'സാര്‍, എന്റെ കുഞ്ഞിനെ നേരിട്ട് കാണാന്‍ ഇതേവരെ എനിക്ക് കഴിഞ്ഞില്ല. പോലീസ് അറസ്റ്റ് ചെയ്യുമ്പോള്‍ അവള്‍ ആറുമാസം ഗര്‍ഭിണിയായിരുന്നു. ഈയിടെ കുഞ്ഞിന്റെ ഫോട്ടോ ഇവിടെയുള്ള ഡ്യൂട്ടിയുടെ മൊബൈല്‍ ഫോണിലേക്ക് അയച്ചുതന്നത് കാണാന്‍ കഴിഞ്ഞു. ആ ഡ്യൂട്ടി നല്ലവനായതുകൊണ്ട് അത്രയും സാധിച്ചു. കുഞ്ഞിന് ഇപ്പോള്‍ മൂന്നര വയസ്സ് കഴിഞ്ഞു.'

പ്രണയാതിരേകത്താല്‍ നെഞ്ചില്‍ ഭാര്യയുടെ പേര് 'ഷൈനി' എന്ന്  പച്ചകുത്തിയ ആനന്ദ് കുഞ്ഞിനെക്കുറിച്ച് എന്നോട് പറയുമ്പോള്‍ ശബ്ദത്തില്‍ ഇടര്‍ച്ച ഉണ്ടായിരുന്നു. ഷൈനിയുമായുള്ള പ്രണയ വിവാഹം നടക്കുമ്പോള്‍ അവന് ഇരുപത് വയസ്സാകുന്നതേയുള്ളൂ. എന്നിട്ടും മധുവിധുക്കാലത്തിന്റെ മധുരിമ മായും മുന്‍പേ ഇരുവര്‍ക്കും പരസ്പരം അകലേണ്ടി വന്നു. അതിലെ നടുക്കങ്ങള്‍ അവനെ ആഴത്തില്‍ അലോസരപ്പെടുത്തുന്നുണ്ട്. ഒരു ഇരുപത്തിനാലുകാരന് അതിവേഗം അതിജീവിക്കാന്‍ കഴിയാത്ത പോറലുകള്‍. ചിലപ്പോള്‍ അതെന്നോട് പങ്കുവെയ്ക്കും. അത് ഒരാശ്വാസം തേടുന്നതിനാണെന്ന് തോന്നിയില്ല. അതിനപ്പുറം തന്നിലെ പ്രണയത്തെ സ്വയമറിയാനുള്ള അവന്റെ ശ്രമമായാണ് എനിക്കനുഭവപ്പെട്ടത്. നെഞ്ചില്‍ പച്ചകുത്തിയയിടത്തില്‍ അവളിരിപ്പുണ്ടെന്ന രീതിയിലാണ് അവനന്ന് സംസാരിച്ചത്. അതുകൊണ്ടാകാം ആനന്ദിനോട് ഒരു പ്രത്യേക വാത്സല്യം എനിക്ക് തോന്നി.

