ഏപ്രില്‍ ഏറ്റവും ക്രൂരമാസമെന്ന് വേസ്റ്റ് ലാന്‍ഡിന്റെ തുടക്കത്തില്‍ ടി .എസ് എലിയട്ട് സൂചിപ്പിച്ചതിന്റെ അര്‍ത്ഥതലം പലതവണ ഓര്‍ത്തുനോക്കിയിട്ടുണ്ട്. ബിരുദപഠന കാലത്ത് പരീക്ഷാക്കാലം പെയ്യുന്ന അത്യുഷ്ണം ഏപ്രിലിന്റെ ക്രൂരതയില്‍ അന്ന് കുട്ടികള്‍ തമാശയായി ചേര്‍ത്തണച്ചതും ഓര്‍ക്കുന്നു. പുനര്‍ജനിയും ഓര്‍മ്മകളും ആശ-നിരാശകളും ഒരുക്കുന്ന ഒരുതരം കൊളാഷ് കവി നല്കുന്നുവെങ്കില്‍ അതെല്ലാം മറ്റൊരു കാഴ്ചയില്‍ എന്നിലും പിറവിയെടുത്തെന്നുവേണം കരുതാന്‍ !
മൂന്നു വര്‍ഷം മുന്‍പുള്ള ഏപ്രില്‍ സൃഷ്ടിച്ച നടുക്കം ഇപ്പോഴും ബാക്കിനില്‍ക്കുന്നുണ്ട്. മനസ്സ് വേണ്ടെന്ന് വിലക്കിയിട്ടും ആ ഓര്‍മ്മകള്‍ പുനര്‍ജനിക്കുന്നു. ഇതിനകം അതേ ഏപ്രില്‍ ജ്വാലകള്‍ ഇവിടെയും ചില അദ്ധ്യാപകരില്‍ വ്രണവും പഴുപ്പും കൈമാറുന്നുണ്ടല്ലോ. ആത്മാഭിമാനം നഷ്ടമായ പ്രധാനാധ്യാപികയുടെ ആത്മഹത്യയും പോലീസ് സ്റ്റേഷനിലേക്ക് കയറിയിറങ്ങേണ്ട അദ്ധ്യാപകരുടെ അവസ്ഥയും ഓര്‍മ്മകള്‍ എരിഞ്ഞടങ്ങാന്‍ പ്രാപ്തമാക്കുന്നുമില്ല!
2014 ഏപ്രില്‍ 4 . അന്ന് കത്തുന്ന വെയില്‍ തപ്ത നിശ്വാസങ്ങളായി. ഓരോ നിമിഷവും അത്രയേറെ ഉദ്വേഗഭരിതവുമായിരുന്നു. ആ ദിനത്തിലാണ് എന്റെ ദ്വീപ് ജീവിതം മറ്റൊന്നായി മാറുന്നത്. കറുത്ത മേഘപടലങ്ങള്‍ ഇരുള്‍ മൂടാന്‍ തുടങ്ങിയ ദിനരാത്രങ്ങളുടെ തുടക്കം സൗമ്യമായിരുന്നു. 'തക്കിജ്ജ - എന്റെ ജയില്‍ ജീവിതം' എന്ന പുസ്തകത്തില്‍ പ്രതിപാദിച്ച ആ ഭാഗം, പ്രധാനാധ്യാപകന്‍ സത്താറുമായുള്ള സംഭാഷണം ഇവിടെ പകരട്ടെ.
അന്നത്തെ ക്ലാസ് കഴിഞ്ഞ് പോകുമ്പോള്‍ സത്താര്‍ എന്നോട് പറഞ്ഞു. 'സാര്‍, നിങ്ങളോട് ഒരു കാര്യം പറയാനുണ്ട്. പ്രിസിപ്പലിന്റെ റൂമില്‍ വരിക.'
