ര്‍ഷങ്ങള്‍ക്ക്  മുമ്പ് നടന്ന ആ യാത്ര ഞാന്‍  ഓര്‍ക്കുന്നുണ്ട്. വളരെ പെട്ടെന്നുള്ള യാത്രയായിരുന്നു അത്. അത്തരമൊരു യാത്ര ഉണ്ടാകുമെന്ന് അതുവരെ ഞാന്‍  ചിന്തിച്ചിരുന്നില്ല. നാട്ടിലെ ചുറ്റുപാടുകള്‍ സമ്മാനിച്ച പരിമിതിയില്‍ നിന്നും ധൃതിയോടെ  വ്യതിചലിക്കാന്‍ സാധ്യവുമല്ല. എന്നിട്ടും ആ യാത്ര പിറന്നു. ആ സാഹചര്യം അതാണ്.

തുടരേണ്ട യാത്രയെക്കുറിച്ച്  ഒരു ധാരണയുമില്ല. എവിടേയ്ക്കാണെന്നത് അപ്പോള്‍  ചോദ്യവുമായില്ല. ദൂരദേശത്തേക്ക് എവിടേയ്‌ക്കെങ്കിലും. സ്വന്തം നാട് വിടാതെ വയ്യ. 

യാത്ര തുടങ്ങി. കുന്നും പുഴയും കടന്ന്, പല പല ദേശങ്ങളും , ഭാഷകളും  പിന്നിട്ട്, അതിന്റെ വിസ്തൃതി വര്‍ദ്ധിച്ചുകൊണ്ടിരുന്നു. യാത്ര എവിടേയ്‌ക്കെന്നോര്‍ക്കാന്‍  ന്യായീകരണം തോന്നിയില്ല. മനസ്സില്‍ യാത്ര മാത്രം. മറ്റെല്ലാ ചിന്തകളും അസ്ഥാനത്താണ്. ഇരുട്ടിന്റെ നിറമുള്ള പശ്ചാത്തലം. എന്തെങ്കിലും ഓര്‍ത്താല്‍ തെളിയുക ശിരസ് പിളര്‍ന്ന ദേഹമാണ്. അതിലെ ഓരോ ഭാവവും അത് എന്റേതാണെന്ന് ഓര്‍മപ്പെടുത്തുന്നു. പെരുത്തു കയറുന്ന ശരീരം ആഴമില്ലാക്കടങ്ങളുടെ ചുഴിയില്‍ മുങ്ങിത്താഴുന്നത് അനുനിമിഷം അനുഭവിക്കുന്നുണ്ട്. തനിച്ചായ രാത്രി. നിശബ്ദത. ഒച്ച വറ്റിയ വാക്കുകള്‍ . 

അതേവരെയുള്ള യാത്രകളില്‍  നിന്നും ആ യാത്ര വിഭിന്നമായത് അന്നത്തെ ചുറ്റുപാടുകള്‍ നല്കിയ പരിക്കുകള്‍ കൊണ്ടാകണം. ദേഹവും മനസ്സും നിറയെ മുറിവുകളും വേദനയുമാണ്. ആ  യാത്ര ഡല്‍ഹിയില്‍   ചെന്നവസാനിച്ചു. മഹാനഗരം അധികം കരുണ ചൊരിഞ്ഞില്ല. അപ്പോഴത്തെ അവസ്ഥയ്ക്ക് അവിടുത്തെ ജോലിയും ജീവിതവും ഇണങ്ങുന്നില്ലെന്ന് കണ്ടു. മാസങ്ങള്‍  പിന്നിട്ടിട്ടും എന്നിലെ ഇച്ഛാശക്തി നിരാശാജനകമായി. പിന്നിട്ട ജീവിതത്തില്‍  നിന്നും നല്ലൊരോര്‍മ വന്നതുമില്ല. ഒടുക്കം ബാക്കിയായ ശിഥിലമായ തെളിച്ചത്തില്‍  നിന്നും ആശ്വാസത്തിന്റെ ഇളംകാറ്റ് വരുമെന്ന് കാത്തിരിക്കും. അതാണ് ഏകപ്രാര്‍ഥന. ആ ചിന്ത ജീവിതത്തെ മുന്നോട്ട് കൊണ്ടുപോയി. പിന്നീട് പ്രതീക്ഷയുടെ ശിഖരങ്ങളില്‍  ഇതളുകള്‍  തളിരിട്ടത് പെട്ടെന്നാണ്. 

