2014  ഡിസംബര്‍ 25. ക്രിസ്മസ് ദിനം. യേശുവിന്റെ പിറവി ലോകം മുഴുവന്‍ ആഘോഷിക്കപ്പെടുന്നതിനിടയിലാണ് എന്റെ ജയില്‍ മോചനം. ലോകം പുണ്യമെന്ന് കരുതുന്ന ദിനത്തില്‍ തന്നെ മോചിതനായതിലെ യാദൃശ്ചികത തെല്ലൊന്ന് എന്നെ അമ്പരപ്പിയ്ക്കുകയും ചെയ്തു. 

തടവറയില്‍ കഴിയുമ്പോള്‍  നാട്ടില്‍ നടക്കുന്ന മോചന ശ്രമങ്ങളൊന്നും ഞാന്‍ അറിഞ്ഞിരുന്നില്ല. സോഷ്യല്‍ മീഡിയയിലൂടെ നാട്ടുകാരോടൊപ്പം വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മലയാളികളും എന്റെ മോചന ശ്രമത്തില്‍ സജീവമായി ഉള്‍പ്പെട്ടിരുന്നെന്ന് പിന്നീടറിഞ്ഞു.

ഒരിക്കല്‍ സുഹൃത്തും എഴുത്തുകാരനുമായ ടി.ജി വിജയകുമാര്‍ എന്നോട് പറഞ്ഞു. 'നിങ്ങളുടെ മോചന ശ്രമത്തില്‍ എന്റെയും കൂട്ടുകാരുടേയും പങ്കുണ്ടായിരുന്നു. എല്ലാവരുടേയും ശ്രമം ലക്ഷ്യം കണ്ടതില്‍ വലിയ സന്തോഷം. 'ടി. ജി സൂചിപ്പിച്ചപോലെ പലരുടേയും സഹകരണം അവരുടെ സംഭാഷങ്ങളിലൂടെ പില്‍ക്കാലത്ത് പലപ്പോഴായി അറിയാന്‍ കഴിഞ്ഞു. അതോടൊപ്പം എല്ലാ രാഷ്ട്രീയപ്പാര്‍ട്ടിയില്‍ പെട്ട ഉന്നതരുടേയും സഹകരണം, എഴുത്തുകാരുടേയും അദ്ധ്യാപകരുടേയും വിദ്യാര്‍ത്ഥികളുടേയും പിന്തുണ തുടങ്ങി വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പല വിഭാഗങ്ങളില്‍പ്പെട്ടവരുടെ ശ്രമങ്ങള്‍ ഒരൊറ്റക്കെട്ടായി മാറിയപ്പോള്‍ അതെന്റെ മോചനത്തിലേക്കുള്ള  വഴി തുറന്നു. 

ഒരുപക്ഷെ അത്തരമൊരു മോചനശ്രമം തക്കസമയത്ത് എന്നെ സ്‌നേഹിക്കുന്നവരില്‍ നിന്നും ഉണ്ടായില്ലെങ്കില്‍ എന്താകുമായിരുന്നു അതിന്റെ പരിണത ഫലം? തീര്‍ച്ചയായും ആ കേസ്  രാജ്യദ്രോഹകുറ്റത്തിലേക്ക് വഴിമാറാനിടയുണ്ട്. ഇരുപത്തഞ്ച് വര്‍ഷം ശിക്ഷയെന്ന കിരാത രീതിയ്ക്ക് അടിമപ്പെടാനും കാരണമാകാം. ആ ചിന്തകളുണര്‍ത്തിയ നടുക്കം മോചിതനായ ശേഷവും എന്നില്‍ ബാക്കിനിന്നു.  

ശാരീരിക പീഡനമോ ഭയപ്പെടുത്തലോ ഒന്നും നടന്നില്ലെങ്കിലും വളരെ ദ്രുതഗതിയില്‍ ജീവിതത്തില്‍ സംഭവിച്ച അവസ്ഥാഭേദം എന്റെ ഓര്‍മ്മകളെ തകര്‍ത്തുകളഞ്ഞെന്ന് വേണം കരുതാന്‍. തടവറയില്‍ മകളുടെ മുഖം പോലും ഓര്‍ത്തെടുക്കാന്‍ എനിക്ക് കഴിഞ്ഞിരുന്നില്ല.

