നിക്കെതിരെ നടന്ന  വധശ്രമത്തെത്തുടര്‍ന്ന് മാലദ്വീപ് പ്രസിഡണ്ട് അബ്ദുള്ള യാമിന്‍ രണ്ടു വര്‍ഷം മുന്‍പ് അടിയന്തരാവസ്ഥ നടപ്പിലാക്കിയത് രാജ്യത്ത് വലിയ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. അതിന്റെ അലയൊലികള്‍ മാറും മുന്‍പ്  വീണ്ടും യാമിന്‍  ഇക്കഴിഞ്ഞ ഫെബ്രുവരി ആറിന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. നഷീദിനെ (​മുൻ  പ്രസിഡന്റ് മുഹമ്മദ് നഷീദിനെ​)​ ഭീകര പ്രവർത്തന കുറ്റം ചാർത്തി ജയിലിൽ അടച്ചപ്പോൾ അദ്ദേഹത്തോടൊപ്പം എട്ട്  പ്രതിപക്ഷാംഗങ്ങളും ശിക്ഷിക്കപ്പെട്ടിരുന്നു. കൂടാതെ കഴിഞ്ഞ വര്‍ഷം പന്ത്രണ്ട് പാര്‍ലമെന്റ് അംഗങ്ങളെ അയോഗ്യരാക്കുകയും ചെയ്തു! ഫെബ്രുവരി ഒന്നിന് സുപ്രീം കോടതി ഇറക്കിയ ഉത്തരവില്‍ ഇവരെയെല്ലാം തിരിച്ചെടുക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു.

അതിനിടയില്‍ യാമിനെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ അടച്ചിട്ട പാര്‍ലമെന്റ് തുറന്ന് പ്രവര്‍ത്തിക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. ഇക്കാര്യങ്ങളെല്ലാം ചെയ്തുകഴിഞ്ഞാല്‍ 85 അംഗ പാര്‍ലമെന്റില്‍ തന്റെ ഭൂരിപക്ഷം നഷ്ടമാകുമെന്ന് ഭയന്ന യാമിന്‍  കൂടുതല്‍ കടുത്ത നടപടിയിലേക്ക്, ഒരേകാധിപതിയുടെ മട്ടിലേക്ക് മാറിയ കാഴ്ചകളാണ് ഇന്ന് മാലദ്വീപില്‍ കാണുന്നത്!  

പലരും ജയിലിലടക്കപ്പെട്ടു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അബ്ദുള്ള സയിദ് ഉള്‍പ്പെടെ മൂന്ന് ജഡ്ജ്മാരെ അറസ്റ്റ് ചെയ്തു. കൂടാതെ അര്‍ദ്ധ സഹോദരനും മുപ്പത് വര്‍ഷം മാലദ്വീപില്‍ അധികാരത്തിലിരുന്നയാളും തന്റെ അധികാരത്തിന് പടവുകള്‍ സൃഷ്ടിച്ച വ്യക്തിയുമായ മൗമൂണിനേയും അദ്ദേഹത്തിന്റെ മരുമകനേയും യാമിന്‍ തടവിലിട്ടിരിക്കുകയാണ്. മൗമൂണ്‍ ഇപ്പോള്‍ പ്രതിപക്ഷത്തായതാകണം യാമിനെ ചൊടിപ്പിച്ചത്.

അയല്‍രാജ്യം എന്നതിലുപരി ഇന്ത്യയോട് പലവിധത്തില്‍ ചേര്‍ന്ന് നില്‍ക്കുന്ന ഈ മരതക ദ്വീപ് സമൂഹങ്ങളിലെ വിസ്‌പോടനകരമായ രാഷ്ട്രീയ പകപോക്കലുകള്‍ നമ്മള്‍ അറിയേണ്ടതുണ്ട്. ഭൂമിശാസ്ത്രപരമായി  ലക്ഷദ്വീപുകളുടെ ഒരു തുടര്‍ച്ചയെന്ന് കരുതാവുന്ന, നമുക്ക് വളരെയടുത്ത് കിടക്കുന്ന ഈ ദ്വീപ് സമൂഹങ്ങളില്‍ വരുന്ന രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ നമുക്ക് അജ്ഞാതമാകുന്നത് ശരിയല്ലല്ലോ. അതിനുള്ള അവസരവും ഇതാകണം . 

ചൈനയുടെ തണലില്‍ 

യാമിന്‍  അധികാരത്തിലേറിയ ശേഷം മാലദ്വീപ് പൂര്‍ണ്ണമായും ചൈനയുടെ തണലിലാണ്. കൂട്ടത്തില്‍ സൗദി അറേബ്യയുടെ പൂര്‍വാധികമായ പിന്തുണയും ഉണ്ട്. ഒരുകാലത്ത് (2014  വരെ )  മാലദ്വീപിന്റെ  ഏറ്റവും നല്ല അയല്‍പക്കമായിരുന്ന ഇന്ത്യ  ഇന്നവര്‍ക്ക്  ശത്രുരാജ്യമായി മാറിയിരിക്കുന്നു. അത്രമേല്‍ ചൈനയുടേയും പാക്കിസ്ഥാന്റെയും സ്വാധീനം ആ രാജ്യത്തുണ്ട് . 

ഒരിക്കല്‍ ജയിലില്‍ വെച്ച് തീവ്രവാദത്തിന് അറസ്റ്റ് ചെയ്യപ്പെട്ട ഒരാള്‍ പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു. 'നിങ്ങളുടെ ഇന്ത്യയില്‍ ശരിയായ മുസ്ലീങ്ങള്‍ ഇല്ല.' ശരിയായ മുസ്ലീങ്ങള്‍ എന്നതുകൊണ്ട്  അയാള്‍ എന്താണ് അര്‍ത്ഥമാക്കിയതെന്ന് എനിക്കറിയില്ല. പക്ഷെ അയാളുടെ കാഴ്ചയില്‍ പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും കടന്നുവരുന്നുണ്ട്.

