ഴ പെയ്യുമ്പോള്‍ ഈ ദ്വീപ് ജീവിതം എങ്ങനെയാണ്?ആകെ പ്രശ്‌നഭരിതമാകുമോ ? കടല്‍ കരയിലേക്ക് ആര്‍ത്തിയോടെ നാവു നീട്ടുമോ? ഭൂമിയാകെ ഉലഞ്ഞൊഴിയുമോ ? 
  
ചോദ്യം രണ്ടു സ്ത്രീ സുഹൃത്തുക്കളുടേതായിരുന്നു. ഇവിടെ വന്നിരുന്നില്ലെങ്കില്‍ ഒരുപക്ഷെ ഈ ചോദ്യം എന്റേതുമാകാം! വിസ്തൃതമായ കരയില്‍ മാത്രം ജീവിക്കുന്നവരുടെ സങ്കല്പങ്ങള്‍ക്ക് എത്രയോ അകലെയാകണം ദ്വീപിന്റെ നെഞ്ചിടിപ്പുകള്‍ , കടലിളക്കങ്ങള്‍. 

ദ്വീപില്‍ കണ്ട ആദ്യമഴ ഭീതിയും പരിഭ്രാന്തിയും സൃഷ്ടിച്ചെന്ന് തോന്നി. അത്രയും നടുക്കങ്ങളായിരുന്നു. കടലും കരയും ആലിംഗനത്തില്‍ മുഴുകുന്ന നിമിഷങ്ങള്‍ പിന്നീട് ഹരമായി . 

മഴ പെയ്യുമ്പോള്‍ ദ്വീപിനു ചുറ്റുമുള്ള ഇളം പച്ച നിറമുള്ള കോറല്‍ ജലവും ആഴക്കടലിലെ കടുംനീല ജലവും ഇളകിയാടും . ഇടയ്ക്ക് അതിശക്തമായ കാറ്റുവീശും . കാറ്റിന്റെ കരുത്തില്‍ മരച്ചില്ലകള്‍ ചിന്നിച്ചിതറും. കരിയിലകള്‍ പാതകളെ മായ്ക്കും. മഴത്തുള്ളികള്‍ വീടുകളുടെ ടിന്‍ ഷീറ്റുകളില്‍ പ്രഹരിക്കുമ്പോള്‍ ക്രമരഹിതമായ ശബ്ദ വീചികള്‍ ചുറ്റും പടരും. 'ചെണ്ടമേളത്തിന്റെ' ഉച്ച -നീച സ്ഥായികള്‍ നമ്മളെ വരിയും. നിറയെ കേരമുള്ള തെങ്ങുകള്‍ അതിഭീകരമായി ഇളകിയാടും. കാക്കകള്‍ മാത്രം എല്ലാ ബഹളവും വെടിഞ്ഞ് മരച്ചില്ലകളില്‍ ധ്യാനനിരതരാവും . 

തീരത്ത് അടുത്തടുത്തായി കിടക്കുന്ന ബോട്ടുകളില്‍ ബംഗ്‌ളാദേശികള്‍ തണുപ്പകറ്റാന്‍ സിഗരറ്റ് വലിച്ചൂതി രസിക്കുകയാകും. ഹോട്ടലുകളില്‍ ഉച്ചത്തില്‍ രാഷ്ട്രീയം വിളിച്ചലറുന്നവര്‍ മഴയെ മറക്കും. വിജനമായ റോഡുകളിലൂടെ കൗമാരക്കാര്‍ മഴ നനഞ്ഞ്  ബഹളം വെച്ച് പോവുകയായി. വീടിനകത്തുള്ളവര്‍ മഴ തോരുന്നതും കാത്ത് മുറികളില്‍ അടയിരിക്കും. കാറ്റിനൊത്ത് ചാഞ്ഞും ചരിഞ്ഞും പെയ്യുന്ന മഴക്കൂട്ടങ്ങളെ നെഞ്ചിലേറ്റി കടലില്‍ തിരകളുടെ ഹര്‍ഷാരവം . 

