'നിങ്ങള്‍ക്ക് ഞങ്ങളോട് കടുത്ത ദേഷ്യമുണ്ടാകില്ലെന്ന് പ്രതീക്ഷിച്ചോട്ടെ. ഞാന്‍ ഉദ്ദേശിച്ചത് എന്റെയും കുടുംബത്തിന്റെയും കാര്യമാണ്. അത്രയും ഹീനമായ കാര്യമല്ലേ അന്ന് നിങ്ങള്‍ക്കെതിരെ നടന്നത്. ഒരു വ്യക്തിയോടും ആരുമിങ്ങനെ ചെയ്യരുത്. ഇക്കാര്യത്തില്‍ ടീച്ചര്‍ ഞങ്ങളെ ഒരിക്കലും കുറ്റപ്പെടുത്തരുതേ... ഞങ്ങളെന്നും നിങ്ങളോടൊപ്പമാണ്. നിങ്ങള്‍ കുടുംബത്തില്‍ തിരിച്ചെത്തിയതില്‍ ഞങ്ങള്‍ക്ക് അങ്ങേയറ്റം സന്തോഷമുണ്ട്. സാര്‍ സുഖമായിട്ടിരിക്കൂ... എന്റെ സ്‌നേഹാദരങ്ങള്‍...'
2015 ജനുവരി 16 ന് ഫേസ്ബുക്ക് മെസ്സഞ്ചര്‍ വഴി ഉമ്മു സലഫ് എന്ന മാലദ്വീപിലെ യുവതി എനിക്കയച്ച സന്ദേശമാണിത്. എനിക്കെതിരെ പരാതി കൊടുത്ത ഷാവിന്‍ മുഹമ്മദ് എന്ന കുട്ടിയുടെ സഹോദരിയാണ് ഉമ്മു സലഫ്. അവള്‍ ഫിയലി ഹെല്‍ത്ത് സെന്റ്ററില്‍ നഴ്സായി ജോലി ചെയ്യുകയാണ്. ആ സന്ദേശം ലഭിക്കുന്നതിനും ഏതാണ്ട് ഇരുപത് നാളുകള്‍ക്ക് മുന്‍പ് തടവറയില്‍ സ്വയം എരിഞ്ഞടങ്ങുമെന്ന് കരുതിയ ഒരാളില്‍ ഉമ്മുവിന്റെ കുറിപ്പിലെ ഓരോ വാക്കുകളും ഉണര്‍ത്തിയ വൈകാരിക വേലിയേറ്റം പറയുക വയ്യ. വീട്ടില്‍ തിരിച്ചെത്തിയിട്ടും തികട്ടുന്ന തടവറയുടെ ശേഷിപ്പുകളിലാണ് അപ്പോള്‍ ഞാന്‍. അന്നത്തെ ചുറ്റുപാടില്‍ അവളുടെ വാക്കുകള്‍ ചില നിഗൂഢതകളിലേക്ക് വെളിച്ചം പകരുന്നതായി എനിക്ക് തോന്നി.
പരാതി കൊടുത്തെന്ന് പറയുന്നവര്‍ അതപ്പോഴേ നിഷേധിച്ചതാണ്. ഫിയലിയില്‍ നിന്നും ഒടുക്കം യാത്രയാകുന്ന നാള്‍ ഷാവിന്റെ പിതാവ്, താന്‍ അറിയാതെ ചെന്നെത്തിയ പിഴവില്‍ അതീവ ദുഃഖിതനായി എന്റെ കൈകള്‍ ചേര്‍ത്ത് പിടിച്ച് ക്ഷമ യാചിച്ചതും ഓര്‍മ്മയിലുണ്ട്. എന്നിട്ടും കാര്യങ്ങള്‍ മറ്റൊന്നായി പരിണമിച്ചതില്‍ എനിക്കിപ്പോഴും മനസ്സിക്കാന്‍ കഴിയാത്ത ആരുടെയോ നിക്ഷിപ്ത താല്പര്യമുണ്ട്. അതാരെന്നറിയാന്‍ കഴിഞ്ഞില്ലെങ്കിലും അതില്‍ നിന്നും രക്ഷനേടിയത് തലനാരിഴക്കാണെന്ന് വളരെ കൃത്യമായി ഞാന്‍ പിന്നീട് തിരിച്ചറിഞ്ഞു.
