മയക്കുമരുന്ന് കഴിച്ച് മയങ്ങുന്നവരുടെ ഞരക്കവും മൂളലും അസഹ്യമായി തുടരുന്നതിനിടയിലാണ് ഒരാള്‍ വിരല്‍ സ്വയം കടിച്ച് മുറിച്ച് ഭീകര രംഗം അറസ്റ്റ് സ്റ്റേഷന്റെ വരാന്തയില്‍ സൃഷ്ടിച്ചത്. വരാന്തയുടെ മധ്യഭാഗത്ത് നിറയെ അവന്റെ രക്തം ചിതറി വീണു. ഇതിന്നിടയില്‍ പാന്റ്‌സ് അഴിഞ്ഞുവീണതും അവനറിഞ്ഞിട്ടില്ല. തൊട്ടപ്പുറത്ത് മറ്റൊരാള്‍ നിലത്തുവീണ് കൈകാലിട്ടടിക്കുന്നു. അവന്റെ വായില്‍ നിന്നും നുരയും പതയും പുറത്തേക്ക് വമിക്കുന്നുണ്ട്. അക്രമാസക്തരായ ചിലരുടെ കൈകളും കാലുകളും വിലങ്ങുകള്‍ കൊണ്ട് ബന്ധിതമാണ്.
തൊട്ടപ്പുറത്ത് സ്ത്രീ തടവുകാരുടെ ഇടയിലും ഇതേ രംഗങ്ങളുടെ തനിയാവര്‍ത്തനമുണ്ടാകാമെന്ന് തടവുകാരിലാരോ പറഞ്ഞു. ഞാന്‍ ഇവിടെ വന്നെത്തുന്നതിന് എത്രയോ മുന്‍പ്തന്നെ അവര്‍ ഈ തറയില്‍ കിടപ്പുണ്ട് . ഞാന്‍ വന്നിട്ടിപ്പോള്‍ ഏതാണ്ട് പന്ത്രണ്ട് മണിക്കൂര്‍ പിന്നിട്ടിരിക്കുന്നു. അത്രയും നേരം അവരില്‍ പലരുടേയും കിടപ്പിന് ഇപ്പോഴും യാതൊരു മാറ്റവുമില്ല. ബോധമറ്റ ലഹരിയുടെ ആഴക്കയങ്ങളില്‍ എന്ത് ആനന്ദമാണ് ഇവര്‍ക്ക് ലഭിക്കുന്നുണ്ടാവുക? ഇത് ഏതായാലും സുഖ സുഷുപ്തിയല്ല. സുഷുപ്തിയില്‍ സ്വപ്നസാന്നിധ്യമുണ്ട്. വിളിപ്പുറത്ത് മനസ്സ് കാവലായുണ്ട്. ബോധമറ്റ അവസ്ഥയില്‍ എന്താണ് സ്ഥായിയായി അവരെ നിയന്ത്രിക്കുന്നത്?എന്ത് ആനന്ദമാണ് അവരെ പിന്നെയും പിന്നെയും ഇതിലേക്കടുപ്പിക്കുന്നത്? ഞാന്‍ വെറുതെ ഓര്‍ത്തുനോക്കി. ബോധാവസ്ഥയിലെത്തുമ്പോള്‍ ഒന്നുമോര്‍ക്കാനിടയുണ്ടാവില്ല. വിസ്മൃതാവസ്ഥ മാത്രം. മൃതമായ ദേഹം, ചിന്ത, ഓര്‍മ്മകള്‍!
ഇതിനിടയില്‍ മയക്കുമരുന്ന് കേസില്‍ വിചാരണ നേരിടുന്ന ചില തടവുകാര്‍ വരാന്തയുടെ ഇടതുവശത്ത് അടുത്തടുത്തായി ഇട്ട കസേരകളിലിരുന്ന് അതൊക്കെ സാകൂതം നിരീക്ഷിക്കുന്നുണ്ട്. അവരില്‍ വിദേശികളും ഒന്നോ രണ്ടോ സ്വദേശികളുമുണ്ട്. അവര്‍ ആ ദൃശ്യങ്ങളുടെ പിന്നാമ്പുറക്കഥകള്‍ പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞുകൊണ്ടിരുന്നു.
