"ഞാനൊഴിച്ച് ബാക്കി മൂന്നുപേരും വിവാഹിതരാണ്. അവര്‍ക്ക് കുഞ്ഞുങ്ങളുണ്ട്. ആ നിലയ്ക്ക് ഞാന്‍ കുറ്റമേറ്റെടുത്താല്‍ മൂന്ന് കുടുംബങ്ങള്‍ രക്ഷപ്പെടില്ലേ? അവിവാഹിതനെന്ന നിലയ്ക്ക് എനിക്ക് മാത്രമേ അത്തരമൊരു നിലപാടെടുക്കാന്‍ കഴിയൂ."

ഇത് പാര്‍ത്ഥിപന്‍ എന്ന തമിഴ്‌നാട്ടുകാരന്‍ തടവുകാരന്റെ വാക്കുകളാണ്. ഇപ്പോഴും എന്നെ നിരന്തരം വേട്ടയാടുന്ന വാക്കുകള്‍. ഈ ഇരുപത്തൊമ്പതുകാരന്‍ അക്കാര്യം പറയുമ്പോള്‍ ഞാന്‍ ശരിക്കും അത്ഭുതപ്പെട്ടു. അതൊരു വലിയ ത്യാഗമാണ്. സ്വന്തം കൂടപ്പിറപ്പുകള്‍ പോലും ചെയ്യാന്‍ മടിയ്ക്കുന്ന, ചെയ്യണമെന്ന് ആശിക്കാനിടയില്ലാത്ത മഹത്തായ ത്യാഗം. കിട്ടാനിടയുള്ള ശിക്ഷ ഇരുപത്തഞ്ച് വര്‍ഷമാണ്. ജയില്‍ മോചിതനാവുമ്പോള്‍ ഉരുക്കുപോലെ ഉറച്ച ശരീരമുള്ള, ഇരുനിറക്കാരനായ ആ യുവാവിന് അന്‍പത് പിന്നിടും. ഒരാവേശത്തിന് അവന്‍ അപ്രകാരം പറഞ്ഞതാവുമോ? ആശങ്ക തീരാതെ ഞാന്‍ വീണ്ടും അവനോട് ചോദിച്ചു.
'അപ്പോള്‍ നിനക്ക് ജീവിക്കേണ്ട?'
അവന്റെ പ്രായത്തില്‍ ആരും സ്വപ്നം കാണുക ഒരു പെണ്കുട്ടിയോടൊപ്പമുള്ള ജീവിതമാകും. ആ പ്രായത്തില്‍ അകലെയെവിടെയോ കാത്തിരിക്കുന്ന, ഒരിക്കലും കാണാത്ത പെണ്‍കുട്ടിയുടെ മുഖം ഞാനെത്ര നെയ്‌തെടുത്തിട്ടുണ്ട്! തൂത്തുക്കുടിയിലെ കടല്‍ത്തീരത്ത് നിറയെ ചിരിയുമായി നടന്നകലുന്ന കടുക് നിറമുള്ള പെണ്ണിനെ തന്റെ സ്വപ്നങ്ങളില്‍ നിന്നും അവന്‍ വഴിയാധാരമാക്കുകയാണോ? അല്ലെങ്കില്‍ മഴമേഘങ്ങള്‍ കനിവ് പകരാത്ത വെറും തരിശുനിലങ്ങളാകുമോ അവന്റെ ചിന്തകള്‍....! എന്റെ കരുതലുകളെ ധൃതിയില്‍ തരിപ്പണമാക്കിക്കൊണ്ട് അവന്‍ തുടര്‍ന്നു.
'അതില്‍ കാര്യമില്ലല്ലോ സാര്‍. ഞങ്ങള്‍ നാലുപേരുടേയും ജീവിതം തകരുന്നതിലും നല്ലത് ഒരാളുടെ ജീവിതം അങ്ങനെയാവുന്നതല്ലേ'!
അത് പറയുമ്പോള്‍ യാതൊരു തരത്തിലുമുള്ള വികാര പ്രകടനവും പാര്‍ത്ഥിപനില്‍ കണ്ടില്ല. തികച്ചും നിസ്സംഗനായ യോഗിയെപ്പോലെ അവന്‍ തോന്നിച്ചു. ഒരുപക്ഷെ കൂടെയുള്ള ചെറുപ്പക്കാരെ മാത്രം ആശ്രയിക്കുന്ന കുടുംബത്തിന്റെ നിസ്സഹായത, നിരാലംബം അവനെ ഒരു ദൃഢനിശ്ചയത്തിന് പാകമാക്കിയിരിക്കണം.