എത്ര പ്രതിരോധം തീര്‍ത്താലും നമ്മുടെ മനസ്സിന് ചില നടുക്കങ്ങളില്‍ നിന്നും മോചനം അസാധ്യമാണെന്നത് ഒരു സത്യമാണ്. അത് തീര്‍ച്ചയായും പിടികൂടുക നമ്മുടെ ബോധമണ്ഡലത്തെത്തന്നെയാകണം. അതേവരെ നിലനിര്‍ത്തിയതും കൊതിയ്ക്കുന്നതും ആ തകര്‍ച്ചയില്‍ തകര്‍ന്നടിയുമെന്ന് ജയില്‍മോചിതനായ ശേഷം ഞാന്‍ മനസ്സിലാക്കിയകാര്യമാണ്. 

നാട്ടിലെത്തിയ ശേഷം എന്റെ അപ്പോഴത്തെ വിഷമം ശരിക്കും മനസ്സിലാക്കിയൊരാള്‍ സുഹൃത്തും പത്രപ്രവര്‍ത്തകനുമായ മൊയ്ദു വാണിമേലാണ്. ജോലി ചെയ്യുന്ന പത്രത്തില്‍ എന്റെ കേസ് സംബന്ധിച്ച വിഷയം ആദ്യം റിപ്പോര്‍ട്ട് ചെയ്യുന്നതും അദ്ദേഹമാണ്. തടവില്‍ നിന്നും പുറത്തു വന്ന ശേഷം ഗ്രോ വാസു അനുഭവിച്ച മാനസിക തലം നേരിട്ടറിഞ്ഞ മൊയ്തുവിന് എന്റെ തകര്‍ന്ന ഓര്‍മകളെ വീണ്ടെടുക്കണമെന്ന് തോന്നി.

'നിന്റെ അവസ്ഥ എനിക്കറിയാം. ഇപ്പോള്‍ നേരിടുന്ന പ്രക്ഷുബ്ധാവസ്ഥയെ മറികടക്കാന്‍ ഒരു വഴിയേ ഞാന്‍ കാണുന്നുള്ളൂ. ആ ദുരന്തം പൂര്‍ണ്ണമായി നീ എഴുതുക.'
 
എഴുത്ത് നടക്കുമോ എന്നായിരുന്നു എന്റെ ആദ്യഭയം. പലരോടും സംസാരിക്കുമ്പോഴും ചില യോഗത്തില്‍ പ്രസംഗിക്കാന്‍ പോയപ്പോഴും വാക്കുകള്‍ കിട്ടാതെ നിശ്ശബ്ദനായത് ഞാന്‍ ഓര്‍ത്തുപോയി. അത്രയും വേദനാജനകമായ ഒരവസ്ഥ എന്നില്‍ പിറവിയെടുത്തത് എന്നെ നിരന്തരം അക്കാലത്ത് ഭയപ്പെടുത്തിയിരുന്നു. മൊയ്തുവിന്റെ വലിയ പ്രേരണ ആ ദുരന്തകാലം കടലാസിലേക്ക് പകര്‍ത്താന്‍ കരുത്തായി.

'തക്കിജ്ജ - എന്റെ ജയില്‍ ജീവിതത്തിന്റെ' പിറവി 

എഴുത്തിന് ഒരല്‍പം മാറിനില്‍ക്കുന്നതാണ് നല്ലതെന്ന് തോന്നി. തുടക്കം കുറിക്കാനെങ്കിലും അത് ഉപകരിക്കാമെന്നായി എന്റെ ചിന്ത. വയനാട്ടിലെ കോറോം എന്ന സ്ഥലം സുഹൃത്ത് മണിക്കുട്ടന്‍ അതിനായി കണ്ടെത്തിയിരുന്നു. സര്‍ക്കാര്‍ ഗസ്റ്റ് ഹൗസ്സായി പ്രവര്‍ത്തിക്കുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള കെട്ടിടത്തിലായി തുടര്‍ന്നുള്ള ദിനങ്ങള്‍. 