കേരളത്തിലെ ഒരു പഞ്ചായത്തിന്റെ വലുപ്പം പോലുമില്ലാത്ത മാലെ നഗരത്തില്‍ പ്രതിവര്‍ഷം ഏതാണ്ട് മൂന്നൂറു കിലോ മയക്കുമരുന്ന് കള്ളക്കടത്തായി എത്തുമെന്ന് പറഞ്ഞത് ഒരു ഇന്ത്യന്‍ തടവുകാരനാണ്. അക്കാര്യം ശരിക്കും അവനറിയുന്നതാണെന്ന് ആമുഖമായി പറഞ്ഞു. കേട്ട് നില്‍ക്കുന്ന ദ്വീപുകാരന്‍ അത് തിരുത്തിയിട്ട് പറഞ്ഞു.
'ആ കണക്ക് ശരിയാകാനിടയില്ല. അതിലും കൂടാനാണ് സാധ്യത!'
ഈ കുഞ്ഞുനഗരത്തില്‍ സുലഭമായി ലഭിക്കുന്ന മയക്കുമരുന്നുകളില്‍ ബ്രൗണ്‍ ഷുഗര്‍, ഹെറോയിന്‍, കൊക്കെയിന്‍, കറുപ്പ്, ഹാഷിഷ്, ഹാഷിഷ് ഓയില്‍, വിവിധതരം ടാബ്ലറ്റുകള്‍, മദ്യം, കഞ്ചാവ് തുടങ്ങി ലഹരിയുടെ ഏറ്റവും പുതിയ പതിപ്പുകള്‍ വരെ അടങ്ങിയിട്ടുണ്ടെന്ന് അവരുടെ സംഭാഷണത്തില്‍ വ്യക്തമായി .
'നിങ്ങളുടെ രാജ്യത്തുനിന്നും ആവശ്യത്തിന് മയക്കുമരുന്ന് ഇവിടെയെത്തുന്നുണ്ട്.' തൊട്ടടുത്തിരുന്ന തടിച്ച് കുറുകിയ ചെറുപ്പക്കാരനായ ദ്വീപുകാരന്‍ എന്നെ നോക്കി പറഞ്ഞു .
'വരുന്നുണ്ട് . അതെനിക്ക് അറിയുന്ന കാര്യമല്ലേ.'
നേരത്തെ സംഭാഷണത്തിന് തുടക്കമിട്ട നമ്മുടെ രാജ്യക്കാരന്‍ പറഞ്ഞു. ഞങ്ങള്‍ക്കരികിലിരുന്ന ദ്വീപുകാര്‍ അവിടെ നിന്നെഴുന്നേറ്റ് പോയപ്പോള്‍ അയാള്‍ തുടര്‍ന്നു.
'പ്രധാനമായും വിഴിഞ്ഞത്ത് നിന്നും തൂത്തുക്കുടി നിന്നും ഇവിടേയ്ക്ക് ചരക്കുമായി വരുന്ന കപ്പലുകളും ബോട്ടുകളുമാണ് അതിനുപയോഗിക്കുക. ഒരു കിലോ ബ്രൗണ്‍ ഷുഗറിന് ഇന്ത്യന്‍ വില ഏതാണ്ട് എട്ടോ ഒമ്പതോ ലക്ഷം രൂപ വരും. ഇവിടെയത് വിറ്റഴിക്കുന്നത് ഏതാണ്ട് ഇരുപത് ലക്ഷത്തിലധികം രൂപയ്ക്കാണ്. ദ്വീപിലെ ഇടനിലക്കാര്‍ ഗുളിക മിക്‌സ് ചെയ്ത് വീണ്ടും പണമുണ്ടാക്കും'
പറഞ്ഞയാള്‍ മയക്കുമരുന്നിന്റെ 'കാരിയര്‍' മാത്രമാണ്. ലക്ഷങ്ങളുടെ ഇടപാടുകളില്‍ 'കാരിയര്‍'ക്ക് അതില്‍ ഒരു ചെറിയ ശതമാനമേ ലഭിക്കുകയുള്ളൂ. പിടിക്കപ്പെട്ടാല്‍ ദ്വീപില്‍ കിട്ടാവുന്ന പരമാവധി ശിക്ഷ ഇരുപത്തിയഞ്ച് വര്‍ഷമാണ്. പലര്‍ക്കും ഇരുപത്തിയഞ്ച് വര്‍ഷം തികയ്‌ക്കേണ്ടിവരില്ല .