ആറ് തമിഴ് തടവുകാരാണ് കൂടെയുള്ളത്. അതില്‍ നാലുപേര്‍ മുപ്പതിന് താഴെ പ്രായമുള്ളവര്‍. ആനന്ദ്, കിങ്സ്റ്റണ്‍, ക്രിസ്റ്റഫര്‍ എന്നിവരാണ് പാര്‍ത്ഥിപന്റെ കൂടെയുള്ള മറ്റ് തമിഴ് യുവാക്കള്‍. നാലുപേരുടേയും കേസുകള്‍ സമാനമെങ്കിലും അവരുടെ ചിന്തകള്‍, ഇടപെടലുകള്‍ വേറിട്ടതാണ്. മറ്റുള്ളവരില്‍ നിന്നും വ്യത്യസ്ഥമായി കുറേക്കൂടി വാക്കുകളില്‍ മിതത്വം പാലിക്കുന്നയാളാണ് പാര്‍ത്ഥിപന്‍. ശിക്ഷ സ്വയം കൈവരിക്കുന്നെന്ന തോന്നലുകള്‍ കൊണ്ടാകണം ദിവസവും ഒരു നിശ്ചിതനേരം പ്രാര്‍ത്ഥനയില്‍ നിമഗ്‌നനാകാന്‍ അവന്‍ ശ്രമിക്കുന്നത്. കൂട്ടുകാര്‍ പല കാര്യങ്ങളിലും വ്യത്യസ്തത പുലര്‍ത്തുമ്പോള്‍ പാര്‍ത്ഥിപന് അവന്റേതായ രീതികളുണ്ട്. ആ രീതികള്‍ കൂട്ടുകാരില്‍ അടിച്ചേല്‍പ്പിക്കാന്‍ അവന്‍ ശ്രമിക്കാറുമില്ല. അവന്റെ കാഴ്ചകളില്‍ നിന്നും അവര്‍ വ്യതിചലിക്കുമ്പോള്‍ മാത്രം ഒരിഷ്ടക്കേട് ആ മുഖത്ത് പടരും. ആരോടെന്നില്ലാതെ അതേക്കുറിച്ചുള്ള അവന്റെ പരിഭവം മുറുമുറുപ്പുകളായി പുറത്തേക്ക് തികട്ടും. എങ്കിലും ചില മിതഭാഷികളില്‍ കാണാറുള്ള, ദീര്‍ഘമായി പലതും അടക്കിനിര്‍ത്തിയതിന്റെ ഭാഗമായുള്ള പൊട്ടിത്തെറി ചില നേരത്ത് അവനിലും സംഭവിക്കാറുണ്ട്.
തൂത്തുക്കുടിയില്‍ നിന്നും മാലദ്വീപിലേക്ക് വരാറുള്ള ഒരേ കപ്പലിലെ തൊഴിലാളികളാണ് നാലുപേരും. തൂത്തുക്കുടിയിലെ അവരുടെ ജീവിതം അത്രയൊന്നും സാമ്പത്തിക ഭദ്രതയുള്ളതല്ല. നാലുപേരുടേയും വീടുകള്‍ ഏതാണ്ട് അടുത്താണെന്നാണ് അവര്‍ പറഞ്ഞത്. ആയൊരടുപ്പവും ചില അടുപ്പം സൃഷ്ടിക്കാനിടയുള്ള അകല്‍ച്ചയും അവര്‍ക്കിടയിലുണ്ട്. തൂത്തുക്കുടിയില്‍ നിന്നും ചരക്കുമായി ദ്വീപിലേക്ക് വരുന്ന കപ്പലില്‍ മയക്കുമരുന്ന് കടത്താന്‍ അവര്‍ തീരുമാനിക്കുന്നത് അവര്‍ക്കിടയിലെ സൗഹൃദമാണ്. മയക്കുമരുന്ന് ഇന്ത്യയില്‍ നിന്നും ദ്വീപിലെത്തിച്ചാല്‍ കിട്ടാനിടയുള്ള ചെറിയ പ്രതിഫലം അവരുടെ ഒരേ ലക്ഷ്യമാകുന്നത് അതിനാലാണ്. എന്നാല്‍ ആ ലക്ഷ്യം ഫലപ്രാപ്തി നേടിയില്ല. അക്കാര്യം അവര്‍ക്കിടയില്‍ വലിയ മുറിവുകള്‍ സൃഷ്ടിക്കുകയും ചെയ്തു.
