ഒരിക്കല്‍ ഒരു ക്ലാസ്സില്‍ സ്വതന്ത്ര രാഷ്ട്രത്തിലെ ജനതയില്‍ ചില മനുഷ്യര്‍ക്ക് വന്നുചേരാവുന്ന ദുര്‍ഗതിയെക്കുറിച്ച് ഞാന്‍ സംസാരിച്ചിരുന്നു. മാധ്യമങ്ങളില്‍ അധികം ഫോളോ അപ്പുകള്‍ ഇല്ലാതെ പോകുന്ന ചില വാര്‍ത്തകള്‍ തമസ്‌കരിക്കപ്പെടുന്നതിലെ നീതിരാഹിത്യത്തിലേക്ക് ആ വിഷയം നീണ്ടുപോയി. ഒരു കാര്യവുമില്ലാതെ സംശയത്തിന്റെ പേരില്‍ ജയിലടയ്ക്കപ്പെടുന്നൊരാളെ സംബന്ധിച്ച്, അല്ലെങ്കില്‍ തെളിവുകള്‍ ഒന്നും ബാക്കിവയ്ക്കാതെ തെരുവിലോ കാട്ടിലോ പുഴയിലോ കൊലചെയ്യപ്പെട്ട ഒരാളെക്കുറിച്ച് ശിഷ്ടം നില്‍ക്കുന്ന കേസിലേക്ക് ആ വിഷയത്തെ ഞാന്‍ കേന്ദ്രീകരിച്ചു.
അവര്‍ക്കെന്ത് സംഭവിച്ചുവെന്നത് അത് സംബന്ധിച്ച വാര്‍ത്ത വായിക്കുന്നയാള്‍ക്ക് പത്രപാരായണം കഴിയുംവരെയുള്ള അങ്കലാപ്പ് മാത്രമാകും. മരിച്ചയാളുടെ അല്ലെങ്കില്‍ തടവിലാക്കപ്പെട്ടയാളുടെ നാട്ടുകാര്‍ മൂന്നോ നാലോ നാളുകള്‍ ആ വിഷയം ഒരു പ്രതിസന്ധികണക്കെ സ്വീകരിക്കാനും ഇടയുണ്ട്. എന്നാല്‍ വളരെക്കുറച്ചു പേരില്‍ മാത്രമാണ് ആ കേസിന്റെ നിഗൂഢത നിരന്തരം വേട്ടയാടുന്നത്. അവര്‍ കേസിനാസ്പദമായ വ്യക്തിയുടെ ഭാര്യയോ അമ്മയോ മക്കളോ സഹോദരനോ സഹോദരിയോ ആകാം. പിന്നെ ചില ആത്മാര്‍ഥ സുഹൃത്തുക്കളും.
തുടര്‍ന്നുള്ള നാളുകളില്‍ കേസുമായി മുന്നോട്ട് പോകുമ്പോള്‍ അതത്ര എളുപ്പമല്ലെന്ന് അവര്‍ക്ക് ബോധ്യമാവുന്നു. അവര്‍ക്കെതിരെ ഓരോ വാതിലുകളും കൊട്ടിയടയുന്നു. അവര്‍ പരിഹസിക്കപ്പെടുന്നു. അവര്‍ക്കെതിരേ ഭീഷണിയുയരുന്നു. തുടര്‍ന്ന്, എല്ലാറ്റിനേയും തട്ടിമാറ്റി അവര്‍ മുന്നോട്ടുപോകുമ്പോള്‍ ഒരു കാര്യം വ്യക്തമായി അവര്‍ മനസ്സിലാക്കുന്നു. നമ്മുടെയെല്ലാം സ്വാതന്ത്ര്യം കേവലം ആപേക്ഷീകമായ ഒരവസ്ഥ മാത്രമാണെന്നത്. ചുറ്റും അസ്വാതന്ത്ര്യത്തിന്റെ കോട്ടകളാണുള്ളത്. നേരിട്ടത് ദൃശ്യമില്ലാത്തത് കൊണ്ട് സ്വതന്ത്രരെന്ന അവബോധത്തില്‍ നമ്മള്‍ ജീവിക്കുന്നുവെന്ന് മാത്രം.
