ദ്വീപില്‍ ജീവിക്കാന്‍ തുടങ്ങുമ്പോള്‍ അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്‌നം മടുപ്പാണ്. ഒരേ ആളുകളുടെ സാന്നിധ്യവും ഇടപെടലും മടുപ്പ് സൃഷ്ടിക്കുമെന്നത് ദ്വീപ് ജീവിതം പകര്‍ന്ന അറിവാണ് . കിണറിലെ ജലം ഒരേ പടവുകള്‍ കണ്ട് നിശ്ചലമാകുന്ന അവസ്ഥ . അത് ഏത് ദ്വീപ് ജീവിതത്തിനും പാകമാവുമെന്ന് ഞാന്‍ മനസ്സിലാക്കി. 

ദ്വീപുകളില്‍ കുട്ടികള്‍ക്ക് അദ്ധ്യാപകരെ കണ്ടു മടുക്കും. അദ്ധ്യാപകര്‍ക്ക് രക്ഷിതാക്കളെ മടുക്കും. സ്‌കൂള്‍ മാനേജ്‌മെന്റിന് ഇടപെട്ടിടപെട്ട് പുറത്തുനിന്ന് വന്നവരെയും മടുക്കും . പിന്നെ ദ്വീപ് ജീവിതം തന്നെ മടുക്കും. അങ്ങനെ പലതരം മടുപ്പുകള്‍ . പതുക്കെ ഒരു ജീവിതമാര്‍ഗം അടയുന്നതിലേക്ക് അത് നയിക്കാം.

നമുക്കിടയിലെ ചില കുടുംബങ്ങളിലും ആ പ്രശ്‌നമുണ്ട്. കുടുംബം ഒരു ദ്വീപായിത്തീരുമ്പോള്‍ സംഭവിക്കുന്നത്. ഒരു കൂരയ്ക്ക് കീഴെ 'ഇരു ദ്വീപുകളിലായി' വര്‍ഷങ്ങളായി  ജീവിക്കുന്ന എത്രയോ ദമ്പതികളുണ്ട് . മിണ്ടാട്ടമില്ല .നോട്ടമില്ല. ഒരു മുറിയില്‍ നിന്ന് ഇതര മുറികളിലേക്കുള്ള വഴിയിലൂടെ ഒന്നും അറിയാതെയുള്ള നടപ്പ് മാത്രം . പുറത്തുള്ളവര്‍ ഒന്നും അറിയാതിരിക്കാനുള്ള  ശ്വാസംമുട്ടല്‍ . ഇരു 'ദ്വീപുകളിലേക്കും ' ഇടയ്ക്കിടെ എത്തിനോക്കുന്ന പാവം കുഞ്ഞുങ്ങള്‍ . ചിരിയടഞ്ഞ അന്തരീക്ഷം . ഇരുണ്ട വീട് . ദ്വീപ് ജീവിതത്തിന് ആ ഇരുണ്ട വീടിന്റെ ഛായയുണ്ടെന്ന് തോന്നിയെങ്കില്‍ അത് സ്വാഭാവീകം മാത്രം! 

'മടുപ്പ്' വിഷയത്തില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു മലയാളി അദ്ധ്യാപകന് നേരിട്ട അനുഭവം രസകരമാണ് . അന്ന് ദ്വീപില്‍ ഇത്ര സൗകര്യങ്ങളില്ല . വൈദ്യുതി, ഫോണ്‍ തുടങ്ങിയ അവശ്യ സൗകര്യങ്ങള്‍ പോലും വിപുലമായില്ല . പത്താം ക്ലാസ് ജയിക്കാത്ത സൂപ്പര്‍വൈസറുടെ കീഴിലായിരുന്നു ആ മലയാളി അദ്ധ്യാപകന്റെ ജോലി. അദ്ധ്യാപകനാകട്ടെ ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നതില്‍ മിടുക്കനും. ഇരുവരും നല്ല സൗഹൃദത്തിലായി. പതിയെ സൂപ്പര്‍വൈസറുടെ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം മെച്ചപ്പെട്ടു. ദീര്‍ഘനാളത്തെ സൗഹൃദത്തിനൊടുവില്‍, ഒരു ദിവസം സാമാന്യം മെച്ചപ്പെട്ട ഇംഗ്ലീഷില്‍ സൂപ്പര്‍വൈസര്‍ പറഞ്ഞു . 'സര്‍, നിങ്ങളെ എനിക്ക് മടുത്തു ! ' 

