മാലെയില്‍ നിന്നും ദ്വീപിലേക്കുള്ള ആദ്യ യാത്രയില്‍ കേട്ട പാട്ട് ഇന്നും ഓര്‍മ്മയുണ്ട്. നടുക്കടലിലൂടെ ഇളകിയാടുന്ന ബോട്ടില്‍ പരിഭ്രമിച്ചിരിക്കുമ്പോഴും പരിചിതമായൊരു ഗാനം എന്നെ ആശ്വസിപ്പിച്ചുകൊണ്ടിരുന്നു. ബോട്ടിലിരുന്നയാള്‍ ആ ഗാനം നന്നായി പാടുന്നുണ്ട്. കൂടെയൊരാള്‍ ഗിറ്റാര്‍ വായിക്കുന്നു. മറ്റൊരാള്‍ ഉടുക്കുപോലുള്ള വാദ്യോപകരണം കൊണ്ട് പാട്ടിന് ഹരം പകരുന്നു. പാട്ടിന്റെ ഈണം മനസ്സിലെത്തുന്നുവെങ്കിലും വരികളില്‍ വല്ലാതെ അപരിചിതത്വം നിഴലിക്കുന്നുണ്ട് . 

ഒരല്പനേരത്തെ ശ്രദ്ധയിലൂടെ കിഷോര്‍ കുമാറിന്റെ പ്രശസ്തമായ ഗാനമാണെന്ന് മനസ്സിലായി. 'മേരെ സപ്‌നോം കി റാണി കബ് ആയേഗി തു..' പക്ഷെ  വരികള്‍ ഹിന്ദിയല്ല. സംശയം ബലപ്പെട്ടപ്പോള്‍ അടുത്തിരിക്കുന്ന ദ്വീപുകാരനോട് ആ ഗാനമേതെന്ന് ചോദിച്ചു . 'അത് ദ്വിവേഹി ഗാനമാണ്.'

ആകെ ആശയക്കുഴപ്പമായി. പിന്നീടാണ് ദ്വീപുകാരുടെ കോപ്പിയടി മനസ്സിലാവുന്നത്! ദ്വിവേഹിയില്‍ കേള്‍ക്കുന്ന പല ഗാനങ്ങളുടേയും ഒറിജിന്‍ ഇന്ത്യന്‍ സിനിമാഗാനങ്ങളാണ്. ഇന്ത്യന്‍ ഭാഷകളിലുമുള്ള പ്രശസ്ത ഗാനങ്ങള്‍ ദ്വീപുകാര്‍ സ്വന്തം ഭാഷയിലേക്ക് മൊഴിമാറ്റം നടത്തി അവരുടെ സ്വന്തമാക്കും. ഇന്ത്യയില്‍ ഒരു പാട്ട് ഹിറ്റായാല്‍ അതിന്റെ ദ്വിവേഹി പതിപ്പിന് ദ്വീപില്‍ അലയടിക്കാന്‍ അധികസമയം വേണ്ടിവരില്ല ! 

ഒരിക്കല്‍ പ്രശസ്തമായ ഒരു ഹിന്ദി ഗാനത്തിന്റെ ദ്വിവേഹി പതിപ്പ് ഒരു പെണ്‍കുട്ടി മനോഹരമായി മൂളുന്നത് കേട്ടപ്പോള്‍ ഞാന്‍ പറഞ്ഞു. 'ഇത് ഒരു ഹിന്ദിപാട്ടിന്റെ കോപ്പിയാണല്ലോ.' അതിന്റെ മറുപടി അതിരൂക്ഷമായ അവളുടെ നോട്ടമായിരുന്നു. എന്റെ അവകാശവാദം ഒരൊറ്റ നോട്ടം കൊണ്ടവള്‍ അസാധുവാക്കി!