അതിനകം തന്നെ ആള്‍ പുറത്തുവരാം. ഇവിടുത്തെ നീതിന്യായ വ്യവസ്ഥയില്‍ പണം അതിന്റേതായ പങ്കുവഹിക്കുന്നതും പരസ്യമായ രഹസ്യമാണ്. മറ്റു പലരാജ്യങ്ങളിലും ഇത്തരം കേസുകളില്‍പ്പെട്ടവര്‍ക്ക്് വധശിക്ഷ ലഭിക്കുമ്പോള്‍ മാലദ്വീപില്‍ ലഭിക്കുന്ന 'ഇളവുകളാകണം ' ഈ രാജ്യത്തെ മയക്കുമരുന്നിന്റെ താവളമാക്കാന്‍ ലോക മയക്കുമരുന്നുലോബികള്‍ ആഗ്രഹിക്കുന്നതിന്റെ കാരണവും .
ഇന്ത്യയ്ക്ക് പുറമെ പാക്കിസ്ഥാന്‍, ബംഗ്‌ളാദേശ്, ശ്രീലങ്ക, മലേഷ്യ തുടങ്ങിയ പലരാജ്യങ്ങളില്‍ നിന്നും ഇവിടേയ്ക്ക് മയക്കുമരുന്ന് ഒഴുകുന്നുണ്ട്. മയക്കുമരുന്ന് കച്ചവടത്തിന് ഏഷ്യയിലെ ഏറ്റവും സുരക്ഷിത രാജ്യം മാലദ്വീപാണെന്ന് ഇവരില്‍ പലരും കരുതുന്നു. ഇവിടെയെത്തുന്ന ഭീമമായ അളവ് മയക്കുമരുന്ന് മുഴുവന്‍ ഇവിടെയുള്ളവര്‍ ഉപയോഗിക്കണമെന്നില്ല. ആ നിലയ്ക്ക് മാലദ്വീപ് ഇക്കാര്യത്തില്‍ ഒരു ഇടത്താവളമാകണം. കടലും ദ്വീപുകളും ഉള്‍പ്പെട്ട ഇവിടുത്തെ ഭൂപ്രകൃതി മയക്കുമരുന്ന് കച്ചവടത്തിന് കൂടുതല്‍ സുരക്ഷിതമാകാനാണ് സാധ്യത.
ലാറ്റിനമേരിക്കന്‍ രാജ്യമായ കൊളംബിയയുടെ സമ്പദ് വ്യവസ്ഥയേയും ക്രമസമാധാന സംവിധാനത്തെയും എത്രകണ്ട് മയക്കുമരുന്ന് ഗുണ്ടാസംഘങ്ങള്‍ സ്വാധീനിക്കുന്നുവോ അതേ മട്ടില്‍ ഇവിടേയും മയക്കുമരുന്ന് ഗുണ്ടാസംഘങ്ങളുടെ തായ്വേരുകള്‍ പ്രബലമാണ്. 'ന്യൂസ് ഓഫ് എ കിഡ്‌നാപ്പിംഗ്' എന്ന പുസ്തകത്തില്‍ ലാറ്റിനമേരിക്കന്‍ എഴുത്തുകാരന്‍ ഗാര്‍സ്യ ഗബ്രിയേല്‍ മാര്‍ക്വിസ് മയക്കുമരുന്ന് രാജാവ് പാബ്ലോ എസ്‌കോബാര്‍ തന്നെ അമേരിക്കയ്ക്ക് കൈമാറുന്നതില്‍ ഭയന്ന് പ്രബലരായ പത്ത് കൊളംബിയക്കാരെ തട്ടിക്കൊണ്ടുപോയി തടങ്കലില്‍ വെച്ച് സര്‍ക്കാരിനോട് വിലപേശുന്നതും കനത്ത ദുരന്തങ്ങള്‍ ഏറ്റുവാങ്ങി അവര്‍ മോചിക്കപ്പെടുന്നതിന്റെയും കഥ പറയുന്നുണ്ട്. യഥാര്‍ഥ കഥയുടെ പുനര്‍ വിന്യാസമാണത്. അതില്‍ കൊളംബിയ എന്ന രാജ്യത്തിന്റെ തകര്‍ച്ചയും കലാപവും നാണയത്തിന്റെ മൂല്യശോഷണവും മയക്കുമരുന്നിന്റെ ജനാധിപത്യവും (narco -democracy ) കടന്നുവരുന്നുണ്ട് .
