ദ്വീപിന്റെ വടക്കും തെക്കും 

സത്യരാജിന് ശേഷം പ്രിന്‍സിപ്പലായി വന്ന ഇബ്രാഹിം റുഷ്ദി എന്ന ചെറുപ്പക്കാരനായ ദ്വീപുകാരന് ഇന്ത്യന്‍ അദ്ധ്യാപകരെ വലിയ കാര്യമാണ് . ഇന്ത്യയില്‍ നിന്നും ദ്വീപിലേക്ക് ജോലി തേടി വരുന്ന അദ്ധ്യാപകരുടെ ഉന്നത വിദ്യാഭ്യാസ യോഗ്യതകളും കുട്ടികളെ പഠിപ്പിക്കാനുള്ള അവരുടെ വൈദഗ്ദ്ധ്യവും അയാള്‍ നല്ല രീതിയില്‍ മനസ്സിലാക്കിയതിന്റെ ഫലം കൂടിയാണത് .ഇതേപോലെ, വിപുലമായ തലത്തില്‍ ഇന്ത്യന്‍ അദ്ധ്യാപകരെ അംഗീകരിക്കുന്നവര്‍ ദ്വീപുകളില്‍ അധികമില്ലെന്നതും ഒരു സത്യമാണ് .

Anti-drugറുഷ്ദിയെ പോലെ നമ്മളെ വ്യക്തമായി മനസ്സിലാക്കുന്ന അധികം ദ്വീപുകാരെ എനിക്കറിയില്ലെങ്കിലും മറ്റൊരാളെകൂടി ഓര്‍ക്കുന്നു. ഇന്‍ഗുറായിതുവില്‍ രണ്ടോ മൂന്നോ മാസം മാത്രം ഞങ്ങളുടെ പ്രിന്‍സിപ്പലായി വന്ന ഹന്നാന്‍. ഹന്നാന്‍ ഇന്ത്യയെക്കുറിച്ച് അങ്ങേയറ്റം ആദരവോടെയാണ് സംസാരിക്കുക . അയാള്‍ ഇന്ത്യയില്‍ പലപ്രാവശ്യം വന്നിട്ടുമുണ്ട് . മാനേജ്‌മെന്റ് ഞങ്ങള്‍ക്ക് തരേണ്ട ഓവര്‍ ടൈം അലവന്‍സ് നാലിലൊന്നായി വെട്ടിക്കുറച്ചപ്പോള്‍ അയാള്‍ ഞങ്ങള്‍ക്ക് വേണ്ടി വാദിക്കുകയും ആ തുക അനുവദിച്ചുതരാന്‍ ഇടയാക്കുകയും ചെയ്തു . പക്ഷെ ഇന്‍ഗുറായിതുക്കാര്‍ക്ക് ഡങ്കത്തി ദ്വീപുകാരനായ ഹന്നാന്‍ ഞങ്ങളെപ്പോലെ വെറും മറുനാട്ടുകാരനാണ് ! ദ്വീപുകള്‍ക്കിടയിലെ അകലം അവിടങ്ങളില്‍ താമസിക്കുന്ന ജനങ്ങള്‍ക്കിടയിലും ശക്തമായുണ്ടെന്നത് തന്നെ കാര്യം.

ഒരു ദ്വീപുകാരന്‍ ഇതര ദ്വീപുകാരനെ പൂര്‍ണ്ണമായി അംഗീകരിക്കണമെന്നില്ല .അവന്‍ നമ്മുടെ ഭാഷയിലെ വരുത്തന്‍ മാത്രം. അതുകൊണ്ടുതന്നെ മറ്റ് ദ്വീപില്‍ നിന്നും പ്രിന്‍സിപ്പലായി വരുന്നയാള്‍ അവിടുത്തെ മാനേജ്‌മെന്റിന് അപ്രിയമായത് ചെയ്യുമ്പോള്‍ അയാളുടെ ഇരിപ്പിടം അവിടെ സുരക്ഷിതമാകണമെന്നുമില്ല . ഇക്കാര്യങ്ങള്‍ ഹന്നാനുമറിയാം. അതാകണം കൂടുതല്‍ പൊല്ലാപ്പുകള്‍ വന്നെത്തും മുന്‍പ് അയാള്‍ അവിടം വിട്ടുപോയത്. 