എത്രയോ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ക്ലാസ്സില്‍ പറഞ്ഞ കാര്യത്തിന് എന്റെ ജീവിതത്തില്‍ പുനരാവിഷ്‌കാരമുണ്ടായത് തെല്ലൊന്നുമല്ല എന്നെ അമ്പരപ്പിച്ചത്. കാരണം അന്ന് പറഞ്ഞതിന്റെ തുടര്‍ച്ച കൃത്യമായും ഞാന്‍ അനുഭവിച്ചു. വിദേശത്ത് സംഭവിച്ച എന്റെ ദുര്‍ഗതിയില്‍ അധികം പേര്‍ ആദ്യഘട്ടത്തിലുണ്ടായിരുന്നില്ല. വിരലിലെണ്ണാവുന്ന കുറച്ചുപേര്‍ മാത്രം. പക്ഷെ അവരുടെ പങ്കാളിത്തമാണ് തടവറയില്‍ എനിക്ക് കരുത്ത് പകര്‍ന്നത്. തടവിലായത് മുതല്‍ മോചനം വരെയുള്ള മാസങ്ങള്‍ നീണ്ട കാലയളവില്‍ തളരാതെ കൂടെനിന്നവരില്‍ രണ്ടുപേരെക്കുറിച്ച് ഇവിടെ പരാമര്‍ശിക്കാതിരിക്കാന്‍ എനിക്ക് കഴിയില്ല.
അതിലൊരാള്‍ എന്റെ ഭാര്യ ജ്യോതിയും മറ്റൊരാള്‍ സഹപ്രവര്‍ത്തകനും കൂട്ടുകാരനായ മലപ്പുറംകാരന്‍ പ്രകാശനും. അത് അവരുടെ കടമയല്ലേ എന്ന് കരുതുന്നിടത്താണ് ചിലത് വ്യക്തമാക്കേണ്ടി വരുന്നത്. കാരണം എന്റെ കേസുമായി അവര്‍ മുന്നോട്ട് പോകുമ്പോള്‍ അത്ര കൂടുതല്‍ അസ്വാതന്ത്ര്യത്തിന്റെ ചങ്ങലകള്‍ അവര്‍ക്ക് നേരിടേണ്ടി വന്നിരുന്നു.
എന്റെ മേല്‍ കെട്ടിച്ചമച്ച കേസ് അത്രമേല്‍ നിന്ദ്യവും അപകീര്‍ത്തിയുണ്ടാക്കുന്നതുമായിരുന്നു. കൂടാതെ ദ്വീപില്‍ എനിക്ക് നേരെ നടന്ന ചിലരുടെ നടപടികള്‍ അതേപടി വിശ്വസിച്ച് നാട്ടിലെ ഉത്തരവാദിത്തപ്പെട്ടവര്‍ക്ക് നമ്മുടെ എംബസി അയച്ച കത്തിടപാടുകളും അതേ മലിനത നിറഞ്ഞതാണ്. ഒരാള്‍ എത്ര പെട്ടെന്നാണ് മറ്റുള്ളവര്‍ക്ക് മുന്‍പില്‍ അനഭിമതനാകുന്നതെന്ന് ഈ അവസ്ഥ വ്യക്തമാക്കുന്നുണ്ട്. ഒരുപക്ഷെ അത്തരമൊരവസ്ഥ നാളെ ആരുടെകാര്യത്തിലും സംഭവിക്കാവുന്നതാണ്. നമുക്കിടയില്‍ പലഭാഗങ്ങളിലായി ഇപ്പോഴും അത് അരങ്ങേറുന്നുമുണ്ട്. ആ വാര്‍ത്ത സമൂഹത്തിന് ഒരു ഇര വീണുകിട്ടിയ ആഹ്ളാദത്തിമിര്‍പ്പ് പകരും. അതോടെ വിളക്കണഞ്ഞുപോയ കുടുംബം നിരാലംബമാകുന്നു.
ജ്യോതിയുടെ ഒറ്റയാള്‍ പോരാട്ടം
കേസിന്റെ ആദ്യഘട്ടത്തില്‍ കേരളത്തിലെ ചില രാഷ്ട്രീയ നേതാക്കളെ മകനേയും കൂട്ടി കാണാന്‍ പോയ കാര്യം വേദനയോടെ ഭാര്യ പറഞ്ഞതോര്‍ക്കുന്നുണ്ട്.
