നിലന്ദുവില്‍ നിന്നും തുടങ്ങിയ യാത്ര അവസാനിച്ചത് നേരിട്ട് ധൂണിതു ജയിലിലേക്കായിരുന്നില്ല . അതിനിടയില്‍ ഇടത്താവളം പോലെ ഒരിടത്ത് രണ്ടുദിവസം തങ്ങേണ്ടിവന്നു. നിഗൂഢതകള്‍ ഒളിപ്പിച്ചു വെയ്ക്കുന്ന പോലുള്ള ഒരു താവളത്തില്‍. അതാണ് അറസ്റ്റ് സ്റ്റേഷന്‍. മാലദ്വീപിന്റെ തലസ്ഥാന നഗരിയായ മാലെയില്‍ പലതവണ പോയെങ്കിലും ആ സ്ഥാപനം കണ്ടതായി ഓര്‍ക്കുന്നില്ല. അല്ലെങ്കില്‍ ദ്വീപുകള്‍ കാണാന്‍ പോകുന്നൊരാള്‍ക്ക് താല്പര്യം പകരുന്നതൊന്നും അവിടെയില്ല. പകരം ദുരിതക്കാഴ്ചകളുടെ നൈരന്തര്യം മാത്രം ....! അത് കാണുന്നതില്‍ എന്തര്‍ത്ഥം ? നമ്മുടെ ഒരു നോക്കിനെപ്പോലും അവിടം മലീമസമാക്കുന്നുവെന്നതാണ് സത്യം .
പുലര്‍ച്ചെയാണ് അറസ്റ്റ് സ്റ്റേഷനില്‍ എത്തിയത് . നേരം പുലരാനാകുന്നതേയുള്ളൂ . സ്റ്റേഷന്റെ അകവും പുറവും പോലീസുകാരുടെ ആക്രോശങ്ങളും മയക്കുമരുന്നിന്നടിമയായി ജീവിതം കരിച്ചുകളയുന്നവരുടെ കോപ്രായങ്ങളും മാത്രം . അതിനിടയിലാണ് എന്റെ നില്‍പ്പ് . ദ്വീപുകളുടെ പലഭാഗത്ത് നിന്നും പോലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുവന്ന പലരും മയക്കുമരുന്ന് പകര്‍ന്ന ലഹരിയുടെ വര്‍ദ്ധിത വീര്യത്തില്‍ ഞരങ്ങുകയും മൂളുകയും അട്ടഹസിക്കുകയും ചെയ്യുന്നുണ്ട് . മറ്റൊരുഭാഗത്ത് കൊതുകുകളുടെ രൂക്ഷമായ ആക്രമണവും. വിലങ്ങിട്ട് അതിദയനീയമായി, നിശ്ശബ്ദനായി , ഒന്ന് ചലിക്കാന്‍ പോലും കഴിയാതെയുള്ള എന്റെ നില്‍പ്പ് ഇന്നും ദുസ്സഹമായി കൂടെയുണ്ട്. ഓരോ നിമിഷവും അത്രയേറെ ഭീദിതവും.
തടവില്‍ കഴിഞ്ഞ നാളുകളില്‍ ഞാന്‍ അറിഞ്ഞ ദ്വീപുകളിലെ മറ്റൊരുലോകം മയക്കുമരുന്ന് ലോബികളുടേയും അതിന്റെ ഇരകളുടേതും കൂടിയാണ് . തടവുകാരുടെ സംഭാഷണങ്ങളിലൂടെ, നേരനുഭവത്തിലൂടെ ആ ലോകം ഞാന്‍ കണ്ടു .അത് മയക്കുമരുന്നിന്റേത് മാത്രമല്ല, രതിയുടേയും അഗമ്യഗമനത്തിന്‍േറയും ഒരു സമ്മിശ്രം കൂടിയാണ്. ദ്വീപുകളിലെ ടൂറിസക്കാഴ്ചകള്‍ മാത്രം അറിയുന്നവര്‍ക്ക് തികച്ചും അക്കാര്യം അജ്ഞാതവും !