'ഞങ്ങളുടെ കാര്യത്തില്‍ കൂടെയുള്ളവരുടെ അശ്രദ്ധയാണ് വിനയായത്. കസ്റ്റംസിനെ നിരീക്ഷിക്കേണ്ട ചുമതല ക്രിസ്റ്റഫറിനായിരുന്നു. തീരത്ത് കപ്പലടുത്തപ്പോള്‍ കസ്റ്റംസിനെ നിരീക്ഷിക്കേണ്ടതിന് പകരം അവന്‍ ഫോണിലൂടെ ആരോടോ വിടുവായിത്തങ്ങള്‍ പറയുകയായിരുന്നു. ആനന്ദാണെകില്‍ കഞ്ചാവിന്റെ ലഹരിയില്‍ മറ്റൊരു ലോകത്തും! '
വളരെ ചിട്ടയോടെ നാലുപേരും ആസൂത്രണം ചെയ്ത കാര്യം കൂടെയുള്ളവരുടെ അശ്രദ്ധ കൊണ്ടുമാത്രം പാളിപ്പോയതില്‍ പാര്‍ത്ഥിപന്‍ അങ്ങേയറ്റം ദുഃഖിതനാണ്. അതില്‍ പ്രധാനമായും അവന്‍ രോഷം കൊള്ളുന്നത് ക്രിസ്റ്റഫറിന്റെ ചെയ്തികളിലാണ്. തന്റെ ജീവിതം തകര്‍ത്തതില്‍ ക്രിസ്റ്റഫറിന്റെ പങ്ക് വലുതാണെന്ന് പാര്‍ത്ഥിപന്‍ വിശ്വസിക്കുന്നു. അതിന് ചില കാരണങ്ങള്‍ കൂടിയുണ്ട്. ക്രിസ്റ്റഫര്‍ ചെയ്യുന്ന പലതിലും താനൊരു 'ഷോമാന്‍' ആണെന്ന് സ്വയം കൊണ്ടുനടക്കുന്ന ഒരാപകതയുണ്ട്. അതില്‍ മറ്റു മൂന്ന്‌പേര്‍ക്കും അമര്‍ഷവും അസ്വസ്ഥതയും തോന്നും. അതിന്റെ പേരില്‍ പലതവണ ക്രിസ്റ്റഫറുമായി അവന്റെ കൂട്ടുകാര്‍ കൈയ്യാങ്കളിയില്‍ ചെന്നെത്താറുമുണ്ട്.
നോമ്പുകാലം തുടങ്ങിയപ്പോഴാണ് തമിഴ് തടവുകാരെ കൂടുതല്‍ അറിയാന്‍ കഴിഞ്ഞത്. ആ സമയത്ത് അമുസ്ലിം തടവുകാരെല്ലാം ഒരു സെല്ലിനകത്തായി. തൗഫീഖും കൂട്ടരോടുമൊപ്പം ഞാന്‍ മുന്‍പ് താമസിച്ച സെല്ലിലേക്കാണ് പുതിയ മാറ്റം. ആ സെല്ലിലപ്പോള്‍ പതിനൊന്ന് പേരായി. എല്ലാവരും ഇന്ത്യയില്‍ നിന്നുള്ളവര്‍. അഞ്ച് തമിഴര്‍, ഒരു തെലുങ്കന്‍, രണ്ട് മലേഷ്യക്കാര്‍, പിന്നെ ഞങ്ങള്‍ മൂന്ന് മലയാളികള്‍. ഇംഗ്ലീഷടക്കം അഞ്ച് ഭാഷകള്‍ സെല്ലിനകത്ത് മുഴങ്ങിക്കൊണ്ടിരുന്നു. ഇംഗ്ലീഷ് മാതൃഭാഷയുള്ളവര്‍ അതിനകത്തില്ലെങ്കിലും മലേഷ്യക്കാരുമായുള്ള ഞങ്ങളുടെ സൗഹൃദം ആ ഭാഷയിലാണ്. എങ്കിലും മറ്റ് നാലുഭാഷകളെ പിന്തള്ളി തമിഴ് ഭാഷയാണ് ഉച്ചത്തില്‍ മുഴങ്ങുക. പാട്ടും ബഹളവും കയ്യാങ്കളിയും കൂക്കുവിളിയും ഇടയ്ക്കിടെ തമിഴര്‍ക്കിടയില്‍ അരങ്ങേറുന്നത് കൊണ്ട് തമിഴിന്റെ പ്രതിനിധ്യത്തെ ഭേദിക്കാന്‍ ഇതര ഭാഷ സംസാരിക്കുന്നവര്‍ ശ്രമിച്ചതുമില്ല. ശ്രമിച്ചിട്ട് കാര്യവുമില്ല. കാരണം അല്പം പ്രായമുള്ള മരിയയേയും പാര്‍ത്ഥിപനേയും മാറ്റിനിര്‍ത്തിയാല്‍ ശേഷിക്കുന്ന തമിഴ് യുവാക്കളുടെ ശബ്ദത്തിന്റെ തീഷ്ണതയെ വെല്ലാന്‍ ഞങ്ങളുടെ കൂട്ടത്തില്‍ മറ്റാരുമില്ല!
ആറ്- എ സെല്ലില്‍ ഏറ്റവും ആകര്‍ഷകമായ ഘടകം പലവര്‍ണ്ണങ്ങളിലുള്ള പ്രാവുകളുടെ വരവാണ്. പ്രാവുകള്‍ തടവറയുടെ വാതിലിന്നരികില്‍ കൂട്ടത്തോടെ പറന്നുവരും. മുന്‍പ് ഞാന്‍ അതേ സെല്ലില്‍ കഴിയുമ്പോള്‍ അത്തരമൊരു കാഴ്ച ഉണ്ടായിരുന്നില്ല. ഇപ്പോള്‍ അവ വന്നെത്തുന്നതിന് കാരണം തമിഴരും പ്രാവുകളും തമ്മിലുള്ള ബന്ധമാകണം. പ്രത്യേകിച്ച് പാര്‍ത്ഥിപനുമായുള്ള ബന്ധം. കഴിഞ്ഞ രണ്ട് വര്‍ഷത്തോളം അവയെ പരിപാലിച്ചത് അവനാണ്. നോമ്പുകാലം തുടങ്ങും മുന്‍പ് വരെ തമിഴ് തടവുകാരെ സെല്ലുകളില്‍ അടച്ചിരുന്നില്ല. ഒരര്‍ത്ഥത്തില്‍ തുറന്ന ജയിലിലാണ് അവര്‍ കഴിഞ്ഞിരുന്നത്. അന്നത്തെ ജയില്‍ മേധാവിയായിരുന്ന മുസ്തഫ ജാഫിറിന്റെ (മുജേ) താല്പര്യമാണ് അതിന് കാരണം. മുജേ ചില പ്രത്യേക ജോലികള്‍ അവരെ ഏല്‍പ്പിച്ചിരുന്നു. പല രാജ്യങ്ങളില്‍ നിന്നും കൊണ്ടുവന്ന പ്രാവുകള്‍, കോഴികള്‍ എന്നിവയെ പരിപാലിക്കുക, ജയില്‍ വളപ്പിലെ ജോലി ചെയ്യുക തുടങ്ങിയവ. പക്ഷികളുടെ സംരക്ഷണത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം പാര്‍ത്ഥിപനായിരുന്നു.
നോമ്പുകാലം തുടങ്ങിയതോടെ തമിഴരുടെ 'സ്വതന്ത്ര ജീവിതത്തിന് ' മങ്ങലേറ്റു. അവരെ അതേവരെ 'സംരക്ഷിച്ചുകൊണ്ടിരുന്ന' മുജേയുടെ തല്‍സ്ഥാനത്ത് നിന്നുള്ള അപഭ്രംശമാണ് കാരണം. മുജേ കേമമായ ഒരു അഴിമതിക്കേസില്‍ അകപ്പെട്ടു. ആ കേസിന്റെ വിചാരണ അപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്. മുജെയുടെ പതനം ഒരര്‍ത്ഥത്തില്‍ തമിഴരുടെ 'തകര്‍ച്ച' കൂടിയായി.
