ചോദ്യങ്ങള്‍ക്ക്, നിഗൂഢതയ്ക്ക് പരിഹാരം കണ്ടെത്തുന്നു. നമുക്ക് സമൂഹത്തില്‍ പ്രാധാന്യമില്ലെന്ന് കരുതുന്നിടത്താണ് തെറ്റെന്ന് അയാള്‍ ഡാന്റെയെ ബോധ്യപ്പെടുത്തി. ഏതൊരാളും ഏതെങ്കിലുമൊരളവില്‍ മറ്റൊരാള്‍ക്ക് പ്രധാനപ്പെട്ടതായിരിക്കും. ഇവിടെ, ഡാന്റെയുടെ ജീവിതത്തില്‍ വന്നുചേര്‍ന്ന ചില സൗഭാഗ്യങ്ങള്‍ ശതുതയിലേക്കുള്ള പാളങ്ങള്‍ തുറന്നിട്ടു. ഫാരിയ അക്കാര്യം വിശദമാക്കി. നോവലിലെ വഴിത്തിരിവാണ് ആ രംഗം. അലിക്‌സാണ്ടര്‍ ഡ്യൂമ എന്ന മഹാനായ എഴുത്തുകാരന്‍ പകരുന്ന പച്ചയായ പരമാര്‍ത്ഥം .

ഡ്യൂമ പറയുന്ന ഈ ജീവിത വ്യാകരണം ഒരു കാരണം മാത്രമാണെന്ന് ദ്വീപ് ജീവിതത്തിന്നിടയില്‍ ഞാനറിഞ്ഞു. അതിന് നിമിത്തം മലയാളിയായ ഒരദ്ധ്യാപികയാണ്! അവള്‍ ഫിയലി ദ്വീപില്‍ വന്നിട്ട് നാലോ അഞ്ചോ മാസങ്ങള്‍ കഴിഞ്ഞതേയുള്ളൂ. അപ്പോഴേക്കും മലിനമായ അന്തരീക്ഷം അവള്‍ക്കവിടെ സൃഷ്ടിക്കാനിടയായി . 

രാവിലെ സ്‌കൂള്‍ അസംബ്ലി ആരംഭിക്കാനിരിക്കെ ഞങ്ങളുടെ സൂപ്പര്‍വൈസര്‍ ശ്രീകുമാറുമായുള്ള ആ സ്ത്രീയുടെ വാക്കുതര്‍ക്കമാണ് തുടക്കം. നാട്ടിലേക്ക് പണമയക്കുന്നതാണ് വിഷയം. ഫിയലിയില്‍ ബാങ്കില്ല. അതുകൊണ്ടുതന്നെ തലസ്ഥാന നഗരിയിലെ ഇന്ത്യന്‍ ബാങ്കായ എസ്.ബി. ഐയിലേക്ക്  ആരെങ്കിലും  വഴി പണം കൊടുത്തയക്കുകയാണ് പതിവ്. ഓരോ മാസവും അയക്കേണ്ട തുക, ഇന്ത്യന്‍ അദ്ധ്യാപകരില്‍ നിന്നും ശേഖരിച്ച് തലസ്ഥാന നഗരിയിലേക്ക് കൊടുത്തുവിടാറുള്ളത് ശ്രീകുമാറാണ്. മാലെയിലേക്ക് പോകുന്ന ആരുടെയെങ്കിലും കൈവശം അതിനുള്ള വഴി കണ്ടെത്തുകയാണ് അദ്ദേഹത്തിന്റെ രീതി. ഇതിനിടയില്‍ ആ അദ്ധ്യാപിക ആരുമറിയാതെ, മറ്റെന്തോ ആവശ്യത്തിന് മാലെയിലേക്ക് പോയതും അവളുടെ പണം ബാങ്കില്‍ നിക്ഷേപിച്ചതും പലരിലും അതൃപ്തിയുണ്ടാക്കി. അതേക്കുറിച്ച് ശ്രീകുമാര്‍ അവളോട് സൗമ്യമായി ചോദിച്ചതേയുള്ളൂ. തികച്ചും  അപ്രതീക്ഷിതമായി അവളുടെ മറുപടി ഒരു പൊട്ടിത്തെറിയായി മാറി. അസംബ്ലി സമയത്തെ നിശബ്ദതയില്‍ ആ ശബ്ദം ചുറ്റിലും മുഴങ്ങി. പത്തുവര്‍ഷത്തിലധികമായി അവിടെ ജോലി ചെയ്യുന്ന വളരെ സീനിയറായ ഒരാളോട് പുലര്‍ത്തേണ്ട  മര്യാദ ആ സ്ത്രീ വാക്കുകളില്‍ പാലിച്ചതേയില്ല! അദ്ദേഹത്തെ അപഹസിക്കുന്നവിധത്തില്‍ അവള്‍ കുറേനേരം പുലമ്പിക്കൊണ്ടിരുന്നു. ആ കാഴ്ച ഞങ്ങളില്‍ പലരെയും മുറിവേല്‍പ്പിച്ചു .  

