ഒരാഴ്ച പിന്നിട്ടപ്പോള്‍ അഞ്ച്-എ സെല്ലില്‍ കൂടുതല്‍ അന്തേവാസികള്‍ വന്നെത്തി. ഏതാണ്ട് പതിമൂന്ന് തടവുകാര്‍. അതേവരെ അവരെല്ലാം മറ്റ് സെല്ലുകളിലായിരുന്നു. ഒറ്റയടിയ്ക്ക് പുതുതായി കൂടുതല്‍ തടവുകാര്‍ ധൂണിതുവില്‍ വന്നതാണ് അതിന്റെ കാരണമെന്നും കേട്ടു . ഈ സെല്ലില്‍ എത്തിച്ചേര്‍ന്നവരില്‍ അധികവും ബംഗാളികളാണ്. കൂടാതെ ഒരു ദ്വീപുകാരനും രണ്ട് ഇന്ത്യക്കാരുമുണ്ട്.
പെട്ടെന്ന് കൂടുതല്‍ തടവുകാര്‍ വന്നതോടെ അതേവരെ നിലനിന്ന അന്തരീക്ഷം പാടെ മാറി. വന്നവരുടെ ശബ്ദകോലാഹലം അത്രയ്ക്ക് കേമമായിരുന്നു. ഉറക്കം അവര്‍ക്കിടയില്‍ വലിയ പ്രശ്‌നമായി. പാതിരാത്രിവരെ പിന്നിടുന്ന ചീട്ടുകളിയും ബഹളവും കഴിഞ്ഞുവേണം ഒന്നുറങ്ങാന്‍. പകല്‍ സമയം വന്നവരില്‍ മിക്കവരും സെല്ലിന് വെളിയില്‍ എന്തെങ്കിലും ജോലിക്കുപോകുമെന്നത് മാത്രമാണാശ്വാസം. ആ സമയം തൗഫീഖ് അവിടെ വന്ന പലരുടേയും കേസ് വിവരം എന്നോട് വിസ്തരിക്കും.
'തൗഫീഖ് ഓരോ ആളുടെ കഥയും വളരെ വികാരവായ്‌പോടെ ശ്രദ്ധിച്ചാണ് പറയുക. ജയിലില്‍ ഇതേപോലെ ഓരോ തടവുകാരനും ഓരോ കഥയുണ്ട്. തൗഫീഖ് പറഞ്ഞ കഥയിലെ രണ്ടുപേരും, മീരാ ഷെയ്ക്കും ഖമറുല്‍ ഇസ്ലാമും ഇന്നലെ വന്നവരുടെ കൂട്ടത്തിലുണ്ട്. അവരെ വളരെ കൃത്യമായി തൗഫീഖ് അടയാളപ്പെടുത്തിയപ്പോള്‍ ഞാന്‍ ശരിക്കും ഞെട്ടിപ്പോയി. ഇന്നലെ എന്റെ ഇരുഭാഗത്തും കിടന്നവര്‍. ഒരാള്‍ ഒരു പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്തവന്‍. മറ്റൊരാള്‍ ഉറങ്ങിക്കിടന്നവനെ കഴുത്തറുത്ത് കൊന്നവന്‍! അല്പനേരത്തേക്ക് ഒന്നും പറയാനായില്ല. ആ തിരിച്ചറിവ് എന്നെ സ്തബ്ധനാക്കി . ('തക്കിജ്ജ- എന്റെ ജയില്‍ ജീവിതത്തില്‍' നിന്ന് )
പുതുതായി ഈ സെല്ലില്‍ വന്നവരുടെ കൂട്ടത്തില്‍ ഖമറുവിന്റേയും മീരയുടേയും ക്രൂരകൃത്യങ്ങള്‍ക്ക് സമാനമായി മറ്റാരുമില്ല . മറ്റുള്ളവരുടെ കേസുകള്‍ മയക്കുമരുന്നുമായി ബന്ധപ്പെട്ടതും.