സെല്ലിനകത്തെ അടഞ്ഞ ജീവിതം തമിഴ് തടവുകാരില്‍ അടക്കി നിര്‍ത്തിയ പോലുള്ള അമര്‍ഷം സൃഷ്ടിച്ചു. അതിന്റെ അലയൊലികള്‍ പ്രത്യക്ഷമാകുക ചീട്ടുകളിക്കുമ്പോളാണ്. ചില നിസ്സാരകാര്യങ്ങള്‍ക്ക് ഇടയ്ക്കിടെ അവര്‍ തമ്മിലും മറ്റു തടവുകാര്‍ തമ്മിലും പൊട്ടലും ചീറ്റലും നടക്കും. ഇതര തമിഴരില്‍ നിന്ന് ആ സമയം വിട്ട് നില്‍ക്കുക പാര്‍ത്ഥിപനാണ്. അവന്‍ രണ്ടു മൂന്ന് ചര്യകളിലൂടെയാണത് സാധിക്കുക. ഒന്ന്, പക്ഷികളെ നേരത്തെ പരിപാലിച്ചതില്‍ നിന്ന് വ്യത്യസ്തമായി ജയിലിന്നരികിലേക്ക് വരുന്ന പ്രാവുകള്‍ക്ക് ഭക്ഷണം നല്‍കുക; രണ്ട്, പ്രാര്‍ത്ഥന; മൂന്ന്, വ്യായാമം. ഈ മൂന്ന് കാര്യങ്ങളിലൂടെ തനിക്ക് ചുറ്റും നടക്കുന്നതൊക്കെ അതിജീവിക്കാന്‍ അവന് കഴിയും. അതൊക്കെ ഒരു സിദ്ധി പോലെ പാര്‍ത്ഥിപന്‍ കൊണ്ടുനടക്കും.
ഒരിക്കല്‍ പാര്‍ത്ഥിപന്റെ രോഷം തിളച്ചു മറിയുന്നതും കാണാനിടയായി. അത് ചീട്ടുകളി നടക്കുമ്പോഴാണ്. യഥാര്‍ത്ഥത്തില്‍ അന്ന് ചീട്ടുകളി തുടങ്ങിയത് ഞാനും മറ്റൊരു തടവുകാരനായ മഹേഷും തമ്മിലാണ്. കളി തുടര്‍ന്നുകൊണ്ടിരിക്കെ പാര്‍ത്ഥിപന്‍ എന്നെയും ക്രിസ്റ്റഫര്‍ മഹേഷിനെയും സഹായിക്കാന്‍ തുടങ്ങി. പതിയെ ഞങ്ങളുടെ ചീട്ടുകളി അവരുടേതായി മാറി. അവരുടെ ആധിപത്യം തുടര്‍ന്നപ്പോള്‍ ഞാന്‍ കളി പൂര്‍ണ്ണമായും ക്രിസ്റ്റഫറിന് കൈമാറി. അല്പനേരം കൊണ്ട് അവിടം ബഹളമയമായി. പാര്‍ത്ഥിപനും ക്രിസ്റ്റഫറും തമ്മില്‍ വാക്കേറ്റം മൂത്ത് തമ്മിലടിയായി. ഇരുവരും പേടിപ്പെടുത്തുംവിധം പൊരിഞ്ഞ പോരാട്ടം തന്നെ. ആരും അവരെ തടയുന്നില്ലെന്ന് കണ്ടപ്പോള്‍ ഇരുവരുടേയും കൈകള്‍ പിടിച്ച് മാറ്റാന്‍ ഞാന്‍ ശ്രമിച്ചു. പിന്നെ കുറച്ചു നേരത്തേക്ക് എന്താണ് സംഭവിച്ചതെന്ന് ഓര്‍ക്കാന്‍ കഴിയാത്ത വിധം തലയ്ക്കകത്തേയ്ക്ക് ഒരു മിന്നല്‍പ്പിണര്‍ കടന്നുപോകുന്നതാണ് എന്റെ അനുഭവം.