മാലദ്വീപിലെ അതിമനോഹരങ്ങളായ മരതക ദ്വീപുകള്‍ക്കും ചുറ്റുമുള്ള ഇളംപച്ച ജലാശയത്തിനുമപ്പുറം പിറവി കൊണ്ട വന്യതയുടെ മുഖം ഒരു ജനതയ്ക്ക് വന്നുചേര്‍ന്ന രാഷ്ട്രീയ അപചയം കൂടിയാകണം . ആ തലത്തില്‍ ഒരു ദ്വീപുകാരന്‍ പറഞ്ഞതോര്‍മ്മയുണ്ട്.
'യുവാക്കളെ മയക്കുമരുന്നിന് അടിയറ വെയ്ക്കുന്നതിലൂടെ ഇവിടെ ഭരണകൂടം സ്വാതന്ത്രമാക്കപ്പെടുന്നു. ഭരിക്കുന്നവരുടെ അഴിമതിയും സ്വേച്ഛാധിപത്യവും ചോദ്യം ചെയ്യേണ്ടവരാണ് ഇപ്രകാരം നിര്‍ജീവമാക്കപ്പെടുന്നത്.'
മയക്കുമരുന്നിന്റെ ആലസ്യത്തിലും ആ ചെറുപ്പക്കാരന്‍ പറയുമ്പോള്‍ പല്ലിറുമ്മുന്നുണ്ട് . പക ജനിക്കുന്നുണ്ട് . തങ്ങള്‍ മൃതമായിക്കൊണ്ടിരിക്കുന്നെന്ന അവബോധവുമുണ്ട് . അത്തരത്തില്‍ നിരവധിപ്പേര്‍ പറയുമ്പോള്‍ സുരക്ഷിതത്വം നല്‍കേണ്ടവരുടെ കടയ്ക്കലാണ് ഓരോ ആഞ്ഞുതുപ്പലും പതിയ്ക്കുന്നത് !
പരസ്പരം ഏറ്റുമുട്ടുന്ന ഇരുപത്തിയഞ്ചോളം ( ചിലപ്പോള്‍ ആ സംഖ്യ അതിലും കൂടാനിടയുണ്ട് ) മയക്കുമരുന്ന് മാഫിയ സംഘങ്ങള്‍ മാലെയിലുണ്ട്. ഏതാണ്ട് 5.8 ചതുരശ്ര കിലോമീറ്റര്‍ മാത്രം വരുന്ന നഗരവിസ്തൃതിയിലാണ് ഇത്രയും മയക്കുമരുന്ന് മാഫിയ സംഘങ്ങളുള്ളതെന്നത് ഭീതിപ്പെടുത്തുന്ന കാര്യമാണ് . ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മുതല്‍ മധ്യവയസ്‌കര്‍ വരെയുള്ള ആണും പെണ്ണുമടങ്ങുന്ന സംഘങ്ങളില്‍ പലതും ഭീകരപ്രവര്‍ത്തനത്തില്‍ കുപ്രസിദ്ധി നേടിയവയും. ഓരോ ഗ്രൂപ്പിനും വിചിത്രമെന്ന് തോന്നാവുന്ന പേരുകളാണുള്ളത് .
വേക്കമതി , മാട്വഡി , ബൗസ് , മാഡിയ, യു .എന്‍ .പാര്‍ക്ക് , ബെഞ്ച് , ബുറു , എല്‍ . ടി , ബോസ്‌നിയ , ബിസ്ബ്രൂ , വാണ്ടഡ്, ഈഗ്ള്‍സ് , അരിസ്‌കമത്തി , പീട്രല്‍ പാര്‍ക്ക് , ആര്‍ .എല്‍ .സി , കുട , എമ്പയര്‍ , ഫ്‌ളറ്റ് , കപ്പച്ചീനോ ഗോളി , എല്‍ .സി .പാര്‍ക്ക്, കബുറു , യു . എന്‍.ഫ്രണ്ട്‌സ് ,വി .കെ , ഗാലോല്‍ഹുകമതി എന്നിവയാണ് ആ ഗ്രൂപ്പുകള്‍ .