'മലബാര്‍ മാന്വല്‍' ഈ കെട്ടിടത്തില്‍ വെച്ചാണ് വില്യം ലോഗന്‍ എഴുതിയതെന്ന് കേട്ടു. പുനത്തില്‍ കുഞ്ഞബ്ദുള്ള അവിടെ എഴുതാന്‍ വന്ന കാര്യം ഗസ്റ്റ് ഹൗസിന്റെ  നോട്ടക്കാരന്‍ അന്ത്രുക്ക  പറഞ്ഞതുകൂടി കേട്ടപ്പോള്‍ ആ അന്തരീക്ഷം കുറേക്കൂടി എന്നോട് ചേര്‍ന്ന് നിന്നതായി അനുഭവപ്പെട്ടു.  രാത്രി കെട്ടിടത്തിന്നപ്പുറത്തെ ഇടതൂര്‍ന്ന മരങ്ങള്‍ക്കിടയില്‍ നിന്നും കരിയിലകളില്‍ മഞ്ഞു തുള്ളികള്‍ വീഴുന്ന ശബ്ദത്തോടൊപ്പം ചില അനക്കങ്ങളും കേള്‍ക്കും. കുരങ്ങുകളോ മറ്റുജീവികളോ ആകാമെന്ന് അന്ത്രുക്ക പറഞ്ഞതോര്‍ത്ത് ആശ്വാസം കൊണ്ടു. അന്ത്രുക്ക സഞ്ചരിക്കാനുപയോഗിക്കുന്ന മോപെഡ് സൃഷ്ടിക്കുന്ന  കരകരാ ശബ്ദം ഇടയ്ക്കിടെ കയറ്റം കയറി വരികയും പോവുകയും ചെയ്യുന്നതിന്നപ്പുറം മറ്റെല്ലാം നിശബ്ദമാണ് .

രാത്രി മറ്റാരുടേയും സാന്നിധ്യമില്ലാത്ത തികഞ്ഞ ഏകാന്തതയില്‍ ഞാന്‍ ലോഗന്‍ സായിപ്പിനെക്കുറിച്ചോര്‍ത്തു. അന്നിവിടം വലിയ കാടായിരിക്കണം. മറ്റൊരു രാജ്യത്ത് നിന്നും വന്നൊരു മനുഷ്യന്‍ തികച്ചും അന്യമായ, വേറിട്ട സംസ്‌കാരവും ഭാഷയും മതങ്ങളുമുള്ള മറ്റൊരു ദേശത്തിന്റെ ചരിത്രം എഴുതുമ്പോള്‍ എത്ര ക്ലേശിച്ചിരിക്കണം! അതേവരെയുള്ള ചരിത്രം വായിക്കാനില്ല. അത് കൃത്യമായി എഴുതപ്പെട്ടിട്ടില്ല. ചരിത്രം ആ മനുഷ്യന്റെ ചിന്തയിലൂടെ, നിരീക്ഷണങ്ങളിലൂടെ, പഠനങ്ങളിലൂടെ പിറവി കൊള്ളുകയാണ്. ആ സാഹസീകത ഒട്ടുമിക്കതും നടന്നത് ഈ മുറിയിലും പുറത്തെ വരാന്തയിലുമാകണം. സായിപ്പു എവിടെ നിന്നോ സാകൂതം എന്നെ നിരീക്ഷിക്കുകയാണെന്ന് തോന്നി. ജനലിലൂടെ ഓടിക്കിതച്ചെത്തിയ വയനാടന്‍ ഈറന്‍ കാറ്റ് എന്റെ ശരീരത്തെ ആലിംഗനം ചെയ്തകന്നപ്പോള്‍ അകത്തെ കനല്‍ ഒന്നാഞ്ഞുകത്തി. എന്റെ വിരലുകളില്‍ ലോഗന്‍ സായിപ്പിന്റെ ചുംബനങ്ങള്‍ ഏറ്റുവാങ്ങിയ ഇളം ചൂട് ബാക്കിനിന്നു. 

അപ്പോള്‍ ശരിക്കും ഞാന്‍ കണ്ടു. ദ്വീപിലെ ഇരുട്ടും വെളിച്ചവും കെട്ടുപിണഞ്ഞുകിടക്കുന്ന മണല്‍പ്പാതകളിലൂടെ പോലീസുകാരോടൊപ്പം നടന്നകലുന്ന  ഉള്ളം തകര്‍ന്നുപോയ ഒരാളുടെ ചിത്രം. പാതയ്ക്കരികിലെ കടയിലിരുന്ന് ആള്‍ക്കാര്‍ ആ ദൃശ്യം തുറിച്ചുനോക്കുന്നത്, ബോട്ടിന്റെ  ഇരമ്പം, കടല്‍, തടവറകള്‍, അട്ടഹാസങ്ങള്‍,പോലീസുകാര്‍..... ദൃശ്യങ്ങള്‍ ഒന്നൊന്നായി മിന്നിമറയുന്നു. നേരം പാതിരാത്രി പിന്നിട്ടിരിക്കണം.

മേശയില്‍ വെച്ച പേപ്പറിനും പേനയ്ക്കും മുന്നില്‍ എത്രയോ നേരമായി ഞാന്‍ ഇരിക്കുവെന്നത് അപ്പോഴാണോര്‍ത്തത്. എവിടെ തുടങ്ങണമെന്നറിയില്ല. നെഞ്ചിനകത്ത് നെരിപ്പോടായി പലതും ഘനീഭവിക്കുന്നുണ്ട്. പക്ഷെ അതൊന്നും കൃത്യമായി കടലാസിലേക്ക് പകര്‍ത്താനാകുന്നില്ല. എന്നിട്ടും നേരം വെളുക്കുവോളം എന്തൊക്കയോ കുത്തിക്കുറിച്ചു. ഒരു തൃപ്തിയും തോന്നാതെ എഴുതിയ താളുകള്‍ അടച്ചുവെച്ചു. എനിക്കെഴുതാനാകില്ലെന്ന് ഒരു നേരം ശങ്കിച്ച് ഞാന്‍ ഉറങ്ങാന്‍ കിടന്നു.  

രാവിലെ ഏറെ നേരം പിന്നിട്ടാണ് എഴുന്നേറ്റത്. കോളിംഗ് ബെല്‍ ആരോ അടിക്കുന്നുണ്ട്. അന്ത്രുക്കയാകുമെന്നാണ് ആദ്യം കരുതിയത്. പക്ഷെ വാതില്‍ തുറന്നപ്പോള്‍ കണ്ടത് അപരിചിതരായ രണ്ടുപേരെയാണ്. 

'ഞങ്ങള്‍ ഈ സ്റ്റേഷനിലെ പോലീസുകാരാണ് (ഗസ്റ്റ് ഹൗസിന്റെ തൊട്ടടുത്താണ് പോലീസ് സ്റ്റേഷന്‍). വന്നത് നിങ്ങളെക്കുറിച്ചറിയാനാണ്. ഈ മേഖലയില്‍ മാവോയിസ്റ്റ് ഭീഷണിയുണ്ട്.'    

അതുകേട്ടപ്പോള്‍ ആദ്യം അറിയാതെ ചിരിച്ചുപോയി. ഇവിടെയും പോലീസ് സാന്നിധ്യമെന്നോര്‍ത്തിട്ടോ മാവോയിസ്റ്റെന്ന് കേട്ടതുകൊണ്ടോ ചിരിച്ചതെന്ന് ഓര്‍ക്കുന്നില്ല. ഞാന്‍ വന്നവരോട് എന്നെക്കുറിച്ച് പറഞ്ഞു. ഒരു പുസ്തകമെഴുതാന്‍ വേണ്ടി കുറച്ചുനാള്‍ കാണുമെന്നും അവരോട് സൂചിപ്പിച്ചു. അവര്‍ പത്രത്തില്‍ എന്നെക്കുറിച്ചുവന്ന വാര്‍ത്തകള്‍ വായിച്ചിട്ടുണ്ടെന്നും ബുദ്ധിമുട്ടിച്ചതില്‍ ക്ഷമിക്കണമെന്നും പറഞ്ഞു. കൂടാതെ എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ പറയാന്‍ മടിക്കേണ്ടന്നും അവരറിയിച്ചു. 

വൈകുന്നേരം സുഹൃത്തുക്കള്‍ വന്നു. മൊയ്തുവും മണിക്കുട്ടനും രഞ്ജിത്തും സുദേശനും. താല്പര്യമില്ലാതെ എഴുതിയ പേജുകള്‍ അവര്‍ക്ക് നല്‍കി. അവര്‍ അത്  വായിച്ച് ദൂരേയ്ക്ക് ചുരുട്ടിയെറിഞ്ഞു. ഞാന്‍ അക്കാര്യം പ്രതീക്ഷിച്ചതുകൊണ്ട് ഒന്നും മിണ്ടിയതുമില്ല. നിശബ്ദത. ആരും കുറേനേരം ഒന്നും മിണ്ടിയില്ല. ഒടുക്കം മൊയ്തു പറഞ്ഞു.

'നീ കൃത്യമായി എഴുത്തിലേക്ക് വരണം. അതിന് എത്ര സമയം വേണമെങ്കിലും എടുത്തോളൂ. പക്ഷെ അത് ശരിയായ തുടക്കമാകണം.'  