ഇതര ദ്വീപുകാരന്‍ മാത്രമല്ല പ്രശ്‌നം . ഒരു കിലോമീറ്ററോ അരകിലോമീറ്ററോ ചതുരശ്ര വിസ്തീര്‍ണമുള്ള ദ്വീപിലും 'തെക്കും വടക്കും' വിഭാഗീയത സൃഷ്ടിക്കും . കേരളത്തിലേത് പോലെ വടക്കന്‍-തെക്കന്‍  വേര്‍തിരിവ് ആള്‍ക്കാര്‍ക്കിടയിലെ സംഭാഷണങ്ങളില്‍, പെരുമാറ്റങ്ങളില്‍ തെളിയും . ഒരു കുഞ്ഞുഭൂമിയിലെ ഭൂമിശാസ്ത്രപരമായ വിഭാഗീയത എന്നെ തെല്ലൊന്നുമല്ല അത്ഭുതപ്പെടുത്തിയത് ! ഇനി രാജ്യമെന്നനിലയില്‍ മാലദ്വീപിന്റെ വടക്കും തെക്കും തമ്മിലും ഇതേ വിഭാഗീയതയുണ്ട് . മാത്രമല്ല ജനങ്ങളുടെ പെരുമാറ്റത്തിലും, ഭാഷയുടെ പ്രയോഗത്തിലും വരെ ഈ വിഭിന്നതയുണ്ട് . ഇരുകൂട്ടരും അവരുടെ ഭാഗത്തുള്ളവരാണ് മികച്ചതെന്ന് നമ്മളോട് തുറന്ന്  പറയാനും മടിക്കാറില്ല . എങ്കിലും കുറച്ചുകൂടി മെച്ചപ്പെട്ടവര്‍ വടക്കന്‍ ദ്വീപുകാരാണെന്നാണ് എന്റെ അനുഭവം .

ഫിയലിയില്‍ റുഷ്ദിയും പ്രാദേശിക സങ്കുചിതത്വത്തിന്റെയും മാനേജ്‌മെന്റിലെ ചിലരുടെ നിക്ഷിപ്ത താല്പര്യങ്ങളുടെയും ഇരയായിരുന്നു. അതിന്റെ ഫലമായി ഒരുനാള്‍ റുഷ്ദിയ്ക്കും ഹന്നാനെപോലെ മറ്റൊരു ദ്വീപിലേക്ക് യാത്രയാകേണ്ടിവന്നു. മാനേജ്‌മെന്റില്‍ സത്താര്‍ എന്നയാളുടെ അധികാരതാല്പര്യങ്ങള്‍ക്ക് വിഘാതമാവുന്നവരും അപ്രിയമാവുന്നവരും ഒന്നൊന്നായി സ്‌കൂളിന് പുറത്താവുന്നതും പിന്നീട് കണ്ടു. എന്റെ കാര്യത്തിലും അതുതന്നെയാണല്ലോ സംഭവിച്ചത് !

ദ്വീപുകാരനില്‍ അധികം കാണാത്ത തുറന്നുപറച്ചില്‍ റുഷ്ദിയുടെ ഗുണമായത് കൊണ്ടാകണം അയാള്‍ക്കെതിരെ തിരിയുന്ന അഗ്‌നിഗോളങ്ങളെക്കുറിച്ച് എന്നോട് പറയാനിടയായത് . റുഷ്ദിയുടെ ഈ ഗുണം അറിയാതെ വന്നുപെട്ട ചില വൈതരണികളില്‍ നിന്ന് എനിക്ക് പലതവണ രക്ഷമാര്‍ഗ്ഗമൊരുക്കുകയും ചെയ്തു .   