ഇവയില്‍ വേക്കമതിയാണ് ഏറ്റവും അപകടകാരി . വേക്കമതി ,മാട്വഡി , വാണ്ടഡ് , എമ്പയര്‍ എന്നീ ഗ്രൂപ്പുകള്‍ നിരന്തരം പോരടിക്കുന്നവയും . വേക്കമതിയുടെയത്ര അപകടകാരിയല്ലെങ്കിലും ഇതില്‍ പന്ത്രണ്ടോളം ഗ്രൂപ്പുകള്‍ ഏറ്റവും വീര്യം കൂടിയവ തന്നെ. ഇടയ്ക്ക് ശത്രുക്കളായ ഗ്രൂപ്പുകള്‍ ചില പ്രത്യേക സാഹചര്യത്തില്‍ ഒന്നിച്ച് അവരുടെ പൊതുശത്രുവിനെ ഉന്മൂലനം ചെയ്യാനും ശ്രമിക്കാറുമുണ്ട്. ഒരു ഗ്രൂപ്പില്‍ ഒരാള്‍ ഇതര ഗ്രൂപ്പിന്റെ പകയാല്‍ കൊല്ലപ്പെട്ടാല്‍ അതിന് കാരണക്കാരായ ഗ്രൂപ്പിലെ ഒന്നില്‍ക്കൂടുതല്‍ പേരെ വകവരുത്തുന്നതാണ് ഇവര്‍ക്കിടയിലെ പോരാട്ടത്തിന്റെ വീറും വാശിയും . ഇത്തരം കാര്യത്തില്‍ വേക്കമതി ക്രൂരതയുടെ ഏതറ്റം വരേയും പോകുമത്രേ! ഒരിക്കല്‍ കോടതിയിലേക്കുള്ള യാത്രയില്‍ അതിസുന്ദരനായ ചെറുപ്പക്കാരന്‍ എന്നോട് സൗഹൃദം നടിച്ചതോര്‍ക്കുന്നു. അവന്‍ പതിഞ്ഞ സ്വരത്തില്‍ എന്റെ കൈ ചേര്‍ത്തുപിടിച്ചിട്ട് പറഞ്ഞു .
'നിങ്ങളെപ്പോലുള്ളവര്‍ വരേണ്ട സ്ഥലമല്ലിത് . അദ്ധ്യാപനം ചെയ്യാന്‍ വന്നതിന് എന്റെ രാജ്യം ഇത്രയും ക്രൂരമായി നിങ്ങളോട് പെരുമാറിയല്ലോ. ഞാന്‍ അതിന് ക്ഷമ ചോദിക്കുന്നു. ഇന്ത്യക്കാരെ എനിക്കിഷ്ടമാണ്. ഒരിക്കല്‍ ഇന്ത്യ കാണാന്‍ വരണം. പക്ഷെ അടുത്തകാലത്തൊന്നും അക്കാര്യം നടക്കില്ല.'
അവന്റെ വാക്കുകള്‍ പതറുന്നത് ഞാന്‍ ശ്രദ്ധിച്ചു . കാഴ്ചയില്‍ ഇരുപതോ ഇരുപത്തിരണ്ടോ വയസ്സുകാണും ആ യുവാവിന് . എന്താണ് കാര്യമെന്ന് ഞാന്‍ ചോദിക്കുന്നതിന് മുന്‍പേ അവന്‍ പറഞ്ഞു .