മാലദ്വീപിന് സംഭവിച്ചുകൊണ്ടിരിക്കുന്ന അപചയം കൊളംബിയയെ ഓര്‍മ്മപ്പെടുത്തുന്നുണ്ടെങ്കില്‍ അതില്‍ വാസ്തവമില്ലാതില്ല. ഒരുതരത്തിലുള്ള ഉത്തരവാദിത്തവും രാജ്യത്തോടോ കുടുംബത്തിനോടോ തന്നോട് തന്നെയും പുലര്‍ത്താതെ, നീട്ടിവളര്‍ത്തിയ താടിയും മുടിയുമായി , ലഹരിയുടെ പാതി മയക്കത്തില്‍ പരന്നൊഴുകുന്ന യുവനിര ഇവിടെ അനുദിനം പെരുകുന്നു. നഗരത്തെരുവുകളില്‍, തീരങ്ങളില്‍, ആള്‍പ്പാര്‍പ്പില്ലാത്ത ദ്വീപുകളില്‍ വന്നടിയുന്ന അവരുടെ ഗ്യാങ്ങുകള്‍. പരസ്പര പോര്‍വിളികള്‍. ഏറ്റുമുട്ടല്‍. രക്തച്ചൊരിച്ചില്‍, കൊലപാതകങ്ങള്‍. സംഘട്ടനങ്ങളില്‍ പരിക്കേറ്റ് ജീവച്ഛവമായി ശിഷ്ട ജീവിതം തള്ളിനീക്കുന്നവര്‍. ഇതാണ് ഈ രാജ്യത്തിന്റെ ഇന്നത്തെ ഇരുണ്ട മുഖം.
ഒരു മയക്കുമരുന്ന് കാരിയറുടെ മരണം
മയക്കുമരുന്ന് കൊണ്ടുവരാന്‍ പല വഴികളും കാരിയറായി മാറുന്നവര്‍ പിന്തുടരും. അതിലൊന്ന് മയക്കുമരുന്ന് പ്ലാസ്റ്റിക് കോട്ടിങ്ങിന്നകത്ത് ഭദ്രമായി ചേര്‍ത്തുവെച്ച് ടാബ്ലറ്റായി മാറ്റി വിഴുങ്ങുകയാണ്. ഒരാളുടെ കഴിവിനനുസരിച്ച് നിരവധി ഗുളികകള്‍ വയറിനകത്ത് നിലനിര്‍ത്തുന്നവരുണ്ട് . സാധാരണയവസ്ഥയില്‍ ടാബ്‌ലറ്റില്‍ വരുന്ന വ്യതിയാനം ബുദ്ധിമുട്ടുണ്ടാക്കില്ല. എങ്കിലും എപ്പോഴും അത് അപ്രകാരമാവണമെന്നുമില്ല. ഇടയ്ക്കത് വയറിനകത്തുനിന്നും പൊട്ടാനിടയുണ്ട്.
അങ്ങനെ സംഭവിച്ച ഒരു ദ്വീപുകാരന്റെ മരണത്തെക്കുറിച്ച് ധൂണിതു ജയിലില്‍ വെച്ച് രാജേഷ് എന്ന തടവുകാരന്‍ പറഞ്ഞതോര്‍ക്കുന്നു. മാലെയിലെ ഇന്ദിരാഗാന്ധി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ വെച്ചായിരുന്നു അയാളുടെ അന്ത്യം. രാജേഷ് അവിടെ ലാബ് ടെക്നീഷ്യനായിരുന്നു. ആ ദൃശ്യം നേരില്‍ക്കണ്ട രാജേഷ് വേദനയോടെ പറഞ്ഞു.