ഫിയലി സ്‌കൂള്‍ മാനേജ്മെന്റ് ജന്‍ഡര്‍ മിനിസ്ട്രിക്ക് അയച്ച ആരോപണവും അതേത്തുടര്‍ന്ന് ഉണ്ടായ എന്റെ അറസ്റ്റും മറ്റൊരു ലക്ഷ്യത്തിലേക്കുള്ള ചവിട്ടുപടി മാത്രമായിരുന്നു. അതിന്റെ ചില സൂചനകള്‍ തടവറയില്‍ കഴിയുമ്പോള്‍ തന്നെ എനിക്ക് ചെറുതായി ബോധ്യപ്പെട്ടു. അക്കാര്യം ഇവിടെ വെളിപ്പെടുത്തേണ്ടത് അനിവാര്യവും. കേസിന്റെ ഘടനയില്‍ അന്തര്‍ലീനമായ മറ്റ് ലക്ഷ്യങ്ങളിലേക്കുള്ള രണ്ട് സൂചനകളാണ് പ്രധാനമായും ഞാന്‍ അറിഞ്ഞത്. അതിലൊന്ന് ശിക്ഷയുടെ കാലയളവാണ്. എന്റെ കേസിന് ലഭിക്കാവുന്ന പരമാവധി ശിക്ഷ മാലദ്വീപില്‍ പതിനഞ്ച് വര്‍ഷമാണ്. എന്നിട്ടും ഇരുപത്തിയഞ്ച് വര്‍ഷം ശിക്ഷ ലഭിക്കാനിടയുണ്ടെന്ന കാര്യമാണ് ഇന്ത്യന്‍ എംബസിയിലെ ഒരുദ്യോഗസ്ഥന്‍ തടവിന്റെ ഏഴാം മാസത്തില്‍ ഭാര്യയെ അറിയിച്ചത്. രണ്ടാമത്തെ കാര്യം, ഞാന്‍ മോചിപ്പിക്കപ്പെട്ട ശേഷം വളരെ പെട്ടെന്ന് നാട്ടിലെത്തിച്ചതിന് പിന്നിലെ വസ്തുതയാണ്. അത് പ്രധാനമായും ചില ദ്വീപുകാര്‍ എന്റെ ജയില്‍ മോചനത്തെ തടയണമെന്നാവശ്യപ്പെട്ട് നടത്തിയതെന്ന് പറയപ്പെടുന്ന രോഷപ്രകടനവും.
എനിക്കെതിരെയുള്ള കേസ്, അതിന് കാരണക്കാരായവര്‍ പിന്‍വലിച്ചതിനെത്തുടര്‍ന്ന് മിനിസ്ട്രി ഓഫ് എജുക്കേഷന് എന്നെ കൈമാറാനാണ് സാധ്യതയെന്ന് തടവിന്റെ ആദ്യ ഘട്ടത്തില്‍ സഹപ്രവര്‍ത്തകനായ പ്രകാശ് വഴി ഞാന്‍ അറിഞ്ഞിരുന്നു. മാസങ്ങളോളം ആ വിശ്വാസത്തിലായിരുന്നു ഞാന്‍. പിന്നീട് കേസിനകത്ത് ചില അടിയൊഴുക്കുകള്‍ നടക്കുന്നുണ്ടെന്ന് തോന്നി. അതിന് ചില കാരണങ്ങളുമുണ്ട്. ആദ്യ ഘട്ടത്തില്‍ സാക്ഷികളായിരുന്ന അദുഹാം, അമീന്‍ അല്‍ റഷീദ് എന്നീ കുട്ടികള്‍ പിന്മാറിയിരുന്നു. എന്നാല്‍ മാസങ്ങള്‍ പിന്നിട്ടപ്പോള്‍ അതിലൊരു കുട്ടി ആരുടേയോ താല്പര്യത്തിലെന്നപോലെ എനിക്കെതിരെ തെളിവ് കൊടുക്കുമെന്ന കാര്യത്തില്‍ ഉറച്ചു നിന്നതാണ് സംശയം ജനിപ്പിച്ചത്. ഈ സൂചനകളെല്ലാം കാട്ടുന്നത് എന്റെ കേസ് യഥാര്‍ത്ഥത്തില്‍ മറ്റൊന്നാകാമെന്നാണ്. അത് ദ്വീപില്‍ ജോലി ചെയ്യുന്ന നാളുകളില്‍ 'നാലാമിടം' എന്ന ഓണ്‍ലൈന്‍ പ്രസിദ്ധീകരണത്തില്‍ വന്ന എന്റെ എഴുത്തുകളുമായി ബന്ധപ്പെട്ടതാകണം. മറ്റ് സാധ്യതകളൊന്നും കാണുന്നില്ല.