Maldives

ചില വിദേശ കാഴ്ചകള്‍ തുറന്നിട്ട ഭൂതം 

കടലിനും ദ്വീപുകള്‍ക്കുമപ്പുറമുള്ള ലോകം അറിയാത്തവരാണ് ദ്വീപിലെ മിക്ക കുട്ടികളും . ഇപ്പോള്‍ ടെലിവിഷനും സിനിമകളും പുറംലോകക്കാഴ്ചകള്‍ സമ്മാനിക്കുന്നുണ്ടെങ്കിലും മലകളും പുഴകളും തീവണ്ടിയുമൊക്കെ അവര്‍ക്ക് എന്നും വിസ്മയമാണ് . അത്തരം വാക്കുകള്‍ ചിത്രങ്ങളിലൂടെ കാണിച്ച്  പരിചിതമാക്കുക മാത്രമാണ് ഒരു പോംവഴി . തുടര്‍ന്ന്, പ്രൊജക്ടറിലൂടെ ഓരോ ലോകവും അതിലെ കാഴ്ചകളും കുട്ടികളെ കാണിച്ചു . ചിത്രങ്ങളിലൂടെ വാക്കുകളെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുമ്പോള്‍ , ഒരിക്കല്‍ വിവിധ മതക്കാരുടെ ദേവാലയങ്ങളും കാണിക്കാനിടയായി .

അത് വലിയ പരാതിയാവുമെന്നറിഞ്ഞില്ല . ഒരുനാള്‍, രാത്രി എട്ടു മണിയാകുമ്പോഴേക്കും എന്നെത്തേടി കുറച്ച് രക്ഷിതാക്കള്‍ സ്‌കൂളിലെത്തി. മറ്റുമതക്കാരുടെ ദേവാലയങ്ങള്‍ കുട്ടികളെ കാണിച്ചതുവഴി ഞാന്‍ മതനിന്ദ നടത്തിയെന്നാണ് എനിക്കെതിരെയുള്ള കുറ്റം! 

അറിയാതെ തലയില്‍ കൈവെച്ചുപോയി ! വലിയൊരു നടുക്കമാണ് അതെനിക്ക് നല്‍കിയത് . അപ്പോള്‍ ഏഴാം ക്ലാസ്സിലെ നൈറ്റ് ബാച്ചിന് ക്‌ളാസ്സെടുക്കയാണ് ഞാന്‍ . ക്ലാസ്സ് കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ റുഷ്ദി എന്റെ അടുത്തേക്ക് വന്നു . ആ സമയം ഒരുകൂട്ടം രക്ഷിതാക്കള്‍ ഗേറ്റ് കടന്ന് പോകുന്നതും കണ്ടു. റുഷ്ദി എന്റെ തോളില്‍ കൈയിട്ട് സമാശ്വസിപ്പിച്ച് കൊണ്ടുപറഞ്ഞു .

'ക്ഷമിക്കണം ടീച്ചര്‍, വിവരക്കേടുകൊണ്ടാണ് ഇതൊക്കെ സംഭവിക്കുന്നത് . പുറം ലോകം കാണാത്തതിന്റെ കുഴപ്പം . നിങ്ങളുടെ നാട്ടില്‍ ചികിത്സയ്ക്ക് പോകുമ്പോള്‍ ഇവര്‍ അവിടുത്തെ ചര്‍ച്ചും ടെംപിളുമൊക്കെ കാണില്ലേ ? അപ്പോള്‍ ചികിത്സ വേണ്ടെന്ന് വെയ്ക്കുമോ? ഈ വിവരദോഷികളാണ് എവിടെയും കുഴപ്പം ഉണ്ടാക്കുന്നത് . അതെല്ലാം ഇക്കൂട്ടര്‍ മതത്തിന്റെ പേരില്‍ കെട്ടിവെയ്ക്കുകയും ചെയ്യും . ഏതായാലും ഇപ്പോള്‍ കുഴപ്പൊന്നുമില്ല. ഞാന്‍ അവരെ കാര്യം ബോധ്യപ്പെടുത്തിയിട്ടുണ്ട്. നിങ്ങള്‍ ചിത്രങ്ങള്‍ കാണിച്ചുതന്നെ വാക്കുകളെ പരിചയപ്പെടുത്തുക .