പ്രിന്‍സിപ്പലിന്റെ മുറിയില്‍ സത്താറിന് പുറമെ സീനിയര്‍ മാനേജ്‌മെന്റ് അംഗങ്ങളായ ഫത്തുള്ള, ഷെറീഫ് എന്നിവരുണ്ട് . 'സാര്‍, ഒരു പരാതി കിട്ടിയിട്ടുണ്ട്. ഗ്രേഡ് അഞ്ചിലെ ഷാവിന്‍ മുഹമ്മദിന്റെ രക്ഷിതാക്കള്‍ തന്നതാണ്. നിങ്ങള്‍ ആ കുട്ടിയുടെ ട്രൗസറില്‍ സ്പര്‍ശിച്ചുവെന്നതാണ് കുറ്റം. അവര്‍ പരാതി ജന്‍ഡര്‍ മിനിസ്ട്രിയ്ക്ക് അയച്ചിട്ടുണ്ട്. ഞങ്ങള്‍, സ്‌കൂള്‍ ഇക്കാര്യത്തില്‍ ഒരു കാരണവശാലും ഇടപെടുകയില്ല.'
സത്താര്‍ പറഞ്ഞുകഴിഞ്ഞപ്പോള്‍ അവരെല്ലാവരും എന്റെ മുഖത്തേക്ക് നോക്കി. എനിക്ക് അത്ഭുതവും നിരാശയും തോന്നി. എങ്ങനെയൊക്കയാണ് ഇവിടെ കഥകള്‍ പോകുന്നത്? നുരഞ്ഞുപൊന്തിയ ക്ഷോഭമടക്കി ശാന്തനായി ഞാന്‍ പറഞ്ഞു .
'സാര്‍ നാലുവര്‍ഷത്തിലേറെയായി ഞാന്‍ ഇവിടെ ജോലിചെയ്യുന്നു. ഇത്രയും കാലത്തിന്നിടയില്‍ എന്തുവീഴ്ചയാണ് എന്റെ ഭാഗത്ത് നിന്ന് ഉണ്ടായത് ? നിങ്ങള്‍ക്ക് പൂര്‍ണ്ണമായി എന്നെ അറിയുന്നതല്ലേ ? ഈ പരാതിയില്‍ എന്തെങ്കിലും കഴമ്പുണ്ടെന്ന് തോന്നുന്നുണ്ടോ?'
'ഞങ്ങള്‍ ഇക്കാര്യം നിങ്ങളെ അറിയിച്ചുവെന്ന് മാത്രം. സ്‌കൂളിന്റെ ഭാഗത്തുനിന്ന് യാതൊരു നടപടിയും നിങ്ങള്‍ക്കെതിരെ ഉണ്ടാവില്ല.'
'അതുറപ്പാണല്ലോ? സ്‌കൂള്‍ ഇക്കാര്യത്തില്‍ ഒരു നടപടിയും എടുക്കില്ല എന്നത് ......'
'ഇല്ല. ഞങ്ങളുടെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടാകില്ല.' സത്താര്‍ തീര്‍ത്തുപറഞ്ഞു . അത് സത്താറെന്ന മനുഷ്യന്റെ മറ്റൊരു മുഖമാണെന്ന് തിരിച്ചറിയാന്‍ അന്ന് കഴിഞ്ഞതുമില്ല. ഒരു പ്രധാനാധ്യാപകന്‍ തീര്‍പ്പ് പറഞ്ഞൊരുകാര്യം അവിശ്വസിക്കേണ്ട കാര്യവുമില്ലല്ലോ! പക്ഷെ , അതൊരു കെണിയായിരുന്നു. സത്താറും ഇതര അദ്ധ്യാപകരും ചേര്‍ന്ന് നടത്തിയ വലിയ നാടകം .