'ഞങ്ങളുടെ ഗ്യാങ്ങുകള്‍ തമ്മിലുള്ള വഴക്കില്‍ ഞാന്‍ ഒരാളെ കുത്തിക്കൊന്നു. തെളിവുകള്‍ എനിക്കെതിരാണ്. അതുകൊണ്ടുതന്നെ ശിക്ഷ കിട്ടിയാലും പുറത്തുകടന്നാലും പഴയ ജീവിതം തിരിച്ചുകിട്ടുമെന്ന് തോന്നുന്നില്ല.'
പാഴായിപ്പോയ യുവത്വം. ഇതേപോലെ ഒരുപാടുപേര്‍ പല ദ്വീപുകളിലുമുണ്ട് .ലഹരിയുടെ വേലിയേറ്റത്തില്‍ ചെയ്യുന്ന കാര്യത്തെക്കുറിച്ച് അവരൊന്നും ഓര്‍ക്കണമെന്നില്ല . ഓര്‍ക്കാനിടം കിട്ടുമ്പോള്‍ രക്ഷാമാര്‍ഗങ്ങളില്‍ ഒന്നൊന്നായി താഴുകള്‍ വീഴുന്നത് നോക്കിനില്‍ക്കാനാവണം അവരുടെ തലവിധി !
ഗ്രൂപ്പ് അംഗങ്ങളുടെ ഇരട്ടപ്പേരുകള്‍
മാഫിയ ഗ്രൂപ്പിലെ പലര്‍ക്കും ഇരട്ടപ്പേരുകളുണ്ട് . പലരും ഇരട്ടപ്പേരുകളിലാണ് അറിയപ്പെടുക. ഹോണു ( പല്ലി ), ഫുള ( പൂച്ച ) , മീദ ( എലി ) , ബഹുവാണ ( ഓന്ത് ) , കൊത്തറു ( പ്രാവ് ) , ഫിഫ്റ്റി , കബഡെ ( Cupboard ) , ഒയ ( കാറ്റടിച്ച് പോകുന്ന അവസ്ഥ ) ,സെക്‌സി, ഒബി (പിടിച്ചാല്‍ നില്‍ക്കാത്ത അവസ്ഥ ) , ആപ്പിളെ (Apple ) ,ടോമെ..... മയക്കുമരുന്നിന് തടവിലാക്കപ്പെട്ടവര്‍ ഇത്തരം പേരുകള്‍ നീട്ടിവിളിക്കുന്നത് പലതവണ കേട്ടിട്ടുണ്ട്. അതില്‍ പലതിന്റെയും അര്‍ഥം അറിഞ്ഞപ്പോള്‍ ചിരിയടക്കാന്‍ കഴിഞ്ഞില്ല . ഇരട്ടപ്പേരും അത് ലഭിച്ച ആളും തമ്മില്‍ സാമ്യത ഇല്ലാത്തതാണ് ചിരിക്കാന്‍ കാരണം . പേരിടാന്‍ അവരെന്തെങ്കിലും മാനദന്ധം കാണുന്നുണ്ടാകണം . അതേക്കുറിച്ച് കൂടുതല്‍ അറിഞ്ഞില്ല . മുന്‍ പ്രസിഡണ്ട് മുഹമ്മദ് നഷീദിനും ഇരട്ടപ്പേരുണ്ട് . അണ്ണി എന്നാണ് ജനങ്ങള്‍ അദ്ദേഹത്തെ സ്‌നേഹത്തോടെ വിളിക്കുക .
