ഈ സ്ത്രീകളൊക്കെ ഇവിടെ ഉണ്ടായിട്ടും ദ്വീപുകാരെന്തിന് ഇന്ത്യന്‍ സ്ത്രീകളെ വിവാഹം കഴിച്ച് ഇവിടേയ്ക്ക് കൊണ്ടുവരുന്നു? ആ ചോദ്യം  'മാലിക്കല്യാണമെന്ന' ദുരവസ്ഥയിലേക്കുള്ള വാതിലുകളാണ്. അറബികള്‍ ഇന്ത്യന്‍ സ്ത്രീകളെ തേടുന്നത് മെഹര്‍ നല്‍കേണ്ട ബാധ്യത കാരണമെന്ന് കേട്ടിട്ടുണ്ട് . ഇവര്‍ക്ക് അത്തരം പ്രശ്‌നങ്ങളൊന്നുമില്ല. എന്നിട്ടും, നല്ല ചന്തമുള്ള, വിദ്യാഭ്യാസമുള്ള പെണ്‍കുട്ടികള്‍ ദ്വീപുകളില്‍ ഉണ്ടായിട്ടും 'മാലികല്യാണം ' തുടര്‍ന്നുകൊണ്ടേയിരിക്കുന്നു! 

അതിന്റെ കാരണം മറ്റൊന്നാണ് . വിവാഹശേഷം തങ്ങളുടെ പങ്കാളികളുമായി ദീര്‍ഘകാല സൗഹൃദം നിലനിര്‍ത്താന്‍ ദ്വീപിലെ പല സ്ത്രീകളും സന്നദ്ധമല്ലെന്നത് തന്നെ! ഇക്കാര്യത്തില്‍ തികച്ചും വിഭിന്നമാണ് നമ്മുടെ ചുറ്റുപാടുകള്‍. അഭിപ്രായ വ്യത്യാസങ്ങളും അസ്വാതന്ത്ര്യവും പുകച്ചുരുള്‍ നിവര്‍ത്തുമ്പോഴും ഒരു ബന്ധത്തെ പൊട്ടിച്ചെറിയാന്‍ നമ്മുടെ സ്ത്രീകളില്‍ പലരും ഒരുക്കമല്ല. അതൊരു കീഴടങ്ങലല്ല. ചിറകറ്റുപോകാവുന്ന കുഞ്ഞുങ്ങള്‍ക്ക് വേണ്ടിയുള്ള സമര്‍പ്പണം. അടിമത്ത കാഴ്ചകള്‍ വരിഞ്ഞുമുറുക്കുമ്പോഴും നിശബ്ദ നിലവിളിയുടെ നെരിപ്പോട് അവര്‍ നെഞ്ചിലേറ്റുന്നത് ഒരു കുടുംബത്തിന് വേണ്ടി മാത്രമാണ് . ഒരുപക്ഷെ, ദ്വീപിലെ പല സ്ത്രീകളും ആ പാരതന്ത്ര്യത്തെ വെറുക്കുന്നുണ്ടാവണം .

തിരുവനന്തപുരത്തും പരിസരത്തുമുള്ള പാവപ്പെട്ട വീട്ടിലെ പെണ്‍കുട്ടികളാണ് ദ്വീപുകാരുടെ വധുക്കളായി ഇവിടെ എത്തിച്ചേരുന്നത്. മിക്ക ദ്വീപുകളിലും അത്തരത്തില്‍പെട്ട ഒന്നോ രണ്ടോ മലയാളി സ്ത്രീകളെക്കാണാം. വീട്ടിലെ കൊടും ദാരിദ്ര്യമാണ് അവരെ ഇവിടെ കൊണ്ടെത്തിക്കുന്നത്. രണ്ട് സംസ്‌കാരങ്ങളുടെ, ദേശങ്ങളുടെ വൈജാത്യവും അത് സൃഷ്ടിക്കാവുന്ന മുറിവുകളും അവരുടെ സ്വകാര്യ ദു:ഖമാണ്. മറ്റൊന്ന്, ഈ സ്ത്രീകളോട് മറുനാട്ടുകാരിയെന്ന നിലയ്ക്കുള്ള മനോഭാവം ഇവിടുള്ളവര്‍ ചില സന്ദര്‍ഭങ്ങളില്‍ പുലര്‍ത്തുന്നതാണ്. നീണ്ട വര്‍ഷങ്ങള്‍ ഇവിടെ ജീവിച്ചിട്ടും അവര്‍ക്ക് ഇന്ത്യന്‍ പൗരത്വം തന്നെയാണുള്ളത്. ഇവര്‍ ഉപേക്ഷിച്ചാല്‍ സ്വന്തം നാട് ബാക്കികാണുമല്ലോയെന്ന് അതുവഴി  ഈ സ്ത്രീകള്‍ കണക്കുകൂട്ടുന്നുണ്ടാകണം . 

ഒരു വലിയ രാജ്യത്തിന്റെ വിസ്തൃതിയില്‍ നിന്നും ദ്വീപിന്റെ ഇത്തിരി വൃത്തത്തിലേക്ക്, അവിടുത്തെ വൈരുദ്ധ്യങ്ങളിലേക്ക് വര്‍ഷങ്ങളായി അകപ്പെടുന്ന സ്ത്രീശരീരങ്ങള്‍ എന്നും എനിക്ക്  അത്ഭുതമാണ്. അവര്‍ ഇവിടെ നേരിടുന്നത് ഒരു തടവറക്കാലമെന്ന് തോന്നുന്നതില്‍ തെറ്റുമില്ല . 