കടലിരമ്പത്തില്‍ മാഞ്ഞുപോയ പെണ്‍കുട്ടിയുടെ നിലവിളികള്‍
തൗഫീക്കും മറ്റു ചില തടവുകാരും പറഞ്ഞ മീരയുടെ കേസ് ദ്വീപുകളില്‍ അങ്ങേയറ്റം നടുക്കമുണ്ടാക്കിയ സംഭവമാണ്. മാലദ്വീപിലെ പത്രത്തിലും മലയാള പത്രങ്ങളിലും മലയാളി അദ്ധ്യാപിക നേരിട്ട ദുരന്തം വലിയ വാര്‍ത്തയായി തന്നെ വന്നു. അതേവരെ മറുനാട്ടില്‍ നിന്നും ജോലി ചെയ്യാന്‍ വരുന്ന സ്ത്രീകള്‍ ദ്വീപുകളില്‍ വളരെ സുരക്ഷിതരാണെന്ന് ചിന്തിച്ച പ്രവാസികള്‍ക്കിടയില്‍ ഇക്കാര്യം വേദനയുമായി.
മാലദ്വീപിലെ അലിഫ് ധാല്‍ അറ്റോളിലെ ഡെങ്കത്തി ദ്വീപിലാണ് മീര ജോലി ചെയ്തിരുന്നത്. കാഴ്ചയില്‍ അധികം ഉയരമില്ല. മുഖത്ത് എന്തോ നിഗൂഢതകള്‍ ഒളിപ്പിച്ചുവെക്കുന്ന ഭാവം. നല്ല കൗശലക്കാരന്‍. അവനെക്കുറിച്ച് ആദ്യം തന്നെ ഒരാള്‍ പറയാനിടയുള്ള വാക്കുകള്‍ അതാകണം. ആ ദ്വീപിലെ ഒരു സ്വകാര്യ കമ്പ്യൂട്ടര്‍ സ്ഥാപനത്തില്‍ അദ്ധ്യാപികയായി ജോലി ചെയ്യാന്‍ എത്തിയതാണ് ഇരുപത്തിമൂന്നുകാരിയായ ഇന്ത്യന്‍ യുവതി. ദ്വീപില്‍ അവള്‍ വന്നിട്ട് ഏതാണ്ട് ഒരു മാസമേ ആകുന്നുള്ളൂ. അതുകൊണ്ടുതന്നെ ഇവിടുത്തെ കാര്യങ്ങള്‍ അധികമൊന്നും അവള്‍ക്കറിയില്ല .
രാത്രി പത്തുമണിയാകുമ്പോഴേക്കും ഇരുട്ടിലേക്ക് പതിയുന്നതാണ് പൊതുവെ ദ്വീപുകള്‍. തന്റെ കൃത്യത്തിന് മീര തിരഞ്ഞെടുത്തതും ചീവീടുകളുടെ ശബ്ദത്തിനും കടലലകളുടെ നേര്‍ത്ത ചലനത്തിനുമപ്പുറം നിശബ്ദമായ ഇരുട്ടിന്റെ കൊത്തളങ്ങളാണ്. തീരെ സുരക്ഷിതത്വമില്ലാത്ത ദ്വീപിലെ വാടകമുറികളുടെ അഴികളില്ലാത്ത ജനലുകള്‍ ഒരു കത്തിയുപയോഗിച്ച് ആര്‍ക്കും തുറക്കാന്‍ കഴിയുന്നതും! ആ വഴികളിലൂടെയാവണം അവന്‍ ആ യുവതിയുടെ മുറിയില്‍ പ്രവേശിച്ചിട്ടുണ്ടാവുക. അപ്പോഴത്തെ അവന്റെ ലക്ഷ്യം മോഷണം മാത്രമായിരുന്നെന്ന് മീര പറഞ്ഞത് തൗഫീഖ് ആവര്‍ത്തിച്ചു .
'എന്നാല്‍ അകത്ത് സുന്ദരിയായ യുവതിയെകണ്ടപ്പോള്‍ അവന്റെ ലക്ഷ്യം മാറി. കത്തി അവളുടെ കഴുത്തിന് പിടിച്ച് അവളോട് വിവസ്ത്രയാകാന്‍ അവന്‍ ആജ്ഞാപിച്ചു. പേടിച്ച് വിറച്ചുപോയവള്‍ക്ക് മറ്റുവഴികളുണ്ടായില്ല .'