നാലാം ക്ലാസ്സാണ് അവന്റെ വിദ്യാഭ്യാസ യോഗ്യത. പതിമൂന്ന് വയസ്സുമുതല്‍ ഒരു കൗമാരക്കാരന്‍ പാലിക്കേണ്ട അച്ചടക്കം അവനുണ്ടായിരുന്നില്ല. അതിന്റെ കാരണങ്ങള്‍ തിരയുന്നതില്‍ അര്‍ത്ഥവുമില്ല. കടലും തീരവും അതിനോട് ചേര്‍ന്ന മനുഷ്യരുമുള്ള ചുറ്റുപാടില്‍ അവനെപ്പോലെ പലരുമുണ്ട്. അവന്റെ പ്രായക്കാര്‍. അല്പം മുതിര്‍ന്നവര്‍. അതില്‍ മിക്കവര്‍ക്കും പ്രാഥമിക വിദ്യാഭ്യാസമേയുള്ളു. പുകവലിയും കഞ്ചാവും മദ്യപാനവും അവരുടെ ശീലങ്ങളാണ്. ഷൈനി പങ്കാളിയായി വന്നതോടെ ജീവിതത്തിന് ചില ലക്ഷ്യങ്ങള്‍ ആനന്ദ് കരുതിവെച്ചു. സ്വന്തം നാടായ തൂത്തുക്കുടിയില്‍ കപ്പല്‍ തൊഴിലാളിയായി ജീവിക്കുന്നതിനിടയില്‍ കിങ്സ്റ്റന്‍, പാര്‍ത്ഥിപന്‍, ക്രിസ്റ്റഫര്‍ എന്നീ കൂട്ടുകാരോടൊപ്പം മയക്കുമരുന്ന് കടത്താനുള്ള തീരുമാനം അവനെടുക്കുന്നത് അതിനെ തുടര്‍ന്നാകണം. ആ തീരുമാനം ഒടുക്കം ഒരു ദുരന്തത്തില്‍ കലാശിക്കുകയും ചെയ്തു. 

പിന്നിട്ട ജീവിതം ആത്മനിന്ദയോ, അപകര്‍ഷതയോ ചില തടവുകാരില്‍ നല്‍കാറുണ്ട്. അങ്ങനെയൊന്ന് തോന്നാത്തവരും ധാരാളം. അത്തരക്കാരിലും രണ്ടു വിഭാഗങ്ങളുണ്ടെന്ന് കണ്ടു. ഒരു കൂട്ടര്‍ തടവും ശിക്ഷയുമൊക്കെ ചെറുപ്പത്തിന്റെ അഹങ്കാരമായി കാണുന്നവരാണ്. തടവില്‍ നിന്നും ഏതു വിധേന  രക്ഷപ്പെട്ടാലും അക്കൂട്ടര്‍ ചെയ്ത തെറ്റുകള്‍ തന്നെ ആവര്‍ത്തിക്കും. അടുത്ത വിഭാഗത്തിന് ശരിയുടേതും ധാര്‍മ്മികതയുടേതുമായ  ലോകം  അജ്ഞാതമായതിന്റെ കുഴപ്പമാണ്. അവര്‍ ജീവിച്ച ചുറ്റുപാട് തെറ്റുകളുടെ, അധാര്‍മ്മികതയുടെ ലോകമാണ്. മതവിശ്വാസം അവര്‍ കൂടെ കൊണ്ടുനടക്കുന്നുണ്ടാകാം. പക്ഷെ അതൊക്കെ അവരില്‍ ശരിയുടെ ലോകം നിജപ്പെടുത്താന്‍ പ്രാപ്തമല്ല. അത്രമേല്‍ വഴിപിഴച്ച ലോകം അവരില്‍ നിറഞ്ഞുകിടന്നു. മതം പേരിനൊപ്പം കൂട്ടിവെച്ച, ഐഡെന്റ്ററ്റി എന്നൊന്നും പറയാനില്ലാത്ത വെറും പൊള്ളയായ പദമായി! 

എന്നാല്‍ ആനന്ദില്‍ പ്രകടമായും ആത്മനിന്ദയുണ്ട്. അക്കാര്യം അവന്‍ തുറന്ന മനസ്സാലെ എന്നോട് സമ്മതിക്കുകയും ചെയ്തു. 

'ഇപ്പോള്‍ ഇരുപത്തിനാല് വയസ്സായി. ഇതേവരെയുള്ള ജീവിതം എന്റെ നിയന്ത്രണത്തിലല്ലായിരുന്നു. ജയിലില്‍ നിന്നും പുറത്തിറങ്ങിയ ശേഷം ഒരു നല്ല ജീവിതം തുടങ്ങണം. അന്ന് ഞാന്‍ നിങ്ങളെ കോഴിക്കോട്ട് കാണാന്‍ വരും. ഉറപ്പ്.'