ഇതര സംസ്‌കാരങ്ങള്‍ക്കിടയില്‍ സൗഹാര്‍ദ്ദത്തോടെ ജീവിക്കുന്ന വിവിധ മതാനുയായികളുള്ള, ലോക മുസ്ലീം ജനസംഖ്യയില്‍ രണ്ടാം സ്ഥാനത്തുള്ള  ഇന്ത്യ അയാള്‍ക്കെന്നല്ല പല ദ്വീപുകാര്‍ക്കും ഇന്ന് അപരിചിതമായ രാജ്യമായി മാറിയിരിക്കുന്നു! ഇതര സംസ്‌കാരവുമായി ചേര്‍ന്നുള്ള ഇന്ത്യന്‍ മുസ്ലീങ്ങളുടെ ജീവിതമാകണം അവരുടെ കാഴ്ചകളില്‍ മങ്ങല്‍ വീഴ്ത്തുന്നത്! നമുക്കത് നാനാത്വത്തില്‍ ഏകത്വമാണെന്നത് അവര്‍ക്കറിയില്ലല്ലോ ! 

Moumoon and Nasheed
Moumoon and Muhamed Nasheed

1988 ല്‍ മാലദ്വീപില്‍ ശ്രീലങ്കന്‍ എല്‍ .ടി .ടിയും (തമിഴ് തീവ്രവാദ ഗ്രൂപ്പും) മാലദ്വീപിലെ റിബലുകളും ചേര്‍ന്ന് നടത്തിയ അട്ടിമറി ശ്രമത്തെ രാജീവ് ഗാന്ധി അയച്ച ഇന്ത്യന്‍ പട്ടാളം ഞൊടിയിടയില്‍ പരാജയപ്പെടുത്തിയ കാര്യം ഒരു രാജ്യം വളരെപ്പെട്ടെന്ന്  വിസ്മരിച്ചുപോയി .'ഓപ്പറേഷന്‍ കാക്ടസ്' എന്ന അന്നത്തെ ദൗത്യം ഇന്ത്യയ്ക്ക് ഈ രാജ്യത്തിനുമേല്‍ ഉണ്ടാക്കിയ വലിയ സൗഹൃദത്തിന്റെ ആഴക്കടല്‍ ഇന്ന് വറ്റിവരണ്ടെന്ന് പറയാം. ഇന്ത്യ അതിനുശേഷം പണിതുകൊടുത്ത രാജ്യത്തെ ഏറ്റവും വലിയ മള്‍ട്ടി  സ്‌പെഷ്യാലിറ്റി ആസ്പത്രി( ഇന്ദിരാഗാന്ധി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ ) ഇപ്പോഴും അവിടെയുണ്ട് . ഇന്ത്യന്‍ ഡോക്ടര്‍മാരും നഴ്സുമാരും അവിടെയും മറ്റ് ദ്വീപുകളിലും  ജോലി ചെയ്യുന്നുമുണ്ട് . അതിനപ്പുറം  നമ്മുടെ നിരവധി അദ്ധ്യാപകര്‍ അവിടെ പഠിപ്പിക്കുന്നുമുണ്ട് . 

ദ്വീപുകാരെ വിദ്യാസമ്പന്നരാക്കിയതില്‍ ഇന്ത്യന്‍ അദ്ധ്യാപകരുടെ പങ്ക് എത്രയോ മഹത്തരമാണ്. വ്യാപാര ആവശ്യത്തിനും സൈനിക നവീകരണത്തിനും വീട് നിര്‍മാണത്തിനുമായി  നൂറുകണക്കിന് മില്യണ്‍ ഡോളര്‍ ഇന്ത്യ അടുത്ത കാലം വരെ ഈ ദ്വീപുകളിലേക്ക് ഒഴുക്കിയിട്ടുമുണ്ട് . കൂടാതെ ഉപ്പ് തൊട്ട് കര്‍പ്പൂരം വരെയുള്ള  സാധനങ്ങള്‍ക്കും ആശുപത്രിക്കാര്യങ്ങള്‍ക്കും ഉന്നത പഠനത്തിനും  അനുദിനം  മാലദ്വീപിലെ ജനത ഇന്ത്യയെ ഇന്നും ആശ്രയിക്കുന്നു! എന്നിട്ടും യാമിന്‍ ഇന്ത്യയെ ശത്രുരാജ്യമായി കാണുന്നതില്‍ പ്രധാനമായും രണ്ടു കാരണങ്ങള്‍  ഉണ്ടാകാം . മറ്റ് രാജ്യങ്ങള്‍ നല്‍കുന്ന പിന്തുണയും  അവിടുത്തെ മത മൗലികവാദികളുടേയും പ്രതിപക്ഷത്തിന്റെയും എതിര്‍പ്പുകള്‍ കണക്കിലെടുക്കാതെ മുന്‍ പ്രസിഡണ്ട് നഷീദ് ഇന്ത്യയുമായി  ഉണ്ടാക്കിയെടുത്ത വര്‍ധിച്ച സഹകരണവും ആയിരിക്കണമത് .