'എഴുതിയില്ലെങ്കില്‍ നിന്നെ ഞങ്ങള്‍ ശരിയാക്കുന്നുണ്ട്.' ചിരിച്ചുകൊണ്ട്  സുദേശന്റെ  താക്കീത്. അവര്‍ ഉറങ്ങാന്‍ കിടന്നു. ഞാന്‍ വീണ്ടും എഴുത്തിലേക്ക് മടങ്ങി. സമയം ഇഴഞ്ഞു നീങ്ങുകയാണ്. ഒരുപാട് സംഭവങ്ങളിലൂടെ എഴുത്ത് തുടങ്ങാം. പക്ഷെ ഒന്നും ശരിയായ അനുപാതത്തില്‍ എഴുത്തിലേക്ക്  വന്നുചേരുന്നില്ല. സമയം പാതിരാത്രി പിന്നിട്ട് ഒരുമണിയായി. എവിടെനിന്നോ ഒരു കാഴ്ച മനസ്സിലേക്ക് ഒഴുകിവരുന്നുണ്ട്. ആംഗലേയ കവി റ്റെഡ് ഹ്യുസ് ഒരു കവിതയില്‍ സൂചിപ്പിച്ച പോലെ രചനയുടെ, ഭാവനയുടെ കൗശലക്കാരനായ കുറുക്കന്‍ ചിന്തകളുടെ കാട്ടുപൊന്തയില്‍ നിന്നും എന്റെ അരികിലെത്തിയിരിക്കുന്നു. ആദ്യവരി പെട്ടെന്ന് മനസ്സിലേക്ക് ഇരച്ചെത്തി. പ്രത്യാശയും സങ്കടവും മേളിച്ച  തടവിനിടയിലെ നീണ്ട കടല്‍യാത്രയോട് ചേര്‍ന്ന കാര്യങ്ങള്‍. ഒരു തടവില്‍ നിന്നും മറ്റൊരു തടവിലേക്കാണെന്ന് മനസ്സിലാകാതെപോയ ആ ബോട്ടുയാത്രയില്‍ നിന്നും എഴുത്തിന്  തുടക്കമായി.

'മാലദ്വീപിന്റെ തലസ്ഥാനമായ മാലെയില്‍ എത്തുമ്പോള്‍ പുലര്‍ച്ചെ നാലുമണി. ഇളകിയാടുന്ന ബോട്ടില്‍ യാത്ര ചെയ്തുകൊണ്ട് അഞ്ചുമിനിട്ട് പോലും ഉറങ്ങാന്‍ കഴിഞ്ഞില്ല. ചാഞ്ഞും ചെരിഞ്ഞും വലിയ ശബ്ദം പുറപ്പെടുവിച്ചും ബോട്ട് കടലിനെ മുറിച്ച് നീങ്ങുമ്പോള്‍ ഉറങ്ങാന്‍ കഴിയുന്നവര്‍ ഭാഗ്യവാന്മാര്‍.......' ആ എഴുത്ത് അനര്‍ഗ്ഗളമായി ഒഴുകി. രണ്ടു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ ഒരദ്ധ്യായം പൂര്‍ത്തിയായി. ഉറങ്ങാന്‍ കിടന്നപ്പോള്‍ തുടര്‍ന്നുള്ള ഓരോ അധ്യായവും ചിന്തകളില്‍ തമ്പടിച്ചു കിടന്നു.  

പിറ്റേന്ന്  ഞാന്‍ എഴുന്നേല്‍ക്കും മുന്‍പ് എഴുതിയ ഭാഗം കൂട്ടുകാര്‍ വായിച്ചിരുന്നു. അവര്‍ അതീവ സന്തോഷത്തോടെ എന്നെ കെട്ടിപ്പുണര്‍ന്നു. എല്ലാവരുടേയും അഭിപ്രായം എന്ന നിലയ്ക്കാവണം മൊയ്ദു എന്നെ നോക്കിപ്പറഞ്ഞു.

' അസ്സലായി എഴുത്ത്. നീ ഇപ്പോള്‍ അതിലേക്ക് കൃത്യമായും വന്നിരിക്കുന്നു. ഇനി അതേ വേഗതയില്‍ തുടര്‍ന്നെഴുതുക.'  കൂട്ടുകാര്‍ നടന്നകന്നു. ഇനി ശേഷിക്കുന്നത് എനിക്ക് എഴുതാന്‍ അനുവദിക്കപ്പെട്ട കാലമാണ്. അതേക്കുറിച്ചുമാത്രമാകണം തുടര്‍ചിന്തയെന്ന് ഞാന്‍ മനസ്സിലുറച്ചു.