'നാലാമിട'ത്തില്‍ ഏഴു ലക്കങ്ങളായി വന്ന എന്റെ ദ്വീപെഴുത്തുകള്‍ ദ്വീപ് കണ്ട ഒരാളുടെ കുറിപ്പുകള്‍ മാത്രമാണ്. ഓരോ കാഴ്ചയും ഓരോ സ്‌കെച്ച് എന്ന തലത്തില്‍ പകര്‍ത്തപ്പെട്ടവ. ഒരുപക്ഷെ വിദേശയാത്ര ചെയ്യുന്നയാള്‍ താന്‍ കണ്ട രാജ്യത്തിലെ രസകരമായ കാഴ്ചകള്‍ എപ്രകാരമാണോ പകര്‍ത്തുക ആ നിലയ്ക്ക് എഴുതപ്പെട്ടവ. ആ എഴുത്തുകളില്‍ എവിടെയും ആ രാജ്യത്തിന്റെ മതം, സംസ്‌കാരം, രാഷ്ട്രീയം എന്നിവയെ മുറിവേല്‍പ്പിക്കുന്നതൊന്നും ഉണ്ടായിരുന്നില്ല. ഒരു വിദേശരാജ്യത്ത് ജീവിക്കുമ്പോള്‍ ആ ജനതയെ മുറിവേല്‍പ്പിക്കുന്ന തരത്തിലെഴുതുകയെന്നത് ഇരിക്കുന്ന കൊമ്പ് മുറിക്കുന്നതിന് തുല്യമല്ലേ? അത് ചെയ്യാനിടയുള്ള വിവേകശൂന്യരില്‍ ഞാന്‍ പെടില്ല.
ആ എഴുത്തിലെ ചില പാരഗ്രാഫുകള്‍ ഇവിടെ കൊടുക്കുന്നു. അന്ന് പ്രസിദ്ധീകരിച്ച പല ലേഖനങ്ങളില്‍ നിന്നും പകര്‍ത്തപ്പെട്ടവ.