നഷീദിന്റെ കാലത്ത് ഇന്ത്യയിലെ ജി .എം .ആര്‍ കമ്പനിയെ മാലെ വിമാനത്താവളത്തിന്റെ നവീകരണത്തിന് അധികാരപ്പെടുത്തിയിരുന്നു. യാമിന്‍ വന്നപാടെ ആ കരാര്‍ റദ്ദു ചെയ്തു. ഇതേത്തുടര്‍ന്ന് ഇന്ത്യ- മാലദ്വീപ് ബന്ധത്തില്‍ പെട്ടെന്നുണ്ടായ വിള്ളലും ഇന്ത്യയിലേക്കുള്ള ദ്വീപുകാരുടെ യാത്ര പരിമിതപ്പെട്ടതും ഓര്‍ക്കുന്നു. അന്ന് ഇന്ത്യന്‍ എംബസിക്ക് മുന്നില്‍ തങ്ങളുടെ ഊഴം കാത്ത്  വരിവരിയായി നില്‍ക്കുന്ന ദ്വീപുകാരുടെ മുഖങ്ങള്‍ ഓര്‍മ്മയുണ്ട്. ഇന്ത്യയിലുള്ളതുപോലെ  മികച്ച ആസ്പത്രികള്‍ ചൈനയിലില്ലെന്ന് അവര്‍ക്കറിയാം. ഇന്ത്യയില്‍ നിന്ന് ലഭിക്കുന്നതുപോലെ ഉന്നത വിദ്യാഭ്യാസത്തിനുള്ള സൗകര്യവും ചൈനയിലില്ലെന്ന് അവര്‍ക്കറിയാം. അവിടെ നിന്നും പച്ചക്കറികളും അരിയും മറ്റ്  ആവശ്യമായതെന്തും അനുദിനം എത്തിക്കാന്‍ കഴിയില്ലെന്നും അവര്‍ക്കറിയാം. ചൈനയിലേക്കുള്ള യാത്ര തന്നെ കൂടുതല്‍ ചെലവേറിയതും. കുറെ ദിവസങ്ങള്‍ തുടര്‍ന്ന ആ നില്‍പ്പിലൂടെ ഇന്ത്യയെ എത്ര തവണ അവര്‍ മനസ്സുകൊണ്ട് ആദരിച്ചിരിക്കണം , സ്‌നേഹിച്ചിരിക്കണം! ആ മനസ്സുകളിലാണ് യാമിനും  കൂട്ടരും വിഷം പുരട്ടിയത് !

ജനാധിപത്യം എന്ന തമാശ 

മാലദ്വീപിന് ഒരു നീണ്ട ചരിത്രമുണ്ട്. പോര്‍ച്ചുഗീസുകാരുമായും ബ്രിട്ടീഷുകാരുമായും പോരടിച്ച ചരിത്രം. ആ ചരിത്രത്തില്‍ ഇടയ്ക്കിടെ ഇടപെട്ട കണ്ണൂരിലെ അറയ്ക്കല്‍ രാജവംശത്തിനും വലിയ പങ്കുണ്ട്. എന്നാല്‍ പോര്‍ച്ചുഗീസുകാരുടെ കാലത്താകണം ഏറ്റവും കൂടുതല്‍ രക്തച്ചൊരിച്ചില്‍ ദ്വീപില്‍ നടമാടിയത്. പറങ്കികള്‍ ദ്വീപുകാരെ ക്രിസ്ത്യന്‍ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ശ്രമിച്ചതും ദ്വീപുകാരോടുള്ള അവരുടെ മൃഗീയമായ പെരുമാറ്റവുമാകണം കടുത്ത രക്തച്ചൊരിച്ചിലിന് നിദാനം. പകയുടെയും പോരിന്റെയും കൊലപാതകങ്ങളുടെയും ചുവപ്പ് പടര്‍ന്ന ചരിത്രത്താളുകള്‍ . 

എന്നാല്‍ വിദേശാധിപത്യത്തിനു ശേഷവും അതിലൊക്കെ വലിയ മാറ്റമില്ലെന്ന് കാണുന്നതാണ് ദ്വീപിലെ കാഴ്ചകള്‍. 1953 ല്‍ ഈ രാജ്യത്ത് സുല്‍ത്താന്‍ ഭരണം നിര്‍ത്തലാക്കുകയും രാജ്യം റിപ്പബ്ലിക്കായി മാറുകയും ചെയ്‌തെങ്കിലും അത് വീണ്ടും സുല്‍ത്താന്‍ ഭരണത്തിനു കീഴില്‍ വരുന്ന തമാശയും ഇവിടെയുണ്ടായി. 1953 ലെ ആദ്യ റിപ്പബ്ലിക്കിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് അമീന്‍ ദീദി അറിയപ്പെടുന്നതുപോലും ആധുനിക മാലദ്വീപിന്റെ പിതാവ് എന്ന നിലയിലാണ്. പുരോഗമന ചിന്താഗതിക്കാരനായ ദീദിയാണ് രാജ്യത്ത് ഇംഗ്ലീഷ് വിദ്യാഭ്യാസം, സ്ത്രീകളുടെ ഉന്നമനം എന്നിവയെക്കുറിച്ച് ആദ്യമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തത്. പക്ഷെ ആ മാറ്റമൊന്നും ഉള്‍ക്കൊള്ളാന്‍ അവിടുത്തെ മത മൗലികവാദികള്‍ സന്നദ്ധരായിരുന്നില്ല. രണ്ടാം ലോക മഹായുദ്ധകാലത്തെത്തുടര്‍ന്ന് വന്ന കൊടും ദാരിദ്ര്യത്തില്‍ നിന്നും ജനങ്ങളെ മോചിപ്പിക്കാന്‍ കഴിഞ്ഞില്ലെന്ന ചുറ്റുപാടില്‍ രാജ്യത്ത് കലാപം പൊട്ടിപ്പുറപ്പെടുകയും പ്രസിഡണ്ട് മുഹമ്മദ് അമീന്‍ ദീദി  പ്രസ്തുത കലാപത്തില്‍ അതിദയനീയമായി കൊല്ലപ്പെടുകയും ചെയ്തു. ജനങ്ങള്‍ അദ്ദേഹത്തെ അടിച്ചുകൊന്നുവെന്നാണ് ചരിത്രം . 