പക്ഷെ ഞാന്‍ ആ രീതി തുടര്‍ന്നില്ല . അനാവശ്യ വിവാദങ്ങള്‍ ഉണ്ടാകുമ്പോള്‍ അതിനെ മറികടക്കാനുള്ള ആന്തരിക ബലം ഇവിടെ നിന്നും അനുദിനം ചോര്‍ന്നുപോകുന്നത് ഞാന്‍ അറിയുന്നുമുണ്ടല്ലോ !

വിദേശ ചിത്രങ്ങള്‍ കാട്ടുമ്പോള്‍ ഫ്രോക്കിട്ട പെണ്‍കുട്ടികളെ കണ്ടാല്‍മതി, കുട്ടികളില്‍ അടക്കിവെച്ച ചിരിയുണരും . സ്ത്രീ -പുരുഷ ബന്ധങ്ങളില്‍ സെക്‌സ് മാത്രമേ ഉള്ളുവെന്ന് കുട്ടികളില്‍ എങ്ങനെയോ വന്നുപെട്ടിട്ടുണ്ട് . സഹ അദ്ധ്യാപികയോടൊപ്പം  ഒരല്പ്പനേരം ഒന്നിച്ചു നടക്കുമ്പോഴും അവരില്‍ അതേ ചിരിയുണരും . 'ടീച്ചര്‍ ഇത് നിങ്ങളുടെ കാമുകിയല്ലേ' എന്നവര്‍ മുഖത്ത് നോക്കി ചോദിച്ച് നമ്മളെ നാണം കെടുത്തും . ദ്വീപിനകത്തെ ചെറിയ വൃത്തത്തില്‍ ലൈംഗികത അതിനേക്കാള്‍ ചെറിയ വൃത്തത്തില്‍ ചേര്‍ന്നുകിടക്കുന്നതാകണം കാരണം . ലൈംഗികതയുടെ  വിപുലമായ മാനത്തിലേക്ക് ചിന്തകളെ തുറന്നുവിടാന്‍ പ്രയുക്തമായ വാതിലുകള്‍ ദ്വീപുകള്‍ക്കുള്ളില്‍ എന്നും കാറ്റും വെളിച്ചവും കടത്താതെ അടഞ്ഞുതന്നെ കിടന്നു ! എങ്കിലും അതൊക്കെ അവരുടെ സ്വാതന്ത്ര്യമാണെന്ന് നമ്മള്‍ കരുതുന്നതാണ് അതിന്റെ ഭംഗി . ചെറിയൊരു ദ്വീപില്‍ മറ്റെന്താണ് അവര്‍ക്ക് ആനന്ദദായകമായിട്ടുള്ളത് !

Maldives

'നിങ്ങള്‍ കാഫിര്‍ ആണ് അല്ലേ ?'

ലൈംഗികതയുടെ വിസ്തൃതി പരിമിതപ്പെടുത്തുന്നപോലെ മതത്തേയും ദ്വീപുകാര്‍  ചെറിയ ലോകത്തില്‍ തന്നെ തളച്ചിടുന്നു . ചെറിയ ലോകത്തെ ചെറിയ മനുഷ്യരാണ് തങ്ങളെന്ന് സ്വയം നിജപ്പെടുത്തുമ്പോലെ നമുക്കത് അനുഭവപ്പെടും . അവരുടെ ചിന്തകളില്‍ പലപ്പോഴും സങ്കുചിതത്വത്തിന്റെയും താന്‍പോരിമയുടെയും നിഴല്‍ വീണ്ടുകിടപ്പുണ്ടാകും. മതം, രാഷ്ട്രം, രാഷ്ട്രീയം, സമൂഹം , ശുചിത്വം തുടങ്ങിയ വിഷയങ്ങളിലൊക്കെ അവരുടെ ഈ പ്രത്യേകത തെളിഞ്ഞുകിടപ്പുണ്ട് .