പാര്‍ത്ഥിപന്റെ അതിശക്തമായ ഇടിയില്‍ ഞാന്‍ ആടിയുലഞ്ഞുപോയി. എന്റെ കണ്ണട ദൂരെത്തെറിച്ചു വീണു. മൂക്കിന് മുറിവേറ്റ് രക്തവും വന്നു. കുറേനേരം കണ്ണുതുറക്കാന്‍ പോലും കഴിഞ്ഞില്ല. ആ രംഗം ഇരുവരുടെയും മനസ്സലിയിച്ചു കാണണം. അതോടെ അവര്‍ തമ്മിലുള്ള 'യുദ്ധം' അവസാനിച്ചു. തുടര്‍ന്ന് ക്രിസ്റ്റഫര്‍ വിളിച്ചതിനെത്തുടര്‍ന്ന് ഡ്യൂട്ടി വന്നു. ഡ്യൂട്ടിയോട് അവന്‍ പറയുന്നത്‌കേട്ട് എനിക്കത്ഭുതം തോന്നി.
'ഡ്യൂട്ടി, ടീച്ചര്‍ പ്രഷര്‍ കൂടിയതിനെത്തുടര്‍ന്ന് ബാത്ത്‌റൂമില്‍ വീണു. കണ്ണട പൊട്ടിപ്പോയി. മൂക്കിനും ചെറിയ പരിക്കുണ്ട്.'
ഉള്ളിലെനിക്ക് ചിരിവന്നു. എത്ര സമര്‍ത്ഥമായാണ് ക്രിസ്റ്റഫര്‍ ഒരു ചുറ്റുപാടിനെ പൂര്‍ണ്ണമായും മാറ്റിയത്! ഡ്യൂട്ടി നടന്ന സത്യമറിഞ്ഞിരുന്നെങ്കില്‍ പാര്‍ത്ഥിപനും ക്രിസ്റ്റഫറും ഇരുട്ടറയില്‍ പെടും. അല്ലെങ്കില്‍ ചുരുങ്ങിയത് പോലീസിന്റെ ഇടിയെങ്കിലും നേരിടും. അത് അവര്‍ക്കറിയാം. ഞാന്‍ ഒന്നും മിണ്ടിയതുമില്ല. തടവറയില്‍ വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ എന്താകാം ഒരാളുടെ മാനസികാവസ്ഥയെന്ന് ഞാന്‍ ഇതിനകം മനസ്സിലാക്കിയിട്ടുണ്ട്. ആ രംഗം അങ്ങനെ അവസാനിച്ചു.
പാര്‍ത്ഥിപനും കൂട്ടുകാരും പ്രാര്‍ത്ഥനയില്‍ ചില വേറിട്ട പരീക്ഷണങ്ങളൊക്കെ നടത്താറുണ്ട്. അക്കാഴ്ച മറ്റുള്ളവരില്‍ വലിയ കൗതുകമുണര്‍ത്തും. പുതിയ ഭക്തിഗാനം സൃഷ്ടിക്കുകയാണ് ആ രീതി. അതിന്റെ ഭാഗമായി ഏതെങ്കിലും തമിഴ് പാട്ടിന്റെ സംഗീതം കടമെടുത്ത് അതിന് യോജിച്ച വരികള്‍ കണ്ടെത്താന്‍ തമിഴരെല്ലാവരും സെല്ലില്‍ ഒരിടത്ത് ഒത്തുകൂടും. മരിയ മാത്രം അല്പം ദൂരെക്കിടന്ന് അവരെ സാകൂതം നിരീക്ഷിക്കും. എങ്കിലും മരിയയ്ക്കും അവരുടെ 'സര്‍ഗാത്മകതയില്‍' നല്ല പങ്കുകാണും. ചില വാക്കുകളുടെ അര്‍ത്ഥമോ അല്ലെങ്കില്‍ യോജിച്ച വാക്കുകളോ അയാള്‍ കണ്ടെത്തണം. ഇടയ്ക്കിടെ അതൊക്കെ അവര്‍ ചോദിക്കുമ്പോള്‍ മതി മരിയയുടെ പങ്കാളിത്തം. ഒരു ജ്ഞാനിയുടെ മട്ടില്‍ മരിയ ആ കിടപ്പില്‍ നിന്ന് തന്നെ അതിന് വഴി കണ്ടെത്തും. പിന്നീട് അവരെല്ലാം ചേര്‍ന്ന് അതേവരെ ചിട്ടപ്പെടുത്തിയ ഭക്തിഗാനം പാടുകയായി. കണ്ടുനില്‍ക്കുന്നവര്‍ക്ക് ഇതെല്ലാം വലിയ തമാശയാണെങ്കിലും അവരതിന് വലിയ പ്രാധാന്യം കൊടുക്കുന്നുണ്ട്. അവരുടെ കൃത്രിമ ഗൗരവവും ഇതര തടവുകാര്‍ക്ക് സന്തോഷം പകരും.