'ഓരോ പ്രധാനപ്പെട്ട രാഷ്ട്രീയ നേതാക്കളേയും ഞാന്‍ കാണാന്‍ ശ്രമിക്കുന്നുണ്ട്. സ്റ്റേറ്റിലും കേന്ദ്രത്തിലും പിടിപാടുള്ളവര്‍ അക്കൂട്ടത്തിലുണ്ട്. പക്ഷേ നിങ്ങളുടെ കേസ് സംബന്ധിച്ച് പറയുമ്പോള്‍ അവരിലെന്തോ ആശയക്കുഴപ്പമുണ്ട്. ഞാന്‍ പറയുന്നത് എത്രമേല്‍ ശരിയാകാം എന്ന സംശയം. ഒരുപക്ഷെ വ്യക്തിപരമായി നിങ്ങളെ അറിയാത്തതാകാം അതിന്റെ കാരണം.'
എന്നിട്ടും ഓരോ വാതിലുകളും ജ്യോതി പ്രതീക്ഷയോടെ മുട്ടിനോക്കി. തുടര്‍ന്നുള്ള യാത്രകള്‍ വെറും പാഴ് ശ്രമമാകുന്നത് അവള്‍ കണ്ടു. പ്രതീക്ഷ പകരുന്ന വാക്കുകള്‍ക്കപ്പുറം ചില നേതാക്കളുടെ നിസ്സംഗമായ ഇടപെടലുകള്‍ അവളെ കഠിനമായി വേദനിപ്പിച്ചു. പതിയെ ഈ കേസ് സംബന്ധിച്ച അവരുടെ അശ്രദ്ധ അവള്‍ക്ക് മനസ്സിലാക്കാന്‍ പ്രയാസമില്ലാതായി. ഒരാള്‍ക്കെതിരെ അത്തരത്തില്‍ ഒരാരോപണം വരുമ്പോള്‍ അതേവരെ നമ്മുടെ മാധ്യമങ്ങളും സമൂഹവും പകര്‍ന്നുനല്‍കിയ പ്രത്യേകമായ അളവുകളിലൂടെയാണ് രാഷ്ട്രീയ നേതാക്കളുടേയും കാഴ്ചയെന്നത് ജ്യോതിയെ തളര്‍ത്തിയില്ലെന്നതാണ് എന്റെ കാര്യത്തില്‍ വളരെ നിര്‍ണായകമായത്.
നിരവധി പൊങ്ങച്ചങ്ങളും അനാവശ്യ ശാഠ്യങ്ങളും വാശികളും പേറുന്ന കേരളത്തിലെ മധ്യവര്‍ഗ കുടുംബങ്ങളില്‍ ഒരാള്‍ നേരിടുന്ന തകര്‍ച്ച എപ്രകാരമാണ് ചുറ്റുപാടുകള്‍ നോക്കിക്കാണുകയെന്നത് വിശകലനം ചെയ്യുക അത്ര എളുപ്പമല്ല. ഒരു പ്രശ്‌നത്തെ മറികടക്കാനുള്ള പ്രേരണ പകരുന്നതിന് പകരം പ്രശ്‌നം നേരിടുന്നയാളെ ഇല്ലായ്മ ചെയ്യുന്നതിലൂടെ ലഭിക്കുന്ന സാഫല്യത്തിനാണ് ഇക്കൂട്ടത്തിലെ ദോഷൈകദൃക്കുകള്‍ ശ്രമിക്കുക. കുടുംബങ്ങളില്‍ അത് വലിയ പ്രതിസന്ധി സൃഷ്ടിക്കും. ആ ഘട്ടങ്ങളിലൂടെ കടന്നുപോയൊരാള്‍ക്ക് മാത്രമാണ് കൃത്യമായി അക്കാര്യം മനസ്സിലാവുക. ഏത് കുടുംബവും അതിശക്തമായ ബന്ധങ്ങളാല്‍ വിളക്കിച്ചേര്‍ത്തതൊന്നുമല്ല. ചിലപ്പോള്‍ പ്രതികൂല കാലാവസ്ഥ പുറപ്പെടുവിക്കാവുന്ന കാറ്റിന്റെ ദുര്‍ബലമെന്നു തോന്നാവുന്ന ഇളക്കങ്ങളിലും കുടുംബത്തിന്റെ അടിത്തറയില്‍ വിള്ളലുകള്‍ പതിയാം. ആ നിലയ്ക്ക് ചുറ്റുപാടുകള്‍ എങ്ങിനേയും കടന്നാക്രമിക്കാനിടയുള്ള എന്റെ കേസിന്റെ പശ്ചാത്തലം അതിന്റെ ഉള്‍ക്കനത്തോടെ മനസ്സിലാക്കാനും മക്കളെ അതിനനുസൃതമായി പ്രാപ്തമാക്കാനും കുടുംബിനി എന്ന നിലയില്‍ ജ്യോതി പുലര്‍ത്തിയ സൂക്ഷ്മത നിസ്സാരമല്ല.