ദ്വീപിലെ ക്ലാസ് മുറികള്‍ അറിയുന്നവര്‍ക്ക് ഇത്തരം വിഷയങ്ങളിലെ സത്യസന്ധമായ അവസ്ഥയറിയാം. നമ്മുടെ നാട്ടിലെ അച്ചടക്കത്തിലധിഷ്ഠിതമായ ക്ലാസ് മുറികള്‍ നല്‍കുന്ന അന്തരീക്ഷമല്ലയത്. ഇവിടെ വിദേശ അധ്യാപരുടെ ക്‌ളാസ്സുകളില്‍ കുട്ടികള്‍ പുലര്‍ത്തുന്ന ഇടപെടലുകള്‍ അങ്ങേയറ്റം ദുസ്സഹമാണ്. ക്‌ളാസ്സെടുക്കുകയും കുട്ടികളെ നിയന്ത്രിക്കുകയും ഒരേസമയം ചെയ്യുന്നത് ഒരു പര്‍വ്വതാരോഹകന്റെ സാഹസികത ആവശ്യപ്പെടുന്നുണ്ട്. ക്ലാസ്സില്‍ ഓടിത്തിമിര്‍ക്കുന്ന കുട്ടികളേയും ബഹളമുണ്ടാക്കുന്നവരേയും എപ്രകാരമാണ് കൈകാര്യം ചെയ്യുക? അവരുടെ ശരീരത്തില്‍ സ്പര്‍ശിക്കുകയോ ശിക്ഷിക്കുകയോ അരുത്. സഹികെടുമ്പോള്‍ ഇടയ്ക്ക് ആ നിയമം നമ്മള്‍ മറക്കും. പല തവണ അരുതെന്ന് വിലക്കിയിട്ടും ക്ലാസ്സിലൂടെ തലങ്ങും വിലങ്ങും ഓടിക്കളിക്കുന്ന ഷാവിനെ അവന്റെ ഇരിപ്പിടത്തില്‍ അല്പം ബലപ്രയോഗത്തോടെ ഇരുത്തിയതാണ് പരാതിയായത്! അവന്റെ കുറുമ്പിന് സാക്ഷയിടാന്‍ ഒരു വിദേശി തയ്യാറായതും അവനിഷ്ടപ്പെട്ടുകാണില്ല. അനിഷ്ടം തോന്നിയ അധ്യാപകനെ നാടുകടത്താനുള്ള വിദ്യയും ആ അഞ്ചാം ക്ലാസ്സുകാരുടെ ബുദ്ധിയിലുണ്ട് . അക്കാര്യം അവന്‍ വീട്ടിലറിയിച്ചതും രക്ഷിതാക്കള്‍ സ്‌കൂളില്‍ അതന്വേഷിച്ചതും വരെയുള്ള കാര്യങ്ങള്‍ ഇടയ്ക്കിടെ ഇവിടെ അരങ്ങേറാറുള്ളതുമാണ് . എന്നാല്‍ നമ്മുടെ പ്രധാന അദ്ധ്യാപകന്റെ വൈദഗ്ധ്യം കൊണ്ട് അത് മറ്റൊന്നായി !
ആരോപണ വിധേയനായ അദ്ധ്യാപകനും പരാതിക്കാരനായ കുട്ടിയും പ്രിന്‍സിപ്പലും രക്ഷിതാക്കളും ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് കാര്യം വിശദമായി പഠിക്കുകയും കുട്ടിയേയും രക്ഷിതാക്കളേയും അക്കാര്യം ബോധ്യപ്പെടുത്തുകയുമാണ് നിയതമായ വഴി. ആ വഴികളാണ് മലിനപ്പെട്ടത്. നമ്മുടെ നാട്ടിലും വഴികള്‍ മലിനപ്പെടുത്തുന്ന സത്താര്‍മാരുടെ ചെന്നായ കണ്ണുകള്‍ ചുര മാന്തുന്നുണ്ട് .
തങ്ങളുടെ കുട്ടികള്‍ ഒരിക്കലും തെറ്റുചെയ്യില്ലെന്ന് കരുതുന്ന രക്ഷിതാക്കളും ബാലാവകാശത്തെക്കുറിച്ചും വിദ്യാര്‍ത്ഥികളുടെ അവകാശത്തെക്കുറിച്ചും വികല ചിന്തകള്‍ പുലര്‍ത്തുന്ന കുട്ടികളും ഇന്ന് നമ്മുടെ നാട്ടില്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നത് അദ്ധ്യാപകര്‍ക്ക് നേരെയാണ്. എല്ലാ അദ്ധ്യാപകരും നന്മയുടെ നിറകുടങ്ങളെന്ന് വാഴ്ത്തുകയൊന്നുമല്ല ലക്ഷ്യം. പതിരുകള്‍ അക്കൂട്ടത്തിലുണ്ട്. പക്ഷെ മഹാഭൂരിപക്ഷവും അങ്ങനെയല്ല.
പുഴുക്കള്‍ തിന്നുതുടങ്ങുന്ന തോട്ടങ്ങളാവുന്നുണ്ട്, ഇന്ന് സ്‌കൂള്‍ കാമ്പസുകള്‍. പ്രധാനാധ്യാപികയായ ശ്രീദേവി ടീച്ചറുടെ ആത്മഹത്യ, അറിഞ്ഞിടത്തോളം ഇന്ന് വിദ്യാലയങ്ങളില്‍ പടരുന്ന പുഴുനടപ്പിന്റെ ഇരയാകണം അവര്‍ . ഇത്തരം വൈകല്യങ്ങളിലേക്കുള്ള ജാലകമായി അവരുടെ മരണം ഇതേവരെ ചര്‍ച്ചചെയ്യപ്പെട്ടില്ലെന്നതും ദുഃഖകരം.