അന്ത്രുക്കയുടെ ഇടയ്ക്കുള്ള സംഭാഷണങ്ങള്‍ മാറ്റിവെച്ചാല്‍ പരിപൂര്‍ണമായും പിന്നിട്ട  തടവറജീവിതത്തിലേക്ക് ഉള്‍വലിയാന്‍ എനിക്ക് കഴിഞ്ഞു. വേദനാജനകമായ ഭൂതകാലങ്ങളിലേക്ക്  അതിന്റെ  സമഗ്രകാഴ്ചയോടെ ചെന്നെത്തുക അത്ര എളുപ്പമല്ല. എന്നിട്ടും തടവറയിലെ രംഗങ്ങള്‍ ഓര്‍ത്തെടുക്കുമ്പോള്‍ തിളച്ചുയരുന്ന വേദനകളെ മറികടന്ന് എഴുത്ത് മുന്നേറിക്കൊണ്ടിരുന്നു. അവിടുത്തെ പന്ത്രണ്ടു ദിവസത്തെ താമസക്കാലത്ത് പതിനെട്ട് അധ്യായങ്ങള്‍ പൂര്‍ത്തിയാക്കി വീട്ടിലേക്ക് മടങ്ങി. ബാക്കിയുള്ളത് എവിടെവെച്ചും പൂര്‍ത്തിയാക്കാമെന്ന ആത്മവിശ്വാസം അപ്പോഴേക്കും കൈവന്നിരുന്നു. 

ഫെബ്രുവരി മാസം തുടങ്ങിയ എഴുത്ത് ഡിസംബര്‍ മാസത്തോടെ ഏതാണ്ട് പൂര്‍ത്തിയായി. എഴുത്തും തിരുത്തും വീണ്ടും വീണ്ടും  തിരുത്തിയെഴുത്തുമായി അത്രയും മാസങ്ങള്‍ രചനയില്‍ സജീവമായി. 29 അധ്യായങ്ങള്‍. അതില്‍ മൂന്ന് അധ്യായങ്ങള്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വന്നതോടെ വായനക്കാരുടെ നിര്‍ലോഭമായ സ്‌നേഹം ലഭിച്ചുതുടങ്ങി. അടുത്തവര്‍ഷം ഫെബ്രുവരിയോടെ 'തക്കിജ്ജ' ഒരു സൗഹൃദക്കൂട്ടായ്മയില്‍ മൊയ്തുവും ഞാനും മറ്റു സുഹൃത്തുക്കളും കൂടി പുറത്തിറക്കി. രണ്ടായിരം കോപ്പികള്‍ ഉണ്ടായിരുന്ന ആദ്യ എഡിഷന്‍ കുറച്ച്  മാസങ്ങള്‍ക്കകം വില്പനയായി. തുടര്‍ന്ന് ഡി.സി ബുക്ക്സ് 'തക്കിജ്ജ'യുടെ പ്രസാധകരായി. വായനക്കാരുടെ ഓരോ വിളിയിലും കുറിപ്പിലും 'തക്കിജ്ജ' നന്നായി വായിക്കപ്പെടുന്നതിലുള്ള സ്‌നേഹം എഴുത്തുജീവിതത്തിന് എന്നില്‍ പ്രേരണയായി.  

പാപ്പിയോണും ഞാനും
 

ഹെന്റി ഷാരിയര്‍ എഴുതിയ 'കുറ്റവാളികളുടെ വേദപുസ്തകം ' എന്നറിയപ്പെടുന്ന 'പാപ്പിയോണ്‍' എന്ന ക്ലാസിക് പുസ്തകം വായിക്കുന്നത് ഇയ്യിടെയാണ്. ഒരുപക്ഷെ ഇപ്പോള്‍ വായിച്ചതാണ് അതിന്റെ  ശരിയായ സമയം. അതിന്റെ കാരണം പലതാണ്. തടവറയിലെ വിരസവും ഏകാന്തവും മുറിവേല്‍പ്പിക്കുന്നതുമായ അന്തരീക്ഷം പകരുന്ന ഏകതാനതയില്‍ ഒരാള്‍ എത്രമാത്രം ശുദ്ധീകരിക്കപ്പെടുന്നുവെന്ന് പാപ്പിയോണ്‍ എന്ന് വിളിക്കപ്പെടുന്ന ഹെന്റി ഷാരിയര്‍ അറിയുമ്പോലെ ഞാനും അനുഭവിച്ചിരുന്നു. തടവ് ജീവിതം എന്തെങ്കിലും നേട്ടം പകര്‍ന്നിരുന്നോ എന്ന സുഹൃത്തിന്റെ  ചോദ്യത്തിന് കൊടുത്ത മറുപടി ഇവിടെ ആവര്‍ത്തിക്കട്ടെ. തടവറയില്‍ ഒരു ലക്ഷ്യമേ അതില്‍ കഴിയുന്നവര്‍ക്കുണ്ടാകാന്‍ ഇടയുള്ളൂ. അത് ഓരോ ആളുടേയും സ്വാതന്ത്ര്യമാണ്. മറ്റെല്ലാം അപ്രസക്തമെന്ന് തടവുകാര്‍ തിരിച്ചറിയുന്നതിലൂടെ കൈവരുന്ന നിഷ്‌കളങ്കത എന്നേയും തലോടിയിരിക്കുന്നു. നരകത്തില്‍ നിന്നും ഭൂമിയിലേക്ക് ആനയിക്കപ്പെടുന്ന ഒരാളിലേക്ക് വന്നെത്താവുന്ന ആ നിഷ്‌കളങ്കതയിലാണ് പാപ്പിയോണും തക്കിജ്ജയും പിറവിയെടുത്തത്.