ഈ യാത്ര പോലെ പെട്ടെന്ന്. അത് എനിക്കറിയാത്ത ദേശത്തേക്കുള്ള സഞ്ചാരമാണ്. ഒരു കുഞ്ഞുലോകത്തേക്കുള്ള കൂടുമാറ്റം. അതില്‍  ചിന്തകള്‍  ഉടക്കിനിന്നു. സ്വപ്നങ്ങള്‍  മഴത്തുള്ളികളായി. 

അത് വെറും യാത്രയല്ലെന്ന് തോന്നി. ഒരു കുഞ്ഞുദ്വീപിലേക്കുള്ള യാത്ര അങ്ങനെയാകില്ലല്ലോ. അനന്തമായ കടലും ഇളകിയാടുന്ന ബോട്ടും. അഭയാര്‍ഥികളുടെ ചിത്രമോര്‍മ്മ  വന്നു. അവരുടെ കണ്ണും കാഴ്ചയും എനിക്കും കൈവന്ന പോലെ. ഓരോ പ്രവാസ ജീവിതവും പലായനമാണ്. എല്ലാം വിട്ടെറിഞ്ഞു പോകുന്ന ദു:ഖകരമായ കാഴ്ച അതിനുണ്ട്. അതിലെ ഭാഷയും ശരീര ചലനവും പശ്ചാത്തലവും അഭയാര്‍ഥികളുമായി തികച്ചും ചേരുന്നുണ്ട്. 

ശീലിച്ച കാഴ്ചകള്‍  ഇനിമുതല്‍  മായുകയാണ്. ഇനി പൊരുത്തമില്ലാത്ത ശീലങ്ങളിലേക്ക്, ആവാസ വ്യവസ്ഥയിലേക്ക് ശരീരത്തെ ചേര്‍ത്ത്  കെട്ടണം. അല്ലെങ്കില്‍  അതിലേക്ക് ഒഴുകണം. അത് ഒരിക്കലും ഒരു ഒഴുക്കാകില്ല. തിരകള്‍  വലിച്ചിഴച്ച് കൊണ്ടുപോകുന്ന ഒരു ശൂന്യ ദേഹത്തിന്റെ അവസ്ഥ.

യാത്രകളില്‍  മനസ് തിന്നുതീര്‍ത്ത ഓര്‍മകളുടെ ഞണ്ടുകള്‍  പടിയിറങ്ങുന്നു. ദ്വീപിലെ മണല്‍  നനഞ്ഞ പ്രതലങ്ങളിലേക്ക് കാലുകള്‍  പതിഞ്ഞു. തിരകള്‍  കാലുകളെ തഴുകി.  ഇനി ഇതാണ് എന്റെ ജീവിതം. വഴികള്‍ . ദ്വീപിനകത്തേക്ക് എത്താന്‍  എന്തിനോ  മനസ്സ് വെമ്പി.

അറിയപ്പെടാത്ത ഏതോ ഒരു ദ്വീപിലെ ഏകാന്തത. അങ്ങനെയൊന്ന് മുന്‍പ് കൊതിച്ചിട്ടുണ്ട് . കാണുന്നതും അറിയുന്നതും തികച്ചും പുതുമയുള്ളത് . ജനവാസമുള്ള ഇതേപോലൊരു ദ്വീപിലായിരുന്നില്ല റോബിന്‍സണ്‍ ക്രൂസോ എന്ന കഥാപാത്രം ജീവിച്ചത് . അവിടെ അയാള്‍ മാത്രം . അകലെ കടലില്‍ ചിതറിക്കിടക്കുന്ന ദ്വീപുകളില്‍ ഒരുപാട്  മനുഷ്യവാസമില്ലാത്ത ദ്വീപുകളുണ്ടെന്നറിഞ്ഞപ്പോള്‍ ക്രൂസോയെപ്പോലെ ജീവിക്കാന്‍ കൊതിതോന്നി . മനുഷ്യരുടെ കാല്‍പ്പാടുകള്‍ തീരെ പതിയാത്ത വലിയൊരു ദ്വീപില്‍ ക്രൂസോ ജീവിച്ചത് നീണ്ടകാലമാണ് . കുട്ടിക്കാലത്ത് ഡാനിയല്‍ ഡീഫോയുടെ റോബിന്‍സണ്‍ ക്രൂസോ എന്ന കഥാപാത്രം സൃഷ്ടിച്ച വെല്ലുവിളികള്‍ അതേരീതിയില്‍ തുടരുമ്പോഴും അതേറ്റെടുക്കാന്‍ ഇപ്പോഴും മനസ്സ് വെമ്പുന്നു. സ്വയം ക്രൂസ്സോ ആയി സങ്കല്പ്പിച്ച കുട്ടിത്തത്തിലെ നാളുകള്‍ . സ്വപ്നത്തിന്റെ ഹരിതാഭയില്‍  അന്നേ ഒരു ദ്വീപ്  ജീവിതം അറിഞ്ഞു  ! ചെറിയൊരു   ലോകത്ത്, ചെടികളും മരങ്ങളും ജീവികളുമുള്ള ഒരു കുഞ്ഞു  ദ്വീപില്‍  ഞാന്‍ മാത്രം . ആദ്യത്തെ ദ്വീപോര്‍മ്മ അതാകണം . പിന്നീട് എത്ര ദ്വീപുകളിലാണ് അകപ്പെട്ടുപോയത് ! അകപ്പെട്ടുപോകുക . ആ വാക്കുകള്‍ കൂടുതല്‍ നിര്‍വ്വചിക്കുക ഇപ്പോള്‍ അസാധ്യം . അതോരോന്നും ഓരോ പൊള്ളലാണ് .  ജീവിതത്തിലും നമ്മള്‍  ഇതേപോലെ ദ്വീപുകളില്‍  'ശരിക്കും അകപ്പെടുമെന്നത്' നമ്മുടെ തിരിച്ചറിവാണ് ! അതിന്റെ കിതപ്പില്‍ നിസ്വനാക്കപ്പെടുന്നത് നമ്മുടെ ഓര്‍മയാണ് !