'അവന്റെ മരണം അതിഭീകരമായിരുന്നു. ശരീരത്തിന്റെ ഓരോ കോശവും പിടഞ്ഞ് പിടഞ്ഞ് ഒരാള്‍ ഇല്ലാതാവുമ്പോലെ!'
ഇന്ദിരഗാന്ധി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ വന്നെത്താറുള്ള ചില മയക്കുമരുന്നടിമകളുടെ അതിദയനീയ ജീവിത ദൃശ്യങ്ങളെക്കുറിച്ച് രാജേഷ് തുടര്‍ന്നു .
'അമിതമായി മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ക്ക് ഭക്ഷണം കഴിക്കാന്‍ താല്പര്യം കാണില്ല. അവര്‍ ദിവസങ്ങളോളം മയക്കുമരുന്ന് മാത്രമാകും ശരീരത്തില്‍ കടത്തിവിടുക. അപ്പോഴേക്കും ശരീരം നന്നേ ശോഷിച്ച് വരും. അവര്‍ നടക്കുമ്പോള്‍ അപ്പൂപ്പന്‍ താടി കാറ്റിലാടിവരുന്നപോലെ തോന്നാം... തീരെ ഭക്ഷണം കഴിക്കാതെ വരുമ്പോള്‍ ശരീരത്തിലെ കൊഴുപ്പ് തന്നെ ആഹാരമാകും. കൊഴുപ്പും വറ്റിത്തുടങ്ങുമ്പോള്‍ പിന്നെ അസ്ഥികൂടം മാത്രമാകും ബാക്കി. ഇവരുടെ ശരീരത്തില്‍ നിന്നും രക്തമെടുക്കുമ്പോള്‍ ആകെ വിഷമിക്കുക നഴ്സുമാരാണ്. കാരണം അവരുടെ രക്തധമനികള്‍ കണ്ടെത്തുക വലിയ പാടാണ് ! കൈയിലെ ഞരമ്പ് കിട്ടിയില്ലെങ്കില്‍ കാലിലോ കഴുത്തിലോ ഇന്‍ജക്റ്റ് ചെയ്യേണ്ടിവരും. പലരിലും ഇന്‍ജക്റ്റ്് ചെയ്ത ശരീരഭാഗത്ത് പഴുപ്പ് വന്ന് നാശമായിട്ടുണ്ടാകും. സ്പിരിറ്റ് നനച്ച പഞ്ഞികൊണ്ട് അവരുടെ രക്തമെടുക്കേണ്ട ദേഹഭാഗം തുടയ്ക്കുമ്പോഴാണ് അതിലും വലിയ പ്രയാസം നേരിടുക. സ്പിരിറ്റിന്റെ തണുപ്പ് സഹിക്കവയ്യാതെ കൊച്ചുകുട്ടികളെപ്പോലെ അവര്‍ വാവിട്ട് നിലവിളിക്കും. നേര്‍ത്ത തണുപ്പുപോലും താങ്ങാന്‍ കഴിയാതെ അവരുടെ ശരീരം പാടെ മാറിപ്പോയിരിക്കുന്നു!'
അത്രയും പറഞ്ഞ് രാജേഷ് നിശബ്ദനായി .
'അവരപ്പോള്‍ മരണത്തിലേക്ക് നടന്നടുക്കുകയാവും... മരണം മാത്രമാണ് ആശ്വാസം. അവരുടെ ഓരോ നിമിഷവും ഇനി അതിലേക്കാണ്!'
രാജേഷ് ആരോടെന്നില്ലാതെ പറഞ്ഞു .