കൈ പിന്നില്‍ കെട്ടി തടവിന്റെ  ഇത്തിരി വിസ്തീര്‍ണ്ണത്തിലൂടെ തളരുവോളം നടക്കുക, സ്വയം സംസാരിക്കുക, കൂടെയുള്ള തടവുകാരോട്  കനിവ് പുലര്‍ത്തുക തുടങ്ങി 'പാപ്പിയോണിലെ' ചില രംഗങ്ങളില്‍ എനിക്ക് എന്നെത്തന്നെ കാണാന്‍ കഴിഞ്ഞു. ഷാരിയര്‍ എഴുത്തുകാരനല്ലായിരുന്നിട്ടും അദ്ദേഹത്തിന്റെ  'പാപ്പിയോണ്‍' എത്ര ശക്തമായാണ് നമ്മെ പിടിച്ചിരുത്തുന്നത്!  

നാസികളുടെ ക്യാമ്പിൽ നിന്നും അതിക്രൂരമായ മരണം നേരിട്ട ജ്യൂലിയസ് ഫ്യുച്ചിക്കിന്റെ 'കഴുമരത്തില്‍ നിന്നുള്ള കുറിപ്പുകള്‍' വായിക്കുമ്പോള്‍ നടുക്കങ്ങളില്‍ വീണുപ്പോകുന്ന നമ്മള്‍ 'പാപ്പിയോണ്‍' വായിക്കുമ്പോഴും അതെ വൈകാരീക സംഘര്‍ഷങ്ങളില്‍ ചെന്നുവീഴുന്നു.

ഷാരിയര്‍ തടവറയിലെ ക്രൂരതയെക്കുറിച്ച് പറയുന്നതിങ്ങനെയാണ്.  ' ശിക്ഷിക്കണം- കൊലപാതകികളേയും മോഷ്ടാക്കളേയും സാമൂഹ്യദ്രോഹികളേയും - പക്ഷെ ശിക്ഷകള്‍ ഇത്രയ്ക്ക് നരകത്തിനേക്കാള്‍ താണ നിലയിലേക്ക് പോകേണ്ടതുണ്ടോ? ഏതായാലും ഇനി പറഞ്ഞിട്ട് കാര്യമില്ല. നനഞ്ഞ സ്‌പോഞ്ച് കൊണ്ട് ഒന്ന് തുടച്ചാല്‍ എന്റെ കഴിഞ്ഞ കാലം പൂര്‍ണ്ണമായി തുടച്ചുമാറ്റപ്പെടുകയില്ല. ഞാന്‍ ആദ്യം തന്നെ എന്റെ കണ്ണിന് ആദരണീയനായി പുനഃസ്ഥാപിക്കണം. പിന്നെ മറ്റുള്ളവരുടെ കണ്ണിനും ഞാന്‍ ആദരണീയനാകണം' 