ആനന്ദ് പറഞ്ഞത് ശരിക്കും അവന് പാലിക്കാന്‍ കഴിയുമെന്ന് തോന്നി. അതിനടിസ്ഥാനം അവന്റെ ഈ വാക്കുകള്‍ മാത്രമല്ല. തൂത്തുക്കുടിയില്‍ പിന്നിട്ട ബാല്യ- കൗമാരത്തില്‍ ഒരു ജീവിതം തുന്നിച്ചേര്‍ത്ത തെറ്റായ വഴികള്‍ക്കപ്പുറം ഒപ്പമുള്ളവരുടെ കാര്യത്തില്‍ അവന്‍ പുലര്‍ത്തുന്ന ശ്രദ്ധയും പരിഗണനയും കൃത്യമായും അനുഭവപ്പെട്ടത് കൊണ്ടുകൂടിയാണ്. ജയിലിനകത്ത് എനിക്ക് നേരെ നീണ്ട പോലീസുകാരുടെ പരിഹാസത്തിന് അതേനാണയത്തില്‍ മറുപടി കൊടുത്ത് അവരുടെ വായ അടപ്പിച്ചതിന് പിന്നില്‍ അവനില്‍ നിലനില്‍ക്കുന്ന കൂട്ടുകാരോടുള്ള ആ മനോഭാവം തന്നെയാണ് കാരണം. 

ഒരിക്കല്‍ അതിരുകടന്ന ചിന്തകള്‍ വഴി എന്റെ ശരീരം ബ്ലഡ് പ്രഷറിന്റെ തോത് കൂടിയ ഘട്ടത്തിലെത്തിയപ്പോള്‍ ആനന്ദ് പറഞ്ഞു. 'സാര്‍, അധികം ടെന്‍ഷനാകാതെ നോക്കണം.' അത്രയും പറഞ്ഞ് അവന്‍ ഓരോ തമാശകളിലൂടെ എന്നെ മറ്റൊരു ലോകത്തേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചു. പറയുന്നയാള്‍ കേട്ടിരിക്കുന്നയാളേക്കാള്‍ കടുത്ത പ്രതിസന്ധിയിലായിട്ടും അവനെന്നെ രസിപ്പിച്ചുകൊണ്ടിരുന്നു. അപ്പോള്‍ ഞാന്‍ അതേക്കുറിച്ചാണ് ചിന്തിച്ചത്. വിരഹവും അസ്വാതന്ത്ര്യവും ഒരാളില്‍ വേദനയുടെ പ്രാകാരം പണിയുന്നതിനിടയില്‍ അയാള്‍ക്ക് മറ്റൊരാളെ ചിരിപ്പിക്കാന്‍ കഴിയുന്നതിലെ രസതന്ത്രം. 

പലപ്പോഴും സ്വതന്ത്രനായി ജീവിക്കുന്നൊരാള്‍ക്ക് തടവ് എന്താണെന്ന് മനസ്സിലാകാറില്ല. പട്ടിണി അനുഭവിക്കാത്തയാള്‍ക്ക് വിശപ്പിനെക്കുറിച്ച് സത്യസന്ധമായി പറയാനും കഴിയാറില്ല! പിശുക്കിന്റെ തോത് ഉയര്‍ന്ന് കണ്ടത് അധികവും സമ്പന്നരിലാണ്. ആ നിലയ്ക്ക് ദുഖിക്കുന്നയാള്‍ തന്നെയാണ് അപരന്റെ ദുഃഖത്തെ ഏറ്റുവാങ്ങാന്‍ ശരിക്കും യോഗ്യന്‍. ആ ആള്‍ക്കാണ് വേദനിക്കുന്നയാളെ രസിപ്പിക്കാനും കഴിയുക. ഒരിക്കല്‍  ക്ലാസില്‍ എടുത്തുകൊണ്ടിരിക്കുന്ന വിഷയയുമായി ബന്ധപ്പെട്ട് ഒരു പെണ്‍കുട്ടി എന്നോട് ചോദിച്ച ചോദ്യമോര്‍ക്കുന്നു. 