Maldives

അത് ഒരു സ്ഥലം മാറ്റത്തിലേക്കുള്ള വഴിതുറക്കലായിരുന്നു. അതൊരിക്കലും അദ്ധ്യാപകന്‍ പ്രതീക്ഷിച്ചിരുന്നില്ല. വൈകാതെ ട്രാന്‍ഫര്‍ ഓര്‍ഡര്‍ വന്നു. വിദൂരമായ ഒരു ദ്വീപിലേക്കാണ് മാറ്റം . ഇനി ഒരിക്കലും ഈ വഴിക്ക് കണ്ടുപോകരുതെന്ന ധ്വനി അതില്‍ ഉള്‍ച്ചേര്‍ന്ന് കിടക്കുമ്പോലെ ! 

പുതിയവര്‍ വരുന്നതാണ് ഇവര്‍ക്കിഷ്ടം. എന്നിട്ടും ആ പുതുമയോ കൂടുതല്‍ നീണ്ടു നില്‍ക്കില്ല. അവരെയും മടുത്തവര്‍തന്നെ ദൂരെയകറ്റും . ഇതിന്നിടയിലൂടെ ചിലര്‍ അഞ്ചോ പത്തോ വര്‍ഷം ഒരിടത്ത് തന്നെ പൂര്‍ത്തിയാക്കിയെങ്കില്‍ അത് അത്ഭുതം. അവരുടെ ഭാഗ്യം. മുഹാമിന്‍ പറഞ്ഞതുപോലെ  ലേഡി ടീച്ചേര്‍സ് വരുന്നതില്‍ അവര്‍ക്ക് കൗതുകം കാണും . വരുന്നത് സുന്ദരിയാണെങ്കില്‍ അതിന്റെ അളവ് കൂടുതല്‍ മെച്ചപ്പെടാം!   

ഒരു സുന്ദരിയുടെ കഥ 

ലാല്‍സന്‍ എന്ന സഹപ്രവര്‍ത്തകന്‍ ജോലി രാജിവെച്ച് നാട്ടിലേക്ക് മടങ്ങുമ്പോള്‍ ഒരു പ്രഷര്‍കുക്കര്‍ എനിക്ക് തന്നിട്ട് പറഞ്ഞു . 'സാറേ, ഈ കുക്കര്‍ ഇതേവരെ ഞാന്‍ സൂക്ഷിച്ചു. ഇനി ഇത് നിങ്ങള്‍ക്കുള്ളതാണ് . ഈ കുക്കറിന് ഒരു കഥ പറയാനുണ്ട് . ഒരു സുന്ദരിയുടെ കഥ.'

ആ കഥ ലാല്‍സന്‍ പറഞ്ഞുതുടങ്ങി . ദ്വീപില്‍ അദ്ധ്യാപികയായി വന്നതാണ്‌. വിവാഹം കഴിഞ്ഞ് അധിക നാളായിട്ടില്ലാത്ത അതീവ സുന്ദരിയായ മലയാളി യുവതി . മാലദ്വീപിന്റെ  തെക്കേയറ്റമായ അഡു അറ്റോളിലാണ് അവള്‍ക്ക് ജോലി ചെയ്യാന്‍ അവസരം ലഭിച്ചത്. തലസ്ഥാന നഗരിയില്‍ നിന്നും ഏറെ സഞ്ചരിക്കാനുണ്ടെങ്കിലും ജോലി കിട്ടിയതിലുള്ള അടങ്ങാത്ത സന്തോഷം അവള്‍ക്കുണ്ട് . അദ്ധ്യാപികയായി രണ്ടോ മൂന്നോ ആഴ്ചകള്‍ പിന്നിട്ടപ്പോഴേക്കും ആ സന്തോഷത്തില്‍ വിള്ളലുകള്‍ വീണു. സ്വന്തം ശിഷ്യനാണ് പ്രശ്‌നം.