'ട്രയല്‍' എന്ന കാഫ്കയുടെ നോവലിലെ കെ എന്ന നിരപരാധിയായ കഥാപാത്രം നേരിടുന്ന ദുഷ്‌കരമായ ജീവിതം ഒരു നോവല്‍ നിര്‍മ്മിതിയെങ്കില്‍ യഥാര്‍ത്ഥ ജീവിതത്തില്‍ എത്രയോ 'കെ' മാരുണ്ട്. ഒരു തെറ്റും ചെയ്യാതെ ജയിലില്‍ കഴിയുന്നവര്‍, അവിടെക്കിടന്ന്  ആത്മഹത്യചെയ്യുകയോ നരകിച്ച് മരിക്കുകയോ  ചെയ്തവര്‍. ഷാരിയര്‍ എല്ലാ കടമ്പകളും അതിജീവിച്ചയാളാണ്. മരണം പലപ്പോഴും അയാള്‍ക്ക് മുന്നില്‍ പത്തിമടക്കി നിന്നു.  'പാപ്പിയോണ്‍'  വായിച്ചശേഷം ഷാരിയറോട് ചോദിക്കാന്‍ ബാക്കിനിന്ന ചോദ്യമോര്‍ക്കുന്നു. രക്ഷപ്പെടുന്നതിനിടയില്‍ റെഡ് ഇന്ത്യക്കാര്‍ക്കിടയില്‍ ഷാരിയര്‍ പങ്കുവെച്ച ചില  ജീവിതങ്ങളുണ്ട്. ലാലിയുടേയും സൊറേമയുടേയും അവരില്‍ ഷാരിയറിനു പിറന്ന കുഞ്ഞുങ്ങളുടേയും ജീവിതം. അവരെ പിന്നീട് ഷാരിയര്‍ കണ്ടുവോ? എന്തോ വായനയ്ക്ക് ശേഷം ആ ചോദ്യം മനസ്സില്‍ ആവര്‍ത്തിക്കപ്പെടുന്നു.

 'തക്കിജ്ജ'യുടെ വായനയ്ക്ക് ശേഷം ഇതേപോലെ ചില ചോദ്യങ്ങള്‍ ഞാനും നേരിടാറുണ്ട്. കെന്‍ രക്ഷപ്പെട്ടോ? പാര്‍ത്ഥിപന്റെ അവസ്ഥയെന്താണ്? നിങ്ങളുടെ ബാഗ് തിരിച്ചുകിട്ടിയോ? തുടങ്ങിയവ. ബാഗും സാര്‍ട്ടിഫിക്കറ്റുകളും എന്റെ ഐ.ഒ (Investigation Officer) ഷസീന സൈദിനെ വിളിക്കുക വഴി നേടിയെടുക്കാന്‍ കഴിഞ്ഞു. പിന്നിട്ട ലേഖന പരമ്പരകളില്‍ കൂടെയുണ്ടായിരുന്ന തടവുകാരുടെ ഇപ്പോഴത്തെ ജീവിതവും പറഞ്ഞിരിക്കുന്നു. (ഈ ലേഖന പരമ്പരയില്‍ നിന്നുള്ള പ്രസക്ത ഭാഗങ്ങള്‍  'കടല്‍ നീലം' എന്ന പേരില്‍ പുസ്തകമാവുന്നു. ഡി.സി ബുക്ക്സാണ്  പ്രസാധകര്‍)

ദ്വീപുകളുടെ കഥകളില്‍ നിന്നും വേറിട്ട എഴുത്തുകള്‍ ഉണ്ടാവില്ലേ? എന്നൊരാള്‍ ചോദിച്ചതോര്‍ക്കുന്നു. പറഞ്ഞുവരുമ്പോള്‍ ദ്വീപ് അത്രവേഗം നമ്മെ വിട്ടുപോകുന്ന ഘടകമാണോ? ഓരോ കുടുംബവും സമൂഹവും എന്തിന് ഓരോ മനുഷ്യനും ഓരോ ദ്വീപുകളിലെന്ന് കരുതുമ്പോള്‍ ദ്വീപ് അനിശ്ചിതമായി നമുക്കിടയില്‍ തുടരുന്നുണ്ട്. എഴുതാന്‍ ഇനിയും ബാക്കിയുണ്ടെന്ന് തോന്നുന്നത് ഇത്തരം തുരുത്തിലകപ്പെട്ട മനുഷ്യരെ  ഓര്‍ക്കുമ്പോഴാണ്.   

ചില പ്രത്യാശകള്‍ ഇനിയും ശിഷ്ടമായുണ്ട്. അത് എഴുത്തിലേക്കുള്ള വഴിയില്‍ വെളിച്ചം പകരുമെന്ന് തോന്നുന്നു. അധികനേരം ബാക്കിയില്ലെന്ന ചിന്തകള്‍ക്കിടയില്‍  ധൃതിവെക്കാതെ ചിലത് ഇനിയും പറഞ്ഞിട്ട് പോകാമെന്ന പ്രതീക്ഷയും കൈമുതലായുണ്ട്. അത്രമാത്രം. (അവസാനിച്ചു)

(Jayachandran Mokeri -Contact number- 70257 32324)

Content highlights: Life in prison, Maldives, Jayachandran Mokeri's memories in Maldives, Crime