തടവില്‍ നിന്ന് കിട്ടുന്ന അഞ്ച് മിനുട്ട് നീണ്ട ഫോണ്‍ സംഭാഷണമാണ് കുടുംബത്തിലേക്കുള്ള ഒരേയൊരു വാതില്‍. അതിലൂടെ എന്നിലേക്ക് അരിച്ചെത്തുന്ന വേദനകളും നെഞ്ചിടിപ്പുകളും ശിഷ്ട നേരത്തെ തിളപ്പിച്ചുകൊണ്ടിരിക്കും. ദിവസങ്ങള്‍ ചെല്ലുന്തോറും മൗനിയാകുന്ന മകളെക്കുറിച്ചും പോലീസ് ശിക്ഷിക്കുമെന്നോര്‍ത്ത് ഉള്ളം കാളുന്ന മകനെക്കുറിച്ചും പാതിവെന്ത വാക്കുകളിലൂടെ എത്ര പ്രയാസപ്പെട്ടാണ് ഒരു ദിനം അവള്‍ സംസാരിച്ചത്. ഒടുക്കം കടുത്ത നിരാശ ബാധിച്ചെന്നപോലെ അവള്‍ പറഞ്ഞു.
'മടുത്തു! എന്തൊരാവസ്ഥയാണ് നിങ്ങളുടേത്.... എനിക്കിവിടെ നിങ്ങളുടെ കാര്യത്തില്‍ ഒന്നും ചെയ്യാനാകുന്നില്ല. അതെന്നെ വല്ലാതെ വേദനിപ്പിക്കുന്നുണ്ട്.'
ലക്ഷ്യം കാണാതെപോകുന്ന നിരന്തര യാത്രകളുടെ മടുപ്പ് മാസങ്ങളോളം അവളെ കാര്‍ന്നുതിന്നുകൊണ്ടിരുന്നു. എന്നിട്ടും ഒരനക്കം പിന്നോട്ടുപോകാന്‍ ജ്യോതി തയ്യാറായതുമില്ല. കൂടെ കൂട്ടുകാരുണ്ടായിട്ടും ആ യാത്രകള്‍ ഒരൊറ്റയാള്‍ പോരാട്ടമായി അവള്‍ കൊണ്ടുപോയി. ആ നിശ്ചയദാര്‍ഢ്യമാകണം ദില്ലിവരെയുള്ള തനിച്ചുള്ള യാത്രയ്ക്ക് പ്രേരണയായതും വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെ നേരില്‍ കണ്ട് സംസാരിക്കാന്‍ അവള്‍ക്ക് സാധ്യമായതും. സുഷമ സ്വരാജ് അര്‍ഹിക്കുന്ന പരിഗണന അവളുടെ വാക്കുകള്‍ക്ക് നല്‍കി. ചിലര്‍ക്ക് തോന്നിയതുപോലുള്ള ആശയക്കുഴപ്പം എന്റെ കേസ് സംബന്ധിച്ച് അവര്‍ക്കുണ്ടായില്ല. ആയിരക്കണക്കിന് നാഴികകള്‍ താണ്ടിയെത്തിയ സ്ത്രീയുടെ നൊമ്പരങ്ങള്‍ ഉത്തരവാദിത്തപ്പെട്ടയാള്‍ എന്ന നിലയ്ക്ക് അവര്‍ക്ക് എളുപ്പം വായിച്ചെടുക്കാനായി. കൂടാതെ ഞാനും അവളും അവര്‍ക്ക് മക്കളെപ്പോലെയായി. എന്റെ മോചനകാര്യം മറ്റൊരാളെ ഏല്‍പ്പിക്കാതെ അവര്‍ നേരിട്ടുതന്നെ മാലദ്വീപിലേക്ക് വിളിച്ചു. ആ വിളിയില്‍ തടവറ വാതില്‍ എനിക്ക് മുന്‍പില്‍ തുറക്കപ്പെട്ടു. ആയിരക്കണക്കിന് പ്രവാസികള്‍ അവരെ രക്ഷകയുടെ സ്ഥാനത്ത് കാണുന്നതിന്റെ പൊരുള്‍ അതേവരെ പല വിദേശകാര്യ മന്ത്രിമാരും വിസമ്മതിക്കുന്ന വിഷയങ്ങളിലേക്ക് അവര്‍ നിസ്വാര്‍ത്ഥമായി ഇടപെടുന്നതിലെ സന്നദ്ധതയാകണം.