പ്രാര്‍ത്ഥനയുടെ വഴികള്‍ ഇപ്രകാരം പുതുമകള്‍ തേടുന്നതിനിടയില്‍ ഒരു സംഭവമുണ്ടായി. ഡ്യൂട്ടി തമിഴര്‍ ബൈബിള്‍ വായിക്കുന്നത് എങ്ങനെയോ മനസ്സിലാക്കിയതാണ് പ്രശ്‌നം. അയാള്‍ അക്കാര്യം മേലുദ്യോഗസ്ഥരെ അറിയിച്ചപ്പോള്‍ രണ്ടുമൂന്ന് പോലീസുകാര്‍ സെല്ലില്‍ പരിശോധനയ്ക്ക് വന്നു. സൂക്ഷ്മ പരിശോധനയില്‍ യേശുവിന്റെ മുഖചിത്രമുള്ള പോക്കറ്റ് ഡയറി വലുപ്പമുള്ള ബൈബിള്‍ അവര്‍ പാര്‍ത്ഥിപന്റെ ബാഗില്‍ നിന്നും കണ്ടെടുത്തു. കൂടുതലൊന്നും പറയാതെ പോലീസുകാര്‍ പാര്‍ത്ഥിപനേയും കൂട്ടി പുറത്തേക്ക് പോയി. അരമണിക്കൂറിനുശേഷം അവന്‍ തിരിച്ചുവന്നപ്പോള്‍ എല്ലാവരും വലിയ ആകാംക്ഷയോടെ അവന്റെ ചുറ്റും കൂടി.
'ബൈബിള്‍ ജയിലിനകത്ത് ഉപയോഗിക്കരുതെന്ന് പറഞ്ഞു. ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നും പോലീസ് ഓഫീസര്‍ ആദം എന്നെ താക്കീത് ചെയ്തു.'
അത്രയും പറഞ്ഞശേഷം അവനെന്തോ തിരയുന്നത് കണ്ടു. പ്ലാസ്റ്റിക് കവറിനുള്ളില്‍ സൂക്ഷിച്ച രണ്ടു കുഞ്ഞു ബൈബിള്‍ അവന്‍ പുറത്തെടുത്തു. ഇത്രയൊക്കെ പോലീസ് തിരഞ്ഞിട്ടും അവ കൂടുതല്‍ കരുതലോടെ അവിടെ നിലനിര്‍ത്തിയതില്‍ എനിക്കതിശയം തോന്നി. ബൈബിളിലെ യേശുവിന്റെ ചിത്രം പൊളിച്ചെടുക്കുമ്പോള്‍ അവന്‍ ആരോടെന്നില്ലാതെ പറഞ്ഞു.
'അവര്‍ ഇനിയും വന്നേക്കാം. ഈ ഫോട്ടോ കുഴപ്പമാകാം.'
മറ്റേതെങ്കിലും രാജ്യത്ത് ഇതേപോലുള്ള കാടന്‍ നിയമങ്ങള്‍ ഉണ്ടോയെന്നറിയില്ല. തടവുകാര്‍ക്ക് ആത്മശാന്തി ലഭിക്കുന്ന മാര്‍ഗ്ഗങ്ങള്‍ പലയിടങ്ങളും അനുവദിക്കാനിട. മാലദ്വീപ് അക്കാര്യത്തില്‍ ഏറെ പിന്നോക്കമാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ പോലും കാണാത്ത നിരവധി പിന്തിരിപ്പന്‍ നിയമങ്ങള്‍ അവര്‍ ഇവിടെ ഇതര മതസ്ഥരോട് കാണിക്കാറുണ്ട്. ഈ സംഭവവും അതിന്റെ ഭാഗമാണ്.
ഒരിക്കല്‍ കേസിന്റെ ഭാഗമായി ഞാന്‍ കടുത്ത മാനസിക സംഘര്‍ഷം അനുഭവിക്കുമ്പോള്‍ പാര്‍ത്ഥിപനെ നോക്കി, അവന്‍ കേള്‍ക്കെ അബു ഉബൈദ് പറഞ്ഞു.