സുന്ദരിയായ ടീച്ചറോട് അവന് അടങ്ങാത്ത അഭിനിവേശം. അവനത് തുറന്ന് പറയുക മാത്രമല്ല സ്ഥിരമായി അവളുടെ വീട്ടില്‍ കുത്തിയിരുപ്പും തുടങ്ങി. അത് നിരന്തര ശല്യമായി മാറി. ദ്വീപില്‍ അനുനിമിഷം അവള്‍ക്ക് കടുത്ത മടുപ്പനുഭവപ്പെട്ടു. പിന്നീട് തൊഴിലിന്റെ വലുപ്പമോ ശമ്പളമോ അവള്‍ ചിന്തിച്ചില്ല. ശരം വിട്ടപോലെ നാട്ടിലേക്ക് മടങ്ങി. മടക്കയാത്രയില്‍ ലാല്‍സനെ  കാണുമ്പോഴും അവളുടെ കിതപ്പ് മാറിയിരുന്നില്ല . അത്രയേറെ അവള്‍ ഭയന്നിരുന്നു . കുക്കര്‍ കൊണ്ടുവരാന്‍ മറന്ന ലാല്‍സന് സ്വന്തം കുക്കര്‍ സമ്മാനമായി നല്‍കി അവള്‍ നാട്ടിലേക്ക് മടങ്ങി !

Maldives

നിങ്ങളെ എനിക്കും മടുക്കുന്നു !

ഹൈസ്‌കൂള്‍ തലത്തിലോ അപ്പര്‍ പ്രൈമറി തലത്തിലോ ഒരദ്ധ്യാപകന്‍ തന്നെ പ്രമോഷന്‍ അനുസരിച്ച് മുന്നേറുന്ന കുട്ടികളെ പഠിപ്പിക്കേണ്ടി വരും. ഒന്നില്‍ കൂടുതല്‍ വര്‍ഷം ഒരാള്‍ തന്നെ ഒരേ കുട്ടികളെ പഠിപ്പിക്കുമ്പോള്‍ അവര്‍ പറയും. 'ടീച്ചര്‍, നിങ്ങളെ വല്ലാതെ മടുക്കുന്നു!'

നമ്മുടെ നാട്ടില്‍ അങ്ങനെയൊന്ന് കേള്‍ക്കാനിടയില്ല . മികച്ച അദ്ധ്യാപകരാണെങ്കില്‍ അവരുടെ ക്‌ളാസില്‍ എത്ര വര്‍ഷവും ഇരിക്കാന്‍ സന്നദ്ധരാണ് ഇവിടെയുള്ള കുട്ടികള്‍ . കഴിവില്ലാത്തവരെ ആദ്യക്ലാസില്‍ തന്നെ അവര്‍ എഴുതിത്തള്ളും . ഈയിടെയായി ഒരു പത്താം ക്ലാസ്സുകാരി എന്നോട് പറഞ്ഞതോര്‍ക്കുന്നു .

'എന്തൊരു ചളിയാണ് സാര്‍, അയാള്‍ ക്‌ളാസില്‍ വിളമ്പുന്നത്. ഒരു കുന്തവും അറിയില്ല. വെറുതെ ജാലവിദ്യ കാട്ടുകയാണ് ആ സാര്‍ .  ദൈവമേ, സഹിക്കുകയല്ലാതെ എന്ത് ചെയ്യും ! ' 

പെണ്‍കുട്ടി പറഞ്ഞ അദ്ധ്യാപകനെ എനിക്ക് നേരിട്ടറിയാം . ലോകത്തുള്ളവരെയെല്ലാം  പുച്ഛമാണയാള്‍ക്ക് . എല്ലാ വിഷയത്തിലും കേമനാണെന്ന അവകാശവാദവുമുണ്ട് . കുട്ടികള്‍ക്ക് മുന്നില്‍ താനെത്ര പരിഹാസ്യനാണെന്ന് അയാള്‍ അറിയുന്നുണ്ടാകില്ല .