Jayachandran Mokeri
ഷമീനയും ഉമ്മയും

ഒരു കടല്‍ ദൂരമകലെ                      
                                             
ഒരു ഒഴിവുദിനത്തില്‍, ഇരുട്ടുവീണുതുടങ്ങിയ ദ്വീപിലെ ഹാര്‍ബറില്‍ നിന്നും നിറയെ മീന്‍ കയറ്റിയ ഒരു ബോട്ട് തലസ്ഥാന നഗരിയായ മാലെയിലേക്ക് പുറപ്പെടുകയാണ് . ഫിയലി ദ്വീപില്‍ നിന്നും മാലദ്വീപിന്റെ തലസ്ഥാന നഗരിയായ മാലെയിലേക്ക് അക്കാലത്ത് നേരിട്ട് യാത്രക്കാര്‍ക്ക് സഞ്ചരിക്കാനുള്ള ബോട്ടുകളോ ബങ്കാറുകളോ അധികമില്ല. ഇപ്പോള്‍ അക്കാര്യത്തില്‍ മാറ്റമുണ്ടായോ എന്നറിയില്ല. അതുകൊണ്ടുതന്നെ, പലപ്പോഴും ഞങ്ങളില്‍ പലരുടെയും യാത്ര ഇതേപോലെ ചരക്ക് ബോട്ടുകളിലാണ്. നീണ്ട പത്തോ പന്ത്രണ്ടോ മണിക്കൂറുകള്‍ അതിശക്തമായ തിരമാലകളില്‍ ആടിയുലയുന്ന ബോട്ടുകളില്‍ ജീവന്‍ പണയം വെച്ചുള്ള യാത്രകള്‍ കാണും. ബോട്ടപകടമോ ആള്‍നാശമോ അധികം കേട്ടിട്ടില്ലെങ്കിലും ഇന്നും അതൊക്കെ മനസ്സില്‍ നടുക്കമുണ്ടാക്കുന്നു. ദ്വീപിലെ മടുപ്പിക്കുന്ന ഏകാന്തതയില്‍ നിന്നും രക്ഷതേടി കടല്‍ത്തീരത്തെ അനന്തമായ ഇരിപ്പില്‍ പല കഥകളും പറയുകയാണ് ഞാനും സഹപ്രവര്‍ത്തകനായ പ്രകാശും. ദ്വീപിലെ ഏക ആശ്വാസം കടലുമായുള്ള ഈ നീണ്ട 'സംവാദമാണ്'. മടുപ്പ് സമ്മാനിക്കുന്ന മരവിപ്പില്‍ നിന്നും മനസ്സിലേക്ക് കടല്‍ പകരുന്ന ആത്മവിശ്വാസം ചെറുതല്ല .  

കൈവരിയില്ലാത്ത ചെറിയ കടല്‍ പാലത്തില്‍ നിന്നും  മാലെയിലേക്ക് പോകേണ്ട യാത്രക്കാരുടെ ബഹളം കേട്ടു. അവര്‍  ബോട്ടിനടുത്തേക്ക് നീങ്ങുകയാണ്. ചിലരുടെ കൈയ്യില്‍ ബാഗുകളും മറ്റു ഭാരമുള്ള ലഗേജുകളുമുണ്ട്. മറ്റുചിലര്‍  ബോട്ടില്‍ കിടക്കാന്‍ വേണ്ട പായ, തലയിണ എന്നിവയൊക്കെ കരുതിയിട്ടുണ്ട്. ചരക്കുബോട്ടിലെ പരിമിതമായ സൗകര്യത്തില്‍ വെറും പലകയില്‍ കിടക്കുന്നതിലെ അസൗകര്യം അവര്‍ക്ക് നന്നായിട്ടറിയാം. യാത്രക്കാരില്‍  നിലവിളിക്കുന്ന കുഞ്ഞുങ്ങളും ഉച്ചത്തില്‍ സംസാരിക്കുന്ന സ്ത്രീകളുമുണ്ട്. ഞങ്ങളുടെ സംഭാഷണം അല്പനേരത്തേക്ക് നിലച്ചു. ഒരു യാത്ര കാണുകയാണ്. ദ്വീപില്‍ നിന്നും ഒരു യാത്ര. അത്  മറ്റൊരു ദ്വീപിലേക്കോ രാജ്യത്തേക്കോ ആകാം.  ആ യാത്ര ആരുടേതാണെങ്കിലും ചില പ്രതീക്ഷകള്‍ പകരും. പെട്ടെന്ന് നാട്ടിലേക്കെന്നപോലെ മനസ്സില്‍ തെളിനിലാവ് പെയ്തു തുടങ്ങും. ബോട്ട് മറയുന്നതോടെ അത് നിലച്ചേക്കാം. എന്നിട്ടും ആ സ്വഭാവത്തിന് ഒരിക്കലും മാറ്റം വന്നതുമില്ല ! 

യാത്രക്കാരുടെ പിറകില്‍ ചില പരിചിത മുഖങ്ങള്‍ കണ്ടു. ഷമീനയും അവളുടെ ഉമ്മയും. ചീറിയടിക്കുന്ന തിരകള്‍ പാലത്തിന്റെ തൂണുകളില്‍ തട്ടി അവരുടെ മുഖത്തേക്ക് ഉപ്പുവെള്ളം തൂവി. പാലത്തിന്റെ ഓരത്തില്‍ ഘടിപ്പിച്ച വൈദ്യുത വിളക്കുകളുടെ പ്രഭയില്‍ ഇരുവരുടേയും മുഖങ്ങള്‍ കൂടുതല്‍ തെളിഞ്ഞു. ഉപ്പുവെള്ളത്തില്‍ നനഞ്ഞ മുഖങ്ങളില്‍ വെളിച്ചത്തെ തോല്‍പ്പിക്കുന്ന ഇരുട്ട് കണ്ടു. ഒരു പരിഭ്രാന്തി ഇരുവരും നേരിടുന്നുണ്ട് . 

കേരളത്തിലെ കൊല്ലം ജില്ലയില്‍ നിന്നും ദ്വീപുകാരുടെ വധുക്കളായി വന്നവരാണ് ഇരുവരും. ഉമ്മ പിതാവിനെ വിവാഹം കഴിച്ചു. മകള്‍ അയാളുടെ മകനേയും. ആദ്യം അക്കാര്യമറിയുന്നവര്‍ക്ക് ഇക്കഥ വിചിത്രമായി തോന്നാം. പക്ഷെ അവരുടെ ശരിയായ കഥ കേള്‍ക്കുമ്പോള്‍ മറിച്ചൊന്നും പറയാനില്ലാതെ നമ്മള്‍ മൗനികളാകാം. പരമ ദയനീയമായ അവരുടെ ജീവിത കഥ അത്രയ്ക്കുണ്ട്. ഈ ദ്വീപില്‍ രണ്ടു വര്‍ഷമായി അവരാണ് വലിയ കൂട്ട്.