ഇടവേള നേരത്ത് എന്റെ മുറിയിലിരുന്ന് ഞാനും സഹപ്രവര്‍ത്തകനായ ഷിജുവും ഭക്ഷണം കഴിക്കുമ്പോള്‍ തൊട്ട് മുന്‍പേ നടന്ന സംഭവത്തിലെ അപാകതകള്‍ സംഭാഷണ വിഷയമായി. 

'അതൊട്ടും ശരിയായില്ല. ദീര്‍ഘകാലമായി എസ് .കെ സാര്‍ ചെയ്യുന്ന കാര്യമാണത്. നാട്ടിലേക്ക് വലിയ പ്രയാസമില്ലാതെ പണമെത്താന്‍ അതെത്ര സഹായകമാണ് . നമ്മള്‍ ഈ പാടുപെടുന്നതെല്ലാം അതിനല്ലേ? അവള്‍ പല കാര്യങ്ങളേയും വര്‍ഗീയമായി കാണുന്നു. എല്ലാം വിവേചനത്തോടെ കാണുന്നവര്‍ എവിടെപ്പോയാലും അങ്ങനെതന്നെ. ഇവിടെ നമുക്കിടയില്‍ ഇതേവരെ അങ്ങനെയൊന്ന് ഉണ്ടായിട്ടില്ലല്ലോ. തികച്ചും അധമമാണ് ആ ചിന്ത. പലരും മോശപ്പെട്ടവരെന്ന് കരുതുന്ന സ്ത്രീകള്‍ പോലും അത്തരത്തില്‍ പ്രായമായ ഒരാളോട് പെരുമാറില്ല.' 

ഷിജുവിനോട് അത്രയും വിശദീകരിച്ചപ്പോള്‍ അവനും അതിനോട് യോജിച്ചു. ആ വിഷയം ഞങ്ങള്‍ അവിടെ ഉപേക്ഷിച്ചു. അത്തരമൊരവസ്ഥയില്‍ ഒരാള്‍ പ്രകടിപ്പിക്കാനിടയുള്ള തലത്തിലെ ഞാന്‍ സംസാരിച്ചിട്ടുള്ളൂ. അത് ഒരു വിവാദത്തിലേക്കുള്ള നെയ്ത്തിരിയാണെന്ന് അപ്പോളറിഞ്ഞതുമില്ല. മുറിക്കപ്പുറത്തെ തോട്ടത്തിലെ കറിവേപ്പിലയൊടിക്കാന്‍ അവള്‍ വന്നതും, മുറിക്കകത്തെ സംഭാഷണങ്ങള്‍ ഒളിച്ചുനിന്ന് കേട്ടതും ഞങ്ങളറിഞ്ഞില്ല. അതൊക്കെ ആരോപണമാകുമെന്ന് ഓര്‍ത്തതുമില്ല. നമ്മള്‍ ചേക്കേറുന്ന മുറി, വീട് നമ്മുടെ സ്വാതന്ത്ര്യമാണ്. പഴയ കോലായ കടിഞ്ഞാണിലില്ലാത്ത ചര്‍ച്ചകളുടെ അരങ്ങായിരുന്നല്ലോ. വീടിന്റെ ഭിത്തികള്‍ പോലെ 'കോലായ ചര്‍ച്ചകള്‍' കുടുംബത്തിന് ദൃഢത കൊടുത്തതും ഓര്‍ക്കുന്നു .