ആ ചരിത്രത്തിലും വലിയ ചതിയുടെ ദുര്‍ഗന്ധമുണ്ട്. ദീദി ചികിത്സയ്ക്ക് വിദേശത്ത് പോയപ്പോള്‍ തന്നെ വൈസ് പ്രസിഡണ്ട് വലിയൊരട്ടിമറിയിലൂടെ ഭരണം പിടിച്ചെടുത്തു. ചികിത്സ കഴിഞ്ഞ് തിരിച്ചുവന്ന ദീദിയോട് തലസ്ഥാനത്ത് കലാപമാണെന്നും അങ്ങോട്ടേക്ക് പോകരുതെന്നും ചിലര്‍ തെറ്റിദ്ധരിപ്പിച്ചു. അവര്‍ ദീദിയെ ഒരജ്ഞാതകേന്ദ്രത്തിലേക്ക് കൊണ്ടുപോകവേ, ചതി മനസ്സിലാക്കിയ പ്രസിഡണ്ട് ചിലരുടെ സഹായത്താല്‍ തലസ്ഥാനത്ത് തിരിച്ചെത്തുകയായിരുന്നു. തലസ്ഥാനത്ത് വെച്ച് ശത്രുക്കളുടെ പിടിയിലകപ്പെട്ട ദീദിയെ പൊതുജനത്തിന് ആക്രമിക്കാന്‍ വിട്ടുകൊടുത്തു. ജനങ്ങളുടെ ക്രൂരമായ ആക്രമണത്തിന് വിധേയനായ ദീദി മൂന്നാം നാള്‍ ഒരു അജ്ഞാതദ്വീപില്‍ വെച്ച് മൃതിയടഞ്ഞു. ഈ വിധത്തില്‍ ഒരു രാഷ്ട്രത്തലവന്‍ കൊല്ലപ്പെടുന്നത് ലോകത്ത് അധികം കേട്ടുകേള്‍വിയില്ലാത്ത അതിക്രൂരമായ ഒരു തമാശയാകണം ! 

തുടര്‍ന്ന് 1968 ല്‍ സുല്‍ത്താന്‍ ഭരണം വീണ്ടും അവസാനിപ്പിച്ച്  മാലദ്വീപ് വീണ്ടും റിപ്പബ്ലിക്കായി മാറി. 1968 മുതല്‍ 1978 വരെയുള്ള കാലത്ത് രാജ്യം ഭരിച്ചത് ഇബ്രാഹിം നാസിറാണ്. ഒരു ജനത കുറെയേറെ പ്രതീക്ഷ നാസിറില്‍ പുലര്‍ത്തിയെങ്കിലും അദ്ദേഹം തികഞ്ഞ ഏകാധിപതിയായി മാറുകയായി. രാജ്യത്ത് ഒട്ടേറെ മാറ്റങ്ങള്‍ ഇബ്രാഹിം നാസിര്‍ കൊണ്ടുവന്നെങ്കിലും ജനങ്ങള്‍ അദ്ദേഹത്തിന്റെ ഭരണത്തിന് കീഴില്‍ ഭയചകിതരായി തന്നെ ജീവിച്ചു. അദ്ദേഹത്തെ ആരെങ്കിലും വിമര്‍ശിക്കുന്നത് ഉരുക്കുമുഷ്ടി ഉപയോഗിച്ച് അദ്ദേഹം തടഞ്ഞുനിര്‍ത്തി. എല്ലാ ഏകാധിപതിയും നേരിടുന്ന ദുരന്തം നാസിറും നേരിട്ടു. വന്‍ അഴിമതിയിലൂടെ കൈയടക്കിയ സമ്പത്തുമായി നാസിര്‍ സിംഗപ്പൂരിലേക്ക് കടന്നു. അവിടെവച്ചായിരുന്നു ആ ഏകാധിപതിയുടെ അന്ത്യം . 

തുടര്‍ന്ന് വന്ന ഭരണാധികാരിയാണ് മൗമൂണ്‍ അബ്ദുല്‍ ഖയൂം. 1978 നവംബര്‍ പത്തിനാണ് മൗമൂണ്‍ രാജ്യത്തെ മൂന്നാമത്തെ പ്രസിഡന്റാകുന്നത്. മാലദ്വീപിന് പുറംലോകത്ത് ഒരു മേല്‍വിലാസം ഉണ്ടാക്കിക്കൊടുത്തത് മൗമൂണ്‍ ആയിരിക്കണം. അതേസമയം ഒരു ജനതയെ താന്‍ വരച്ചിട്ട കളങ്ങള്‍ക്കപ്പുറത്തേക്ക് നീങ്ങാന്‍ അദ്ദേഹം ഒരിക്കലും അനുവദിച്ചിരുന്നില്ല.  ആറു തവണയായി മുപ്പത് വര്‍ഷമാണ് മൗമൂണ്‍ ഈ രാജ്യം ഭരിച്ചത്. ഓരോ തവണയും തെരഞ്ഞെടുപ്പ് ഉണ്ടാകും. ഓരോ തെരഞ്ഞെടുപ്പിലും എതിര്‍പക്ഷത്ത് ആരുമില്ലാത്ത ഒറ്റയാള്‍ സ്ഥാനാര്‍ഥിയാകും മൗമൂണ്‍. 

മൗമൂണിന്റെ ഭരണത്തോട് കടുത്ത എതിര്‍പ്പ് പുലര്‍ത്തിയത് തെക്കന്‍ ദ്വീപ് സമൂഹങ്ങളാണ്. അവിടെ മൗമൂണിന്റെ കാലത്ത് വലിയൊരു പുരോഗതിയും കൈവന്നില്ല. തെക്കന്‍ ദ്വീപുകളുടെ കേന്ദ്രസ്ഥാനമായ അഡുവിലെ ജനങ്ങള്‍ പറയുന്നൊരു തമാശയുണ്ട്. അവര്‍ വോട്ടു ചെയ്ത പെട്ടികളൊക്കെ തലസ്ഥാനമായ മാലെയില്‍ എത്തുംമുമ്പ് കടലിലൊഴുക്കിയിരിക്കുമെന്ന്. അത്രമേല്‍ ജനപിന്‍തിരിപ്പനായി മൗമൂണ്‍ ദ്വീപുകളെ അടക്കിഭരിച്ചു. തനിക്ക് നേരെവന്ന ഓരോ ശബ്ദവും മൗമൂണ്‍ നിശ്ശബ്ദമാക്കി. പലരേയും ജയിലടച്ചു. ചിലര്‍ വധിക്കപ്പെടുകപോലും ഉണ്ടായെന്ന് പറയപ്പെടുന്നു. ഏറ്റവും ഭീകരമായി വേട്ടയാടിയത് പില്‍ക്കാലത്ത് പ്രസിഡന്റായി വന്ന മുഹമ്മദ് നഷീദിനെയാകണം. പന്ത്രണ്ട് വര്‍ഷം തുടര്‍ച്ചയായി നഷീദിനെ കസേരയില്‍ ചങ്ങലയ്ക്കിട്ടു. ഭക്ഷണത്തില്‍ ഗ്‌ളാസ് പൊടിച്ച് കൊടുത്തന്നെും കേട്ടു.രണ്ടു പെണ്‍മക്കളുടെ ജനനസമയത്തും നഷീദ് ജയിലിലായിരുന്നു . 