'കോടീശ്വരനായ അംബാനിയുടെ മൂക്കിന് തൊട്ടുതാഴയല്ലേ സാര്‍ മുംബൈയിലെ പട്ടിണിപ്പാവങ്ങളുടെ ചേരികള്‍. ചെളിയിലെ പുഴുക്കളുടെ ജീവിതമാണ് അവര്‍ക്ക്. അരവയര്‍ നിറയ്ക്കാന്‍ വേശ്യാവൃത്തി ചെയ്യേണ്ടിവരുന്ന നിരവധി അശരണരായ സ്ത്രീകള്‍ നിറഞ്ഞ ചുവന്ന തെരുവുകളും അവിടെയുണ്ട്. എന്നിട്ടും ആ മനുഷ്യന്‍ ചെയ്യുന്നതെന്താണ്?  ഭാര്യയ്ക്ക് സമ്മാനമായി മുന്നൂറ് കോടിക്കടുത്ത് വിലയുള്ള വിമാനം നല്‍കുക. മകള്‍ക്ക് ധരിക്കാന്‍ കോടികള്‍ വിലമതിയ്ക്കുന്ന ഡയമണ്ട് കൊണ്ട് നിര്‍മ്മിച്ച 'ഉടയാട' നല്‍കുക ...അങ്ങനെ പലതും. കോടീശ്വരനിലും ഒരു മനുഷ്യനുണ്ടാവില്ലേ? ആ മനുഷ്യനില്‍ ചുറ്റുമുള്ള ദുരിതക്കാഴ്ചകള്‍ ഒരു കുറ്റബോധവും ഉണ്ടാക്കില്ലേ? ' 

ആ ചോദ്യം ഞാനും പലതവണ ചിന്തിച്ചതാണെന്ന് അവളോട് പറഞ്ഞു. ഇന്ത്യയിലെ ഒരു ശതമാനം ശതകോടീശ്വരന്മാരാണ് നമ്മുടെ സമ്പത്തിന്റെ 73% സമ്പത്തും കയ്യടക്കിയതെന്നും ആ കുട്ടിയോട് ഞാന്‍ സൂചിപ്പിച്ചു. തങ്ങള്‍ ചെയ്യുന്നത് തെറ്റാണെന്ന് അവര്‍ക്ക് തോന്നാനിടയില്ല. നമ്മള്‍ കാണുന്ന ശരിയുടെ ലോകമല്ല അവര്‍ കാണുന്ന നേര്. ആ നിലയ്ക്ക് കുറ്റബോധമെന്ന് നാം കരുതുന്നത് അവര്‍ക്ക് ആ മട്ടില്‍ അന്യമായ പദമാകാമെന്നും അവളോട് ഞാന്‍ പറഞ്ഞു. 

സോമര്‍സെറ്റ് മോം ചാര്‍ളി ചാപ്ലിനുമായി ഒരു ചേരിയിലൂടെ കാറില്‍ സഞ്ചരിക്കാനിടയായത് എവിടെയോ വായിച്ചതോര്‍ക്കുന്നു. പരമ ദരിദ്രര്‍ താമസിക്കുന്ന ചേരിയില്‍ എത്തിയപ്പോള്‍ മോം കാറിന്റെ സൈഡ് ഗ്ലാസ് ഉയര്‍ത്തി ചേരിയുടെ നടുക്കുന്ന ചിത്രം ചാപ്ലിന് കാട്ടിക്കൊടുത്തു. ചാപ്ലിന്‍ പെട്ടെന്നുതന്നെ ഗ്ലാസ് താഴ്ത്തിയിട്ട് പറഞ്ഞു. 'ഇനി എനിക്കിത്  കാണേണ്ട. ദയവായി ഇതൊക്കെ കാണാന്‍ ഇടവരുത്തല്ലേ....!' ആ ചേരിജീവിതം ചാപ്ലിന്റെ ഓരോ കോശങ്ങളിലും അപ്പോഴും അസ്തമിച്ചിരുന്നില്ല. ചിരിക്കുമ്പോഴും അകത്തുപൊട്ടിക്കരയുന്ന ചാപ്ലിനെന്ന വിശ്രുത കലാകാരന് അതിദയനീയമായ ചേരിയുടെ നേര്‍ക്കാഴ്ച  ക്രൂരമായ നെഞ്ചിടിപ്പായി മാറിയിരിക്കാം.  