പൊതുവെ ഒരകലം സൂക്ഷിക്കുന്ന ദ്വീപുകാര്‍ക്കിടയില്‍നിന്നും സൗഹൃദത്തിന്റെ തുരുത്തുകള്‍ ഉണ്ടാവുക ഒരു സ്വപ്നമാണ്. ഞങ്ങള്‍ക്കും ദ്വീപുകാര്‍ക്കുമിടയില്‍ അവരൊരു പായ്ക്കപ്പലിന്റെ സഞ്ചാരമുണ്ടാക്കി. ഇതേവരെ പിന്നിട്ട ഇതര ദ്വീപുജീവിതത്തില്‍ നിന്നും ലഭിക്കാത്ത ഈ അവസ്ഥാഭേദം എന്നെ ഏറെ സന്തോഷിപ്പിച്ചു . 

പാചക ഗ്യാസ് എത്തിച്ചു തരാനും ഫോണ്‍ റീചാര്‍ജ് ചെയ്യാനും മീനോ രുചിയുള്ള കറിയോ ദോശയോ പുട്ടും കടലക്കറിയോ കിട്ടാനും അവര്‍ വേണം . ഇടയ്ക്ക്  ഷമീനയുടെ മകള്‍ നായിഫയുടെയും  മുട്ടിലിഴയുന്ന മകന്‍ നയിഫിന്റെയും നിഷ്‌കളങ്ക ലോകം കാണാം, അറിയാം, അനുഭവിക്കാം . മറ്റൊരു ദേശത്ത് അതൊക്കെ സാന്ത്വനം മാത്രമല്ല ഒറ്റപ്പെടുന്നില്ലെന്ന തിരിച്ചറിവ്  കൂടിയാകും .

ഷമീന ഞങ്ങളെ കണ്ടപ്പോള്‍ അടുത്തേക്ക് വന്നു. അവളുടെ ഉമ്മയുടെ മുഖം വിവര്‍ണ്ണമാണ്. അവരൊന്നും പറയാതെ ബാഗുമെടുത്ത് മുന്നോട്ടു നടന്നു. എന്തോ സംഭവിച്ചിട്ടുണ്ടെന്ന് ഞങ്ങള്‍ക്ക് മനസ്സിലായി. അതെന്താണെന്ന് ചോദിക്കും മുന്‍പ് തികട്ടിവന്ന കരച്ചിലടക്കി ഷമീന പറഞ്ഞു .

'ഉമ്മ നാട്ടിലേക്ക് പൂവ്വാണ് . ഇനി വരുമോ എന്നറിയില്ല  ...നാട്ടില്‍ പോയിട്ട് ഉമ്മ എങ്ങനെ ജീവിക്കും..'

ഷമീനയുടെ ഉമ്മയെ അയാള്‍ മൊഴി ചൊല്ലിക്കാണുമോ? അതോ ഒരു വഴക്കിന്റെ പാരമ്യമോ? ഉമ്മയും  അവരുടെ പ്രായമുള്ള ഭര്‍ത്താവും തമ്മില്‍  ഇടയ്ക്കിടെ നടക്കാറുള്ള വഴക്കുകള്‍ ഞാന്‍ ഇതിനകം ഏറെ കേട്ടിട്ടുണ്ട്. രണ്ടു ദിവസം മുന്‍പ് അവര്‍ക്കിടയില്‍ സംഭവിച്ച അസ്വാരസ്യങ്ങള്‍ നേരത്തെ ഷമീന സൂചിപ്പിച്ചത് ഓര്‍മയുണ്ട്. എങ്കിലും ഇത്രപെട്ടെന്ന് അവരെ അയാള്‍ പറഞ്ഞയക്കുമെന്നറിഞ്ഞില്ല.

മാലദ്വീപില്‍ വിവാഹ മോചനം പോലും, അണിഞ്ഞ  കുപ്പായം ഊരിയെരിയുന്ന പോലെ വളരെ ലാഘവത്തില്‍ ചെയ്യാം. ഈ വിഷയത്തില്‍ ഇവിടെ ആണിനും പെണ്ണിനും ഒരേ മനസ്സാണ് . കുറേക്കൂടി സ്ത്രീകള്‍ അക്കാര്യത്തില്‍ മുന്‍പന്തിയിലുമാണ്. പൊരുത്തപ്പെടാന്‍ കഴിയാത്ത മറ്റൊരു സംസ്‌കാരത്തിലേക്ക്, ഭൂമിയുടെ ഇത്തിരി വൃത്തത്തിലേക്ക് ഈ സ്ത്രീകള്‍ എല്ലാം കണ്ണടച്ച് ചേക്കേറുന്നതിന്റെ കാരണം മറ്റൊന്നുമല്ല. കടുത്ത ദാരിദ്ര്യം തന്നെ.

ഷമീനയുടെ ഉമ്മ ഇനി തിരിച്ചു പോകുന്നത് നേരത്തെ ബാക്കിനിര്‍ത്തിയ ആ ഇല്ലായ്മയിലേക്കാണ്. ഇത്ര നാള്‍ കൂടെ ജീവിച്ച, വെച്ച് വിളമ്പിയ, കിഴവന്റെ സകല ചീത്തവിളികള്‍ക്കും ചെവിയോര്‍ത്ത ആ സ്ത്രീക്ക് പോകുമ്പോള്‍ ഒരു നേരത്തെ ആഹാരത്തിനുള്ള വകപോലും അയാള്‍ വകയിരുത്തിയില്ല. വെറും യാത്രാക്കൂലി മാത്രം! ഇന്നലെ അവര്‍ ഒരു യാത്ര പോകുന്നെന്ന് പറയുമ്പോള്‍ ഞങ്ങള്‍ നല്‍കിയ ചെറിയ തുക ഞാന്‍ ഓര്‍ത്തുപോയി .
 