തലയില്‍ കൈവെച്ചുപോയ എന്നെ നോക്കി സുഹൃത്ത് ബാബുരാജ് ചെറുചിരിയോടെ പറഞ്ഞു.'നിങ്ങള്‍ എന്താണീ  പറയുന്നത് ? ഇതാണ് ഒറിജിനല്‍. നമ്മുടെ എ. ആര്‍ . റഹ്മാനും ദേവരാജനും ബാബുരാജുമൊക്കെ ബോട്ട് പിടിച്ചിവിടെ വന്ന് ഇവരുടെ ട്യൂണ്‍ മോഷ്ടിച്ച് വലിയ ഹിറ്റുകള്‍ ഉണ്ടാക്കിയതല്ലേ? എന്നിട്ട് അതിന്റെ പേരില്‍ ഇവരെ കളിയാക്കുന്നോ?' ബാബുരാജ് പറഞ്ഞ തമാശ തന്നെയാണ് ഇവിടെ യോജിക്കുക. ഏതായാലും പിന്നീട് അത്തരം വാദമുഖങ്ങള്‍ ഞാന്‍ ആവര്‍ത്തിച്ചതുമില്ല!

Jayachandran Mokeri

അലി റമീഷിന്റെ കഥ 

ദ്വീപുകളില്‍ ഏറ്റവും സവിശേഷമായി തോന്നിയത് ചിലരിലെ അപാരമായ കഴിവുകളാണ്. വളരെ നന്നായി പാടുന്നവരും നൃത്തം ചെയ്യുന്നവരും വരയ്ക്കുന്നവരുമുണ്ട് . അവരിലെ കലയിലെ ജന്മസിദ്ധമായ കഴിവുകള്‍ നമ്മളെ അത്ഭുതപ്പെടുത്തും. വിചിത്രമായ പെരുമാറ്റം കൊണ്ട് ക്ലാസ്സ് മുറിയില്‍ ചടുല താളം ചെയ്യിപ്പിക്കുന്ന കുട്ടികള്‍പോലും ക്ലാസിനിടയില്‍ നന്നായി വരയ്ക്കുന്നത് കണ്ടിട്ടുണ്ട്. അഫ്‌സല്‍ ഷാഫിയു ഹസ്സന്‍ , ഫത്മത്ത് സുഹ്‌റ, ആമിനത്ത് ഹില്‍മി, മറിയം നസീമ ഒമര്‍ , ഹുസൈന്‍ ഇഹ്ഫാല്‍ അഹ്മത് , ആദം ഷെരീഫ് തുടങ്ങിയ എത്രയോ മികച്ച ദ്വീപുകളിലെ പ്രശസ്ത ചിത്രകാരന്മാര്‍ ആ വികൃതിക്കൂട്ടങ്ങളില്‍ നിന്നും തെന്നിത്തെറിച്ചവരാണ്. എന്നിട്ടും കലയുടെ കാര്യത്തില്‍ വലിയ പ്രോത്സാഹനമൊന്നും അവര്‍ക്ക് ലഭിക്കാനിടയില്ല. കലയെ പിന്തള്ളുന്നവരുടെ നിര തഴച്ചു വളരുകയും ചെയ്തു. 

ഒരു കുഞ്ഞു കാലത്തിനിടയില്‍ സംഭവിച്ച ഭീദിത മാറ്റം. ഏതാണ്ട് ഇരുപത് വര്‍ഷത്തിന്നിടയില്‍ സംജാതമായ പരിണാമം. അതേവരെ പുറം ലോക കാഴ്ചകളുടെ കലര്‍പ്പ് കലരാതെ ജീവിച്ചവരുടെ ശുദ്ധഗതിയില്‍ പുഴുക്കുത്ത് വന്നുതുടങ്ങി. സ്ത്രീകളുടെ വസ്ത്രധാരണരീതികളും സ്വാതന്ത്ര്യവും കടുത്ത  നിയന്ത്രണങ്ങള്‍ക്ക് വിധേയമായി . സ്വതന്ത്ര ചിന്തകളും കാഴ്ചകളും കൂട്ടിലടക്കപ്പെട്ടു. ലഹരിയുടേയും മതവിലക്കുകളുടെയും അഴിമതികളുടേയും അഴിമുഖങ്ങളില്‍ നിന്ന് നിഷ്‌കളങ്ക ജനതയുടെ ദയനീയ നിലവിളികളുയര്‍ന്നു. അവര്‍ അതേവരെ ശ്വസിച്ചതും രുചിച്ചതും അവര്‍ക്ക് നഷ്ടമായി.