മാസങ്ങള്‍ നീണ്ട യാതനയില്‍ ജ്യോതിയ്ക്ക് എന്റെ കേസുമായി ബന്ധപ്പെട്ട് ലഭിച്ച ഏക ആശ്വാസം പ്രകാശിന്റെ ഫോണ്‍ കോളുകളായിരുന്നു. പ്രകാശ് കേസിന്റെ ഓരോ ഘട്ടവും അറിയിക്കുക മാത്രമല്ല ഒരു നല്ല സൗഹൃദത്തിന്റെ ഭാഗമായി അവളെ സമാശ്വസിപ്പിക്കുകയും ചെയ്തു. അക്കാലം ഓര്‍ത്തുകൊണ്ട് ജ്യോതി എന്നോട് പറഞ്ഞു.
'ഞാന്‍ ഇതേവരെ നിങ്ങളുടെ സുഹൃത്ത് പ്രകാശിനെ കണ്ടിട്ടില്ല. ഒരുപക്ഷേ അത് വലിയ അത്ഭുതമാണ്. എന്നിട്ടും ഒരു കൂടപ്പിറപ്പിനെപ്പോലെ അക്കാലത്ത് ഞാന്‍ നേരിട്ട കടുത്ത യാതനകള്‍ ദൂരെ നിന്ന് മനസ്സിലാക്കി എന്നെ ആശ്വസിപ്പിക്കാന്‍ പ്രകാശ് കാട്ടിയ നന്മ എത്രയോ വലുതാണ്.'
മാലെയിലെ അറസ്റ്റ് സ്റ്റേഷനില്‍ വെച്ച് ഒരു പോലീസ് ഓഫീസര്‍ എനിക്ക് ദ്വീപുകളില്‍ ബന്ധുക്കളാരെങ്കിലുമുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ പറഞ്ഞ പേര് പ്രകാശന്റെതാണ്. നമുക്ക് നിരവധി സൗഹൃദങ്ങളുണ്ടെങ്കിലും അത് ഏതുതരം സൗഹൃദമെന്ന ചോദ്യം ബാക്കിനിര്‍ത്താറുണ്ട്. വിപുലമായ അര്‍ഥത്തില്‍ ബന്ധുബലത്തിന്റെ വൈകാരീകത അകമേ ദ്യോതിപ്പിക്കുന്ന തലം സൗഹൃദത്തിനുണ്ട്. എന്റെ കാര്യത്തില്‍ പ്രകാശിന്റെ സൗഹൃദം ആ തലത്തില്‍ തന്നെ മാറ്റുരയ്ക്കപ്പെട്ടു.