abdulla yameen
Abdulla Yameen

ജനങ്ങളുടെ വിശ്വാസമാര്‍ജ്ജിച്ച നഷീദിനെ അത്രകണ്ട് മൗമൂണ്‍ ഭയന്നിരിക്കണം. തന്റെ ഭരണകാലത്തിന്നിടയില്‍ ഇന്ത്യ ഉള്‍പ്പെടെ പലരാജ്യങ്ങളില്‍ നിന്നും മൗമൂണ്‍ ഫണ്ട് സ്വീകരിച്ചുവെങ്കിലും അത് രാഷ്ട്ര നിര്‍മ്മാണത്തിലുപരി സ്വന്തം കാര്യങ്ങള്‍ക്ക് ഉപയുക്തമാക്കാനും അദ്ദേഹം ശ്രദ്ധിച്ചു. ഒരര്‍ത്ഥത്തില്‍ രണ്ടാമത്തെ പ്രസിഡന്റിനെ പല കാര്യത്തിലും മൗമൂണ്‍ കടത്തിവെട്ടിയെന്നുവേണം കരുതാന്‍! ഈ അഴിമതിക്കഥകളെല്ലാം പുറത്തറിയാതിരിക്കാന്‍ മാധ്യമങ്ങള്‍ക്ക് കനത്ത കൂച്ചുചങ്ങലയിടാനും സ്വന്തക്കാരെമാത്രം പ്രധാനസ്ഥാനങ്ങളില്‍ അടയിരുത്താനും അദ്ദേഹം ശ്രദ്ധ കൊടുത്തു. ഇതൊക്കെയാണെങ്കിലും ഇന്ത്യയുമായി നല്ല ബന്ധം പുലര്‍ത്താന്‍ മൗമൂണിന് കഴിഞ്ഞിരുന്നു .  

2007 ലാണ് പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ ജനാധിപത്യ സംവിധാനം കൊണ്ടുവരാന്‍ മൗമൂണ്‍ ശ്രമിക്കുന്നത്. അക്കാര്യത്തിലും മൗമൂണിന് ചില വ്യക്തമായ കണക്കുകൂട്ടല്‍ ഉണ്ടായിരിക്കണം. ലോക രാജ്യങ്ങള്‍ക്കിടയില്‍ തനിക്കെതിരെ ഉരുത്തിരിയാനിടയുള്ള വിമര്‍ശനങ്ങള്‍ തിരുത്തുന്നതോടൊപ്പം തന്റെ സ്ഥാനം സ്വന്തം ആള്‍ക്കാരിലൂടെ നിയന്ത്രിക്കണമെന്നും അദ്ദേഹം കണക്കുകൂട്ടിയിരിക്കണം. ഫലത്തില്‍ ജനാധിപത്യം ഒരു തമാശയായി രൂപപ്പെടുന്നത് അങ്ങനെയാണ് . 

2008 ല്‍ ആദ്യമായി ജനാധിപത്യ സംവിധാനത്തില്‍ മാലദ്വീപില്‍ തെരഞ്ഞെടുപ്പ് നടന്നു. മൗമൂണിന്റെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചുകൊണ്ട് അദ്ദേഹത്തിന്റെ കണ്ണിലെ കരടായ മുഹമ്മദ് നഷീദിന്റെ നേതൃത്വത്തിലുള്ള എം . ഡി . പി ( മാലദ്വീപ് ജനാധിപത്യ പാര്‍ട്ടി )  നല്ല ഭൂരിപക്ഷം നേടുകയും അദ്ദേഹം  നാലാമത്തെ പ്രസിണ്ടന്റായി അവരോധിക്കപ്പെടുകയും ചെയ്തു . അത് കാര്യങ്ങളെ കുറേക്കൂടി സങ്കീര്‍ണ്ണമാക്കിയെന്ന്  പറയാം . ജനാധിപത്യം കൊണ്ട്  ജനങ്ങളും വിദേശ രാജ്യങ്ങളും എന്തെങ്കിലും  പ്രതീക്ഷിച്ചോ അതിന്നെതിരായി അവിടുത്തെ  പല നീക്കങ്ങളും .