മഴയുടെ ഇടനേരങ്ങളില്‍ ഞാന്‍ റോഡിലേക്കിറങ്ങും. സമൃദ്ധമായി പെയ്ത മഴയെങ്ങ് പോയെന്ന് അന്വേഷിച്ചെന്നോണം ഇടവഴികളിലൂടെ നടക്കും . റോഡിലിപ്പോള്‍ കെട്ടിക്കിടക്കുന്ന ജലമില്ല . പെയ്ത മഴ മുഴുവന്‍ ദ്വീപിന്റെ ഹൃദയത്തിലേക്ക് ഒഴുകിച്ചേര്‍ന്നു കാണണം. മഴ വെള്ളം ദ്വീപിന്റെ അകം നിറച്ചിട്ടുണ്ടാകാം !

ഭാവിലേക്ക് പെയ്യുന്ന മഴ 

നമ്മുടെ നാട്ടിലേത് പോലെ, മഴക്കാലം പിന്നിട്ടാല്‍ ഇവിടെ മണ്ണ് ഉടനെ ദരിദ്രമാക്കപ്പെടില്ല. പെയ്ത മഴ ദ്വീപിനകത്ത് എന്നും കാണും. ആ വെള്ളം കിണര്‍ വഴി കോരിയെടുക്കാം . കുഞ്ഞു കുഞ്ഞു കിണറുകള്‍. പക്ഷെ ആ ജലം ആരും കുടിക്കാന്‍ ഉപയോഗിക്കില്ല. കിണര്‍ വെള്ളത്തില്‍ ലവണങ്ങള്‍ വളരെ കൂടുതലാണ് . ലവണം കൂടുതലുള്ള ജലം കുടിക്കാനുപയോഗിച്ചാല്‍ കിഡ്‌നിയെ ബാധിക്കുമെന്ന് ദ്വീപുകാര്‍ക്കറിയാം .

ഇടയ്ക്ക് കിണറിലെ വെള്ളത്തിന് ദുര്‍ഗന്ധം അനുഭവപ്പെടും. ചിലയിടങ്ങളിലെ വെള്ളത്തിന് കടുത്ത ഉപ്പുരസവും കാണും. കിണര്‍ വെള്ളം മറ്റ് ആവശ്യങ്ങള്‍ക്ക് ദ്വീപുകാര്‍ ഉപയോഗിക്കുമ്പോള്‍ അവര്‍ക്ക് കുടിക്കാനുള്ള വെള്ളം മഴക്കാലം തന്നെ സമ്മാനിക്കുന്നു. രണ്ടായിരത്തി അഞ്ഞൂറ് ലിറ്റര്‍ വെള്ളം കൊള്ളുന്ന രണ്ടോ മൂന്നോ ഭീമന്‍ ടാങ്കുകള്‍ മഴവെള്ളം ശേഖരിക്കാനായി ഓരോ വീട്ടുമുറ്റത്തും കാണും. മഴക്കാലം തുടങ്ങും മുന്‍പേ വീടിന്റെ മേല്‍ക്കൂര ഓരോ വീട്ടുകാരും ശുചിയാക്കി വെയ്ക്കും. സ്‌കൂളുകാരും ആശുപത്രിക്കാരും ഇതേരീതി തന്നെ തുടരും .