'കിഴവന്‍ ഒന്നും കൊടുക്കില്ല. പാവം ഉമ്മ. നിങ്ങളും ഞാനും നല്‍കിയ കുറച്ച് പണം കൊണ്ട് ഉമ്മ എത്ര നാള്‍ അവിടെ കഴിയും ... ! '

ബോട്ട് നീങ്ങി തുടങ്ങുകയാണ്. കടല്‍പ്പാലത്തില്‍ നിന്നും ബോട്ടിലേക്ക് കയറാന്‍ ഇറക്കിവെച്ച പലകകള്‍ ബംഗാളികള്‍ വലിച്ചുമാറ്റി. സ്ത്രീകളുടെ കൂട്ടത്തില്‍ നിന്നും ഷമീനയുടെ ഉമ്മ ഞങ്ങളെ നോക്കി. അവര്‍ ശിരോവസ്ത്രത്തലപ്പുകൊണ്ട് കണ്ണീരൊപ്പി ചിരിക്കാന്‍ ശ്രമിച്ചു .ബോട്ടിന്റെ വലിയ ശബ്ദത്തില്‍ അവര്‍ പറയാന്‍ ശ്രമിച്ചതൊന്നും ഞങ്ങള്‍ കേട്ടതുമില്ല . ഇരുട്ടിലേക്ക് ഒച്ചവെച്ച് , കടല്‍ വെള്ളത്തെ കീറി മുറിച്ച് ബോട്ട് അകന്നകന്നേ പോയി. ഷമീന ഞങ്ങളെ വിട്ട് യാത്രയയക്കാന്‍ വന്ന സ്ത്രീകളോടൊപ്പം നടന്നകന്നു . 

ഷമീനയും ഉമ്മയും താമസിക്കുന്നത് എന്റെ താമസസ്ഥലത്തുനിന്നും കുറച്ചകലെയാണ്. ദ്വീപില്‍ 'കുറച്ചകലെ' എന്നത് വെറും ആലങ്കാരികമായ ഒരു ഭാഷ മാത്രം. കുഞ്ഞു ദ്വീപുകളുടെ വലുപ്പം തന്നെ അത്രയേ ഉള്ളൂ. എങ്കിലും ദ്വീപുകാരുടെ ഭാഷയില്‍ നമ്മള്‍ കരുതുന്ന വലിയ ദൂരം അവരുടെ കുഞ്ഞു ദൂരത്തിനു സമാനമാകാം. രണ്ടു റോഡുകള്‍ പിന്നിട്ട് ഇടത്തോട്ടുള്ള വഴിയിലെ വിസ്താരമുള്ള അധികം വലുപ്പമില്ലാത്ത ഒറ്റ നില വീട്ടിലാണ് അവളും ഉമ്മയും താമസിക്കുന്നത്. ആ വീട്ടിലെ ഓരോ മുറികളില്‍ ഓരോ കുടുംബം കഴിയുന്നു. അവളുടെ ഉമ്മയും ഉമ്മയുടെ ഭര്‍ത്താവും ഒരു മുറിയിലെങ്കില്‍ അതിനടുത്ത മുറിയില്‍ അവളുടെ കുടുംബം. അവള്‍ക്ക് രണ്ടു കുട്ടികള്‍. നായിഫയും നയിഫും. നാത്തൂന്മാരും അവരുടെ ഭര്‍ത്താക്കന്മാരും അടുത്തടുത്ത മുറികളില്‍. ഇതൊക്കെ ഒരു ദ്വീപ് കാഴ്ചയാണ് . ദ്വീപില്‍ നമ്മുടെ നാട്ടില്‍ കാണുന്നതുപോലെ സമ്പത്തിന്റെ മികവ് അളക്കാനുള്ള അളവുകോലല്ല വീടുകള്‍ . 
                    
അവളുടെ കുടുംബത്തിന് സ്വന്തമായി ഒരു ബോട്ടുണ്ട്. കുടുംബത്തിലെ വലിയ വരുമാനം അതുമാത്രമല്ല അവര്‍ക്ക് ഗ്യാസ് ഏജന്‍സിയും ഉണ്ട് . അതൊക്കെ നോക്കിനടത്തുന്നത് അവളുടെ  ഭര്‍ത്താവാണ്. കാഴ്ച്ചയില്‍ തടിച്ചു കുറുകിയ മനുഷ്യന്‍ . അയാളുടെ പിതാവിന് ആശാരിപ്പണിയും . സാമ്പത്തീകമായി മെച്ചപ്പെട്ട കുടുംബം . 

കൂടുതല്‍ വിശേഷവാര്‍ത്തകളൊന്നും  വരാത്ത ദ്വീപ് ജീവിതത്തില്‍ ഷമീനയുടെ ഉമ്മയുടെ കാര്യവും ഞങ്ങള്‍ മറന്നു. ആറോ ഏഴോ മാസത്തിനകം അവളുടെ തെളിഞ്ഞ മുഖം കണ്ടപ്പോള്‍ ഉമ്മയുടെ വിശേഷമറിഞ്ഞു. അവര്‍ വീണ്ടും തിരിച്ചെത്തിയിരിക്കുന്നു! ഇനി എത്രകാലത്തേക്കുന്നുള്ള അതിജീവനത്തിന്റെ സ്ഥിതിവിവരങ്ങള്‍ ചോദിച്ചറിയാനുള്ള എന്റെ താല്പര്യങ്ങളെ താല്‍ക്കാലികമായി ഞാന്‍ തടകെട്ടി നിര്‍ത്തി. അവരെപ്പോലെ ഞങ്ങളും എപ്പോഴും പുറന്തള്ളപ്പെടാനിടയുള്ളവരാണെന്ന കാര്യവും ഞാന്‍ അവളോട് പറഞ്ഞില്ല . 

വീണ്ടും കാലത്തിന്റെ ഇണക്കങ്ങളും പിണക്കങ്ങളും നിശ്ചലതയും കടല്‍ ഞങ്ങളോട് പറഞ്ഞുകൊണ്ടേയിരുന്നു. കടല്‍ത്തീരത്തെ എന്റെ വീടിന്റെ മേല്‍ക്കൂരയിലും തൊടിയിലും  മഴയും മഞ്ഞും വെയിലും തീര്‍ത്ത വര്‍ണ ചിത്രങ്ങള്‍ കണ്ണടച്ചുകിടന്നും ഞാന്‍ ഓര്‍ക്കും. തീരത്തെ മണല്‍ത്തരികളിലും ലഗൂണുകളിലും മരച്ചില്ലകള്‍ തീര്‍ക്കുന്ന കറുത്ത ചിത്രങ്ങള്‍ ചില മനുഷ്യരുടെ തിന്മയുടെ രൂപങ്ങളായി  തോന്നി . 