നമ്മളില്‍  വന്നെത്തുന്ന സൗഹൃദങ്ങളും ഒറ്റപ്പെടലും ക്രമരഹിതമായ ഒരു താളം സൃഷ്ട്ടിക്കാറുണ്ട് . അത് മുഴുവന്‍  മറ്റൊരാളോട് പറയുക വയ്യ . 

'റോബിന്‍സണ്‍ ക്രൂസ്സോ' എന്ന കഥാപാത്രം ഒരാളില്‍  പലപ്പോഴും നിലനില്‍ക്കുന്ന  ഒരവസ്ഥയാണ് . ഇപ്പോഴത് കൂടുതല്‍ വ്യക്തമാവുന്നുണ്ട് . നാട്ടിലെ ശബ്ദഘോഷങ്ങളില്‍ ഇടയ്‌ക്കെന്നെ  തുറിച്ചു നോക്കിയിരുന്ന ക്രൂസോ ഇവിടെ അതൊരു പതിവാക്കിയത് പോലെ !

മാലദ്വീപിന്റെ തലസ്ഥാനമായ മാലെയില്‍  നിന്നും പത്തു മണിക്കൂര്‍  നീണ്ട  ആദ്യത്തെ കടല്‍യാത്ര ഓര്‍മ്മ  വരുന്നു . സാധാരണ ചരക്കുബോട്ടിലെ നീണ്ട  കടല്‍യാത്രയില്‍  മനസ്സ് കുറെ കഥാപാത്രള്‍ക്ക്  വാതിലുകള്‍ തുറന്നിട്ടു . സിന്ദ്ബാദ് എന്ന അറബിക്കഥയിലെ അനശ്വര കഥാപാത്രം , അസാധാരണ വൈഭവമുള്ള  ആ നാവികന്‍  എന്നെ മുത്തമിട്ടപോലെ തോന്നി . നിലാവില്‍  തിളങ്ങുന്ന ഇന്ത്യന്‍  സമുദ്രത്തെ  കൊതിയോടെ നോക്കിനില്‍ക്കുമ്പോള്‍ നക്ഷത്രങ്ങള്‍  കണ്‍ചിമ്മുന്ന തെളിഞ്ഞ ആകാശത്തിന് കീഴെ ബോട്ടിന്റെ കൈവരിയും പിടിച്ചു നില്ക്കുന്ന എന്നില്‍  റോബിന്‍സണ്‍ ക്രൂസ്സോ ആവേശിക്കപ്പെടുന്നത് ഞാന്‍  അറിഞ്ഞില്ല .  (തുടരും)

(* കുവ്വേരിന്‍ എന്നാല്‍ ദ്വിവേഹി ഭാഷയില്‍ തടവുകാരന്‍ എന്നര്‍ഥം. മാലദ്വീപിലെ ജയിലാണ് ധൂണിതു. ഇവിടെ​ ഒന്‍പത് മാസം തടവുകാരനാക്കപ്പെട്ട അധ്യാപകനാണ് ലേഖകന്‍)