ഒരു അധോലോക നായകന്റെ അന്ത്യം
ഒരു ബംഗാളി തടവുകാരനാണ് മാലദ്വീപ് കണ്ട ഏറ്റവും ധനികനായ ഡ്രഗ് ഡീലറെക്കുറിച്ച് പറഞ്ഞത്. അസെല്ല എന്ന കുപ്രസിദ്ധ അധോലോക നായകന്‍. അയാളുടെ അധോലോകം മാലെയിലായിരുന്നില്ല. മാലെയെപ്പോലെ അടുവും മയക്കുമരുന്നിന്റെ പറുദീസയാണ്. തെക്കന്‍ ദ്വീപ് സമൂഹത്തിന്റെ തലസ്ഥാനമായ അടുവില്‍ രാജാവ് കണക്കെ അയാള്‍ ജീവിച്ചു. കൊട്ടാര സദൃശമായ വീട്. ആവശ്യത്തിന് പരിചാരകര്‍. വീട്ടിലെ ടോയ്ലെറ്റ് തനി തങ്കത്തില്‍ തീര്‍ത്തതാണെന്നുവരെ കഥകള്‍ പ്രചരിച്ചു. പലരും അസെല്ലയുടെ വീടിന്റെ അകവശം കാണാന്‍ ആഗ്രഹിച്ചെങ്കിലും നടന്നില്ല. ഒരാളെയും അയാള്‍ വീടിന്റെ അകവശത്തേക്ക് കടത്തിവിട്ടില്ല .
എന്നിട്ടും എന്തുകൊണ്ടോ ഈ അധോലോക നായകന് ദീര്‍ഘകാല ജീവിതം കൈവന്നില്ല. ഒരു ദിവസം ബൈക്കപകടത്തില്‍ അസെല്ല മരിച്ചു. അന്നയാള്‍ മദ്യപിച്ച് ലക്കുകെട്ട അവസ്ഥയില്‍ ബൈക്ക് ഓടിച്ചതാണ് അപകടത്തില്‍ കലാശിച്ചത്. അസെല്ലയുടെ മരണശേഷം പലരും അയാളുടെ വീട്ടിലേക്കൊഴുകി .
'അസെല്ലയുടെ മരണം കേട്ടവര്‍ കേട്ടവര്‍ ആ വീട്ടിലേക്കോടിയെത്തി. അസെല്ലയെ കാണാനായിരുന്നില്ല അവരുടെ വരവ്. അയാളുടെ വീടിന്റെ അകവശം കാണാനാണ്. അത്രയും നിറംപിടിപ്പിച്ച കഥകളാണ് ആ വീടിനെക്കുറിച്ച് ആള്‍ക്കാര്‍ പ്രചരിപ്പിച്ചിരുന്നത്.' ബംഗാളി തടവുകാരന്‍ അത് പറയുമ്പോള്‍ ചിരിയടക്കാന്‍ പാടുപെടുന്നുണ്ടായിരുന്നു .
നീണ്ട വര്‍ഷങ്ങള്‍ ദ്വീപുകളില്‍ ജീവിച്ചിട്ടും അസെല്ല എന്ന ബിഗ് ഡോണിനെക്കുറിച്ച് ആരെങ്കിലും പറയുന്നത് ഇതേവരെ ഞാന്‍ കേട്ടതുമില്ല. അല്ലെങ്കില്‍ ഇവിടെ ജോലിചെയ്യാന്‍ വരുന്ന വിദേശികളില്‍ നില്‍ക്കുന്നയിടത്തിനപ്പുറമുള്ള ഇവിടുത്തെ ലോകം തികച്ചും അജ്ഞാതമാണ്. അഹിതമെന്ന് തോന്നുന്ന ഇവിടെയുള്ള പല കാര്യങ്ങളും കേള്‍ക്കുന്നതുപോലും തങ്ങളുടെ തൊഴിലിലെ ബാധിക്കുമെന്ന് കരുതുന്നിടത്താണ് പല പ്രവാസികളും. ജയിലിന് ആ മതില്‍ക്കെട്ടില്ല. ഇവിടെ ഭരണകൂടം വിലക്കുന്നതുപോലും ചിലപ്പോള്‍ നേര്‍ക്കാഴ്ചകളാണ്!
'ആരാണ് ഇപ്പോഴത്തെ അധോലോക ദാദ?' കൗതുകത്തോടെ ഞാന്‍ ബംഗാളി തടവുകാരനോട് ചോദിച്ചു .