' ദ്വീപില്‍ ഞാന്‍ കണ്ട ആരിലും നമ്മുടെ നാട്ടില്‍ വേരൂന്നിയ ലൈംഗികതയെക്കുറിച്ചുള്ള കപട സദാചാര പ്രഖ്യാപനങ്ങളില്ല. വിശപ്പ് മാറാത്തവന്റെ ആര്‍ത്തിയുമില്ല. രതി അവര്‍ ശബ്ദഘോഷമില്ലാതെ ആഘോഷിക്കുന്ന വിരുന്നാണ്. നമ്മുടേതുപോലെ അടിച്ചമര്‍ത്തപ്പെട്ട മനസ്സിന്റെ കുടുസ്സുമുറിയില്‍ ഞെളിപിരികൊണ്ട് പഴുത്ത് വ്രണവും ചലവുമായി പുറത്തേക്ക് വമിക്കുന്ന ദുര്‍ഗന്ധത്തിന്റെ ലാവയല്ല ഇവരുടെ ലൈംഗിക പ്രകടനം. മറിച്ച്, ഒരു ഭാരവുമില്ലാതെ ജീവിതത്തെ കാണാന്‍ വെമ്പുന്നവരുടെ സ്‌നേഹവസന്തമാണത്. രതി ഒരര്‍ത്ഥത്തില്‍ അവരുടെ ആത്മസാക്ഷാത്ക്കാരത്തിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനം കൂടിയാണ്. '
'തിരുവനന്തപുരത്ത് നിന്ന് ഏതാണ്ട് പത്തുമണിക്കൂര്‍ നീണ്ട തീവണ്ടിയാത്ര വേണം കോഴിക്കോട് ജില്ലയിലെ എന്റെ നാടെത്താനെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അയാള്‍ തലയില്‍ കൈവെച്ചു. ' ദൈവമേ! കരയിലൂടെ പത്തുമണിക്കൂര്‍ യാത്ര! ' അവിശ്വസനീയത കൊണ്ട് അയാള്‍ വല്ലാതെ പൊറുതിമുട്ടിയിട്ട് വീണ്ടും വീണ്ടും എന്നെ നോക്കി. ദ്വീപുകളില്‍ വിദേശരാജ്യം കണ്ടവര്‍ ഏറെയുണ്ടെങ്കിലും ദ്വീപിനപ്പുറത്തെ വിശാലത അവരെ അമ്പരപ്പിക്കുമ്പോലെ തോന്നി.'
' ഏതാണ്ട് ഒരു ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ദ്വീപിലെ ബീച്ചില്‍ കൂട്ടുകാരികളുമായി ആളുകള്‍ കാറില്‍ വന്നിറങ്ങുന്നത് കാണാറുണ്ട്. ബീച്ചിലെ മണലിലിരുന്ന് വിശ്രമനേരം ഭക്ഷണം കഴിച്ചും സൊറ പറഞ്ഞും രസിക്കാനാണ് അവരുടെ വരവ്. സത്യത്തില്‍, അവരുടെ വീട്ടില്‍ നിന്നും അഞ്ച് മിനുട്ട് നടന്നെത്താനുള്ള ദൂരമേ അവിടേയ്ക്കുള്ളൂ. വലിയൊരു ലോകത്തെ മിനിയേച്ചര്‍ പരുവത്തില്‍ ഒതുക്കാന്‍ വിസമ്മതിക്കുന്ന വല്ലാത്ത വിമ്മിട്ടമാണ് ആ കാര്‍ യാത്രയ്ക്ക് പിന്നിലെന്ന് തോന്നുന്നു.'
'ദ്വീപിലെ ക്ലാസ്സ് മുറികള്‍ പലപ്പോഴും യുദ്ധക്കളമാണ്. ക്ലാസില്‍ അവര്‍ വലിയ കുഴപ്പങ്ങള്‍ സൃഷ്ടിക്കും. എന്നാല്‍ സ്‌കൂളിലെ ഒരു വസ്തുവും അവര്‍ തകര്‍ക്കാറില്ല. സര്‍ക്കാര്‍ സ്‌കൂളാണെങ്കിലും അത് തങ്ങളുടെ സ്വത്താണെന്ന തിരിച്ചറിവ് അവര്‍ക്കുണ്ട്. സ്‌കൂള്‍ ചുവരിലോ മതിലിലോ ചിത്രം വരയ്ക്കാനോ എഴുതാനോ മലിനമാക്കാനോ കുട്ടികള്‍ ശ്രമിക്കാറില്ലെന്നതും ശ്രദ്ധേയമാണ്.'