ജനങ്ങള്‍ 'അണ്ണി ' സ്‌നേഹത്തോടെ , അതിലേറെ അടുപ്പത്തോടെ വിളിക്കുന്ന നഷീദ് അതേവരെ 'തരിശായിക്കിടന്ന' പല ദ്വീപുകളുടേയും വികസനത്തില്‍  കാതലായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിച്ചു. ഇന്ത്യയുമായി കൂടുതല്‍ അടുപ്പവും അദ്ദേഹം പുലര്‍ത്തിയിരുന്നു. മാത്രമല്ല കൊളംബോയിലെ ഓവര്‍സീസ് സ്‌കൂള്‍, ഇംഗ്ലണ്ടിലെ ലിവര്‍പൂള്‍ യുണിവേഴ്‌സിറ്റി എന്നിവിടങ്ങളിലെ പഠനങ്ങള്‍ തികച്ചും വേറിട്ട അവബോധവും ചിന്തകളുമാണ് നഷീദില്‍ സൃഷ്ടിച്ചത്. തന്റെ പാശ്ചാത്യകാഴ്ചകളില്‍ ചിലത് മാലദ്വീപിന്റെ പുരോഗതിക്കായി കൊണ്ടുവരാന്‍ ശ്രമിച്ചതും അദ്ദേഹത്തിന് വിനയായി. ഇന്ത്യയിലെ ജി . എം . ആര്‍ കമ്പനിയ്ക്ക് മാലദ്വീപ് വിമാനത്താവളം ആധുനീകവല്‍ക്കരണത്തിന്റെ ഭാഗമായി പാട്ടത്തിന് കൊടുത്തപ്പോള്‍ നഷീദ് വിമാനത്താവളം വിറ്റെന്നായി പരാതി. മാലദ്വീപിലെ മതമൗലികവാദികള്‍ ഒരു ഭാഗത്തും  മറുഭാഗത്ത് മൗമൂണിന്റെ അനുയായികളെന്ന് കരുതാവുന്ന ഉദ്യോഗസ്ഥ മേധാവികളും മൗമൂണിന്റെ ആള്‍ക്കാരും നഷീദിനെ വരിഞ്ഞുമുറുക്കികൊണ്ടിരുന്നു. 2008 മുതല്‍ 2012 വരെയുള്ള നാലുവര്‍ഷക്കാലം മാത്രമാണ്  നഷീദിന് പ്രസിഡണ്ട് സ്ഥാനത്ത് ഇരിക്കാനായുള്ളൂ .

പ്രസിഡണ്ട് സ്ഥാനത്ത് നിന്നും തെരുവിലേക്ക് , പിന്നെ ജയില്‍ , പ്രവാസം 

2012 ഫെബ്രുവരി ഏഴിന് നഷീദിന് പ്രസിഡണ്ട് സ്ഥാനത്ത് നിന്നും രാജിവെക്കേണ്ടിവന്നു. രാജ്യം കണ്ട വലിയ നാടകം നടന്നത് അന്നാണ്. തെരുവുകളില്‍ നിരന്തരമായി നഷീദിനെതിരായി നടന്ന സമരങ്ങളില്‍ പട്ടാളവും പോലീസും ഇടപെടുകയും മാലെ നഗരം അക്ഷരാര്‍ത്ഥത്തില്‍ കലാപഭൂമിയായി മാറുകയും ചെയ്തു. പട്ടാളം തോക്കിന്‍ മുനയില്‍ നിര്‍ത്തിയാണ് തന്നെ രാജിവെപ്പിക്കാന്‍ ശ്രമിച്ചതെന്ന് നഷീദ് തന്നെ തുറന്നുപറഞ്ഞിട്ടുമുണ്ട്. അറസ്റ്റ് ചെയ്യാനുള്ള കാര്യം മറ്റൊന്നാണ്.  അഴിമതി നടത്തിയ ക്രിമിനല്‍ കോടതി ജഡ്ജി അബ്ദുള്ള മുഹമ്മദിനെ നഷീദ് അകാരണമായി അറസ്റ്റ് ചെയ്‌തെന്നാണ് അദ്ദേഹത്തിനുമേല്‍ ആരോപിക്കപ്പെട്ടത് . തുടര്‍ന്ന്  ഭീകരപ്രവര്‍ത്തന കുറ്റമാണ് നഷീദിന്റെ പേരില്‍ ചാര്‍ത്തിയത് . പതിമൂന്ന് വര്‍ഷം തടവ് വിധിച്ച് നഷീദിനെ മാഫുഷി ജയിലിലടച്ചു ! തുടര്‍ഭരണം മൗമൂണിന്റെ സ്വന്തം ആളെന്ന് വിളിക്കാവുന്ന മുഹമ്മദ് വഹീദ് ഹസ്സന്റെ കയ്യിലായി. മൗമൂണ്‍ ചരടുവലിക്കുന്ന ഒരു പാവക്കളിയായി ആ ഭരണം . 

2016 ജനുവരി ആറിന്  നഷീദിന് ഇംഗ്ലണ്ടിലേക്ക് ചികിത്സക്കായി പോകാന്‍ അനുമതി ലഭിച്ചു. വിദേശ രാജ്യങ്ങളുടെ സമ്മര്‍ദ്ദം കൊണ്ടാണ് അത്രയും സംഭവിച്ചത്. ഇപ്പോഴും അദ്ദേഹം സ്വന്തം രാജ്യത്തില്‍ നടക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങളില്‍ അകം നിറയെ വേദനിച്ച് ശ്രീലങ്കയില്‍ കഴിയുന്നു. ഒരു രാജ്യത്തെ ജനാധിപത്യ ക്രമീകരണത്തിന്, ജനക്ഷേമത്തിന് പൊരുതിയതിന് പലതവണയായി ഇരുപത് വര്‍ഷത്തോളം തടവില്‍ കഴിയേണ്ടിവന്ന മാലദ്വീപ് കണ്ട മികച്ച മനുഷ്യസ്‌നേഹിയുടെ ജീവിതം ഒരു ദുരന്തമായി ഇപ്പോഴും  അവശേഷിക്കുന്നു ! 