പെണ്‍കുട്ടിയുടെ നിസ്സഹായതയോ ആര്‍ത്തവ സമയമോ തെല്ലും പരിഗണിക്കാതെ മീര അവളെ അതിക്രൂരമായി ബലാല്‍സംഗം ചെയ്തു . ലാപ്‌ടോപ്പ് , മൊബൈല്‍ ഫോണ്‍ തുടങ്ങി വിലപിടിപ്പുള്ളതെല്ലാം കവര്‍ന്ന് അവന്‍ അവിടം വിട്ടുപോകുമ്പോള്‍ കടുത്ത രക്തസ്രാവത്തെത്തുടര്‍ന്ന് യുവതി അബോധാവസ്ഥയിലായിരുന്നു.
പക്ഷെ മീരയ്ക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. പോലീസ് അവനെ കണ്ടെത്തുകയും ജയിലിലടയ്ക്കുകയും ചെയ്തു. അവശനിലയിലായ യുവതിയെ മാലെയിലെ ഇന്ദിരാഗാന്ധി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. മൂന്ന് നാള്‍ കടുത്ത രക്തസ്രാവമായിരുന്നു. അവിടെനിന്നും മലയാളിയായ യുവതിയെ ഇന്ത്യയിലേക്ക് കൊണ്ടുപോയി. മീര അവളോട് ചെയ്ത ക്രൂരതകള്‍ വിശദീകരിച്ചശേഷം തൗഫീഖ് തുടര്‍ന്നു .
'ടീച്ചര്‍, അവള്‍ പിന്നീട് മരണപ്പെട്ടെന്നാണ് ഇവിടെ കേട്ട വാര്‍ത്ത, സത്യമറിയില്ല.'
ഇപ്പോള്‍ രണ്ടുവര്‍ഷത്തിലധികമായി ഒരു ബലാല്‍സംഗത്തിന്റെ കഥ തടവുകാരോട് പറഞ്ഞാസ്വദിച്ച് അവനിവിടെ കഴിയുന്നു. തെറ്റ് ചെയ്തതിലുള്ള പ്രായശ്ചിത്തമൊന്നും അവനില്‍ കണ്ടില്ല. കളവ് ചെയ്യുമ്പോള്‍ വീണുകിട്ടിയ നല്ല വിരുന്നായി അവന്‍ സ്വന്തം ക്രൂരതയെ കാണുന്നുണ്ടാകുമോ? അതിനാണ് സാധ്യത. തെറ്റ് തെറ്റാണെന്ന് സ്വയം ബോധ്യപ്പെടുന്നൊരവസ്ഥ അവനില്‍ വികസിതമാവുമെന്ന് കരുതുന്നതും മണ്ടത്തരം !
ഈയിടെ കേട്ട കാര്യം മീരയ്ക്ക് ഒന്‍പത് വര്‍ഷം ശിക്ഷ കിട്ടിയെന്നാണ്. ആ നിലയ്ക്ക് കൊലപാതകത്തിനുള്ള ശിക്ഷ അവന് ലഭിച്ചുകാണില്ല. തൗഫീഖ് പറഞ്ഞത് തെറ്റെന്ന് കരുതാനും വയ്യ. സൗമ്യ എന്ന പെണ്‍കുട്ടിയെ അതിക്രൂരമായി നശിപ്പിച്ച ഗോവിന്ദ ചാമിക്ക് കിട്ടിയ ശിക്ഷ മീരയേക്കാള്‍ കുറഞ്ഞകാലമാണ്. ഏഴ് വര്‍ഷം. കോടതിയില്‍ തെളിവുകളാണ് പ്രധാനം. ക്രൂരമായ ബലാത്സംഗത്തിനിടയില്‍ മരണപ്പെട്ട പെണ്‍കുട്ടികള്‍ക്ക് തെളിവെത്തിക്കാന്‍ കഴിയില്ലല്ലോ. കൊന്നവര്‍ അതിന്റെ നടുക്കങ്ങളില്‍ ചെന്നെത്തുകയുമില്ല. ഒടുക്കം അനാഥമാക്കപ്പെടുന്ന നിലവിളികള്‍ മാത്രമവശേഷിക്കുന്നു. കാലം പിന്നിടുമ്പോള്‍ അതും മായുന്നു. അത്രമാത്രം .