ചില എഴുത്തുകളില്‍ നമ്മുടെ നാടുമായുള്ള ഒരു താരതമ്യ രീതി ഉപയോഗിച്ചിട്ടുണ്ട്. മറ്റു ചിലതില്‍ ദ്വീപ് ജീവിതം നമുക്ക് പകരാനിടയുള്ള അത്ഭുതവും നര്‍മ്മവും ചേര്‍ത്തുവെച്ചവയാണ്. ജോലി ചെയ്ത ദ്വീപുകള്‍ക്ക് പുറമെ ഞാന്‍ സഞ്ചരിച്ച ആള്‍ത്താമസമുള്ളതും അല്ലാത്തതുമായ നിരവധി ദ്വീപുകളില്‍ കണ്ട മനുഷ്യരിലെ രീതികളും ചെയ്തികളും കേട്ട സംഭാഷണങ്ങളും നമ്മുടെ വായനക്കാര്‍ക്ക് പരിചിതമാക്കുക എന്ന ലക്ഷ്യമേ ആ ലേഖനങ്ങള്‍ക്ക് ഉണ്ടായിരുന്നുള്ളൂ. വന്‍കരയില്‍ ജീവിക്കുന്നവര്‍ക്ക് ദ്വീപ് ജീവിതം കാണാനുതകുന്ന ഒരു കിളിവാതില്‍ മാത്രമാകണം ആ എഴുത്തുകള്‍. ചിലതില്‍ നമ്മുടെ ന്യൂനത അവിടുത്തെ നേട്ടവുമായും മറ്റു ചില കാഴ്ചകളില്‍ നമ്മുടെ ഗുണങ്ങളെ അവരുടെ പരിമിതികളുമായും താരതമ്യം ചെയ്യുന്നത് എഴുത്തില്‍ കണ്ടേക്കാം. എന്നാല്‍ ലേഖനങ്ങളിലുടനീളം അതൊരു സ്ഥിരശൈലിയായിരുന്നുമില്ല. ദ്വീപ് ഒരിക്കലും കണ്ടിട്ടില്ലാത്ത, കണ്ടെങ്കിലും ജീവിക്കാന്‍ അവസരം ലഭിക്കാത്ത നമ്മുടെ വായനക്കാര്‍ വര്‍ദ്ധിത താല്പര്യത്തോടെ അത് വായിച്ചാസ്വദിക്കുകയും ചെയ്തു.
വായനക്കാരില്‍ ദ്വീപുകളില്‍ ജോലിചെയ്യുന്ന മലയാളികളും ഉണ്ടാകുമല്ലോ. അവരില്‍ ആരെങ്കിലും അന്ന് പ്രതികൂലമായി ആ ലേഖനങ്ങളെ വിമര്‍ശിച്ചതും കണ്ടില്ല. എന്നിട്ടും ആര്‍ക്കാകാം ആ എഴുത്തുകള്‍ നെഞ്ചെരിച്ചിലായി മാറിയിട്ടുണ്ടാവുക? മലയാളം വായിക്കാനറിയുന്ന അപൂര്‍വ്വം ദ്വീപുകാര്‍ക്കോ അതോ ദ്വീപുകളില്‍ ജോലി ചെയ്യുന്ന രാജാവിനേക്കാളും രാജഭക്തി പ്രകടിപ്പിക്കുന്ന ഏതെങ്കിലും മലയാളികള്‍ക്കോ, ഇത് രണ്ടുമല്ലെങ്കില്‍ എനിക്കെതിരെ മനഃപൂര്‍വ്വം കച്ചകെട്ടിയിറങ്ങിയ കുടിലത സഹജഭാവമായിട്ടുള്ള കൂടെ ജോലി ചെയ്ത ഏതോ 'മഹാനുഭാവന്റെ' കുബുദ്ധിയോ? അതിനുത്തരം ഇതേവരെ ലഭിച്ചതുമില്ല.
'തക്കിജ്ജ - എന്റെ ജയില്‍ ജീവിതം' എന്ന പുസ്തകത്തില്‍ അനുബന്ധമായിക്കൊടുത്ത ലേഖനത്തില്‍ സുഹൃത്തും എഴുത്തുകാരനുമായ ജോ മാത്യു ഒരു കാര്യം വ്യക്തമാക്കുന്നുണ്ട്.