വീണ്ടും ഏകാധിപതിയുടെ തണലിലേക്ക്  

2013 ലാണ് അബ്ദുള്ള യാമീന്‍  അധികാരത്തിലേറുന്നത്. അതൊരു അട്ടിമറി ജയമായിരുന്നു. മാലദ്വീപില്‍ പ്രസിഡണ്ട്, വൈസ് പ്രസിഡണ്ടുമാരെ ജനങ്ങള്‍ക്ക് നേരിട്ട് തെരഞ്ഞെടുക്കാം എന്ന പ്രത്യേകതയുണ്ട്. 2013 ലെ ആദ്യ തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം ഉണ്ടായിരുന്നില്ല. അന്‍പത് ശതമാനത്തിലേറെ ഭൂരിപക്ഷമുള്ള പാര്‍ട്ടിക്കാണ് ഭരിക്കാനുള്ള അവകാശം. അന്ന് നഷീദിന് 45 .45 % ഭൂരിപക്ഷം ലഭിച്ചിരുന്നു. യാമിന്  25.35% വോട്ടും . എന്നാല്‍  ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത നിലയ്ക്ക് വീണ്ടും ഇലക്ഷന്‍ നടന്നു . ആ സമയം ഭൂരിപക്ഷം കുറഞ്ഞ രാഷ്ട്രീയ കക്ഷികളുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് ഇലക്ഷനില്‍ പങ്കെടുക്കാനുള്ള അവകാശമില്ല. രണ്ടാം തവണ മത്സരരംഗത്തില്ലാത്ത രാഷ്ട്രീയ കക്ഷികളെ യാമിന്‍  ഒരു കുതിരക്കച്ചവടത്തിലൂടെ തന്റെ പക്ഷത്തേക്ക് ആകര്‍ഷിക്കുകയും നഷീദിന്റെ പാര്‍ട്ടി അടിപതറുകയും ചെയ്തു . നഷീദിന് രണ്ടാം തവണ 48.61% വോട്ടും യാമിന്  51.39% വോട്ടും ലഭിച്ചു . യോഗ്യതയില്ലാത്ത വോട്ടര്‍മാരെ ഇലക്ഷനില്‍ ഉപയോഗപ്പെടുത്തിയെന്ന് അന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചിരുന്നു . 

സുപ്രീംകോടതി അനര്‍ഹരെ വോട്ടുചെയ്യാന്‍ ഉപയോഗപ്പെടുത്തിയതില്‍ യാമിന്റെ  വിജയത്തിന് അയോഗ്യത കല്പ്പിക്കുകയും ചെയ്തു .  പക്ഷെ ഇതൊന്നുംതന്നെ വലിയഗുണം ചെയ്തില്ല. യാമിന്‍  തന്നെ പ്രസിഡന്റായി തുടര്‍ന്നു . സൗദി അറേബിയയിലെ ചില മതമൗലീക വാദികളും മാലദ്വീപിലെ മതമൗലീകവാദികളും മൗമൂണിന്റെ അനുയായികളും യാമിനെ അധികാരത്തിക്കാന്‍ പിന്നില്‍ നിന്നും അശ്രാന്ത പരിശ്രമത്തിലേര്‍പ്പെട്ടതിന്റെ പരിസമാപ്തികൂടിയാണ് ആ വിജയം . 

നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിച്ചുകൊണ്ടുതന്നെ യാമിന്‍  മുന്നോട്ടുപോയി. ഇതിനിടയില്‍ പുരോഗമന ചിന്താഗതിക്കാരായ എഴുത്തുകാരും ചിന്തകരും കലാകാരന്മാരും യാമിന്റെ രോഷത്തിന്നിരയായി. പലരും മത മൗലീകവാദികളുടെ കൈയൂക്കിന് ഇരയായി . യാമിന്‍ അതിനൊക്കെ കൂട്ടുനിന്നെന്ന് വേണം കരുതാന്‍ . മാലദ്വീപില്‍ ഇന്ന് പലതരത്തില്‍പെട്ട മത മൗലീകവാദികളുടെ വിളയാട്ടമുണ്ട് . സൗദി അറേബ്യ , പാക്കിസ്ഥാന്‍ , അഫ്ഘാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള മതമൗലിക വാദികള്‍ ഇതിന്റെ പിന്നാമ്പുറങ്ങളില്‍ പതിയിരിക്കുന്നത് ഇന്ന് കേവലം പരസ്യമായ രഹസ്യവുമാണ് ! 

ചില കാര്യങ്ങളില്‍ യാമിന്‍  ഇടപെടുന്നത് അതീവ സൂത്രശാലിയായിട്ടാണെന്ന് കേട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ 2015 ല്‍ അദ്ദേഹത്തിന് നേരെ നടന്നെന്ന് പറയുന്ന ബോംബ് സ്‌ഫോടനത്തിലും പലരും സംശയാലുക്കളാണ് . ഒരു ബോട്ടുയാത്രയില്‍ യാമിനെതിരെ  ബോംബ് സ്‌ഫോടനം നടന്നെന്നാണ് കേട്ട വാര്‍ത്ത. അതിനെത്തുടര്‍ന്നാണ് രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതും അതിന് കാരണക്കാരനെന്ന്  കണ്ടെത്തി വൈസ് പ്രസിഡണ്ട്  അദീപിനെ ജയിലിലടച്ചതും . ഈ ബോംബ് സ്‌ഫോടനം യാമിന്റെ തന്നെ ഒരു നാടകമാണെന്ന് കരുതുന്നവരാണ് കൂടുതലും ! 

കുറച്ചു മാസങ്ങള്‍ക്ക് മുന്‍പാണ് മാലദ്വീപിലെ പ്രശസ്ത ബ്ലോഗ് എഴുത്തുകാരനും ആക്ടിവിസ്റ്റും മികച്ച വായനക്കാരനും ലിബറല്‍ ചിന്തകളുമുള്ള  ഇരുപത്തൊമ്പതുകാരന്‍ യാമീന്‍ റഷീദ് അതി ക്രൂരമായി സ്വന്തം ഫ്ളാറ്റിലെ കോവണിപ്പടിയില്‍ പതിനാറോളം മാരക മുറിവുകളേറ്റ് പിടഞ്ഞു മരിച്ചത്.  മതതീവ്രവാദികളാണ് റഷീദിന്റെ കൊലയ്ക്ക് പിന്നിലെന്ന് കരുതപ്പെടുന്നു. തെളിഞ്ഞ ചിന്തകളുള്ള ആ ചെറുപ്പക്കാരന്റെ മരണം പലരേയും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു . റഷീദിന്റെ  സുഹൃത്തും ബ്ലോഗ് എഴുത്തുകാരനുമായ മുജു നയീം അതേക്കുറിച്ച്  ഇങ്ങനെ എഴുതി .