മീര ഇപ്പോള്‍ അഞ്ച് വര്‍ഷമായിക്കാണും ജയിലില്‍. നാല് വര്‍ഷം കൂടിക്കഴിയുമ്പോള്‍ അവന്‍ സ്വന്തം നാട്ടില്‍ തിരിച്ചെത്താം. മാലദ്വീപില്‍ അവന് ഇനി തിരിച്ചെത്താനുള്ള സാധ്യത കുറവാണ്. ജീവിതാവസാനം വരെയുള്ള രാജ്യഭ്രഷ്ടാണ് അവിടെനിന്ന് ലഭിക്കുക. എന്നിട്ടും ചിലര്‍ പേരടക്കമുള്ള വിവരങ്ങള്‍ മാറ്റി പുതിയ പാസ്സ്‌പോര്‍ട്ടെടുത്ത് ദ്വീപിലേക്ക് വരുന്നുണ്ടെന്നും കേട്ടു. കള്ള പാസ്സ്പോര്‍ട്ട് ഇത്തരക്കാര്‍ക്ക് തയ്യാറാക്കിക്കൊടുക്കാന്‍ കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ ബംഗ്ലാദേശിലുണ്ടെന്ന് പറഞ്ഞത് അവിടെ നിന്നുള്ള തടവുകാരന്‍ തന്നെയാണ്. മീര ഇനി ഇന്ത്യയടക്കമുള്ള ഏത് വിദേശരാജ്യത്തേക്കും പറന്നേക്കാം. അവിടെയും അവന്റെ രീതികള്‍ ഇതൊക്കെയല്ലാതെ മറ്റെന്താകും?
'ബോണ്‍ ക്രിമിനലില്‍ നിന്ന് മറ്റെന്ത് പ്രതീക്ഷിക്കാനാണ്. വാട്‌സ് ആപ്പ് വഴി പ്രചരിച്ച ഒരു വാര്‍ത്തയോര്‍ക്കുന്നു. 'നിര്‍ഭയ' കേസിലെ പ്രതിയായ പയ്യന്‍ കേരളത്തില്‍ വന്നെന്നും പിന്നീട് തെക്കന്‍ സംസ്ഥാനങ്ങളില്‍ എവിടെയോ ജോലി ചെയ്ത് ജീവിക്കുന്നുണ്ടെന്നുമാണത്. സത്യമറിയില്ല. നമുക്കിടയിലെ അപരിചിതരില്‍ എത്ര പേര്‍ അത്തരത്തിലുണ്ടാകാം? ഒരു ധാരണയുമില്ല. പ്രകൃത്യാലുണ്ടാകാനിടയുള്ള മാനസാന്തരം ഇതുപോലുള്ളവരില്‍ ഉണ്ടാകട്ടെയെന്ന് നമുക്കാശിക്കാം. മറ്റൊരു വഴി നമുക്ക് ചിന്തിച്ചെടുക്കാനുമില്ല!
കൂട്ടുകാരന്റെ ചതി
ഖമറുല്‍ ഇസ്ലാം മീരയെപ്പോലെ അധികം ഉയരമില്ലാത്ത, ഉറച്ച ശരീരമുള്ള ചെറുപ്പക്കാരനാണ്. അവന് ആള്‍ക്കാരെ കൈയിലെടുക്കാനുള്ള വിദ്യയൊക്കെയറിയാം. തന്റെ പ്രണയിനിയുടെ പെട്ടെന്നുള്ള പിന്മാറ്റമാണ് അവനെ ഒരു കൊലയാളിയാക്കിമാറ്റിയത്.