എന്നാല്‍ അറിവില്ലായ്മയും അവിവേകവും കൊണ്ട്  ചിന്തകള്‍തന്നെ  വിഷലിപ്തമാക്കിയൊരാള്‍ ഞാന്‍ പറഞ്ഞതിനെ മുന്നോട്ട് കൊണ്ടുപോയി . എനിക്കെതിരെ അവള്‍ പ്രിന്‍സിപ്പലായിരുന്ന ഇബ്രാഹിം റുഷ്ദിക്ക് പരാതി കൊടുത്തു. ഞാന്‍ അവളോട് വളരെ മോശമായി  നേരിട്ട് സംസാരിച്ചെന്നതാണ് വിഷയം! അതും ആ സ്ത്രീ റോഡിലൂടെ നടന്നുപോകുമ്പോഴാണ് സംഭവിച്ചതെന്നും ! 

'എന്തൊരു ലോകം. ഞാന്‍ അവിടെ ഇല്ലായിരുന്നില്ലെങ്കില്‍ നിങ്ങള്‍ തികച്ചും ഒറ്റപ്പെട്ടുപോയേനെ. ആരും നിങ്ങളെ വിശ്വസിക്കാനും ഇടയില്ല. ഇവിടെ സ്ത്രീകള്‍ പറയുന്നതാണ് വലുതെന്ന് അവള്‍ക്കറിയാം. മറ്റൊന്ന് , അവളെ പിന്തുണയ്ക്കുന്ന ചുറ്റുപാടാണുള്ളത് . അതുകൊണ്ട് നിങ്ങളെ അവള്‍ ടാര്‍ഗറ്റ് ചെയ്യാനിടയുണ്ട്. പക്ഷെ റുഷ്ദിയ്ക്ക് കാര്യം മനസ്സിലാകും. പേടിക്കേണ്ട മാഷെ.' 

 ഷിജു അടക്കം പറഞ്ഞപ്പോഴാണ് ആ വിഷയത്തിന്റെ ആഴം ഞാനും മനസ്സിലാക്കിയത്. ഒരു കാര്യം എത്ര പെട്ടെന്നാണ് ഒരു വിവാദമായി പരിണമിക്കുന്നത്. ഒരു സംഭവത്തെ പല കാഴ്ചകള്‍ കൊണ്ട് , കേട്ടുകേള്‍വികള്‍ കൊണ്ട്, അടക്കം പറച്ചിലുകള്‍ കൊണ്ട് അത് മറ്റൊന്നായി നമ്മള്‍ പണിയും . അകിരോ കുറോസോവയുടെ 'റാഷമോണ്‍ ' എന്ന  ലോക പ്രശസ്ത ചലച്ചിത്രം പറയുന്നതും അതാണ് . ഒരു യഥാര്‍ത്ഥ സംഭവം മറ്റൊന്നായി പരിണമിക്കുമ്പോള്‍ സ്വാഭാവികമായും അതിന്റെ കെടുതികള്‍ നേരിടുന്നത് ആ സംഭവത്തില്‍ ഉള്‍പ്പെടുന്ന നിസ്സഹായരും നിഷ്‌കളങ്കരുമായ മനുഷ്യരാണ്. കഥകള്‍ മെനഞ്ഞുണ്ടാക്കുന്നവര്‍ക്ക് വളക്കൂറുള്ള അന്തരീക്ഷമതാകുമ്പോള്‍ ആ മനുഷ്യരൊക്കെ കുറ്റവാളികളാവുന്നു. ഒരു നുണ പലതവണ പറയുമ്പോള്‍ അതൊരു സത്യമാകുമെന്ന് വെളിപ്പെടുത്തുന്ന ഗീബല്‍സിയന്‍ സിദ്ധാന്തത്തെ അവരോധിക്കുന്നതിലാണ്  ഇന്ന് മഹാഭൂരിപക്ഷത്തിന് കൗതുകവും . 

ആ അദ്ധ്യാപിക പറഞ്ഞുനിര്‍ത്തിയ മെനഞ്ഞുണ്ടാക്കിയ കഥകള്‍ക്ക് ജ്വലിക്കാന്‍ ആവശ്യത്തിലധികം കാറ്റും ഇന്ധനവും ഇവിടെ ഉണ്ടെന്നറിഞ്ഞിട്ടും ഞാന്‍ ഷിജുവോട്  പറഞ്ഞു . 

'എനിക്ക് ഒരു പേടിയുമില്ല. സത്യത്തിന് വിലയിടിഞ്ഞിട്ടൊന്നുമില്ലല്ലോ. നേരിടാനുള്ള കരുത്തുമുണ്ട്.'