ഒരുനാള്‍, ഏപ്രില്‍ മാസത്തിലെ കടുത്ത ഉഷ്ണക്കാറ്റില്‍ ചിലരിലെ അസഹിഷ്ണുതയുടെ ചില്ലകളുലഞ്ഞത് എന്റെ നേര്‍ക്കെന്ന് പറയാന്‍ ഷമീനയും ഉമ്മയും ഓടിക്കിതച്ച് വന്നത് ഓര്‍ക്കുന്നു. ശ്വാസഗതിപോലും നിലച്ചുപോയ അവളുടേയും ഉമ്മയുടെയും ഹതാശയമായ നില്‍പ്പും നിസ്സംഗതയും ഓര്‍മ്മയുണ്ട്. ഹാര്‍ബറില്‍ വന്നെത്തുന്ന ബോട്ടുകള്‍ പ്രതീക്ഷയുടേത് മാത്രമല്ല വേദനയുടേത് കൂടിയാണെന്നത്  പിന്നീടറിഞ്ഞു .

ദ്വീപില്‍ ഒരമ്മയും മകളും കാരാഗൃഹത്തിലടക്കപ്പെട്ട ഒരാളുടെ നെഞ്ചിടിപ്പുകളറിഞ്ഞു. അവരുടെ പ്രാര്‍ത്ഥനകള്‍ എനിക്കുകൂടി മാറ്റിവെയ്ക്കപ്പെട്ടു. എന്റെ കുടുംബത്തെ ആശ്വസിപ്പിക്കാനും അവര്‍ മറന്നില്ല .

കടല്‍ അധികം കാണാതെ അഴികള്‍ക്കിടയിലൂടെ കടലിരമ്പത്തിന്റെ ആഴമറിഞ്ഞു. പുറത്തും അകത്തും സമുദ്രങ്ങള്‍ പെരുമ്പറ തീര്‍ത്ത് മുന്നേറുന്നതിന്റെ ഇടയിലെപ്പോഴോ എന്റെ മോചനവുമുണ്ടായി. നാട്ടിലെ വെയിലിലും മഴയിലും പിന്നിട്ട ദു:സ്വപ്നത്തിന്റെ ശല്ക്കങ്ങള്‍ പൊഴിഞ്ഞു പോകുന്നതിനിടയില്‍ ഷമീനയുടെ വിളിവന്നു . 

'മാഷെ, സുഖമല്ലേ ? എന്നെ മറന്നുവോ ? ഷമീനയാ ......ഇപ്പോള്‍ നാട്ടിലുണ്ട് . 'തുടര്‍ന്ന് അവള്‍ ആ കഥ പറഞ്ഞു. കടല്‍ക്കാറ്റുപോലും നെടുവീര്‍പ്പിട്ടുകാണും അതിലെ ഉപ്പുരസത്തില്‍ .

 'ഉമ്മയെ  അവര്‍ വീണ്ടും നാട് കടത്തി. ഉമ്മയ്ക്കിനി ഒരു തിരിച്ചുപോക്കില്ല. അതെന്നെ ബാധിക്കില്ലെന്ന് തോന്നിയിരുന്നു .....  തോറ്റുപോയി മാഷെ.  ഞാനും ഉമ്മയെപ്പോലായി ...!  '

ഇപ്പോള്‍ അവളുടെ കരച്ചില്‍ കേള്‍ക്കാം. ഫിയലി ദ്വീപിലെ ജീവിതത്തിനിടയില്‍ ഒരിക്കല്‍ പോലും ഇത്രയും നിരാലംബയായി അവള്‍ സംസാരിക്കുന്നത് ഞാന്‍ കേട്ടിരുന്നില്ല. അപ്പോഴൊക്കെ പ്രതിസന്ധികളെ നേരിടാനുള്ള ആത്മബലം അവള്‍ക്കുണ്ടായിരുന്നു .ദ്വീപ് ചുരുങ്ങിച്ചുരുങ്ങി ശരീരം കടലാഴത്തിലേക്ക് പതിക്കുന്നൊരനുഭവം അവള്‍ നേരിട്ടിരിക്കാം. ആ ചിത്രം ഞാന്‍ അറിയാന്‍ ശ്രമിച്ചു .

  'ഒരു ദിവസം ഇരു കൈകളിലും ഭാരമുള്ള  ഗ്യാസ് സിലിണ്ടറുകള്‍  താങ്ങി പിടിച്ച് വരുകയായിരുന്നു ഞാന്‍ . മോന്‍ നായിഫ് പെട്ടെന്നാണ് എന്റെ അരികിലേക്ക് ഓടിവന്നത് . അവന്‍ കുസൃതികാട്ടി വരികയാണ് . ഗ്യാസ് സിലിണ്ടര്‍  അവന്റെ ശരീരത്തില്‍ പതിക്കുമെന്ന് തോന്നിയപ്പോള്‍ ഞാന്‍ തിടുക്കത്തില്‍  ഒന്ന് മാറിയതാ ... പെട്ടെന്നുള്ള വീഴ്ചയില്‍ ഒരു ഗ്യാസ് സിലിണ്ടര്‍ എന്റെ അടിവയറ്റില്‍ വന്നിടിച്ചു . കടുത്ത വേദനയില്‍ നിലവിളിക്കാന്‍ പോലുമാകാതെ ഞാന്‍ പുളഞ്ഞു. കുറച്ചുനാള്‍ ശരിക്കും മൂത്രമൊഴിക്കാന്‍ പോലും കഴിഞ്ഞില്ല . നിലന്തുവിലെ ഹോസ്പിറ്റലില്‍ ചെന്ന് പരിശോധിച്ചപ്പോള്‍ അടിവയറ്റിലാകെ നീര്‍കെട്ടുണ്ട് . രണ്ടാഴ്ച കടുത്ത വേദന തിന്നു ജീവിച്ചു . എന്നിട്ടും അതൊക്കെ എന്റെ അഭിനയമാണെന്ന് അയാള്‍ പറഞ്ഞു . നല്ല ചികിത്സപോലും കിട്ടിയില്ല ... '