ആദ്യത്തെ രണ്ടോ മൂന്നോ മഴ മേല്‍ക്കൂരയ്ക്കുള്ളതാണ്. പ്രകൃതി തന്നെ ശുചിയാക്കുമെന്നപോലെ മേല്‍ക്കൂര നിന്ന് നനയും. അടുത്ത മഴവെള്ളം വശങ്ങളില്‍ ഘടിപ്പിച്ച പാത്തിവഴി , ട്യൂബ് വഴി ടാങ്കിലേക്കെത്തുന്നു. ഒരു വര്‍ഷത്തേക്ക് വേണ്ട ജലസംഭരണി അങ്ങിനെ തയ്യാറാകുന്നു. ദ്വീപുകളിലേതിനേക്കാള്‍ കൂടുതല്‍ മഴ ലഭിക്കുന്ന നമ്മുടെ നാട്ടില്‍ ഇപ്പോഴും മഴവെള്ള സംഭരണം പരിപൂര്‍ണമായും വിജയത്തിലെത്തിയോ? മഴയില്ലാതാകുമ്പോള്‍ മഴയെ സ്‌നേഹിച്ചും മഴവരുമ്പോള്‍ മഴയെ വെറുത്തും നമ്മള്‍ തുടരും. മഴ നനയേണ്ട മുറ്റങ്ങള്‍ ടൈല്‍സ് പാകി മഴയെ നാടുകടത്താനും നമ്മള്‍ മിടുക്കന്മാര്‍ ! 

Maldives

ചൂലുകൊണ്ടുള്ള കാര്യങ്ങള്‍ 

ചൂല് കണ്ട് പുറത്തേക്ക് ഇറങ്ങരുതെന്നത് നമ്മുടെ നാട്ടിലെ ഒരലിഖിത നിയമമാണ്. അതെങ്ങനെ സംഭവിച്ചുവെന്നത് അജ്ഞാതവും. മലിനതയെ തള്ളി നീക്കുകയും ഇടങ്ങള്‍ ശുദ്ധീകരിക്കുകയും ചെയ്യുന്ന വസ്തുവിനോടുള്ള അനാദരം. അതിലൊരു രാഷ്ട്രീയവും ജാതീയതയും ഉണ്ടാകണം. അത് കൈയാളുന്ന ആളുകളിലേക്ക് തന്നെയാകണം ചൂലിനോടുള്ള അയിത്തവും കൊണ്ടാടപ്പെടുന്നത്. അയിത്തം കാട്ടുന്നവരുടെ മനസ്സ് അപ്പോഴും മലിനതകളുടെ കൂമ്പാരമാകും. മാലിന്യമുള്ള മനസ്സ് അതേ അവസ്ഥതന്നെ ചുറ്റിലും വിതറുന്നു.  വൈലോപ്പിള്ളിയുടെ 'കാക്ക' എന്ന കവിതയില്‍ കാക്കകളെ കവി വിശേഷിപ്പിക്കുന്നത് നോക്കുക . 

'കൂരിരുട്ടിന്റെ കിടാത്തിയെന്നാല്‍ 
സൂര്യപ്രകാശത്തിനുറ്റ തോഴി,

ചീത്തകള്‍ കൊത്തി വലിക്കുകിലു-
മേറ്റവും വൃത്തിവെടുപ്പെഴുന്നോള്‍ ,

കാക്ക നീ ഞങ്ങളെ സ്‌നേഹിക്കിലും
കാക്കണം സ്വാതന്ത്ര്യമെന്നറിവോള്‍ . '

കാക്കകളോട് തുടരുന്ന അടുപ്പവും തിരിച്ചറിവും ചൂല് പിടിച്ചു നില്‍ക്കുന്ന സ്ത്രീകള്‍ ഒരിക്കലും നേടാതെപോയി. ശുചിത്വസങ്കല്‍പ്പങ്ങളില്‍ നമ്മള്‍ ഇപ്പോഴും പുലര്‍ത്തുന്ന  കീഴാളകാഴ്ചകള്‍ തന്നെയിത് !