ബംഗ്ലാദേശിലുള്ള തന്റെ കാമുകിക്ക് നിരവധി സമ്മാനങ്ങള്‍ ദ്വീപില്‍ നിന്നയക്കാനും ദീര്‍ഘനേരം അവളോട് കുശലം പറയാനും ഖമറു വലിയ സമയം തന്നെ നീക്കിവെച്ചിരുന്നു. എന്നിട്ടും അവള്‍ അവനില്‍ നിന്നകന്ന് പോയി. ജയിലില്‍ ഖമറുവോടൊപ്പമുള്ള അബ്ദുള്ളയുടെ അനുജന്‍ അവളെ വിവാഹം ചെയ്തതോടെ ഖമറുവില്‍ അതിശക്തമായ പ്രതികാരം ഉടലെടുത്തു.
ഖമറു തന്റെ പ്രതികാരത്തിനിരയാക്കിയത് കാമുകിയുടെ സഹോദരനെത്തന്നെയാണ്. അവന്‍ അവളുടെ സഹോദരനെ അതിസമര്‍ത്ഥമായി മുറിയില്‍ വിളിച്ചുവരുത്തി നന്നായി 'സല്‍ക്കരിച്ചു'. അവന്‍ ഗാഢ നിദ്രയിലെന്ന് കണ്ടപ്പോള്‍ ഖമറു അവനെ കഴുത്തറുത്തു കൊന്നു. ഒരു മാസത്തോളം ഖമറു പൊലീസിന് പിടികൊടുക്കാതെ നീങ്ങി. അവന്‍ പോലീസ് പിടിയിലായപ്പോള്‍ മറ്റൊരാള്‍ കൂടി കേസിലകപ്പെട്ടു. അത് മറ്റാരുമല്ല; അവന്റെ സുഹൃത്തായ അബ്ദുള്ള. തന്റെ കാമുകിയുടെ ഭര്‍ത്താവിന്റെ ജ്യേഷ്ഠന്‍. അതും പോലീസിന്റെ ഒരു തന്ത്രമായിരുന്നു .
'ആരുടെ നിര്‍ദ്ദേശപ്രകാരമാണ് നീ സ്വന്തം സുഹൃത്തിനെ കൊന്നതെന്ന് പറഞ്ഞാല്‍ നിന്നെ വെറുതെ വിടാം'.
പോലീസിന്റെ ഈ കെണിയില്‍ ഖമറു വളരെ സമര്‍ത്ഥമായി അകപ്പെട്ടു. സ്വയരക്ഷയ്ക്ക് അടുത്ത സുഹൃത്തായ അബ്ദുള്ളയുടെ ജീവിതവും അവന്‍ തല്ലിക്കെടുത്തി. ഒരേ സെല്ലില്‍ തന്നെ ചതിയ്ക്കപ്പെട്ടയാളും ചതിച്ചവനും. എന്നിട്ടും അബ്ദുള്ള ഖമറുവിനോട് ബംഗാളി തടവുകാരില്‍ പൊതുവെ കാണുന്ന വഴക്കിനൊന്നും ശ്രമിച്ചതേയില്ല .
'എന്റെ ജീവിതം ഇപ്രകാരം തകര്‍ത്തത് അവനാണ്. ഒരു തെറ്റും ഞാന്‍ ചെയ്തില്ല .' അബ്ദുള്ള പല്ലിറുമ്മിക്കൊണ്ട് അത്രയും എന്നോട് പറയുമ്പോഴും തന്റെ കോപത്തെയടയ്ക്കാന്‍ അയാള്‍ സ്വയം ശ്രമിച്ചുകൊണ്ടിരുന്നു .
ഒരിക്കല്‍ ഞാന്‍ ഖമറുവോട് അവന്റെ കേസിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ ചോദിച്ചു .
'ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ അതൊക്കെ തെറ്റാണെന്ന് തോന്നുന്നുണ്ടോ?'
' ഉണ്ട് ടീച്ചര്‍'. ഖമറു എന്റെ മുഖത്തേക്ക് നോക്കാതെ പറഞ്ഞു .