ഒരു ദേശത്തിന്റെ അല്ലെങ്കില്‍ സമൂഹത്തിന്റെ വലിയ കണ്ണാടിയാണ് സ്‌കൂള്‍. അവിടെ പ്രതിഫലിക്കപ്പെടുന്നതെന്തും സമൂഹത്തിന്റെ ശരിയായ ചിത്രങ്ങളും. ഇപ്പോള്‍ ആ കണ്ണാടിയില്‍ പതിക്കുന്ന വികല ചിത്രങ്ങള്‍ കാണാതെപോകുമ്പോള്‍ ഇരുട്ടിലടക്കപ്പെടുന്നത് തലമുറകളാണ് .
അധ്യാപകനും കുട്ടികള്‍ക്കുമിടയിലെ അടുപ്പവും അകലവും വെളിപ്പെടുത്തുന്നൊരു സത്യമുണ്ട് . അത് സ്‌നേഹമാണ്. പിണക്കവും ദേഷ്യവും ശകാരവുമെല്ലാം അതിന്റെ ആന്തരിക ശിലകള്‍ മാത്രം. അധ്യാപകരോടുള്ള കുട്ടികളുടെ ആദരവ് സ്ഥാപനത്തിന്‍േറയോ അധ്യാപകരുടെയോ പട്ടാളചിട്ടയില്‍' നിന്നും പിറവിയെടുത്തതല്ല. അത് പരസ്പര പൂരകമായി മാറുന്ന സ്‌നേഹവാത്സല്യങ്ങളുടെ സ്ഥൂല ഘടനയില്‍ നിന്നും അറിയാതെ തുളുമ്പുന്ന അവിച്ഛിന്ന ധാരയാണ്. അങ്ങനെയല്ലെങ്കില്‍ അതിന്റെ ആയുസ്സ് ഒന്നോ രണ്ടോ തലമുറ പിന്നിടുമ്പോഴേക്കും അന്യം നിന്നുപോയേനെ. അഥവാ അത്തരത്തില്‍ പെരുമാറികൊണ്ടിരിക്കുന്ന ഒരന്തരീക്ഷം കുട്ടികളില്‍ കലാലയവുമായി ബന്ധപ്പെട്ട ഒരോര്‍മ്മപോലും അവശേഷിപ്പിക്കില്ല. പ്രായമേറെ പിന്നിട്ടിട്ടും ഗുരുനാഥനെ കാണുമ്പോള്‍ ഇരിപ്പിടത്തില്‍ നിന്നും എഴുന്നേറ്റു നിന്ന് ആദരിക്കുന്ന ചിലരെ കണ്ടതോര്‍ക്കുന്നു. നമ്മുടെ വീടിന്റെ പശ്ചാത്തലവും അതിനു പാകമാണ്. വീട്ടിലേക്കു വരുന്നവരെ ഇരുന്നുകൊണ്ട് സ്വീകരിക്കാന്‍ പലര്‍ക്കും വിമുഖത കാണും. വീട്ടിലേക്ക് വരുന്നത് പ്രായം കുറഞ്ഞ ആളാകുമ്പോഴും വരുന്നയാള്‍ അതിഥിയാണ്. ആതിഥേയന്‍ ആദരിക്കേണ്ടയാള്‍.