ഇല്ലായ്മയുടെ കഠിനമായ പൊള്ളലുകള്‍ ഒരിക്കലെങ്കിലും അനുഭവിച്ചവരോ എപ്പോഴും നേരിടുന്നവരോ തന്നെയാണ് ലോകത്ത് നന്മമരങ്ങളാകുന്നത്. മറ്റുള്ളവര്‍ക്ക് അതത്രയും ബോധ്യമാവണമെന്നില്ല. ഇവിടെ ഈ തടവറയില്‍ ആനന്ദ് ഇപ്രകാരം അനുവര്‍ത്തിക്കുന്നതിലെ പൊരുള്‍ അതുകൊണ്ടുതന്നെ എന്നെ ആശ്ചര്യപ്പെടുത്തിയതുമില്ല.
 
എന്നാല്‍ കിങ്സ്റ്റണ്‍ ആ വഴിയ്ക്ക് ചിന്തിക്കില്ല. ഇതര തമിഴ് യുവാക്കളില്‍ നിന്നും കിങ്സ്റ്റണെ വേര്‍തിരിച്ച് നിര്‍ത്തുന്നത് അവനിലെ അതിസാമര്‍ത്ഥ്യമാണ്. ഒരു കുറുക്കന്‍ ബുദ്ധി കിങ്സ്റ്റണ്‍ന്റെ രക്തത്തില്‍ അലിഞ്ഞുകിടപ്പുണ്ടെന്ന് കപ്പിത്താന്‍ മരിയ ഞാനും രാജേഷും കേള്‍ക്കെ ഇടയ്ക്കിടെ പറയുന്നത് ശരിയാണെന്ന് തോന്നി.  

നാല് തമിഴ് യുവാക്കളുടേയും കാര്യത്തില്‍  ആദ്യമായി വന്നുപെട്ട തടവുജീവിതം അവരില്‍ അമര്‍ഷവും ദുഃഖവും രോഷവും സൃഷ്ടിക്കാറുണ്ട്. അത് ഒരു ദിവസത്തിന്റെ പല ഘട്ടങ്ങളിലും അവര്‍ക്കിടയില്‍ പ്രതിസന്ധിയാകും. അപ്പോള്‍  ഓരോ ആളും മറ്റൊരാളെ കുറ്റപ്പെടുത്തും. പാര്‍ത്ഥിപന്‍ ക്രിസ്റ്റഫറില്‍ ശത്രുവിനെ കാണുമ്പോള്‍ ക്രിസ്റ്റഫര്‍ ആനന്ദിലും അതേ ശത്രുത കണ്ടെത്താന്‍ ശ്രമിക്കും. പാര്‍ത്ഥിപനും ക്രിസ്റ്റഫറും തമ്മിലുള്ള തമ്മിലടിക്ക് ശേഷം അതേ രംഗം ക്രിസ്റ്റഫറും ആനന്ദും തമ്മിലുണ്ടായി. അവര്‍ക്കിടയില്‍ രാസത്വരകമായി വര്‍ത്തിച്ചത് കിങ്സ്റ്റനാണെന്ന് കപ്പിത്താന്‍ മരിയ സ്വകാര്യമായി എന്നോട് പറഞ്ഞു.

'ആ കിങ്സ്റ്റനാണ് ഇരുവരേയും തമ്മിലടിപ്പിക്കുന്നത്. ആടുകളെ തമ്മിലടിപ്പിക്കുന്ന ചെന്നായയുടെ സ്വഭാവമാണവന്.'      