' ജയചന്ദ്രന്റെ മേല്‍ പിന്നീട് കൂട്ടിചേര്‍ത്തു എന്ന് കരുതപ്പെട്ട ഇരുപത്തഞ്ച് വര്‍ഷംവരെ നീണ്ട ശിക്ഷ ലഭിക്കാവുന്ന കുറ്റാരോപണം ഈ എഴുത്തുകളുമായി ബന്ധപ്പെട്ടതാണെന്ന ന്യായമായ സംശയം ഉയര്‍ന്നുവന്നു. ഈ എഴുത്തുകള്‍ ഒരു ദേശത്തിനോ അവിടുത്തെ ജനതയ്ക്കോ എതിരാകുന്നതെങ്ങനെയെന്നത് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. അങ്ങനെയെങ്കില്‍ യാത്രാവിവരണസാഹിത്യം ഏതാണ്ട് പൂര്‍ണ്ണമായും ഏതെങ്കിലുമൊക്കെ ദേശത്തിന് വിരുദ്ധമാകില്ലേ? എത്ര രാജ്യങ്ങളില്‍ ദേശദ്രോഹക്കുറ്റത്തിന് വിചാരണ നേരിടേണ്ടിവരും എസ്.കെ. പൊറ്റക്കാട്ട്? നമ്മുടെ രാജ്യത്തെക്കുറിച്ച് ആരെല്ലാം എന്തെല്ലാം എഴുതിയിരിക്കുന്നു! നീളന്‍ അണ്ടര്‍വെയര്‍ പുറത്തുകാണിക്കും വിധം കൈലിമുണ്ട് മടക്കിക്കുത്തി, ഷര്‍ട്ടിടാതെ, വെള്ളത്തോര്‍ത്ത് തലയില്‍ ചുറ്റിക്കെട്ടി നടക്കുന്ന ഒരു നാടന്‍ മലയാളിയെ ഏതെങ്കിലും വിദേശി ചിത്രീകരിച്ചാല്‍ അത് രാജ്യദ്രോഹമാകുമോ ? '
ജോ മാത്യു സൂചിപ്പിച്ച വസ്തുതകളിലൂടെ സഞ്ചരിക്കുമ്പോള്‍ ഒരു കാര്യം പറയേണ്ടതുണ്ട്. അത് മാലദ്വീപില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന മതമൗലികവാദികളുടെ എല്ലാ വിഷയങ്ങള്‍ക്ക് മീതെയുമുള്ള അങ്ങേയറ്റം അസഹിഷ്ണുത നിറഞ്ഞ പ്രതിലോമകരമായ ആധിപത്യ മനോഭാവമാണ്. എഴുത്തുകാരും കലാകാരന്മാരും എന്നും അവരുടെ കണ്ണിലെ കരടാണ്. അവര്‍ കാരണം സ്വതന്ത്ര ചിന്താഗതിയുള്ള എത്ര ബ്ലോഗ് എഴുത്തുകാരാണ് ദ്വീപില്‍ കൊല്ലപ്പെട്ടത്! അങ്ങേയറ്റം പ്രതിബദ്ധതയുള്ള ചില ചിന്തകന്മാരും കലാകാരന്മാരും ആ രാജ്യം വിട്ടുപോയതും ഓര്‍ക്കേണ്ടതുണ്ട്. നേരത്തെ വന്ന ലേഖനത്തില്‍ ഇതൊക്കെ സൂചിപ്പിച്ചത് കൊണ്ട് അക്കാര്യം ഇവിടെ വിസ്തരിക്കുന്നില്ല.