ഒരിക്കല്‍ പ്രശസ്ത ചിന്തകനും എഴുത്തുകാരനും അധ്യാപകനുമായ എം. എന്‍ . വിജയന്‍ മാഷുടെ വീട്ടില്‍ പോയതോര്‍ക്കുന്നു. അദ്ദേഹം അതേവരെ എന്റെ അധ്യാപകനോ പരിചയക്കാരനോ അല്ല. പക്ഷെ ഞാന്‍ ഗുരുസ്ഥാനത്ത് കാണുന്ന സവിശേഷ വ്യക്തിത്വമാണ്. ഞാനും കൂട്ടുകാരനും ഉമ്മറത്തേക്കുള്ള പടിയില്‍ കയറി നിന്നപ്പോഴേക്കും ബനിയനും വെളുത്ത മുണ്ടും ധരിച്ച് കസേരയില്‍ ഇരിക്കുന്ന വിജയന്‍ മാഷ് ചിരിച്ചുകൊണ്ട് എഴുന്നേറ്റ് അടുത്തേക്ക് വന്ന് എന്റെ കൈ ഇരുകൈകളും കൊണ്ട് കൂട്ടി പിടിച്ച് കസാലയിലിരുത്തിയ ശേഷം വിശേഷങ്ങള്‍ ചോദിക്കാന്‍ തുടങ്ങി. അതൊരു മഹാമനസ്‌കതയാണ്. വര്‍ഷങ്ങള്‍ എത്ര കടപുഴകി ഒഴുകിയകന്നിട്ടും മനസ്സില്‍ ഇടതടവില്ലാതെ വീശുന്ന ഇളം കാറ്റ് !
അദ്ധ്യാപകന് മാത്രം പ്രാപ്യമാവുന്ന ചില ജീവിത രംഗങ്ങള്‍ ഓര്‍മ്മകളില്‍ കനം തൂങ്ങിനില്‍പ്പുണ്ട്. അതിലൊരാള്‍ പഠനകാര്യത്തില്‍ അങ്ങേയറ്റം ഉഴപ്പുന്ന കുട്ടിയെ അടിച്ചതില്‍ മനംനൊന്ത് സ്റ്റാഫ് റൂമിലിരുന്ന് വിങ്ങിപ്പൊട്ടിയ സഹപ്രവര്‍ത്തകനാണ്. മറ്റൊരാള്‍ , ഒരക്ഷരം നിരന്തരമായി തെറ്റിച്ചുച്ഛരിച്ചതിന് ശാസനകേട്ടപ്പോള്‍ വിതുമ്പിക്കരഞ്ഞ ഒന്നാം ക്ലാസിലെ കുട്ടിയായ എന്നെ മടിയിരുത്തി വാക്കിന്റെ ഉച്ഛാരണം ശരിയായിവരും വരെ തലയില്‍ തലോടിയിട്ട് ലാളന പകര്‍ന്ന, ഞങ്ങള്‍ കുട്ടികള്‍ക്ക് അമ്മയായ ജാനകി ടീച്ചറാണ്. ജാനകി ടീച്ചര്‍ ഒരാളല്ല. എല്ലാ സ്‌കൂളുകളിലും ആ അമ്മമാരുണ്ട്. കുട്ടികള്‍ അവര്‍ക്ക് സ്വന്തം മക്കളും. യാത്രയയപ്പ് കഴിഞ്ഞു പോകുന്ന നാള്‍ അവര്‍ക്കേറെ ആദരവ് തോന്നിയ അദ്ധ്യാപകരുടെ കാലില്‍ തൊട്ട് അനുഗ്രഹം തേടുന്ന കുട്ടികള്‍ ഇന്നും ഒരു സ്‌നേഹക്കാഴ്ചയാണ് .
ജലപ്പരപ്പിനടുത്തുനിന്ന് അതിനെ തുറിച്ചു നോക്കുക മാത്രം ചെയ്യുന്നയാള്‍ക്ക് സമുദ്രത്തിന്റെ മറുകരയെത്താന്‍ കഴിയില്ലെന്നത് ഗുരു സാന്നിധ്യമായ ടാഗോര്‍ പകരുന്ന സന്ദേശമാണ്. സമുദ്രജീവിതസമസ്യയുടെ മറുകരയിലേക്ക് കുട്ടികളെ ആനയിക്കുന്നത് മറ്റാരേക്കാളും അദ്ധ്യാപകരാണെന്നത്് പിന്നിട്ട ജീവിതം വെളിപ്പെടുത്തിയ നമ്മുടെ അനുഭവവും .