' സഫ . അവനാണ് പുതിയ ദാദ. ഇപ്പോള്‍ ജയിലിലാണ്. നാല് കിലോ ഡ്രഗ് വിമാനം വഴികടത്തുമ്പോള്‍ പോലീസ് പിടിച്ചു. പക്ഷേ അവനൊന്നും അധികം ജയിലില്‍ തുടരില്ല. അത്രയും പണവും ഭരണതലത്തില്‍ സ്വാധീനവുമുണ്ട്. അവന്റെ കേസിന്റെ ഏഴയലത്ത് വരില്ല എനിക്കെതിരെയുള്ള കുറ്റം . പക്ഷെ എനിക്ക് വേണ്ടി പറയാന്‍ ആരുമില്ലല്ലോ.'
സ്വന്തം പരിമിതികളോര്‍ത്തുള്ള പരിഭവം ബംഗാളി തടവുകാരന്‍ വാക്കുകളില്‍ സ്പഷ്ടമാക്കി. നീതിന്യായ വ്യവസ്ഥയെ എപ്രകാരവും വിലയ്ക്കെടുക്കുന്നവര്‍ ഇവിടെയുമുണ്ടെന്ന് തുടര്‍ന്നുള്ള തടവ് ജീവിതത്തില്‍ ഞാനും പലതവണ കണ്ടു.
വീണ്ടും തടവുകാര്‍ പലതും പറയുന്നത് കേട്ടു. ദ്വീപില്‍ വിറ്റഴിയുന്ന ടാബ്ലറ്റുകളെ കുറിച്ചാണത്. പലതരം ലഹരിക്കച്ചവടങ്ങള്‍. 'നൈറ്റ് -10 എന്ന ഗുളിക ഒരു മാസം പതിനായിരം വരെ മാലെയില്‍ വിറ്റഴിയുന്നുണ്ട്. ഒന്നിന് മൂന്ന് രൂപയാണ് ഇന്ത്യന്‍ വില. ഇവിടെ രണ്ടെണ്ണത്തിന് നൂറു റുഫിയ ( ഇന്ത്യന്‍ വില ഏതാണ്ട് 400 രൂപ ). എല്‍.എസ്.ഡി , ഹാപ്പി ഡേ എന്നീ ടാബ്ലറ്റുകളും ഇതേപോലെ ഇവിടെ വിറ്റഴിയുന്നു.'
ചര്‍ച്ചകള്‍ തുടരുകയാണ്. മറ്റൊന്നും ചെയ്യാനില്ലാത്തതുകൊണ്ട് ഞാന്‍ അതൊക്കെ കേട്ടുകൊണ്ടിരുന്നു. ചിലര്‍ക്ക് ഇതൊക്കെ വിശദീകരിക്കുന്നതില്‍ അമിത താത്പര്യമുണ്ടെന്ന് തോന്നി. ജയിലിനകത്ത് മയക്കുമരുന്ന് കേസില്‍ അകപ്പെട്ടവരാണ് കേമന്മാര്‍. അവര്‍ക്ക് തടവുകാര്‍ക്കിടയില്‍ പ്രത്യേക 'ഹീറോ' പരിവേഷമാണ് . പിടിക്കപ്പെട്ട മയക്കുമരുന്നിന്റെ അളവ് കൂടുന്നതിനനുസരിച്ച് ആ തടവുകാരന്റെ പ്രാധാന്യവും പെരുകുന്നു. അതുകൊണ്ടുതന്നെ ഇവിടെ മയക്കുമരുന്ന് കഥകളാണ് ഏറ്റവും ത്രില്ലിങ്ങ്! ഇതൊക്കെ മൂന്ന് വര്‍ഷം മുന്‍പ് നടന്ന സംഭവങ്ങള്‍. ഇപ്പോള്‍ ഇക്കാര്യങ്ങളില്‍ വേലിയിറക്കം സംഭവിക്കാനിടയില്ല; വേലിയേറ്റം തന്നെയാവും. മാലദ്വീപിന്റെ പിന്നിട്ട അവസ്ഥ വെച്ച് അതിന് തന്നെയാണ് സാധ്യത!
Content highlights: Maldives, Life in prison, Drug addiction, Jayachandran Mokeri