ദ്വീപുകളില്‍ മലയാളികള്‍ക്കിടയിലെ കൂട്ടായ്മ പൊതുവെ ദുര്‍ബലമാണ്. ദ്വീപിന്റെ പൊതു ഘടനയിലേക്ക് അവിടെയെത്തുന്ന മലയാളികള്‍ ത്വരിതഗതിയില്‍ മാറുന്നത് ദുഃഖത്തോടെ പലതവണ ഞാന്‍ നേരിട്ടിരുന്നു. മറ്റു രാജ്യങ്ങളിലെ പ്രവാസികളില്‍ അത് അപ്രകാരമല്ലെന്ന് പലരും പറയുന്നത് കേട്ടിട്ടുമുണ്ട്. ഒരുപക്ഷെ ദ്വീപുകളില്‍ ജോലിചെയ്യുന്ന മലയാളികളില്‍ അങ്ങനെയൊന്ന് പിറവിയെടുക്കാത്തതിന് കാരണം ദ്വീപുകള്‍ക്കിടയിലെ അകലമാകണം. അപ്പോഴും ഒരു ചോദ്യത്തിന് ഉത്തരമില്ലാതെ പോകുന്നുണ്ട്. ഒരു ദ്വീപിലെതന്നെ മലയാളികള്‍ക്കിടയില്‍ ആയൊരു സൗഹൃദം ഇല്ലാതാകുന്നതെന്തുകൊണ്ടാണ്? അതിന് ഒരുത്തരമേ കണ്ടുള്ളൂ. തീരെ സുരക്ഷിതത്വമില്ലാത്ത ദ്വീപുകളിലെ ജോലിയില്‍ എങ്ങനെയെങ്കിലും പിടിച്ചുനില്‍ക്കാന്‍ മലയാളികള്‍ കാട്ടുന്ന സ്വാര്‍ത്ഥത കലര്‍ന്ന വ്യഗ്രത. അതിന് കഴിയാത്തയാളുടെ നിലനില്‍പ്പ് അപകടത്തിലുമാകാം! വില്യം ഗോള്‍ഡിങ്ങിന്റെ 'ലോര്‍ഡ് ഓഫ് ഫ്ളൈസ്' എന്ന നോവലില്‍ പ്രതിപാദിക്കുന്ന അധികാര വടംവലിയുടെ പരിച്ഛേദമാണ് ഞാന്‍ ജോലി ചെയ്ത നാലു ദ്വീപുകളിലുമുള്ള മലയാളികള്‍ക്കിടയില്‍ കാണാനായത്. സൗഹൃദങ്ങളുടെ പാരസ്പര്യം അവിടെ തുലോം കുറവ് തന്നെ. അതിനിടയില്‍ നിന്നാണ് പ്രകാശിനെപ്പോലൊരാള്‍ പേര് അന്വര്‍ത്ഥമാക്കും വിധത്തില്‍ എന്നില്‍ കാരുണ്യത്തിന്റെ പ്രകാശം ചൊരിയുന്നത്.
ദ്വീപുകാര്‍ തടവിലാക്കിയൊരാളുമായി ബന്ധം തുടരുന്നത് തങ്ങളുടെ ജോലിയെ ബാധിക്കാമെന്ന് കരുതിയവരുണ്ട്. ഭയന്നാകാം മോചിതനായി നാലാം വര്‍ഷത്തിലേക്ക് കടക്കുമ്പോഴും അന്നത്തെ സഹപ്രവര്‍ത്തകരില്‍ ചിലരിപ്പോഴും എന്നെ വിളിക്കാത്തത്. എന്നിട്ടും ശെന്തില്‍, ശ്രീകുമാര്‍, ഷെബി, രാജേഷ് , പ്രഭ തുടങ്ങിവര്‍ പ്രകാശിന് കൈത്താങ്ങായി എന്റെ കാര്യത്തില്‍ മുന്നിട്ടിറങ്ങിയത് മധുരമുള്ള സ്മരണകളാണ്. ജയിലില്‍ മൂന്നുതവണ പ്രകാശ് വരുമ്പോഴും ഞാന്‍ ജീവിച്ചിരിക്കുന്നുണ്ടെന്ന് തോന്നി. ജയിലില്‍ വളരെ ദീനത തോന്നുന്ന എന്റെ അവസ്ഥ കണ്ട് പ്രകാശോ കൂടെവന്ന സുഹൃത്തുക്കളോ ഒരിക്കലും ദയനീയമായ നോട്ടമോ വാക്കുകളോ പ്രകടിപ്പിച്ചിരുന്നില്ല. അതെന്നില്‍ കൂടുതല്‍ ആത്മവിശ്വാസം കൈവരിക്കാനിടയായി.