തന്റെ മുന്‍പിലിരിക്കുന്ന കുട്ടികള്‍ക്ക് ഒരു വിവരവുമില്ലെന്ന്  കരുതുന്നിടത്തിലാണ് ചിലര്‍ക്ക് പിഴയ്ക്കുന്നത്. പഠിപ്പിക്കേണ്ട വിഷയത്തില്‍ അവഗാഹമില്ലാത്തതും ശുഷ്‌കമായ വായന തീര്‍ക്കുന്ന ആത്മവിശ്വാസക്കുറവും ശിഷ്യര്‍ ശത്രുക്കളാണെന്ന തോന്നലുളവാക്കാം. നിരന്തര വായന നമ്മുടെ എത്ര അധ്യാപകര്‍ക്കിടയില്‍ കാണും ? 

നാസി തടവറയില്‍ വെച്ച് അതി ദയനീയമായി മൃതിയടഞ്ഞ ആന്‍ ഫ്രാന്‍കിന്റെ 'ഡയറി ഓഫ് എ യങ് ഗേള്‍ '  എന്ന പുസ്തകത്തിന്റെ ആമുഖത്തില്‍ പറയുന്നത് അക്കൂട്ടര്‍ ശ്രദ്ധിക്കേണ്ടതാണ് . 'കുട്ടികള്‍ എത്രയോ നിഷ്‌കളങ്കരാണ് . അതുകൊണ്ടുതന്നെ അവര്‍ കള്ളം പറയില്ല '. അതാണ് കുട്ടികളുടെ വലുപ്പവും അറിവും . 

തന്റെ മുമ്പിലിരിക്കുന്ന 'വിവരം കെട്ടവരാണ്' തന്റെ പില്‍ക്കാല ചരിത്രം രചിക്കുന്നതെന്ന് എത്ര അദ്ധ്യാപകര്‍ കരുതുന്നുണ്ടാകും . സ്‌കൂളിന്റെ  സ്റ്റാഫ് മുറിയിലിരുന്ന് പഠിപ്പിക്കുന്ന കുട്ടികളുടെ പ്രായമോ പക്വതയോ മനസ്സിലാക്കാതെ അവര്‍ക്ക് സംഭവിച്ചുപോയ ചില വീഴ്ചകളെക്കുറിച്ച്  അറപ്പുളവാക്കുന്ന രീതിയില്‍ സംസാരിക്കുന്ന അദ്ധ്യാപകരായ സ്ത്രീകളെയും പുരുഷന്മാരേയും പലതവണ കണ്ടിട്ടുണ്ട് . അവരോര്‍ക്കേണ്ടത് മറ്റൊന്നാണ് . പത്തോ പതിനഞ്ചോ വര്‍ഷങ്ങള്‍ പിന്നിട്ടാല്‍ താന്‍ പഠിപ്പിക്കുന്ന കുട്ടികള്‍ എന്താകും തന്നെക്കുറിച്ച് പറയാനിടയാകുക എന്നത് .

ക്ലാസ്സില്‍ അദ്ധ്യാപകര്‍ പറയുന്ന ഒരാശയമോ വാക്കുകളോ പില്‍ക്കാലത്ത് അതിന്റെ നന്മ കൊണ്ടും ക്രാന്തദര്‍ശിത്വം കൊണ്ടും നെഞ്ചിലേറ്റി നടക്കുന്നവരാണ് കുട്ടികള്‍. അതേപോലെ ക്ലാസ്സിലിരുന്നത് മുതല്‍ പില്‍ക്കാലത്തുള്ള ഓരോ ഘട്ടത്തിലും പഠിപ്പിച്ച അദ്ധ്യാപകരുടെ പിഴച്ച വാക്കുകളെ നിരന്തരം പഴിക്കുന്ന കുട്ടികളുമുണ്ട്. നിഷ്‌കളങ്കതയില്‍ നിന്നാണ് കുട്ടികള്‍ അത്തരത്തില്‍ പ്രതികരിക്കുന്നത്. ഒരു കടല്‍ പോലെ ഇറ്റിവീഴുന്ന എല്ലാ വാക്കുകളുടെ മഴയും അവര്‍ നെഞ്ചിലേറ്റുന്നു.  അതൊരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാകണം . 