ഒരുപക്ഷെ തമിഴ് തടവുകാരില്‍ എനിക്ക് അധികം അടുപ്പമില്ലാതെ പോയവരില്‍ ഒരാള്‍ കിംഗ്സ്റ്റനാണ്. മറ്റൊരാള്‍ മരിയ എന്ന് വിളിക്കപ്പെടുന്ന മരിയ സോസല്‍ പൊന്നുതമ്പിയും. അന്‍പത് പിന്നിട്ട മരിയ അധിക നേരവും കമഴ്ന്ന് കിടന്ന് വിരലുകള്‍ ചലിപ്പിച്ച് എന്തോക്കയോ എണ്ണി നോക്കുന്നത് കാണാം. പോകാമെന്ന് കരുതുന്ന ദിനങ്ങള്‍ അയാള്‍ എണ്ണുകയാണോ? അതോ കഴിഞ്ഞ ജീവിതത്തിലെ പരുക്കുകള്‍ കണക്കുകൂട്ടുകയോ? അതെന്താണെന്ന് അയാള്‍ ആരോടും പറഞ്ഞതുമില്ല. മൂന്ന് കിലോ മയക്കുമരുന്ന് ഇന്ത്യയില്‍ നിന്നും  ദ്വീപിലേക്ക്  കടത്തിയതിനാണ് മരിയ പിടിയ്ക്കപ്പെട്ടത്. കപ്പലിന്റെ കപ്പിത്താനാകാനുള്ള ലൈസന്‍സ് അയാള്‍ക്ക് ആയിടയ്ക്കാണ് ലഭിച്ചത്.

കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കപ്പിത്താനായ മരിയയെ മാത്രം മയക്കുമരുന്ന് കടത്തിയ കേസില്‍ പെടുത്തിയപ്പോള്‍ കപ്പല്‍ തൊഴിലാളികളെ വെറുതെവിടുകയാണ് ചെയ്തത്. നേരെമറിച്ച് തമിഴ് യുവാക്കളുടെ കാര്യത്തില്‍ കപ്പിത്താനെ വെറുതെ വിടുകയും അതിലെ തൊഴിലാളികളെ കേസില്‍ പെടുത്തുകയും ചെയ്തു. 

തമിഴ് യുവാക്കളെപ്പോലെ നിരന്തര പ്രാര്‍ത്ഥനയൊന്നും മരിയയ്ക്ക് ഉണ്ടായിരുന്നില്ല. അതേസമയം ക്രിസ്തീയ മതത്തെക്കുറിച്ചും മറ്റു മതങ്ങളെക്കുറിച്ചും മരിയ പലതും തമിഴ് യുവാക്കളോട് തട്ടിവിടുന്നത് പാതിരാത്രി പിന്നിടുംവരെ കേള്‍ക്കാം. മറ്റുമതങ്ങളെ വളരെ നിന്ദിച്ചുകൊണ്ടാണ് അയാള്‍ സംസാരിക്കുക. ഒരിക്കല്‍ അതേക്കുറിച്ച് മഹേഷ് എന്ന തടവുകാരന്‍ എന്നോട് പറഞ്ഞു.

'ഇന്നലെ രാത്രി ഹിന്ദു മതങ്ങളെക്കുറിച്ചും ഹിന്ദുക്കളെക്കുറിച്ചും മരിയ മോശമായി പറയുന്നത് കേട്ടു.' ഒരല്പം വൈകാരീകമായാണ് മഹേഷ് എന്നോട് അക്കാര്യം പറഞ്ഞത്. 