ഉച്ചയ്ക്കുശേഷം പ്രിസിപ്പല്‍ റുഷ്ദി ഇന്ത്യന്‍ അദ്ധ്യാപകരുടെ യോഗം വിളിച്ചു. യോഗത്തില്‍, വഴിയില്‍ വെച്ച് ഞാന്‍ അവളോട് മോശമായി സംസാരിച്ചുവെന്ന് അവള്‍ ആമുഖമായി  പറഞ്ഞു . മറ്റ് ആരോപണങ്ങള്‍ ഒന്നുംതന്നെ  അവള്‍ ഉന്നയിച്ചതുമില്ല. റുഷ്ദി എന്നോട് വിവരങ്ങള്‍ ആരാഞ്ഞു .

'സാര്‍, ഒരു കാര്യം പറയട്ടെ. ഒളിച്ചുനിന്ന് കേള്‍ക്കുന്നത് ഞങ്ങളുടെ രാജ്യത്ത് വളരെമോശം കാര്യമാണ്. അങ്ങനെ ചെയ്യുന്നവരേയും അത് മറ്റൊരിടത്ത് വിളമ്പുന്നവരേയും ഏറ്റവും നികൃഷ്ട ജീവികളായാണ് അവിടെ കണക്കാക്കുക. ഇവിടുത്തെ കാര്യം എനിക്കറിയില്ല. ഞാന്‍ വാടകയ്ക്ക് താമസിക്കുന്ന മുറി എന്റെ സ്വാതന്ത്ര്യമല്ലേ? അവിടെ പലതും പറയാനുള്ള അഭിപ്രായ സ്വാതന്ത്ര്യവും  എനിക്കുണ്ടല്ലോ...'

റുഷ്ദി ഒരല്പ നേരത്തേക്ക് ഒന്നും  മിണ്ടിയില്ല . തുടര്‍ന്ന് എല്ലാരോടുമായി അദ്ദേഹം  പറഞ്ഞു .

'ഈ വിഷയം ഇവിടെ കഴിഞ്ഞു . ഇനി ഇതേക്കുറിച്ച് ഒരക്ഷരം ആരും മിണ്ടരുത് . ' 

എന്നിട്ടും അവള്‍ തുടര്‍ന്നു . തന്റെ വാദം പൊളിയുമെന്ന് കാണുമ്പോള്‍ ചില സ്ത്രീകള്‍ പിന്തുടരാനിടയുള്ള ശരീരസംബന്ധിയായ  ഒരു 'പൊതുനയത്തിലൂടെ' അവളും  സഞ്ചരിച്ചു . ഓരോന്നും ഏറ്റക്കുറച്ചിലുകളോടെ അവള്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. നുണയുടെ കോശങ്ങള്‍ തുന്നിച്ചേര്‍ത്ത നിറമുള്ള കുമിളകള്‍ ഒന്നൊന്നായി നിലത്തമരുന്നത് കണ്ടുകൊണ്ടിരുന്ന സഹപ്രവര്‍ത്തകരുടെ ചിരികളില്‍ നിന്നും സത്യം റുഷ്ദി വായിച്ചറിഞ്ഞിട്ടുണ്ടാകണം. ഒന്നുകൂടി വാക്കുകളില്‍ ദൃഢത പകര്‍ത്തിയിട്ട് റുഷ്ദി രൂക്ഷമായി പറഞ്ഞു .

'നിന്നോട് കൂടിയാണ് പറഞ്ഞത് .... ഈ വിഷയം ഇനി ആവര്‍ത്തിക്കേണ്ടെന്ന്. ഏല്ലാവര്‍ക്കും  പോകാം. '  

പിന്നീടൊരുനാള്‍ റുഷ്ദി എന്റെ ചുമലില്‍ കൈവെച്ച് ചോദിച്ചു .