മൂര്‍ഖന്‍ പാമ്പും കഞ്ചാവ് ചെടിയും
മയക്കുമരുന്നിന് വീര്യം കൂട്ടാന്‍ മൂര്‍ഖന്‍ പാമ്പിനെ മാലെയില്‍ ആരോ ഇറക്കുമതി ചെയ്തത് വലിയ വാര്‍ത്തയായിരുന്നു. പാമ്പിന്‍ വിഷം കുത്തിയെടുത്ത് മയക്കുമരുന്നില്‍ ചേര്‍ത്ത് ഉപയോഗിക്കുമ്പോള്‍ മയക്കുമരുന്നിന്റെ വീര്യം പതിന്മടങ്ങു് വര്‍ദ്ധിക്കുമെന്ന് ഒരു തടവുകാരന്‍ പറഞ്ഞതോര്‍മ്മയുണ്ട് . ഇന്ത്യയില്‍ നിന്നോ ശ്രീലങ്കയില്‍ നിന്നോ വന്ന ആ 'അതിഥിക്ക് ' അധികകാലം ദ്വീപില്‍ തുടരാനുള്ള 'യോഗമുണ്ടായില്ല '. വാര്‍ത്തയുടെ പിറകെ പോലീസ് വന്നെത്തുകയും പാമ്പിനേയും പാട്ടകളേയും ( മാലദ്വീപില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ക്ക് പറയുന്ന പേര് ) കസ്റ്റഡിയിലെടുക്കുകയും ചെയ്തു .
വീട്ടില്‍ കഞ്ചാവ് ചെടി വളര്‍ത്തിയ ദ്വീപിലെ പെണ്‍കുട്ടിയുടെ കഥയും ഇതേപോലെ പര്യവസാനിച്ചു . വീട്ടിലെ ചെടിച്ചട്ടിയില്‍ വളര്‍ത്തിയ കഞ്ചാവ് ചെടിയുടെ ഫോട്ടോ അവള്‍ ഫേസ്ബുക്കിലിട്ടതാണ് വിനയായത് . നിമിഷങ്ങള്‍ക്കകം പോലീസ് അവളെത്തേടിയെത്തുകയായി. ഇക്കാര്യങ്ങളിലെ നിയമലംഘനങ്ങള്‍ ഇവിടെയുള്ളവര്‍ക്ക് പ്രശ്‌നമല്ല . ഇത്തരം ചെയ്തികള്‍ അന്തസ്സിന്റെ ഭാഗമായിക്കാണാന്‍ ഇവരില്‍ പലര്‍ക്കും തിടുക്കമുണ്ടെന്നതാണ് വാസ്തവം !
ലഹരിയുടെ ഉടല്‍ കാഴ്ചകള്‍
ആള്‍ത്താമസമില്ലാത്ത ദ്വീപില്‍ ഏതാണ്ട് മുന്നൂറോളം ആണും പെണ്ണുമടങ്ങുന്ന സംഘം നടത്തിയ നഗ്‌ന നൃത്തവും മതിമറന്ന മയക്കുമരുന്നിന്റെ ഉപയോഗവും ദ്വീപുകാരുടെ ഉറക്കം കെടുത്തിയ വാര്‍ത്തയാണ്. അവരില്‍ പലരേയും ധൂണിതു ജയിലില്‍ വെച്ച് ഞാന്‍ കാണുമ്പോഴും ലഹരിയുടെ പാതിമയക്കത്തിലായിരുന്നു പലരും . ദ്വീപുകളില്‍ അരങ്ങേറുന്ന വിചിത്രകാഴ്ചകളിലേക്കുള്ള ജാലകം അതാകണം. ആ ജാലകത്തിലൂടെ കാണാനിടയുള്ള ഉടല്‍ക്കാഴ്ചകള്‍ അതേവരെ ജീവിച്ച ദ്വീപിലെ മനുഷ്യരുടെ തുടര്‍ച്ചയല്ല ; മറിച്ച് പാശ്ചാത്യ ജീവിതങ്ങളുടെ മലീമസമായ അന്തരീക്ഷം അതേപടി വിഴുങ്ങുന്ന യുവതയുടെ അരാജക മുന്നേറ്റമാണ് . ചില ദൃശ്യങ്ങള്‍ ഇപ്രകാരമാണ് .
കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് മാലെ ടി - ജട്ടിക്കടുത്ത് ഒരു യുവാവും യുവതിയും നഗ്‌നരായി റോഡരികില്‍ കിടന്നത് . മയക്കുമരുന്നിന്റെ നിലയില്ലാക്കയങ്ങളില്‍ ഇരുവര്‍ക്കും സ്വബോധം ഉണ്ടായിരുന്നില്ല . പോലീസ് അവിടെയെത്തുമ്പോള്‍ ഇരുവരും പിച്ചുംപേയും പറയുന്ന അവസ്ഥയിലായിരുന്നു . വെള്ളമുണ്ട് ചുറ്റി ഇരുവരേയും അവിടെ നിന്നും നീക്കം ചെയ്യാന്‍ പോലീസിന് ഏറെ പാടുപെടേണ്ടിവന്നു !
മറ്റൊന്ന് മുന്തിയ ഹോട്ടല്‍ മുറികളില്‍ ചേക്കേറുന്ന സമ്പന്നരുടെ ഭാര്യമാരും അവരുടെ കാമുകരും അതീവ രഹസ്യമായി പങ്കുവെയ്ക്കുന്ന നിമിഷങ്ങളാണ്. അതിവിശാലമായ ശീതീകരിച്ച മുറികളിലെ നേര്‍ത്ത വെളിച്ചത്തില്‍ അവര്‍ ഒത്തുചേരും .നിശീഥിനിയുടെ നെഞ്ചിടിപ്പെന്ന പോലെ പശ്ചാത്തലത്തില്‍ പാശ്ചാത്യ സംഗീതത്തിന്റെ പ്രകമ്പനം അകമ്പടിയായുണ്ടാകും. തുടര്‍ന്ന് , ഗ്ലാസ്സുകളില്‍ വിലകൂടിയ മദ്യം നിറയുകയും ഒഴിയുകയുമായി . ലഹരി പടര്‍ന്നേറുമ്പോള്‍ ഓരോരുത്തരുടെ വസ്ത്രങ്ങള്‍ അഴിഞ്ഞുവീണുതുടങ്ങും . ഒടുക്കം എല്ലാവരും വിവസ്ത്രരാകുന്നു . രാവിന്റെ യാമങ്ങള്‍ പിന്നിടുമ്പോള്‍ മുറിയില്‍ രതിയുടെ സീല്‍ക്കാരങ്ങള്‍ മാത്രം. രതിയുടെ വിവിധരീതികള്‍ , ഗ്രൂപ്പ് സെക്‌സ് എല്ലാം അവിടെ അരങ്ങേറുന്നു . ഇടയ്ക്കിടെ അരങ്ങേറുന്ന ഈ സൗഹൃദ സദസ്സുകളില്‍ മദ്യത്തിന് പുറമെ മയക്കുമരുന്നും കാണും . ഇത്തരം പാര്‍ട്ടികളില്‍ പങ്കെടുത്തയാളുകള്‍ ഇതൊക്കെ പറയുമ്പോള്‍ അവരില്‍ യാതൊരു സങ്കോചവും കണ്ടില്ല .
സമ്പന്നരായ സ്ത്രീകളുടെ ലഹരി വിരുന്നുകള്‍ ഈ നിലയ്ക്കവസാനിക്കുമ്പോള്‍ ദരിദ്രമായ ചുറ്റുപാടില്‍ നിന്നും വരുന്ന സ്ത്രീകള്‍ മയക്കുമരുന്ന് ലഭിക്കാതെ വരുമ്പോള്‍ സ്വശരീരം തന്നെ വില്പനയ്ക്കിടുന്നു . 'തക്കിജ്ജ - എന്റെ ജയില്‍ ജീവിതം' എന്ന പുസ്തകത്തില്‍ ബംഗ്ലാദേശിയായ തൗഫീഖിന്റെ കേസിനെ പ്രതിപാദിക്കുമ്പോള്‍ അക്കാര്യം ഞാന്‍ വിശദമാക്കിയിട്ടുണ്ട് . തടവറയില്‍ മയക്കുമരുന്നിനിരയായ നിരവധി പെണ്‍കുട്ടികളെ കണ്ടു . അവരില്‍ ചിലര്‍ തടവറയിലും കാട്ടിക്കൂട്ടുന്ന രീതികള്‍ നമ്മളെ അത്ഭുതപ്പെടുത്തിയേക്കാം .