' പ്രസിഡണ്ട് യാമിന്‍  ഇപ്പോള്‍  നേരിടുന്നത് തീവ്രവാദികള്‍ നിരന്തരം സൃഷ്ടിക്കുന്ന ദുസ്വപ്നങ്ങളെയാണ് . ആരും അയാളെ സഹായിക്കാന്‍ പോലുമില്ല . സര്‍ക്കാരിന്റെ അഴിമതികള്‍ക്ക് നേരെയുള്ള പ്രതിഷേധങ്ങളെ മതം കൊണ്ട് നേരിടാനും അയാള്‍ ശ്രമിക്കുന്നു .'

മുജു ഇപ്പോള്‍ മാലദ്വീപ് വിട്ടു. മുജുവിനെപ്പോലെ ജീവനില്‍ക്കൊതിയുള്ള പല ഫ്രീ തിങ്കേഴ്‌സും എഴുത്തുകാരും രാജ്യം വിട്ടുപോയി! അവര്‍ക്ക് സ്വരാജ്യം ഭീതിപ്പെടുത്തുന്ന ഓര്‍മ്മകള്‍ മാത്രമായി.

മാലദ്വീപ് ഇനി കാത്തിരിക്കുന്നത് 

ഭൂമിശാസ്ത്രപരമായും ചരിത്രപരമായും ഇന്ത്യയോട് അങ്ങേയറ്റം അടുത്ത് കിടക്കുന്ന ദ്വീപ് സമൂഹങ്ങളാണ് മാലദ്വീപ് . ഇന്ത്യയുമായി ചേര്‍ന്നുകൊണ്ടല്ലാതെ ഒരു ജീവിതം ദ്വീപ് വാസികള്‍ക്ക് അസാധ്യമെന്ന് കരുത്തുന്നിടത്താണ് ആ ബന്ധം. എന്നിട്ടും ഇന്ത്യ തങ്ങളുടെ ഏറ്റവും വലിയ  ശത്രുരാജ്യമെന്ന് ഇസ്ലാമീക മൗലീകവാദത്തോട് അനുദിനം അടുത്തുകൊണ്ടിരിക്കുന്ന മാലദ്വീപിലെ പ്രസിഡണ്ട് അബ്ദുള്ള യാമിന്‍ അനുകൂല പത്രം കഴിഞ്ഞ വര്‍ഷം മുഖപ്രസംഗം എഴുതിയത് ഇന്ത്യയ്ക്കും ആ രാജ്യത്തിനുമിടയില്‍ വലിയ മുറിവുകളാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇന്ത്യ ഇതേവരെ നല്‍കിക്കൊണ്ടിരിക്കുന്ന സഹായങ്ങളും നീണ്ടകാല സൗഹൃദങ്ങളും വളരെ ഹീനമായി ബലികഴിച്ചിരിക്കുകയാണ് യാമിന്‍ .രാജ്യം വീണ്ടും യാമിന്റെ  അര്‍ദ്ധ സഹോദരന്‍ മൗമൂണ്‍ അബ്ദുല്‍ ഗയൂം  ഒരു ജനതയ്ക്ക് മീതെ ഏര്‍പ്പെടുത്തിയ നീണ്ട മുപ്പത് വര്‍ഷത്തെ ഏകാധിപത്യത്തിന്റെ ഓര്‍മ്മകളുണര്‍ത്തുന്ന ചുറ്റുപാടിലേക്ക് അനുധാവനം ചെയ്യുന്ന അവസ്ഥയിലാണ്  ഇപ്പോള്‍. 

ഇന്ത്യ ഇത്ര കൂടുതല്‍ അവിഭാജ്യ ഘടകമായ ഒരു രാജ്യത്തേക്ക് നമ്മുടെ പ്രധാനമന്ത്രിക്ക് ഇതേവരെ പോകാനായില്ലെന്നത് തികച്ചും വേദനാജനകമായ കാര്യമാണ്. ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി സന്ദര്‍ശിക്കാത്ത ഏക രാജ്യമാണ് മാലദ്വീപ് .  ഇന്ത്യ ഏറ്റവും വലിയ ശത്രു എന്ന് കരുതുന്ന, മതമൗലിക വാദികളുടെ നിഴലില്‍ മയങ്ങുന്ന ഒരു രാജ്യത്ത് നമ്മുടെ പ്രധാനമന്ത്രിക്ക് പോകാനുള്ള സാഹചര്യവും ഇപ്പോള്‍ പരിമിതമാണ് . 

മാലദ്വീപിന്റെ അവസ്ഥ വെച്ച് യാമിന് അധികനാള്‍ ഇതേപോലെ തുടരാന്‍ കഴിയില്ലെന്ന് നമുക്ക് കരുതാം. ദൂരെ നിന്ന് സ്വന്തം രാജ്യത്തെ വേദനയോടെ കാണുന്ന മുഹമ്മദ് നഷീദ് വീണ്ടും അധികാരത്തില്‍ സൂര്യതേജസ്സോടെ വന്നെത്തുമെന്ന് ആ രാജ്യത്തെ സമാധാനപ്രേമികളായ ജനങ്ങളെപ്പോലെ നമുക്കും പ്രത്യാശിക്കാം. ഗൃഹാതുരതയായി മാറിയ പഴയ ബന്ധങ്ങളില്‍ ഇനിയും തളിരുകളും പൂക്കളും വന്നെത്തുമെന്ന് അയല്‍ക്കാരായ നമ്മള്‍ പ്രാര്‍ത്ഥിക്കുന്നതില്‍ തെറ്റില്ലല്ലോ . നമ്മുടെ പാരമ്പര്യവും അതാണല്ലോ . 

Content highlights: Maldives, Mohamed Nasheed, Abdulla Yameen, Moumoon Abdul Gayoom, Life in prison