കുട്ടികള്‍ക്ക് കൊടുത്ത ഒരു പാരഗ്രാഫില്‍ ക്രിസ്ത്യന്‍ മതവിശ്വാസികളാണ് ലോകത്ത് കൂടുതലുള്ളതെന്നും രണ്ടാം സ്ഥാനത്താണ് ഇസ്ലാം  മതവിശ്വാസികള്‍ എന്നൊരു പ്രസ്താവന ഉള്ളതുകൊണ്ടാണ് ഒരിക്കല്‍ ഒരു മലയാളി അദ്ധ്യാപകന് ദ്വീപില്‍ നിന്നും സ്വരാജ്യത്തേക്ക് പോകേണ്ടിവന്നത് . ഒരുപക്ഷെ സൗദി അറേബ്യയില്‍ വരെ അങ്ങനെയൊന്ന് സംഭവിച്ചു കാണില്ല . ആ പാരഗ്രാഫ് ആ അദ്ധ്യാപകന്റെ സൃഷ്ടിയല്ല . ആരുടെയോ രചനയിലെ ഒരു ഭാഗം മാത്രം ! 

ലൈബ്രറി ക്ലാസ്സില്‍ ഇതേപോലെ മറ്റൊരനുഭവം നേരിട്ടതോര്‍ക്കുന്നു . മേശപ്പുറത്തുള്ള  വിശുദ്ധ ഖുര്‍ആന്റെ ഇംഗ്ലീഷ് പരിഭാഷ ഞാന്‍ മറിച്ചുനോക്കുകയായിരുന്നു . ഉടനെ  ഒരു കുട്ടി എന്നെ നോക്കിപ്പറഞ്ഞു . 'നിങ്ങള്‍ ഒരമുസ്ലീമല്ലേ . ആ പുസ്തകം തൊടാന്‍ പാടില്ല !'

സ്വയം ചുരുങ്ങിപ്പോകുന്നപോലെ തോന്നി . വേദനാജനകമായ ഒരവസ്ഥ . പുസ്തകത്തിനും അയിത്തവും മതവുമുണ്ടോ ? ഞാന്‍ ആ പുസ്തകം അവിടെത്തന്നെ അടച്ചുവെച്ചു . അപ്പോഴോര്‍ത്തത് വീട്ടിലെ ലൈബ്രറിയില്‍ സൂക്ഷിച്ച വിശുദ്ധ  ഖുര്‍ആന്റെ മൂന്ന് കോപ്പികളെക്കുറിച്ചാണ് . പക്ഷെ അക്കാര്യം  അവിടെ വിസ്തരിച്ചില്ല . അതില്‍ ഒരെണ്ണം ഏതാണ്ട് രണ്ട് പതിറ്റാണ്ട് മുന്‍പ് എന്‍ .ബി .എസ്സ് പുറത്തിറക്കിയ സി. എന്‍ . അഹമ്മദ് മൗലവി മലയാള ഭാഷയില്‍ പരിഭാഷപ്പെടുത്തിയ പുസ്തകമാണ്. ഇതര പുസ്തകങ്ങള്‍ ഇംഗ്ലീഷ് പരിഭാഷയിലുള്ളതും . മലയാള പരിഭാഷ ഞാന്‍ വാങ്ങിയതാണെങ്കില്‍ മറ്റു രണ്ടു പുസ്തകങ്ങളും എന്റെ മുസ്ലിം സുഹൃത്തുക്കള്‍ വായനയ്ക്കായി  തന്നതും . അതിലൊരാള്‍ ഹമീദ് എന്ന അറബി മാഷും . അക്കാര്യമൊക്കെ അവരോട് പറയുന്നതില്‍ അര്‍ത്ഥമില്ലെന്ന് തോന്നി. അവര്‍ക്ക് ആ സൗഹൃദങ്ങളുടെ ആഴവും പരപ്പും എങ്ങനെയറിയാന്‍ !

ക്ലാസ്സില്‍ ആദ്യമായി പോകുമ്പോള്‍ കുട്ടികള്‍ ഉറപ്പായും ചോദിക്കുന്ന ഒരു ചോദ്യമുണ്ട് .

'സാര്‍ നിങ്ങള്‍ മുസ്ലീമാണോ?' 

'അല്ല' എന്നാണ് ഉത്തരമെങ്കില്‍ 'അപ്പോള്‍ നിങ്ങള്‍ കാഫിര്‍ ആണ് അല്ലേ?' എന്നാകും അടുത്ത ചോദ്യം .