നാട്ടിലെ ചൂലിനെ സംബന്ധിച്ച അലിഖിത നിയമങ്ങള്‍ ദ്വീപുകളില്ല. ആ നിയമത്തെ നിരന്തരമായി തെറ്റിക്കുന്നത് അവിടുത്തെ സ്ത്രീകളാണ്. അരക്കിലോമീറ്ററോ അതിലധികമോ വിസ്തീര്‍ണമുള്ള ദ്വീപുകളിലെ ചെറുതും വലുതുമായ മണല്‍ നിറഞ്ഞ പാതകളില്‍, നേരം പരപരാ വെളുക്കുമ്പോള്‍ തന്നെ ഒരു നുള്ളു പാഴില പോലും അവശേഷിപ്പിക്കാതെ വഴിയോരങ്ങള്‍ക്ക് തുടര്‍ച്ചയായി കണ്ണാടിത്തിളക്കം കൊടുക്കുന്നത് അവരാണ്. അതൊരു നല്ല കാഴ്ചയാണ്. പാതയോരങ്ങള്‍ ശുചിയാക്കാന്‍ നിയോഗിക്കപ്പെട്ട സ്ത്രീകള്‍ക്ക് അവര്‍ക്കവകാശപ്പെട്ട പാതകള്‍ കാണും. ആ പാതകളെന്നും തെളിഞ്ഞു കിടക്കും. പുലര്‍ച്ചെ സ്‌കൂളിലേക്കുള്ള യാത്രയില്‍ നിരന്തരം ചൂലും മണലുമായുള്ള പോരിന്റെ ചെറിയ ശബ്ദം കേള്‍ക്കാം. ചൂലേന്തിയ പെണ്ണിന്റെ ചെറു ചിരിയോടെയുള്ള സുഖാന്വേഷണവും കൂട്ടത്തിലുണ്ടാവും. ആ വളഞ്ഞ നില്‍പ്പില്‍ തന്നെ സ്‌കൂളില്‍ പഠിക്കുന്ന മകന്റെ അല്ലെങ്കില്‍ മകളുടെ പഠനത്തെക്കുറിച്ചുള്ള അന്വേഷണവും അവര്‍ക്ക് 'സാര്‍ ട്യൂഷന്‍ കൊടുക്കാമോ' എന്ന ചോദ്യവും കാണും. പൊടിമണല്‍ മൂക്കിലേക്ക് അടിച്ചുകേറിയിട്ടും അതിന്റെ പാരവശ്യം തെല്ലും കാട്ടാതെ ജോലി തുടരുന്നവരോടും ചൂലിനോടും നമുക്ക് ആദരവ് തോന്നും. അവര്‍ നമ്മുടെ മനസ്സിലെ മലിനതകൂടിയാണല്ലോ തൂത്തു കളഞ്ഞതെന്നോര്‍ക്കാനേ അപ്പോള്‍ തോന്നുകയുള്ളൂ . 

പാതയോരത്ത് ആരും മലമൂത്ര വിസര്‍ജ്ജനം നടത്തില്ല. ദ്വീപുകളിലെ തീരങ്ങള്‍ എത്ര ശുദ്ധമാണ്. കോറലിന് ചുറ്റുമുള്ള ആഴം വളരെക്കുറഞ്ഞ ഇളം പച്ച ജലത്തിന്നടിയിലെ കടലിന്റെ നെഞ്ചകം എന്നും തെളിഞ്ഞു തന്നെ കിടന്നു. ചിലയിടങ്ങളില്‍ കുടിച്ച കോളയുടേയും വെള്ളത്തിന്റേയും ബോട്ടിലുകള്‍ ആള്‍ക്കാര്‍ കടലിലേക്ക് വലിച്ചെറിയുന്നത് ഇതിനൊക്കെ അപവാദമാകുമ്പോഴും വൃത്തിബോധം ദ്വീപുകാരന്റെ വിപുലമായ കാഴ്ചയാണ്. അത് അവരുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നപോലൊരനുഭവം! 