ദ്വീപിലെ കുട്ടികള്‍ മുഖത്തു നോക്കി അങ്ങനെ പറയുന്നതില്‍ ഒരു സത്യമുണ്ട് . ദ്വീപുകളില്‍ മനുഷ്യരുടെ എണ്ണം വളരെ  കുറവാണ് . ഞാന്‍ ഒടുക്കം ജോലി ചെയ്ത ഫിയലിയില്‍ ആയിരത്തി ഇരുനൂറു ആളുകള്‍ മാത്രമേയുള്ളൂ .നമ്മുടെ നാട്ടിലെ  ഒരു ശരാശരി കല്യാണത്തിന് ഏതാണ്ട് അത്രയും പേര്‍ കാണും . ദ്വീപിലേക്ക് പുറത്തുനിന്നും അധികം പേര്‍ വരാനുമില്ല . കണ്ടവരെ തന്നെ വീണ്ടും വീണ്ടും കാണണം . കണ്ടുകൊണ്ടേയിരിക്കണം . ഒരു ദിവസം ഒരാളെത്തന്നെ പത്തോ ഇരുപതോ തവണ കാണുക കാഴ്ചയിലെ ദുരന്തമാണ് . ക്‌ളാസ്സിലും അതാവര്‍ത്തിക്കുമ്പോള്‍  കുട്ടികളുടെ ചോദ്യം അനിവാര്യവും . 

എന്നിട്ടും എന്റെ നിലനില്പിനുവേണ്ടി ഞാനും തിരിച്ചടിച്ചു .'നിങ്ങളെ എനിക്കും മടുക്കുന്നു ! '

കുട്ടികള്‍ പിന്നീട് ആ ചോദ്യം ഉന്നയിച്ചില്ല .അത്തരത്തില്‍  ചോദ്യം ചെയ്യുന്നതും അവര്‍ക്ക്  മടുത്തു കാണണം ! 

വായ്‌നോട്ടത്തിന്റെ പ്രത്യയശാസ്ത്രത്തെക്കുറിച്ച് കൂടുതല്‍ ചിന്തിച്ചത് ദ്വീപില്‍ വന്ന ശേഷമാണ് . ലോകത്ത് വായ്‌നോട്ടം ചെറുതായെങ്കിലും കൊണ്ടുനടക്കാത്ത മനുഷ്യരുണ്ടാകില്ല . ഞാന്‍ ആ വിഭാഗത്തില്‍ പെട്ടവരെല്ലെന്ന് പറയുന്നവര്‍ പലപ്പോഴും അതിന്റെ അപ്പോസ്തലരാകാം ! കാഴ്ചയിലെ സുന്ദരമായ വിരുന്നുകൂടിയാണ് നിരുപദ്രവമായ വായ്‌നോട്ടം . 

റോഡുകളില്‍ , തെരുവുകളില്‍ , കാമ്പസ്സില്‍ ,തിയ്യേറ്ററുകളില്‍ , മാളുകളില്‍ , ജോലിസ്ഥലങ്ങളില്‍ തുടങ്ങി ഒഴുകാനിടയുള്ള മനുഷ്യരുടെ വൈവിധ്യം തന്നെയാണ് വായ്‌നോട്ടത്തിന്റെ ആധാരശില . വായ്‌നോട്ടത്തില്‍ പ്രതിഭ തെളിയിച്ചയാള്‍ ദ്വീപിലെത്തിയാല്‍ പെട്ടതുതന്നെ ! ഒരാളെതന്നെ കണ്ട് കണ്ട് അയാളുടെ  'വായ്‌നോട്ടകല'  മടുപ്പിന്റെ നെടുങ്കയത്തില്‍ മുങ്ങിമരിച്ചുപോകാം .