അതായിരുന്നു തുടക്കം. നാട്ടിലുള്ള ഉമ്മയ്ക്ക് ഇത്തിരി പണം കൊടുത്തയാക്കാന്‍ അവള്‍ ഭര്‍ത്താവിനോട് ഇതിനകം പറഞ്ഞതും കേട്ടതായി ഭാവിച്ചില്ല . അതേവരെ ഉണ്ടായിരുന്ന ദ്വീപിന്റെ ഇത്തിരി വിസ്തൃതി വീണ്ടും വീണ്ടും ചുരുങ്ങികൊണ്ടിരുന്നു . അവളിലേക്ക് മാത്രമൊതുങ്ങുന്ന നാളുകളിലേക്ക് അത് ചെന്നെത്തി. ദ്വീപില്‍ മറ്റൊരാളോട് അവള്‍ക്ക് ബന്ധമുണ്ടെന്ന അയാളുടെ പരാമര്‍ശം അവളെ ശരിക്കും തളര്‍ത്തി. ഒടുക്കം,രാവില്‍  എല്ലാം മറന്ന്  കുട്ടികളോട്  ചേര്‍ന്ന് കിടന്ന് , സ്വന്തം നാട്ടിലെ കൊച്ചു കൊച്ചു കഥകള്‍ പറഞ്ഞുറക്കുന്ന ഒരമ്മയുടെ സ്ഥാനവും അവള്‍ക്ക് നഷ്ടമായി . വാതിലടച്ച് കുറ്റിയിട്ട മുറിക്കകത്ത് അയാളും കുട്ടികളും സുഖമായി  ഉറങ്ങുമ്പോള്‍ ഉറക്കമില്ലാതെ അവള്‍ പുറത്തെ വരാന്തയില്‍ തേങ്ങലടക്കി കിടന്നു . ഒച്ചവറ്റിയ കടലത്തീരത്തെ ചെറിയ തണുപ്പില്‍ മീനുകളുടെ ചെറിയ കലമ്പല്‍ അവള്‍ പിന്നീട് കേട്ടില്ല . ലഗൂണുകളുടെ നിശ്ചലമായ മുഖമോ വെയിലിന്റെ കനത്ത പെയ്യലോ അവള്‍ അറിഞ്ഞില്ല . മരവിച്ച ജീവിതം . 

മടുപ്പും ദുഃഖവും സമ്മാനിക്കുന്ന വിറങ്ങലിച്ച ദിനങ്ങളുടെ ആവര്‍ത്തനം ഒന്നവസാനിച്ചു കിട്ടാന്‍ ഷമീന പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു .അപ്പോള്‍  മുന്‍പൊരിക്കല്‍ അയാള്‍ പറഞ്ഞത് അവള്‍ ഓര്‍ത്തുപോയി . ഒരു വഴക്കിന്റെ അറുതിയിലാണ് അയാള്‍ അത് പറഞ്ഞത് .

'പത്തുവര്‍ഷം ഇവിടെ ജീവിച്ചാല്‍ നിനക്ക് നാട്ടിലേക്ക് മടങ്ങിപ്പോകാം '

പത്തുവര്‍ഷം! പത്തുവര്‍ഷത്തിന് ശേഷമുള്ള ബാക്കി ജീവിതമോ ? പത്തുവര്‍ഷം കൊണ്ടൊരു ജീവിതം അവസാനിക്കുമോ ! പത്തുവര്‍ഷത്തെ ഒരു കരാര്‍ മാത്രമായിരുന്നോ ഈ മാലികല്യാണം ? അവള്‍ ശരിക്കും അന്ന് തിളച്ചുകൊണ്ടിരുന്നു . ഇപ്പോഴും  ആ കനല്‍ മനസ്സില്‍ എരിയുന്നുണ്ട്. അയാള്‍ പറഞ്ഞ പത്തുവര്‍ഷത്തെ കരാറിനോട്  താന്‍ അടുക്കുകയാണെന്ന് അവള്‍ക്ക് മനസ്സിലായി . പക്ഷെ കുട്ടികള്‍ ? 

' കുട്ടികളെ നിനക്ക് കൊണ്ടുപോകാന്‍ പറ്റില്ല . അവര്‍ നിന്റെ മാത്രമല്ലല്ലോ . പോരാതെ അവര്‍ ഇന്നാട്ടുകാരാണ് . '

ലക്ഷ്യത്തിലെത്തിയ ഒരു പന്തയക്കാരന്റെ വീറും വാശിയും അയാളുടെ വാക്കുകളില്‍ നിറഞ്ഞുകിടപ്പുണ്ട്. അതിനെ എതിരിടുക അത്ര എളുപ്പവുമല്ല . കടല്‍ച്ചുഴിയില്‍ അകപ്പെട്ട ഒരു പൊങ്ങുതടിയുടെ നിസ്സഹായത . ഷമീന ഒന്നും മിണ്ടിയില്ല . ഒന്നും കൊടുക്കാതെ ഒരു പഴന്തുണി വലിച്ചെറിയുമ്പോലെ ഉമ്മയെ കടല്‍ കടത്തിയത് അവളോര്‍ത്തു .അതും ഒരു കരാര്‍ ആകണം . മകന് പത്തുവര്‍ഷമെങ്കില്‍ പഴയ തലമുറയുടെ പ്രതിനിധി ഒരല്പം ദിനങ്ങള്‍ കൂടി നീട്ടിക്കൊടുത്തുകാണും . ദയ . ദ്വീപുകാരുടെ ഔദാര്യം . പെണ്ണിനെ വിലക്കെടുക്കുന്ന ഔദാര്യം . രണ്ടു പേര്‍ക്കും ഇപ്പോള്‍  ഒരേ വഴി . ഈ വഴിയ്ക്ക് ദിശയില്ല  . വഴിയിലേക്ക് ആള്‍ക്കാരെ കൊണ്ടുതള്ളുന്ന ബോട്ടിന്റെ അകന്നുപോകുന്ന ഇരമ്പല്‍ മാത്രം ബാക്കിയുണ്ട് .