ഇനി എന്റെ വിഷയത്തിലേക്ക് വരുമ്പോള്‍ 'നാലാമിടത്തില്‍' വന്ന എഴുത്തുകള്‍ വികലമായി ആരെങ്കിലും അക്കൂട്ടര്‍ക്ക് വിവര്‍ത്തനം ചെയ്തുകൊടുക്കുകയോ അല്ലെങ്കില്‍ ഒരു മുന്‍വിധിയോടെ അവര്‍ വായിക്കുകയോ ചെയ്തിരിക്കാം. അതല്ലാതെ ഒരു ശരാശരി വായനക്കാരനുപോലും ഒരു ശതമാനം രാജ്യദ്രോഹ നിലപാടുകള്‍ അതില്‍ കണ്ടെത്താന്‍ കഴിയില്ലെന്നതാണ് എന്റെ ഉറച്ച വിശ്വാസം. 'വികലമായി വിവര്‍ത്തനം ചെയ്തു' എന്നതുകൊണ്ട് ഉദ്ദേശിച്ചത് ദ്വീപിലെ മതമൗലികവാദികളുടെ അല്‍പ ബുദ്ധിയിലേക്ക് നമ്മുടെ ആള്‍ക്കാരാരെങ്കിലും പകരാനിടയുള്ള ഒരു വൈറസ് ബാധ സംബന്ധിച്ചാണ്. അങ്ങനെ കണ്ടെത്തിയാലും അക്കാര്യത്തില്‍ അതിശയോക്തി തോന്നേണ്ടതില്ല.
ദ്വീപില്‍ നേരിടുന്ന ഇതേ നിലയാണ് മറ്റുരാജ്യങ്ങളിലെങ്കില്‍ ഏറ്റവും കൂടുതല്‍ മലയാളികള്‍ സമീപകാലത്ത് വായിച്ചെന്ന് കരുതപ്പെടുന്ന ' ആട് ജീവിതം' എന്ന കൃതിയുടെ സ്രഷ്ടാവായ ബെന്യാമിന്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഒട്ടേറെ പ്രതിസന്ധികള്‍ നേരിട്ടേനെ ! 'മഗ്ധലീനയുടെ ( എന്റെയും) പെണ്‍ സുവിശേഷം' എഴുതിയ രതീദേവിയുടെ ഭാവിയും ഇരുളടഞ്ഞേനെ! ആ നിലയ്ക്ക് ലോകത്ത് എത്ര മികച്ച എഴുത്തുകളാണ്, എത്ര എഴുത്തുകാരാണ് ശിഷ്ടം നില്‍ക്കുക? അതൊരു തമോലോകത്തേക്കുള്ള മനുഷ്യ യാത്രയാകില്ലേ....!
ദ്വീപില്‍ ജോലി ചെയ്യുന്ന കാലത്ത് അധികവും ഓണ്‍ലൈന്‍ പ്രസിദ്ധീകരങ്ങളിലാണ് ഞാന്‍ എഴുതിയത്. സുഹൃത്തും എഴുത്തുകാരിയുമായ മൈന ഉമയ്ബാനാണ് അതിനുള്ള പ്രഥമഘട്ടമൊരുക്കിയത്.മൈനയുടെ 'നാട്ടുപച്ച' എന്ന ഓണ്‍ലൈന്‍ പ്രസിദ്ധീകരണം ദ്വീപെഴുത്തിന് തുടക്കമിട്ടു. അവരുടെ പ്രേരണയില്‍ 'നാട്ടുപച്ച'യില്‍ പല വിഷയങ്ങളും എഴുതിയെന്നാണോര്‍മ്മ. തുടര്‍ന്ന് വര്‍ഷങ്ങള്‍ പിന്നിട്ടാണ് സുഹൃത്തായ കെ. പി റഷീദിന്റെ താല്പര്യപ്രകാരം 'നാലാമിട'ത്തില്‍ തുടര്‍ച്ചയായി ദ്വീപെഴുത്തുകള്‍ ചെയ്തിരുന്നത്. കുറേക്കൂടി വേറിട്ട തലത്തില്‍ ആ എഴുത്തുകള്‍ വിപുലീകരിച്ച് പുസ്തകമാക്കണമെന്ന് അന്ന് കരുതിയിരുന്നു. എന്നാല്‍ 'നാലാമിടം' നിലച്ചതോടെ എന്റെ ദ്വീപെഴുത്തുകള്‍ക്ക് താഴുവീണു. പക്ഷെ അന്നൊന്നും ആ എഴുത്തുകള്‍ക്ക് ഇങ്ങനെയൊരു പര്യവസാനം ഞാന്‍ ഓര്‍ത്തിരുന്നില്ല!