'അയാള്‍ പറയട്ടെ മഹേഷ്, അതുകൊണ്ട് നിന്റെ വിശ്വാസത്തിന് തകരാറ് സംഭവിക്കുമോ? ' ഞാന്‍ ആ വിഷയത്തെ നിസ്സാരമായി കണ്ടപ്പോള്‍ മഹേഷ് ഒന്നും മിണ്ടിയില്ല. അല്ലെങ്കിലും തടവറയില്‍ എന്ത് മതം? ഏത് ദൈവം? ഇവിടെ ഒരൊറ്റ ദൈവമേയുള്ളൂ. അത് നമ്മുടെ സ്വാതന്ത്ര്യമാണ്. ആ ചിന്തയ്ക്കപ്പുറം മറ്റെല്ലാം വ്യര്‍ത്ഥമാണ്. മഹേഷിന് ഞാന്‍ പറഞ്ഞത് വ്യക്തമായെന്ന്  അവന്റെ മുഖത്തെ പ്രസന്നഭാവം കണ്ടപ്പോള്‍ മനസ്സിലായി. മറ്റൊരു കാര്യം കൂടി ഞാന്‍ അവന്റെ ശ്രദ്ധയില്‍പ്പെടുത്തി. തമിഴരുടെ പേരുകള്‍ ശ്രദ്ധിച്ചാല്‍ അവരില്‍ പലരും ഹിന്ദുമതത്തില്‍ നിന്നും പോയതാകാനാണ് സാധ്യത. ആ നിലയ്ക്ക് മതം മാറിയവര്‍ക്ക് പൂര്‍വ മതത്തോട് കടുത്ത വൈരാഗ്യവും പരിഹാസവും തോന്നുക സ്വാഭാവീകം. ഒരുപക്ഷെ മതം മാറാനുള്ള സാഹചര്യമാകാം അവരുടെ വൈരാഗ്യത്തിനും പരിഹാസത്തിനും ഒരു കാരണം.

തമിഴ്‌നാട്ടില്‍ ജാത്യാഭിമാനം കൂടുതലാണ്. അതേത്തുടര്‍ന്ന് ദുരഭിമാനക്കൊലപാതകങ്ങളും അധികമാണ്. അതല്ലെങ്കില്‍  സ്വീകരിച്ച മതം ഗംഭീരമാണെന്ന് തോന്നുന്ന മണ്ടന്‍ ചിന്തകളാകാം. തങ്ങളുടെ മതം ഏറ്റവും മെച്ചമാണെന്ന് അവകാശപ്പെടുന്നതിനേക്കാള്‍ ചര്‍ച്ച ചെയ്യേണ്ടതും പറയേണ്ടതും ഏതു മതവും പിന്തുടരുന്നവരില്‍ ശേഷിക്കുന്ന കാരുണ്യവും സ്‌നേഹവുമാണ്. അതോടെ 'മതവിഷയം' ഞങ്ങള്‍ വിട്ടു. മരിയയുടെ ചര്‍ച്ചകള്‍ അതേപടി ഇടയ്ക്ക് തുടരുകയും ചെയ്തു.  

രണ്ടാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള മരിയയുടെ ചില 'അറിവില്ലായ്മകള്‍' മാറ്റി നിര്‍ത്തിയാല്‍ കമഴ്ന്ന് കിടക്കാത്ത നേരത്തുള്ള അയാളുടെ ചില നേരമ്പോക്കുകള്‍ ഞങ്ങള്‍ രസിച്ചു. ഇടയ്ക്ക് പഴയ തമിഴ് സിനിമാഗാനങ്ങള്‍ പരുക്കന്‍ ശബ്ദത്തില്‍ ഉച്ചത്തില്‍ പാടുന്നതും 'കട്ടബൊമ്മനിലെ'  ശിവാജി ഗണേശന്റെ സംഭാഷങ്ങള്‍ അതേപടി പറഞ്ഞ് അഭിനയിക്കുന്നതും നീണ്ട കടല്‍യാത്ര നല്‍കിയ സാഹസീകത വിസ്തരിക്കുന്നതും  മരിയയുടെ വക സ്‌പെഷ്യല്‍ നേരമ്പോക്കായി.