മത്സ്യമാണ് അവരുടെ വലിയ സമ്പത്ത് .ദ്വീപിലെങ്ങും മീനുകളുടെ ബാഹുല്യം കാണാം. ട്യൂണയാണ് ഇവരുടെ പ്രിയ മത്സ്യം. മല്‍സ്യ മാര്‍ക്കറ്റിലേക്കെത്തുന്ന മീനുകള്‍ വെട്ടിമുറിച്ച് വില്‍പന നടത്തുമ്പോള്‍ തന്നെ  ഇടങ്ങള്‍ അതീവ ശുചിത്വത്തോടെ സൂക്ഷിക്കാനും ദ്വീപുകാര്‍ ബദ്ധശ്രദ്ധരാണ്. മീനുകളുടെ രക്തക്കറയോ നാറ്റമോ മാര്‍ക്കറ്റില്‍ ഉണ്ടാവില്ല. വില്‍പ്പന കഴിഞ്ഞ മത്സ്യ മാര്‍ക്കറ്റിനടുത്തുകൂടെ നമ്മള്‍ പോകുമ്പോള്‍ അത് അത്തരമൊരിടമാണെന്ന് തോന്നാത്തവിധത്തില്‍ അവരവിടം സൂക്ഷിക്കാന്‍ ബാധ്യതപെട്ടപോലെ. ഇതൊക്കെ കണ്ടുപഠിക്കണം നമ്മള്‍ എന്ന് തോന്നും വിധം അവരുടെ പ്രവൃത്തികള്‍ മാറുന്നു. സമ്പത്തും രാജ്യ വിസ്തൃതിയും മാത്രമല്ല പ്രധാനം ശുചിത്വമുള്ള പാതകളും ശുചിത്വബോധവുമാണെന്ന് ദ്വീപുകാര്‍ക്കറിയാം. ഇതാണ് ദ്വീപുകളുടെ വലുപ്പവും .

ജീവിക്കാന്‍ ഗതിയില്ലാത്ത ചില ആഫ്രിക്കന്‍ രാജ്യങ്ങളിലെ വഴിയോരങ്ങള്‍ നമ്മുടെ പാതകളേക്കാള്‍ മെച്ചമെന്ന് കേട്ടിട്ടുണ്ട്. തുരുതുരാ വിദേശികള്‍ വന്നുപോകുന്ന ഇന്ത്യയിലെ പല ടൂറിസ്‌ററ് കേന്ദ്രങ്ങളില്‍ നില്‍ക്കുമ്പോഴും എത്ര തവണ നമ്മള്‍ മൂക്ക് പൊത്തണം! കോവളത്തേക്കാള്‍ മനോഹരമായ ദ്വീപുകളിലെ തീരങ്ങള്‍ക്ക് അതീവ ചാരുത പകരുന്നതില്‍ ഇവിടുത്തെ സ്ത്രീകളുടെ പങ്ക് നിര്‍ണായകമാണ്. അതുകൊണ്ടുതന്നെ വാടകയ്ക്ക് കൊടുക്കുന്ന വീടുകള്‍ ചില ഇന്ത്യന്‍ അദ്ധ്യാപകര്‍ അലംങ്കോലമാക്കിയാല്‍  അവര്‍  ഇടപെടും . നമുക്ക് ഉന്നത ബിരുദങ്ങളേയുള്ളു. പൗരബോധമില്ലെന്ന് നമ്മള്‍  അറിവ് നല്കിയവര്‍ തന്നെ പരാതി പറയും. വീട്ടിലെ മാലിന്യം റോഡിലേക്ക് വലിച്ചെറിയുന്നവര്‍ക്ക് കിട്ടുന്ന വലിയ സര്‍ട്ടിഫിക്കറ്റാവുമത്  ! 

അനാര്‍ഭാടമായ അവരുടെ വീടുകളും തൊടിയും മുറ്റവും റോഡുകളും തീരങ്ങളും എന്നും ശുചിത്വത്തിന്റെ മാതൃകകളാണ് . ഒരുപക്ഷെ പെണ്‍ കൂട്ടായ്മയുടെ നല്ല കൈയ്യടക്കം തന്നെയത് .(തുടരും)