പഴയ ഓര്‍മ്മകള്‍ ചെങ്കുത്തായ കുന്നിന്‍ ചെരുവിലേക്ക് പതിഞ്ഞിറങ്ങുന്ന പോക്കുവെയില്‍ നാളം പോലെ മനസ്സിലേക്ക് അരിച്ചെത്തുന്നുണ്ട്. ഇപ്പോള്‍ ഓര്‍മ്മ വരുന്നത് മാലെയിലെ ഇടുങ്ങിയ ജയില്‍ മുറിയാണ്. ഇരുപത്തഞ്ച് വര്‍ഷം തടവ് ശിക്ഷ കിട്ടാനിടയുണ്ടെന്ന് അറിയുന്നത് ആ തടവുമുറിയിലേക്കുള്ള യാത്രയിലാണ്. പാതിരാത്രി പിന്നിട്ട നേരത്തും മൂന്നുനിലകളുള്ള ജയില്‍ കെട്ടിടത്തിന്റെ ഏതൊക്കെയോ സെല്ലുകളില്‍ നിന്നും ദ്വീപ് തടവുകാരുടെ ഇമ്പമാര്‍ന്ന പാട്ടൊഴുകി വരുന്നുണ്ട്. സെല്ലിനകത്ത് പലരുടെയും കൂര്‍ക്കംവലി പലതാളത്തില്‍ പുറത്തേക്ക് ചീറ്റുന്നുണ്ട്. തൊട്ട് തൊട്ട് കിടക്കുന്ന പതിനൊന്ന് തടവുകാരുടെ ഒരറ്റത്താണ് എന്റെ കിടപ്പ്. കിടക്കുന്നവരില്‍ ഇരുപത്തഞ്ച് വര്‍ഷം തടവ് സ്വയം ഏറ്റുവാങ്ങിയവനുണ്ട്, അതേ കാലയളവ് ലഭിച്ച മറ്റു മൂന്നുപേരുണ്ട്. ഉറക്കം പിടിതരാതെ വെറും കൗതുകമായി ഭ്രമിപ്പിക്കുന്നതിനിടയിലെപ്പോഴോ ഞാന്‍ മയക്കത്തിലായി. ആ അവസ്ഥ എത്ര നീണ്ടെന്നത് ഓര്‍മ്മയില്ല. നിദ്രയുടെ ഒരിറമ്പില്‍ നിന്നും തെന്നിത്തെറിച്ചത് ഒരലര്‍ച്ചയോടെയാണെന്നാണ് കരുതിയത്. ശബ്ദം ശരിക്കും പുറത്ത് വന്നിരുന്നില്ല. കിടക്കപ്പായില്‍ നിന്നും പിടഞ്ഞെണീറ്റപ്പോള്‍ ശരീരം മുഴുവന്‍ വിയര്‍പ്പിനാല്‍ നനഞ്ഞിരുന്നു. കൈകാലുകള്‍ക്ക് വിറയല്‍ അനുഭവപ്പെട്ടപോലെ...
നാലു പടു കിഴവന്മാര്‍ വേച്ചുവേച്ച് വലിയ ഇരുമ്പുവാതില്‍ തുറന്ന് നടന്നുപോകുന്ന ചിത്രമാണ് മനസ്സില്‍.... അത് വെറും സ്വപ്നമായിരുന്നോ....! അതിലൊരാളായി കൃത്യമായും ഞാന്‍ എന്നെ കണ്ടിരുന്നു. ശിഷ്ടജീവിതം ഇനിയൊന്നും ബാക്കിയില്ലെന്ന് വിലപിക്കുന്ന വൃദ്ധന്‍ ....നരച്ചുതൂങ്ങിയ താടിയും മുടിയിഴകളും.
പിന്നീട് പുലരും വരെ നശിച്ച കൂര്‍ക്കം വിളികേട്ട് ഒരൊറ്റ ഇരുപ്പായി ഞാന്‍....ഒന്നനങ്ങാന്‍ പോലും കഴിയാതെ! ((തുടരും)
Content highlights: Crime , Life in prison, Maldives, Jayachandran Mokeri's memories in Maldives