മതവിശ്വാസിയല്ലാത്ത എന്നില്‍ അത് ചിരിപടര്‍ത്തുമ്പോള്‍ കുട്ടികള്‍ തുടരും . 'എന്നാല്‍ നിങ്ങള്‍ക്ക് മുസ്ലീമായിക്കൂടെ ?' 

ആ ചോദ്യത്തെ സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കില്‍ ബുദ്ധിമുട്ടാവും . എന്തെങ്കിലും വായില്‍ നിന്നും വീണാല്‍ അത് ചിലപ്പോള്‍ ഇവിടെ മതനിന്ദ ആകാനിടയുണ്ട് ! സമുദ്ര സ്‌നേഹത്തിന്റെയും കരുണയുടെയും സാഹോദര്യത്തിന്റെയും ഇഴകളാല്‍ ബന്ധിതമായ ഒരു സത്യാന്വേഷണത്തെ , ദൈവ സംഹിതയെ ദ്വീപിലെ കാഴ്ചകള്‍ കൊണ്ട് സങ്കുചിതമാക്കുന്നതിന്റെ പരിമിതികളാണിത് . ദൈവവചനങ്ങളുടെ കടലാഴങ്ങള്‍ അവരുടെ അജ്ഞതകൊണ്ട് ദ്വീപിന്റെ കുഞ്ഞു വിസ്തൃതിയിലമര്‍ത്തുന്നു. പുതിയ ലോക ക്രമങ്ങളില്‍ ഉയരുന്ന മതസ്പര്‍ദ്ധ ജനതയുടെ സൗഹൃദങ്ങളില്‍ വിള്ളലുകള്‍ വീഴ്ത്തുമ്പോഴും അതിനെ അതിശക്തമായി നേരിടുന്ന നമ്മുടെ നാട്ടിലെ ഹിന്ദു -മുസ്‌ളീം- ക്രിസ്ത്യന്‍  പാരസ്പര്യം ഇവര്‍ക്കറിയില്ലല്ലോ !  

അപ്പോള്‍ തിരിച്ചറിയാം , നാട്ടിലെ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ വില ! ആ സ്വാതന്ത്ര്യത്തില്‍ ഇപ്പോള്‍ വിള്ളലുകള്‍ വീഴുന്നുണ്ടാകാം . എങ്കിലും , എല്ലാ ന്യൂനതകളോടും കൂടി സ്വരാജ്യത്തെ സ്‌നേഹിക്കാന്‍ പ്രേരിപ്പിക്കുന്നത് അവിടെ പ്രകടിപ്പിക്കാവുന്ന സ്വാതന്ത്ര്യം തന്നെയാണ് . അത് അസ്തമിക്കുമ്പോള്‍ ഒരു രാജ്യത്തെ  ജനത മുഴുവന്‍ മൃതമാവുന്നു . 

പ്രവാസികള്‍ , എല്ലാ സുഖ സൗകര്യങ്ങളും അവര്‍ ജീവിക്കുന്ന ഇടങ്ങളില്‍  ലഭിക്കുമെങ്കില്‍ കൂടിയും, എത്രമേല്‍  നിസ്വരാണ് !(തുടരും)

(* കുവ്വേരിന്‍ എന്നാല്‍ ദ്വിവേഹി ഭാഷയില്‍ തടവുകാരന്‍ എന്നര്‍ഥം. മാലദ്വീപിലെ ജയിലാണ് ധൂണിതു. ഇവിടെ​ ഒന്‍പത് മാസം തടവുകാരനാക്കപ്പെട്ട അധ്യാപകനാണ് ലേഖകന്‍)

Read more : 'ആ പഴയ ചാരസുന്ദരി പോലീസ് വകുപ്പില്‍ ജോലി ചെയ്യുകയാണെന്ന് അറിഞ്ഞു

'ശരീരപരിശുദ്ധി പെണ്ണിനുമാത്രം പറഞ്ഞതല്ലല്ലോ സാര്‍; ആണിനും വേണം അതേ പരിശുദ്ധി'

'നിങ്ങളുടെ ക്ലാസ്സില്‍ കുട്ടികള്‍ അടങ്ങിയിരിക്കുന്നില്ല . അതുകൊണ്ട്‌ നിങ്ങളെ ടെര്‍മിനേറ്റ് ചെയ്യും