ഫിയലി ദ്വീപില്‍ വെച്ചാണ് പ്രകാശിനെ ഞാന്‍ ആദ്യം കാണുന്നത്. തൊട്ടടുത്ത ദ്വീപില്‍ ജോലി ചെയ്യുമ്പോഴാണ് ആ കൂടിക്കാഴ്ച്ച നടക്കുന്നത്. ഞങ്ങള്‍ സഞ്ചരിച്ച ബോട്ട് അതിശക്തമായ കാറ്റില്‍ പെട്ട് ഫിയലി ഹാര്‍ബറില്‍ നങ്കൂരമിട്ട നേരം. അന്ന് ബോട്ടിലുള്ളവരെല്ലാം ഫിയലിയില്‍ തങ്ങി. ഫിയലിയില്‍ വെച്ച് ആദ്യം കണ്ടുമുട്ടിയത് ബിനോയ് എന്ന കാസര്‍ഗോഡ് സ്വദേശിയെയാണ്. തുടര്‍ന്ന് പ്രകാശനേയും. ഇരുവര്‍ക്കും ദ്വീപുകള്‍ സമ്മാനിച്ച മുഖംമൂടികള്‍ ഉണ്ടായിരുന്നില്ല. വൃത്തിഹീനമായ മുറിയില്‍ ശാന്തനായി ഇരുന്ന് സാഹിത്യത്തെക്കുറിച്ചുള്ള സംഭാഷണങ്ങളിലേക്ക് അയാള്‍ വ്യതിചലിച്ചപ്പോള്‍ അതേവരെ ദ്വീപുകളില്‍ തേടി നടന്നൊരാളെ കണ്ടെത്തിയ സന്തോഷമായി എനിക്ക്. തുടര്‍ന്ന് ഫിയലിയില്‍ എത്തിയപ്പോള്‍ ആ സൗഹൃദം വളര്‍ന്നു. ഒടുക്കം രക്ഷകനായും അയാള്‍ വന്നെത്തി.
രാത്രികള്‍ ബീച്ചിലെ നേര്‍ത്ത തണുപ്പിലും നിലാവിലും കടലിനെനോക്കി ഞങ്ങള്‍ സംസാരിച്ചുകൊണ്ടിരുന്നു. അതേക്കുറിച്ച് 'തക്കിജ്ജ- എന്റെ ജയില്‍ ജീവിതം' എന്ന പുസ്തകത്തില്‍ ഞാന്‍ ഇങ്ങനെ എഴുതി.
'പ്രകാശിനും എനിക്കുമിടയില്‍ കടല്‍ സംഭാഷണമല്ല, നിശബ്ദതയാണ്. ഇരുവരും ആ നേരം ചിന്തകളിലേക്ക് ഊര്‍ന്നിറങ്ങുകയാവും. രാത്രി ഏറെ യാമങ്ങള്‍ കടലിനെ നെഞ്ചിലേറ്റി തിരിച്ചുവരുമ്പോള്‍ ബാല്യകൗമാരങ്ങളിലേക്ക് തിരിച്ചെത്തിയ ആനന്ദം. പിറ്റേന്ന് ഉച്ചവരെ നീളുന്ന ഉറക്കം. എത്ര സുന്ദരമായിരുന്നു ആ രാവുകള്‍. പകല്‍ യുദ്ധസമാനമായ ക്ലാസ് മുറികള്‍ നല്‍കുന്ന മനസ്സിലെ പിരിമുറുക്കം പാതിരാക്കടലിന്റെ തിരയിളക്കങ്ങളില്‍ അലിഞ്ഞില്ലാതാവുമ്പോള്‍ എല്ലാം മറക്കും. അന്നൊന്നും ഇതേപോലൊന്ന് ഓര്‍ത്തില്ല. എത്ര പെട്ടെന്നാണ് ഒരാള്‍ മതിലിനകത്തും മറ്റൊരാള്‍ പുറത്തുമായി വിഭജിക്കപ്പെടുന്നത്!'
അയാള്‍ക്കും എനിക്കുമിടയില്‍ പറയാത്തതായി ഒന്നുമുണ്ടായിരുന്നില്ല. സൗഹൃദത്തില്‍ മനസ്സുകള്‍ പരിപൂര്‍ണ്ണമായും നഗ്‌നമാക്കപ്പെടുക അത്ര എളുപ്പവുമല്ല. എന്നിട്ടും ഞങ്ങളുടെ കാര്യത്തില്‍ അങ്ങനെ സംഭവിച്ചുവെന്നതാണ് സത്യം.