ഞാന്‍ മോചിപ്പിക്കപ്പെടുന്നവരെ ജയില്‍ മോചനം മാത്രം സ്വപ്നം കണ്ട, കടലിനോട്  ദീര്‍ഘകാലം മല്ലടിച്ച, കടലിന്റെ  അകവും പുറവും നന്നായി അനുഭവങ്ങളിലൂടെ അറിഞ്ഞ ആ മധ്യവയസ്‌കന്‍ ആരോടെങ്കിലും സ്വന്തം ദുഃഖം പങ്കിടുന്നത് കണ്ടില്ല. കമഴ്ന്ന് കിടന്ന് തന്റെ  വേദനകള്‍ വിരലുകള്‍ കൊണ്ട് കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്ന അയാളുടെ ധീരമായ മുഖം ഇപ്പോഴും മനസ്സിലുണ്ട്.

ജയില്‍ മോചിതനായശേഷം മരിയയുടേയും തമിഴ് യുവാക്കളുടേയും വീടുമായി ബന്ധപ്പെടാന്‍ കോയമ്പത്തൂരുള്ള എന്റെ സുഹൃത്ത് വഴി ഞാന്‍ ശ്രമിച്ചുനോക്കി. ആനന്ദിന്റെ സഹോദരി നിര്‍മ്മലയുമായും ആ ശ്രമം ഞാന്‍ തുടര്‍ന്നു. ജയില്‍ മോചനത്തിന് ചെയ്യേണ്ട കാര്യങ്ങള്‍ തടവുകാരുടെ കുടുംബാംഗങ്ങളെ ശെന്തില്‍ വഴി അറിയിക്കുകയും ചെയ്തു. പക്ഷെ അതൊക്കെ അവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ലെന്ന് തോന്നി.

തമിഴ് തടവുകാരുടെ മോചനക്കാര്യത്തില്‍ ഇടപെടാന്‍ അവര്‍ക്കവിടെ രാഷ്ട്രീയമായ പിന്‍ബലമോ നല്ല സൗഹൃദമോ ഉണ്ടാകാനിടയില്ലെന്ന് കണ്ടു. കടലോരത്തെ കുറെ പാവം മനുഷ്യര്‍ക്ക് തടവുകാരുടെ കാര്യത്തില്‍ എന്തെങ്കിലും ചെയ്യാനുള്ള നൈപുണ്യവുമില്ല. അതോടെ അവരുടെ കാര്യത്തില്‍ എനിക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് ബോധ്യമായി. ആ ശ്രമം ഞാന്‍ തുടര്‍ന്നതുമില്ല.

മരിയ ശിക്ഷിക്കപ്പെട്ടു. ക്രിസ്റ്റഫറിനും പാര്‍ത്ഥിപനും ലഭിച്ച അതേ കാലയളവ്. ഇരുപത്തിയഞ്ച് വര്‍ഷം. അതേസമയം ആനന്ദും കിംഗ്സ്റ്റണും ജയില്‍ മോചിതരായി. തൂത്തുക്കുടിയില്‍ നിന്നും ആനന്ദും അവന്റെ സഹോദരി നിര്‍മ്മലയും ഇടയ്ക്ക് വിളിക്കും. അവരുടെ അതിഥിയായി അവിടെ ചെല്ലാനാണ് വിളിക്കുന്നത്.

ഞാന്‍ ചെന്നില്ലെകില്‍ ആനന്ദ് ഇങ്ങോട്ട് വരുമെന്നും അറിയിച്ചു. ഇനി കാണാനിടയായാല്‍ കുറെ രസകരമായ കഥകള്‍ അവന് പറയാനുണ്ടാകും. എഴുതാന്‍ പാകത്തില്‍ അതത്രയും കാണുമെന്ന് എനിക്കറിയാം. ആ സമാഗമ ദിനം ഞാനും കാത്തിരിക്കയാണ്. അധികം വൈകാതെ അതുണ്ടാകാമെന്നും കരുതട്ടെ. (തുടരും)

 Content highlights: Crime news, Life in prison, Maldives,Jayachandran Mokeri