സ്വാതന്ത്യത്തെക്കുറിച്ച് എഴുതിയ നിരവധി ബ്ലോഗ് എഴുത്തുകാര്‍ അതിക്രൂരമായി കൊലചെയ്യപ്പട്ടു. ജനത രണ്ടുപേരെ ഒരേപോലെ ഭയന്നു. വിരുദ്ധ ചേരിയില്‍ നില്‍ക്കുന്ന മത-തീവ്രവാദികളേയും സര്‍ക്കാരിനെയും അവര്‍ കൈകോര്‍ത്തും പോരടിച്ചും നീങ്ങിക്കൊണ്ടിരുന്നു. അവര്‍ക്ക് സ്വാതന്ത്ര്യത്തിനെ ഭയമാണ്. സ്വതന്ത്രമായി ചിന്തിക്കുന്നവരെയെല്ലാം അവര്‍ വെറുത്തു. ജയിലിലടച്ചു. വധിച്ചു .

കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് കൊല്ലപ്പെട്ട മാലദ്വീപിലെ പ്രശസ്ത ബ്ലോഗ് എഴുത്തുകാരനും ആക്ടിവിസ്റ്റുമായ യാമീന്‍ റഷീദിന്റെ സുഹൃത്തും ബ്ലോഗ് എഴുത്തുകാരനുമായ മുജു നയീം ഇങ്ങനെ എഴുതി. 'സര്‍ക്കാരിന്റെ അഴിമതികളെ ചോദ്യം ചെയ്യുന്നവരെയെല്ലാം സര്‍ക്കാര്‍ മതം ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയാണ്.' മുജു ഇപ്പോള്‍ മാലദ്വീപ് വിട്ടു. മുജുവിനെപ്പോലെ ജീവനില്‍ക്കൊതിയുള്ള പല ഫ്രീ തിങ്കേഴ്സും എഴുത്തുകാരും രാജ്യം വിട്ടുപോയി!

പലരും  ജയിലിലടക്കപ്പെട്ടു . അതില്‍ എഴുത്തുകാരും തീവ്ര ചിന്താഗതിക്കാരുമുണ്ട്. തീവ്രവാദം തലയിലേറ്റിയ കുറേപ്പേര്‍ ഇതിനകം സിറിയയില്‍ കൊല്ലപ്പെട്ടു. 'സിറിയന്‍' ചിന്താഗതിക്കാരുടെ സാന്നിധ്യം അനുദിനം ഇവിടെ പെരുകാനും തുടങ്ങി. ഒരര്‍ത്ഥത്തില്‍ വിചിത്ര ചിന്താഗതിക്കാരുടെ കാഴ്ചകളിലൂടെ ദ്വീപുകള്‍ ഒഴുകുകയായി. ഫിയലിലെ ഫയാസ് അക്കൂട്ടരിലൊരാളാണ് .

'അയാള്‍ പെണ്‍കുട്ടികളെ വീടിനകത്ത് കെട്ടിമുറുക്കി ശ്വാസം മുട്ടിച്ചുകൊല്ലും' എന്നെന്നോട് പറഞ്ഞത് പഠിപ്പിച്ച പെണ്‍കുട്ടി തന്നെയാണ്. നൃത്തം ചെയ്യാനും പാട്ടുപാടാനും ഫയാസ് അനുവദിക്കാത്തതിലെ രോഷം ഭിത്തിയിലേക്കുള്ള ആഞ്ഞുതുപ്പലിലൂടെ അവള്‍ പ്രകടിപ്പിച്ചു .