'ടീച്ചര്‍, നിങ്ങള്‍ ആ ചെറുപ്പക്കാരനെ നോക്കൂ. ഇവരുടെയെല്ലാം കുറ്റം സ്വയം തലയിലേറ്റിവെച്ചനാണവന്‍. അവനറിയാം, അതിന് കിട്ടാവുന്ന ശിക്ഷ. ഒരു ചെറുപ്പം മുഴുവന്‍ അവന്‍ ഹോമിക്കണം. അവന്‍ അക്കാര്യം എപ്പോഴെങ്കിലും ചിന്തിക്കുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടോ? കാണില്ല. ആ നിശ്ചയദാര്‍ഢ്യം നിങ്ങളും കൈവരിക്കണം.'
മാലെ ജയിലിലെ പട്ടിക്കൂട് പോലുള്ള കുഞ്ഞു സെല്ലിലെ ഇത്തിരി സ്ഥലത്ത് എല്ലാം മറന്ന് കടുത്ത വ്യായാമങ്ങളിലേര്‍പ്പെടുന്ന പാര്‍ത്ഥിപന്‍ അതുകേട്ട് ചെറുതായി ചിരിച്ചുകൊണ്ട് എന്നെ നോക്കി. മരണം പോലെ ഭീകരമാണ് നീണ്ടകാല തടവും. മനുഷ്യന് സ്വതന്ത്രമായി ഒന്നും ചെയ്യാനാകുന്നില്ലെങ്കില്‍ ആ ജീവിതം പിന്നെന്തിന്? മരണവും ആ ജീവിതവും തമ്മിലെന്ത് വ്യത്യാസം. എന്നിട്ടും എന്നെ നോക്കി നിഷ്‌കളങ്കമായി ചിരിക്കാന്‍ പാര്‍ത്ഥിപന് കഴിഞ്ഞു.
നിന്റെ ചിരിക്കുമുന്‍പില്‍ ഞാന്‍ ശരിക്കും തോറ്റുപോയി പാര്‍ത്ഥിപന്‍... നിന്നെയോര്‍ക്കുമ്പോള്‍ ഞാന്‍ എത്രയോ ദുര്‍ബലനാണ്. ആരുടെയെങ്കിലും മരണമോ കൊലപാതകമോ ഒരു കുഞ്ഞിന്റെയോ പെണ്‍കുട്ടിയുടെയോ കരച്ചിലോ ദുരന്തമോ കേള്‍ക്കാന്‍ പോലും കരുത്തില്ലാത്ത ദുര്‍ബലന്‍......
കാരിരുമ്പിന്റെ കരുത്തുള്ള അവന്റെ ഇരുണ്ട ശരീരത്തിനുള്ളില്‍ നിറയെ സ്‌നേഹത്തിന്റെ ചുവപ്പാകണം. പ്രതീക്ഷിച്ച പോലെ ഇരുപത്തഞ്ച് വര്‍ഷം തടവ് ശിക്ഷ പരിഭവങ്ങളില്ലാതെ ഏറ്റുവാങ്ങിയ അവന്‍ ഇപ്പോള്‍ മാഫുഷി സെന്‍ട്രല്‍ ജയിലില്‍ പ്രാര്‍ത്ഥനയും വ്യായാമവും പക്ഷി പരിപാലനവുമായി കഴിയുന്നുണ്ടാവാം. മറ്റുള്ളവരുടെ സങ്കടം പറച്ചിലിനിടയില്‍ നീ അന്നത്തേതുപോലെ നിഷ്‌കളങ്കമായി ചിരിക്കുന്നതും ഞാന്‍ കാണുന്നുണ്ട്. നിന്റെ മഹാത്യാഗം. അറിയാതെ കണ്ണുനിറയുന്നുണ്ട്. അത് നമുക്കിടയില്‍ നിലകൊള്ളുന്ന ശക്തി -ദൗര്‍ബല്യങ്ങള്‍ക്കിടയിലെ അകലം ഓര്‍ത്തിട്ടുകൂടിയാകണം... (തുടരും)
Content highlights: Crime, Life in prison, Maldives, Jayachandran Mokeri's memories in Maldives