കോടതിയില്‍ അത് തീര്‍പ്പായി. പത്തുവര്‍ഷം പൂര്‍ത്തിയാകും മുന്‍പ് തന്നെ ഒരു ജീവിതം. ദ്വീപ് ഇനി  ഓര്‍മ്മയാണ്. കുട്ടികള്‍ വെറും നെഞ്ചിടിപ്പും . വഴി പിരിയുമ്പോള്‍ അയാള്‍ ആറായിരം റുഫിയ ഷമീനയ്ക്ക് കൊടുത്തു . നമ്മുടെ നാട്ടിലെ ഏതാണ്ട് ഇരുപത്തിനാലായിരം രൂപ ! രണ്ടു കുഞ്ഞുങ്ങളുടെയും അവളുടെ നല്ല യൗവനത്തിന്‍േറയും വില !

തുടര്‍ന്ന് വേദനകളെ പൊടുന്നനെ വിഴുങ്ങിയപോലെ ശബ്ദം കനപ്പിച്ച് അവള്‍ പറഞ്ഞു .

'ഒന്നിലും വിഷമമില്ല. കുട്ട്യേളെ അവിടെ വിട്ടുപോരേണ്ടിവന്നല്ലോ. സഹിക്കാനാവുന്നില്ലട്ടോ . എല്ലാം പോയി മാഷെ ...'

നായിഫ ഇപ്പോള്‍ നാലാം ക്ലാസ്സിലാണ്. നയിഫ് നഴ്‌സറിയിലും . നാട്ടില്‍ പോയി വരുമ്പോഴൊക്കെ നായിഫയ്ക്ക് കുഞ്ഞുടുപ്പുകളും മാലകളും വളകളും വാങ്ങിയത് ഓര്‍ത്തുപോയി. കോഴിക്കോടന്‍ ഹല്‍വയും ബനാന ചിപ്‌സും അവള്‍ക്കിഷ്ടമായിരുന്നു. എന്റെ കവിളില്‍ ആ കുരുന്ന് എത്ര മുത്തങ്ങള്‍ തന്നു . അവളുടെ അനുജന്‍  നയിഫ് , അന്നത്തെ കൊച്ചുകുട്ടി ഇപ്പോള്‍ നഴ്‌സറിയില്‍  പോകുമ്പോള്‍ എന്തൊക്കെ കുസൃതികളാണ് കാട്ടുക ? തങ്ങളുടെ ഉമ്മ പിതാവിനാല്‍ ഉപേക്ഷിക്കപ്പെട്ടത് കുഞ്ഞുങ്ങള്‍ അറിഞ്ഞുകാണുമോ ! ഉണ്ടാവില്ല . ദ്വീപ് എന്ന കുഞ്ഞു ലോകത്തിന്നപ്പുറം അവര്‍ക്കൊന്നും അറിയില്ല . ചെറിയൊരു ദ്വീപിന്റെ വലുപ്പമാണ് ഭൂമിയുടെ വിസ്തൃതിയെന്ന് കരുതുന്ന നിഷ്‌ക്കളങ്കയിലല്ലേ ദൈവത്തിന്റെ കൈയ്യൊപ്പ് കാണുക . ആകണം . പിന്നെ ദ്വീപിനപ്പുറമൊരു ലോകമുണ്ടെന്ന് കണ്ടെത്തുമ്പോള്‍ ആ വെണ്മയില്‍ എത്രയാകും അഴുക്കുകള്‍ ! ദ്വീപിന്റെ മാലിന്യങ്ങള്‍ അവരെ ഇല്ലാതാക്കുമോ ? പെട്ടെന്ന് ഒരു നടുക്കം തോന്നി .

നേരത്തെ ജോലി ചെയ്ത  ദ്വീപിലേക്ക് മരുമകളായി വന്ന ഒരു  മലയാളി സ്ത്രീ പറഞ്ഞതോര്‍മയുണ്ട് . 'മൂന്നും പെണ്‍മക്കളാണ് . അവര്‍ ഹൈസ്‌കൂള്‍ ക്‌ളാസിലെത്തിയാല്‍ പിന്നെ  മക്കളെ ഞാന്‍ ഇവിടെ നിര്‍ത്തില്ല . എനിക്കത് സഹിക്കില്ല ..' 

ദ്വീപിലെ  കുത്തഴിഞ്ഞ ലൈംഗീകതയുടെ , വര്‍ധിച്ച വിവാഹമോചനത്തിന്റെ കഥകള്‍ അത്രയ്ക്കുണ്ട് . അതില്‍ ഇന്ത്യന്‍ പാരമ്പര്യവും സംസ്‌കാരവും ചേര്‍ത്തടുക്കുമ്പോള്‍ ഇവിടെ നിന്നും അവിടേക്ക് ചേക്കേറേണ്ടി വന്ന അമ്മമാരുടെ ആധികള്‍ വാക്കുകള്‍ക്കതീതവും . 

'അവര്‍ ദ്വീപിലെ പൗരന്മാരാണ്. അതൊക്കെ ഓര്‍ക്കുമ്പോള്‍ വലിയ സങ്കടാവും . ഒന്ന് അവരെ വിളിക്കാന്‍ പോലും കഴിയുന്നില്ല . വല്ലപ്പോഴും അയാളുടെ ഉപ്പ കുട്ടികളുടെ കൈയ്യില്‍ ഫോണ്‍ കൊടുത്താലായി .ഇപ്പോള്‍ കുട്ടികള്‍ക്കും എന്നെ വേണ്ടാതായി . അവരുടെമനസ്സും  അവര്‍ മാറ്റിയെടുത്തല്ലോ!  മക്കളെ ചേര്‍ത്തുപിടിക്കാന്‍ വല്ലാതെ  കൊതിയാവുന്നു .... ' 