ഫയാസ് ഉള്ളപ്പോള്‍ പെണ്‍കുട്ടികള്‍ ഫിയലിയിലെ സംഗീത-നൃത്ത വേദികളില്‍ നിന്നും വിട്ടകന്നു. അയാള്‍ മാലെയില്‍ തുടര്‍പഠനത്തിന് പോയപ്പോള്‍ അതേ കുട്ടികള്‍ ആശ്വസിക്കുകയും ചെയ്തു. മതത്തിന്നപ്പുറം ഫയാസിന് മറ്റൊരു ലോകവുമില്ല. അയാളുടെ ചര്യകള്‍ക്കപ്പുറമൊരു ലോകം എന്നും ശൂന്യമാണ്. മറ്റൊരു ലോകം കാണാന്‍ ശ്രമിക്കുന്നവരെ ഫയാസ് തന്റെ വ്യാഖ്യാനങ്ങള്‍ കൊണ്ട് തട കെട്ടി നിര്‍ത്തി. എന്നിട്ടും ദ്വീപുകളില്‍ പ്രഗത്ഭരായ പാട്ടുകാരുണ്ടായി. അലി റമീഷ് , ഇബ്ബെ , അബ്ദുല്‍ ഗാനി , ഗായികമാരായ അഷ്ഫാ , മായിന്‍ തുടങ്ങിയ എത്രയോ മികച്ചവര്‍. അവരുടെ സ്വര ഭംഗിയില്‍ ദ്വീപുകള്‍ സ്വയം മറന്നു. അവരുടെ പാട്ടുകളില്‍ നമ്മുടെ ഗാനങ്ങളുടെ പാരഡികളുണ്ട്. എന്നാല്‍ പാരഡി പാട്ടുകള്‍ മാത്രമാണവരുടെ സഗീതമെന്ന് കരുതരുത്. അവരുടേതായ മഹത്തായ സംഗീതമുണ്ട്. ഗോത്ര സ്മൃതിയുണര്‍ത്തുന്ന ഗാനങ്ങള്‍, നൃത്തച്ചുവടുകള്‍.  

കലാകാരന്മാര്‍ എന്നും ഫയാസിനെപ്പോലുള്ളവരുടെ കാഴ്ചകളെ ഭേദിച്ച് ലോകത്തിന്റെ നെറുകയിലേക്ക് പറന്നുയര്‍ന്നവരാണ്. ആ ചരിത്രത്തിന് മതങ്ങളേക്കാളും പ്രായം കാണും. അലി റമീഷ് എന്ന ദ്വീപിലെ ഏറ്റവും പ്രശസ്തനായ ഗായകന്റെ പതനം ആ ചരിത്രത്തിലെ വേദനത്താളുകളും. ഫിയലിയിലെ എല്ലാ തലമുറയില്‍പ്പെട്ടവരും അലിയെക്കുറിച്ച് എന്നും ആദരവോടെ പറയും. വര്‍ഷങ്ങളോളം അവരുടെ ഹൃദയതാളം അലിയായിരുന്നു.

അലി നിരന്തരം പ്രണയത്തെക്കുറിച്ചും നഷ്ട സ്വപ്നങ്ങളെക്കുറിച്ചും പാടി. അന്നൊക്കെ ദ്വീപുകളില്‍ നിന്നും ദ്വീപുകളിലേക്കുള്ള അലിയുടെ നിലയ്ക്കാത്ത സംഗീത യാത്രകളുണ്ടായിരുന്നു. ഓരോ ദ്വീപിലും ആരാധകര്‍ അലിയെ പുണര്‍ന്നു. ഓരോ ആള്‍ക്കും അവരവരുടെ പ്രണയവും നഷ്ടസ്വപ്നങ്ങളുമായി അയാള്‍ മാറി. അലിയുടെ ഹൃദ്യഗാനങ്ങള്‍ക്കൊപ്പം ആണുങ്ങളും പെണ്ണുങ്ങളും സ്വയം മറന്നാടി. ആ മാസ്മരിക സ്വരത്തില്‍ ദ്വീപുകള്‍ കടല്‍ത്തിരകളായി .