ഒരിക്കല്‍ വനിത ജയില്‍ പരിസരത്ത് ശുചീകരണം നടത്തുകയായിരുന്ന വിദേശ തടവുകാരോട് ദ്വീപിലെ യുവതികളായ തടവുകാര്‍ ബീഡി ചോദിച്ചു . ബീഡി കിട്ടാനിടയില്ലെന്ന് കണ്ടപ്പോള്‍ യുവതികള്‍ വസ്ത്രമുയര്‍ത്തി നഗ്നമായ മാറിടം അവര്‍ക്കുനേരെ പ്രദര്‍ശിപ്പിക്കുകയായി . അതുവഴി അവര്‍ ആവശ്യത്തിന് ബീഡികള്‍ നേടുകയും ചെയ്തു ! ( ഒരു ലഹരിയും ലഭിക്കാതെവരുമ്പോള്‍ ടോയ്ലെറ്റില്‍ ഉപയോഗിക്കുന്ന ചില ക്ളീനറുകളും അവര്‍ ഉപയോഗിക്കുമത്രേ . അതില്‍ ആല്‍ക്കഹോളിന്റെ അളവ് കൂടുതലാണെന്നും കേട്ടു .)
വിദേശത്തടവുകാരായ തൗഫീക്കും മീരാഷെയ്ക്കും ഇക്കാര്യം പലരോടും അടക്കം പറയുന്നതും കണ്ടു . തടവറയില്‍ വല്ലപ്പോഴും വീണുകിട്ടുന്ന പെണ്‍കാഴ്ചകള്‍ തന്നെ തടവുകാരെ സന്തോഷിപ്പിക്കുമ്പോള്‍ ഈ രംഗങ്ങള്‍ അവരില്‍ നൈമിഷിക രതി പെയ്തിരിക്കണം .
തടവറയില്‍ കണ്ടതും കേട്ടതും പുറംലോകം അറിയണമെന്നില്ല . മതിലുകള്‍ക്കകം മറ്റൊരുലോകമാണ്. നമുക്ക് ചുറ്റും സമൂഹം ഇങ്ങനെയുമുണ്ടെന്ന പരമാര്‍ത്ഥം അത് ബോധ്യപ്പെടുത്തുന്നു. ദ്വീപിലെ കാഴ്ചകളില്‍ നിന്നും നമ്മുടെ നാട്ടിലെ യുവജനങ്ങളില്‍ അടുത്തിടെ തെളിയുന്ന വലിയ പെരുമാറ്റദൂഷ്യങ്ങളിലേക്ക് അധികം ദൂരമൊന്നുമില്ല . വഴിയില്‍ ബോധമറ്റുവീഴുന്ന പെണ്ണുടലുകളേയും പ്രതീക്ഷിക്കാവുന്നിടത്തേക്ക് നമുക്കിടയിലും സാംസ്‌കാരിക ജീര്‍ണതകള്‍ വന്നുപെടുന്നുണ്ട്. ദ്വീപുകളെക്കുറിച്ചറിയുമ്പോള്‍ തോന്നാനിടയുള്ള അങ്കലാപ്പുകള്‍ നാളെ നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് വരാതിരിക്കാന്‍ എന്തുചെയ്യണമെന്ന് ചിന്തിക്കുന്നതിലേക്കാവട്ടെ ഈ വായന .
Content highlights: Maldives, Crime, Life in prison, Drugs, Nilandhoo, Dhoonidhoo, Drug mafiya