ഇടയ്ക്ക് തോന്നാറുണ്ട്, ശരീരം കുറെ മൂലകങ്ങളുടെ നിര്‍മ്മിതിയും അത് പലതിന്റെയും പരീക്ഷണശാലയും മാത്രമെന്ന് കരുതുന്ന അതിഭൗതികതയില്‍ ജീവിതത്തിന് എന്ത് പ്രസക്തിയെന്ന് ! ജീവിതം നിരവധി ഗന്ധങ്ങളും രുചിഭേദങ്ങളും എണ്ണമറ്റ നിറങ്ങളുമടങ്ങുന്ന പല ഗുണങ്ങളുടെ അലയാഴിയല്ലേ. ആ ജീവിതം അറിയുകയും അത് കുട്ടികളുടെ മനസ്സിലേക്ക് സംക്രമിപ്പിക്കുകയും ചെയ്യുന്നവര്‍ ക്ലാസ്സില്‍ വെറും നോക്കുകുത്തിയാകുമ്പോള്‍ നേരിടേണ്ടുന്ന തകര്‍ച്ച അത്ര ചെറുതാകണമെന്നില്ല. മാത്രമല്ല , സ്‌കൂള്‍ കാമ്പസ്സിലെ പുതിയ കാഴ്ചകളില്‍ പല അദ്ധ്യാപകരും നിസ്സഹായരും വിമുഖരുമാണ്.
പരാതിക്കാരനായ കുട്ടിയുടെ രക്ഷിതാക്കളെ മറികടന്ന് ജന്‍ഡര്‍ മിനിസ്ട്രിയിലേക്ക് എനിക്കെതിരെ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടത് സത്താര്‍ തന്നെയാണെന്ന് പിന്നീടറിഞ്ഞു. ഈ വിഷയം നിലന്ദു സ്‌കൂളിലെ അന്നത്തെ പ്രിന്‍സിപ്പലായ അബ്ദുള്ളയോട് സത്താര്‍ ചര്‍ച്ച നടത്തിയതും കേട്ടു .
'ഇക്കാര്യം നിങ്ങള്‍ ജന്‍ഡര്‍ മിനിസ്ട്രിയിലേക്ക് അയക്കരുത്. ഇത് നിങ്ങള്‍ക്ക് പരിഹരിക്കാവുന്ന കാര്യമാണ്. ജന്‍ഡര്‍ മിനിസ്ട്രിയ്ക്ക് അയച്ചാല്‍ തകരുന്നത് ആ അദ്ധ്യാപകന്റെ ഭാവി ജീവിതമാണ്. അത് ശരിയല്ല.' അബ്ദുള്ളയുടെ വാക്കുകള്‍ സത്താര്‍ ചെവിക്കൊണ്ടില്ല . അയാള്‍ കേസുമായി മുന്നോട്ടുപോയി. ഒടുക്കം അയാള്‍ക്കുപോലും പരിഹരിക്കാന്‍ കഴിയാത്ത അഴിയാച്ചുഴികളിലേക്ക് അത് നീങ്ങിക്കൊണ്ടിരുന്നു .
ആ രാത്രി ഇന്നും ഓര്‍ക്കുന്നുണ്ട്. നിലാവണഞ്ഞ ഇരുണ്ട രാത്രി. ഇരുട്ടുറഞ്ഞ ജലപ്പരപ്പിലൂടെ പോലീസ് ബോട്ട് മുന്നോട്ടുകുതിക്കുമ്പോള്‍ അമ്പരപ്പ് മാത്രം. എന്തോ സംഭവിക്കാന്‍ പോകുന്നുണ്ടെന്ന് അതിനിഗൂഢമായി ഞാനറിയുന്നുണ്ട്. ചോര്‍ന്നുപോകുന്ന സ്ഥൈര്യം ചേര്‍ത്തടുക്കാന്‍ ശ്രമിക്കുന്നുണ്ട് .എന്നിട്ടും ഇരുട്ട് കണ്ണിലേക്ക് ഇരച്ചുകയറുന്നപോലെ .
ജയിലില്‍ നിന്നും ജയിലേക്കുള്ള സഹനയാത്രയുടെ തുടക്കമാണതെന്നറിഞ്ഞില്ല . അറിഞ്ഞിട്ടും കാര്യമില്ല . ജീവിത സംബന്ധിയായ അറിവുകള്‍ പലതും മുറിവുകളും വേദനകളുമാണെന്നത് ഓരോ യാത്രയിലുമറിഞ്ഞു. ഒരു കറുത്ത ഹാസ്യത്തിന്റെ കഷായരുചി അനുനിമിഷം രുചിച്ചറിയുന്നത് മാത്രമായി എന്റെ ചിന്താമണ്ഡലം!
Content highlights: Life in prison, Maldives, Jayachandran Mokeri's memories