Maldives

എന്നിട്ടും ഒരു സുപ്രഭാതത്തില്‍ അലിയുടെ ഗാനം എന്നേക്കുമായി നിലച്ചു. ദ്വീപിലെ അലിയുടെ ആരാധകര്‍ ജീവിതത്തില്‍ ഏറ്റവും ദുഃഖിച്ച ദിനം അതായിരിക്കണം. ആരുടേയും വാക്കുകള്‍ അയാള്‍ കേട്ടില്ല. അലി ഇനി പാട്ടുപാടില്ലെന്ന തീരുമാനത്തില്‍ത്തന്നെ ഉറച്ചുനിന്നു. ഒരു പള്ളി മുക്രിയിലേക്ക് അയാള്‍ സ്വയം ചുരുങ്ങി. എല്ലാ ആഡംബരങ്ങളും വെടിഞ്ഞ് ശരിയായ സന്ന്യാസ ജീവിതമായി. ആത്മീയതയുടെ ആഴങ്ങളിലേക്ക് അലി തുഴഞ്ഞകന്നേ പോയി.
'പാട്ടുപാടുന്നത് അനിസ്ലാമീകമായതിനാല്‍ അലി പാട്ടു നിര്‍ത്തിയതാണെന്ന്' അതേക്കുറിച്ച് ഒരു ദ്വീപുകാരന്‍ പറഞ്ഞു . 

ഒരിക്കല്‍ അലിയെ ഫിയിലിക്കടുത്തുള്ള ദ്വീപില്‍ വെച്ച് ഞാന്‍ കണ്ടു. കൂടെയുണ്ടായിരുന്ന സുഹൃത്ത് അദ്ദേഹത്തെ ചൂണ്ടിപ്പറഞ്ഞു. 'ആ പോകുന്നയാളെ അറിയാമോ? അതാണ് ദ്വീപിലെ വിഖ്യാത ഗായകന്‍ അലി റമീഷ്. അയാള്‍ ഇപ്പോള്‍ ഒരു പള്ളിയിലെ മുക്രിയാണ് ! '

നീണ്ട നരച്ച താടി. തലയില്‍ ഒരു തൊപ്പിയുണ്ട്. തെളിച്ചം മങ്ങിയ കണ്ണുകള്‍. ചുളിവുവീണ മുഖം. ഒരു നാടോടിയുടെ മട്ടും ഭാവവും. സൂഫി സംഗീതത്തിന്റെ സമുദ്രങ്ങളില്‍ അലി ആഴ്ന്നിറങ്ങുകയാകുമോ! സംഗീതമല്ലാതെ അലിക്കെന്ത് ജീവിതം. അലിയുടെ ഇപ്പോഴത്തെ അവസ്ഥയില്‍ നിന്നും എന്നെങ്കിലും ഒരു മാറ്റമുണ്ടാകാം. വ്യത്യസ്തമായൊരു സംഗീതവുമായി അയാള്‍ ഹാംലിന്‍ലെ കുഴലൂത്തുകാരനായി വീണ്ടും ഇവിടെ വന്നേക്കാമെന്നു തോന്നി. വരാതിരിക്കാന്‍ അലിക്ക് കഴിയില്ലല്ലോ! 

അയാള്‍ ശാന്തനായി ഞങ്ങള്‍ക്കരികിലൂടെ നടന്നുപോയി. പഴയ കാല്പനിക ഭാവം തരിമ്പുമില്ല. കാലം പൊള്ളിച്ച നോവുകള്‍ നിഷ്‌ക്കളങ്ക നോട്ടത്തിലൂടെ ഞങ്ങള്‍ക്ക് സമ്മാനിക്കാനും അയാള്‍ മറന്നില്ല. അതീവ സന്തോഷത്തോടെ ആ യാത്ര ഞങ്ങള്‍ നോക്കി നിന്നു. നടന്നുനടന്ന് അയാള്‍ തീരങ്ങളിലെ മരങ്ങള്‍ക്കിടയിലെവിടെയോ അപ്രത്യക്ഷനായി. അനന്ത സമുദ്രങ്ങള്‍ക്കപ്പുറം ഒരു തുമ്പിയായി അയാള്‍ പറന്നകന്നെന്ന് തോന്നി. യാത്രയാക്കിയ തിരമാലകളുടെ അലയൊലികള്‍ അപ്പോഴും തുടര്‍ന്നുകൊണ്ടേയിരുന്നു. (തുടരും)

Content highlights: Maldives, Music, Jayachandran Mokeri