ഷമീന അത്രയും പറയുമ്പോള്‍ രണ്ടു പൗരത്വങ്ങളുടെ ഇടയിലെ വലിയ അകലം ഓര്‍ത്തുപോയി . അവര്‍ക്കെന്നാണ് ഒരമ്മയുടെ നിഴലില്‍ തുടര്‍ച്ചയായി ജീവിക്കാനാകുക ! ഇതേപോലെ മക്കളെ ദ്വീപില്‍ തനിച്ചാക്കേണ്ടി  വന്ന വേറെയും മലയാളി സ്ത്രീകള്‍  ഇവിടെ ഉണ്ടാകാം .ഫിയലി ദ്വീപില്‍ തന്നെയുള്ള മറ്റൊരു മലയാളി സ്ത്രീയുടെ ജീവിതവും നേരിട്ടറിയാം . നാട്ടിലേക്ക് വരാന്‍ പോലും ആ സ്ത്രീക്ക് കഴിയില്ല . കുട്ടികളെ ദ്വീപില്‍ തനിച്ചാക്കാതെ നരകം തിന്നു ജീവിക്കുന്ന ഇതേപോലുള്ള സ്ത്രീകള്‍ മറ്റുദ്വീപുകളില്‍  വേറെയും കാണും . കൂട്ടത്തില്‍ സുഖമായി കുടുംബം കൊണ്ടുപോകുന്നവരും ഉണ്ടാകാം . ദ്വീപിലേക്ക് നാടുകടത്തുന്നപോലെ പെണ്‍മക്കളെ കെട്ടിച്ചയക്കുന്നവര്‍ ഇതൊക്കെ അറിയുന്നുണ്ടാകുമോ !  ദ്വീപിന്റെ ഇത്തിരി വൃത്തത്തില്‍  എണ്ണയാട്ടുന്ന ചക്കിനോടൊപ്പം കറങ്ങുന്ന  മൂകജീവികളെപ്പോലെ ജീവിതം കൊണ്ടുപോകുന്ന, നിശബ്ദമായി  കരയുന്ന സ്ത്രീകളെ  ആരും കാണുന്നില്ലല്ലോ !

വരും ദിവസങ്ങളില്‍ അവളുടേയും ഉമ്മയുടെയും ജീവിതം നിലനിര്‍ത്തുന്നതിനൊപ്പം അകലെയൊരു ദ്വീപിലെ കാഴ്ചകളിലേക്കും പരിമിതികളിലേക്കും അവള്‍ക്ക് ചെന്നെത്തേണ്ടതുണ്ട് . ചെങ്കുത്തായ പാതയിലൂടെ അതിസൂക്ഷമായൊരു യാത്ര , ഒരു ട്രപ്പീസ് കളിക്കാരിയുടെ ആത്മവിശ്വാസമില്ലാതെ അവള്‍ പിന്നിടുന്നത് ഓരോ വിളിയിലും ഞാന്‍ അറിഞ്ഞു . ഒടുക്കം ജീവിതം ചില പച്ചത്തുരുത്തുകളില്‍ എത്തിയെന്ന് തോന്നിയപ്പോള്‍ വന്നുചേര്‍ന്ന കൂട്ടിനെ പറ്റിയും അവള്‍ പറഞ്ഞു .

'ഒരാണിന്റെ സഹായം വേണമെന്ന് തോന്നി . അതില്ലാതെ ഒറ്റയ്ക്ക് ഒന്നിനും കഴിയില്ലല്ലോ . ഇപ്പോള്‍ ഒരാളുടെ സാമീപ്യമുണ്ട് .അയാള്‍ക്കെന്നെ ഒരുപാട് ഇഷ്ടമാണ് . അതാണ് ഇപ്പോഴത്തെ സമാധാനം . ഒരു വീട് ഇതേവരെയായില്ല . ഇപ്പോഴും  വാടക വീട്ടില്‍ നിന്നും വാടക വീട്ടിലേക്കുള്ള യാത്ര തന്നെ . '

അവളുടെ ഉമ്മയ്ക്ക് പണിതീരാത്ത ഒരു കൊച്ചു കൂര സ്വന്തമായുണ്ട് .അവളുടെ ശ്രദ്ധ ഇല്ലാതെ അവര്‍ക്കവിടെ  തനിച്ച് മുന്നോട്ടുപോകാന്‍ കഴിയില്ല . ഒരു വൃത്തത്തില്‍ നിന്നും മറ്റൊരു വൃത്തത്തിലേക്കുള്ള  വ്യര്‍ത്ഥമായ ഒരു വ്യതിചലനം പോലെ പുതിയ അവസ്ഥയെ അവള്‍ കണ്ടിരിക്കണം . 

'ഒരു പെണ്ണിന്റെ ജീവിതം ഏത് രാജ്യത്തായാലും നരകമാണ് മാഷെ . വല്ലാത്ത മടുപ്പുതോന്നുന്നു . എന്റെ ജീവിതം പോലും നിങ്ങളില്‍ വെറുപ്പുണ്ടാക്കാം . ആണുങ്ങള്‍ എത്ര ഭാഗ്യവാന്മാരാണ് ! '

മനസ്സിനകത്ത് ചിതറിവീഴുന്ന പിന്നിട്ട ജീവിതത്തിലെ ഭാഗ്യ -നിര്‍ഭാഗ്യങ്ങളുടെ താളുകള്‍ ഒരിക്കല്‍ കൂടി വായിക്കാന്‍ പോലും  താല്‍പര്യമില്ലാത്ത ഒരാളിന്റെ അവസ്ഥ ഞാന്‍ പറഞ്ഞില്ല . അവളുടെ നിര്‍ഭാഗ്യങ്ങള്‍ക്ക് അടിവരയിടാന്‍ കെല്‍പ്പുള്ള  ഒരു വാക്കുതേടുന്നതില്‍ വളരെ ആയാസപ്പെട്ട  എന്റെ ശ്രമങ്ങള്‍  പോലും വെറും  പരാജയമെന്നത്  അവളറിയിന്നുണ്ടാകുമോ !

ഷമീനയെ ബോധപൂര്‍വം മറന്നുകൊണ്ട് ഞാന്‍ അപ്പോള്‍ ഓര്‍ത്തത് നായിഫയേയും അവളുടെ കുഞ്ഞനുജനെയുമാണ് . അവരവിടെ സുഖമായിരിക്കുന്നോ ? അതോ ഷമീനയുടെയും അവളുടെ ഉമ്മയുടെയും ജീവിതത്തിന്റെ തനിയാവര്‍ത്തനം അവരും നേരിടുമോ ? ജീവിതം ഒന്നടയാളപ്പെടുത്തിയെടുക്കാന്‍ ഇവിടെ എന്തൊരു പാടാണ് . ഒരു യുദ്ധവും അവസാനിക്കുന്നില്ല , ഒപ്പം വേദനകളും !  

Content highlights: Maldives, Life in prison, Jayachandran Mokeri, Kollam,Jayachandran Mokeri's memories in Malidves , Mali marriage