ഒന്നര വര്‍ഷത്തെ തടവുജീവിതം കഴിഞ്ഞ് അബ്ദുള്ള നാട്ടിലേക്ക് തിരിച്ച് പോകുമ്പോള്‍ ഖമറുവിന്റെ മുഖത്തിന് പതിവിലും കൂടുതല്‍ തെളിച്ചമുണ്ടായിരുന്നു. ഒരു കാര്യവുമില്ലാതെ ഒരാള്‍ താന്‍ കാരണം ശിക്ഷ ഏറ്റുവാങ്ങിയതിലുള്ള ഖമറുവിന്റെ കുറ്റബോധമാകണം ആ തെളിച്ചം .
ശിക്ഷ ലഭിച്ച ഖമറു ഇപ്പോള്‍ മാഫുഷി ജയിലാണെന്ന് കേട്ടു. എത്ര വര്‍ഷത്തെ തടവാണ് അവന് കിട്ടിയതെന്നറിയില്ല. മീരയെപ്പോലെ ഖമറു ഒരു ബോണ്‍ ക്രിമിനല്‍ ആകാനിടയില്ല. പ്രണയ ശൈഥില്യങ്ങള്‍ തീര്‍ത്ത പക. പെട്ടെന്നുണ്ടായ വികാരപ്രകടനം. അതുകൊണ്ടുതന്നെ പിന്നിട്ട സംഭവങ്ങള്‍ അവനെ ഇഞ്ചിഞ്ചായി വേദനിപ്പിക്കുന്നുണ്ടാവാം.
ഇനി എന്നെങ്കിലും ഖമറു നാട്ടില്‍ തിരിച്ചെത്തിയാല്‍ അബ്ദുള്ള സൂചിപ്പിച്ച അവന്റെ വീട്ടുകാരുടെ നടപടിയും അവന്‍ നേരിടേണ്ടി വരുമോ?
'എന്നെങ്കിലും ഞാന്‍ പുറത്തുവരും. അപ്പോള്‍ എന്റെ കുടുംബം അവന്റെ കുടുംബത്തെ നശിപ്പിക്കും.' അബ്ദുള്ള എന്നോട് പറഞ്ഞതോര്‍ക്കുന്നു. വീണ്ടും തുടരാനിടയുള്ള പക, കൊലപാതകങ്ങള്‍. ബംഗ്‌ളാദേശില്‍ നിന്നുള്ള തടവുകാരുടെ കഥ കേള്‍ക്കുമ്പോള്‍ തോന്നും, ഇവരുടെ പകയും വാശിയും വഴക്കും ഒരിക്കലും അവസാനിക്കില്ലെന്ന്!
അബ്ദുള്ളയോട് ഞാന്‍ അന്ന് ചോദിച്ചത് ഇപ്പോള്‍ സ്വയം ചോദിച്ചു പോകുന്നു. 'അബ്ദുള്ള അവന്റെ കുടുംബത്തെ വകവരുത്തിയത് കൊണ്ട് നിനക്ക് നഷ്ടപ്പെട്ടതെല്ലാം തിരിച്ചുകിട്ടുമോ? അവന്‍ ചെയ്ത തെറ്റിന് അവന്റെ കുടുംബം എന്ത് പിഴച്ചു?'
ആ ചോദ്യത്തിന് ഉത്തരം പറയാന്‍ ഇപ്പോള്‍ അബ്ദുള്ള എവിടെയെന്ന് എനിക്കറിയില്ല. പക്ഷെ എവിടെയാണെങ്കിലും അബ്ദുള്ള അങ്ങനെ ചെയ്യാന്‍ വീട്ടുകാരെ അനുവദിക്കില്ലെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കട്ടെ. കാരണം മതത്തിനും രാജ്യത്തിനുമപ്പുറം കടലോളം സ്‌നേഹം അവനില്‍ ഞാനും കണ്ടതാണല്ലോ ...
Content highlights: Crime news, Maldives, Jayachandran Mokeri, Dhoonithu prison, Life in prison