'നിങ്ങളുടെ നാട്ടുകാരെന്താണ് ഇങ്ങനെ ? മറുനാട്ടില്‍ ജീവിക്കുമ്പോള്‍ പുലര്‍ത്തേണ്ട ചില മര്യാദകളില്ലേ? ആ സ്ത്രീയുടെ ഭര്‍ത്താവ്  ആശ്രിതനായി എപ്പോഴും കൂടെയുണ്ടല്ലോ. ഞാന്‍ വെറും പൊട്ടനാണെന്ന് അവള്‍ കരുതിയോ? നിങ്ങള്‍ എത്രത്തോളം മാന്യത സ്ത്രീകളോട് പുലര്‍ത്തുന്നെന്നറിയാന്‍ എനിക്ക് മറ്റൊരു കണ്ണട ആവശ്യമില്ലല്ലോ. നിങ്ങളുടെ തൊട്ടടുത്ത മുറിയില്‍ താമസിക്കുന്ന, ഇവളേക്കാള്‍  അഴകും ചെറുപ്പവുമുള്ള പെണ്‍കുട്ടി എത്ര ആദരവോടെയാണ് നിങ്ങളെപ്പറ്റി പറയുന്നതെന്ന് എനിക്കറിയാമല്ലോ.'

നമുക്കെതിരായ ചുറ്റുപാട് നിലനില്‍ക്കുമ്പോഴും ചില തെളിച്ചങ്ങള്‍ ബാക്കി നില്‍ക്കുന്നുണ്ടാകും. അങ്ങനെയല്ലെങ്കില്‍ ലോകം നെറികേടിന്റേത് മാത്രമായി അവശേഷിക്കുമല്ലോ! ഇവിടെ ആ തെളിച്ചമാണ് റുഷ്ദി. പലയിടത്തും അതും കാണണമെന്നില്ല. ഇരുട്ടില്‍ ചവിട്ടിമെതിക്കപ്പെട്ടവരുടെ നിലവിളികള്‍ ആരും കേള്‍ക്കുകയുമില്ലല്ലോ .

അവള്‍ ആ വര്‍ഷം അവിടെ നിന്നും മറ്റൊരു ദ്വീപിലേക്ക് യാത്രയായി. അവിടെവെച്ചും അവള്‍ എന്നെക്കുറിച്ച് വളരെ മോശമായി പറഞ്ഞെന്ന് സുഹൃത്ത് ജോമി പറഞ്ഞു. ഇവിടെയുണ്ടായിരുന്ന അതെ ശീലങ്ങള്‍ തന്നെ അവള്‍ അവിടെയും  പിന്തുടരുന്നതായി അവന്‍ സൂചിപ്പിച്ചു .പലരും ഒരകലത്തില്‍ നിര്‍ത്തിയെന്നും!

ചില അപൂര്‍വ്വം സ്ത്രീകള്‍ അങ്ങനെയുമുണ്ട്. ഷെയ്ക്‌സ്പിയര്‍ നാടകങ്ങളിലെ പുരുഷാധിപത്യത്തിന്റെ അതേ ദുഷിച്ച  പ്രതിച്ഛായ പകര്‍ന്നാടുന്ന സ്ത്രീ കഥാപാത്രങ്ങളെപ്പോലെ ചിലര്‍. മുന്നിലേക്കെത്താനുള്ള ധൃതിയില്‍ പല വഴികളും തേടുന്നവര്‍. പലതും പിടിച്ചടക്കുന്നവര്‍.  ഇതര സ്ത്രീകളുടെ ജീവിതവും അവര്‍ക്കിടയില്‍ പ്രതിസന്ധിയിലാകും, ചിലപ്പോള്‍ തകര്‍ന്നടിയും. അനാവശ്യ പകയും പ്രതികാരവും അവര്‍ കൊണ്ടുനടക്കും. വ്യക്തിപരമായി അവരിലുള്ള  ചില ന്യൂനതകളാകാം അതിന് കാരണം. സൗന്ദര്യം, അറിവ്, കാര്യപ്രാപ്തി തുടങ്ങി പലതിലുമുള്ള അപര്യാപ്തത അവര്‍ക്ക് വലിയ വെല്ലുവിളിയാകാനിടയുണ്ട് . വെല്ലുവിളികളെ വെല്ലുവിളിയായിത്തന്നെ കണ്ട് മുന്നേറാനുള്ള ആത്മബലം അവര്‍ക്ക് കൈവരിക്കാന്‍  കഴിയാത്തിടത്തോളം അവര്‍ അവര്‍ക്ക് മാത്രമല്ല മറ്റുള്ളവര്‍ക്കും ദുരന്തം സമ്മാനിക്കുമെന്നുള്ളതും ഒരു സത്യം. നിര്‍ഭാഗ്യവശാല്‍ ഞാനും അതിന് ഇരയായല്ലോ! 

Content highlights: The count of monte cristo, Life in prison, Jayachandran Mokeri, Maldives