ജീവിതത്തില്‍ ഒരാള്‍ നിരവധി തവണ ജീവിക്കുകയും മരിക്കുകയും ചെയ്യുമെന്ന് കേട്ടിട്ടുണ്ട്. എങ്കില്‍ ജയില്‍ ജീവിതം മരണവും ജീവിതവും പരസ്പരം ഇഴചേര്‍ന്ന് നില്‍ക്കുന്നൊരനുഭവമാണ്. എന്നിട്ടും അന്നത്തെ ഇരുട്ടുവീണ ജീവിതത്തില്‍ ഓര്‍ക്കാനിഷ്ടപ്പെട്ടത് സ്‌നേഹിക്കുന്നവരുടെ മുഖങ്ങളാണ്. മറ്റൊന്നിനും ഞാന്‍ ഇടം കൊടുത്തതുമില്ല.
ആ ദുരിതപര്‍വം പിന്നിട്ടിട്ട് വര്‍ഷങ്ങളായി. ഓര്‍മ്മകളില്‍ ചില തെളിച്ചങ്ങള്‍ ബാക്കിയാവുന്നുണ്ട്. അത് തീര്‍ച്ചയായും എന്നെ പുറം ലോകം വീണ്ടും കാട്ടാന്‍ കഷ്ടപ്പെട്ടവരുടെ മുഖങ്ങളാണ്. അവരില്‍ ഒന്നാം നിരയില്‍ അവള്‍ നില്‍പ്പുണ്ട്. എനിക്ക് ജീവിതം തിരികെ തന്നവള്‍. എന്റെ സഹചരിയായവള്‍. ഒപ്പം ഈ പ്രകാശും. അതോടൊപ്പം കേസിന്റെ ആദ്യഘട്ടം മുതല്‍ അവസാനം വരെ കൂട്ടുനിന്ന ജോ മാത്യു, മൊയ്തു വാണിമേല്‍, മൈന ഉമൈബാന്‍, എ.കെ. മിനി, കെ. പി. റഷീദ്, ജാക്‌സണ്‍, ഒ.പി.സുധീഷ്, എ.കെ. ശ്രീജിത്ത്, അബ്ദുള്‍ ഹമീദ്, രഞ്ചിഷ്, എം.മനോജ്, സപ്‌ന, സജി മീനങ്ങാടി, രഘുവരന്‍ കാക്കയങ്ങാട്.. തുടങ്ങിയവരും. യഥാര്‍ഥ സ്‌നേഹം സൗഹൃദങ്ങളില്‍ കാത്തുസൂക്ഷിച്ചവര്‍. മനസ്സില്‍ വിളക്കുമരങ്ങളായി ഇവരെന്നുമുണ്ടാകും.
പുറത്ത് ശക്തമായ മഴയിരമ്പുമ്പോള്‍ പഴയ ഓര്‍മകള്‍ തെളിയുന്നുണ്ട്. ആ ഓര്‍മ്മകള്‍ നിറയെ സ്‌നേഹമാണ്. പാറപ്പുറത്തിന്റെ കുഞ്ഞേനാച്ചന്‍ എന്ന കഥാപാത്രം പറയുമ്പോലെ ഏറിയാല്‍ അരനാഴിക നേരം മാത്രമുള്ള ഈ ജീവിതത്തില്‍ പകയെന്തിന് കൊണ്ടുനടക്കണം? തടവ് ജീവിതം അതെല്ലാം അപ്രസക്തമെന്ന് തെളിയിച്ചിരിക്കുന്നു. ഇപ്പോള്‍ ഇത്രമാത്രം പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.....
-എന്റെ വാര്‍ദ്ധക്യം കഴിഞ്ഞിരിക്കുന്നു.
ഇതെന്റെ യൗവ്വനമാണ്. അത് ഞാന്‍ സുരഭിലമാക്കട്ടെ. അത്രമാത്രം....
Content highlights: Crime, Life in prison,Jayachandran Mokeri's memories in Maldives