ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ ജയില്‍ സന്ദര്‍ശിക്കുമ്പോഴാണ് ജയിലിലെ മുഴുവന്‍ ഇന്ത്യന്‍ തടവുകാര്‍ക്കും പരസ്പരം കാണാന്‍ കഴിയുന്നത്. ചില പ്രത്യേക ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാകും അവരുടെ സന്ദര്‍ശനം. മിക്കവാറും അത് ആരുടെയെങ്കിലും കേസിന്റെ ഭാഗമാകാനാണ് സാധ്യത. ഏത് തടവുകാരന്റെ കേസിനെന്ന് തീര്‍ച്ചയില്ലാത്തതുകൊണ്ട് ഓരോ ആളിലും അവര്‍ തങ്ങളുടെ കേസിന് വഴിത്തിരിവുണ്ടാക്കുമെന്ന ചിന്ത കാണും. എവിടെയൊക്കയോ ചില പ്രതീക്ഷകള്‍ ഞാനും വെച്ച് പുലര്‍ത്തുന്നുണ്ടെന്ന് മനസ്സിലാക്കിയതിനാലാകണം സഹത്തടവുകാരനായ രാജേഷ് അതിനെ തടയിട്ടിട്ട് ഇങ്ങനെ പറഞ്ഞത്.

'ഇപ്പോള്‍ എംബസി വന്നത് നമ്മുടെ കാര്യത്തിനൊന്നുമല്ല. മുബൈക്കാരന്‍ ജാവേദിന്റെ പ്രശ്‌നം പരിഹരിക്കാനാണ്. നാട്ടില്‍ പറയാറില്ലേ ആട്ടുന്ന കൈ കൊണ്ടൊരു സലാം എന്ന്. ആ നിലയ്ക്ക് നമ്മളേയും ഒന്ന് പരിഗണിക്കും. അതുകൊണ്ട് വലിയ പ്രതീക്ഷയൊന്നും വേണ്ട.'
രാജേഷ് പറഞ്ഞത് അക്ഷരംപ്രതി ശരിയാണെന്ന് മനസ്സിലാക്കാന്‍ അധിക സമയം വേണ്ടിവന്നില്ല. പ്രതീക്ഷിച്ചതുപോലെ അവര്‍ എല്ലാ ഇന്ത്യന്‍ തടവുകാരുടേയും ക്ഷേമം അന്വേഷിച്ചു. ചിലരുടെ പരാതികള്‍ കുറിച്ചെടുത്തു. അതിനപ്പുറം മറ്റൊന്നും സംഭവിച്ചില്ല. മിക്കവാറും ഇതൊക്കെത്തന്നെയാണ് മുന്‍പും സംഭവിക്കാറുള്ളതെന്ന് രാജേഷ് പറഞ്ഞു. ഇത്തവണ അവര്‍ വന്നത് മുബൈക്കാരന്‍ ജാവേദിന്റെ കേസുമായി ബന്ധപ്പെട്ടാണ്. ജാവേദിന്റെ കേസിലെ വിഷയം മനുഷ്യക്കടത്തെന്ന് പറയാം. ഒന്നോ ഒന്നരയോ ലക്ഷം രൂപ കമ്മീഷനായി മേടിച്ച് ഉത്തരേന്ത്യക്കാരെ മാലെയിലേക്ക് റിക്രൂട്ട് ചെയ്യുകയാണ് അവന്റെ ജോലി. മാലദ്വീപില്‍ ഇക്കാര്യത്തില്‍ അവനെ സഹായിക്കാന്‍ യുവതിയായ ദ്വീപുകാരി കൂട്ടുണ്ട്. ചതി മനസ്സിലാക്കിയ ഒരു ഉത്തരേന്ത്യക്കാരന്‍ ജാവേദിന് മുട്ടന്‍ പണി കൊടുത്തു. അയാള്‍ ജാവേദിനെതിരെ ഇന്ത്യന്‍ എംബസിയില്‍ പരാതി നല്‍കി. അതോടെ ജാവേദിന്റെ കണക്കുകൂട്ടല്‍ പാളി. അവന്‍ തടവിലുമായി.
തടവറയ്ക്കകത്തെ ബഹുനില കെട്ടിടത്തിലെ ഒന്നാംനിലയില്‍ ഞാനും രാജേഷും ചെന്നപ്പോള്‍ ഒരു സ്ത്രീയടക്കം എട്ട് ഇന്ത്യന്‍ തടവുകാര്‍ അവിടെ എംബസി ഉദ്യോഗസ്ഥരെ കാത്തിരിപ്പുണ്ട്. അതില്‍ ആറുപേര്‍ തമിഴ് തടവുകാരും രണ്ടുപേര്‍ മലയാളികളുമാണ്. ഓരോ ആളെയും ഞാന്‍ പരിചയപ്പെട്ടു. ഒടുക്കം പരിചയപ്പെട്ടയാളാണ് റുബീന. പ്രായം ഏതാണ്ട് മുപ്പതില്‍ താഴെ കാണും. നീണ്ടകാലം തടവില്‍ കിടക്കുന്നതിന്റെ പ്രയാസങ്ങള്‍ അവളുടെ മുഖത്തുണ്ട്. ആ യുവതിയെ കണ്ടപ്പോള്‍ എനിക്കെന്തോ വലിയ വിഷമം തോന്നി. അവള്‍ക്കെതിരെ രണ്ടു പരാതികളാണുള്ളത്. ആത്മഹത്യാശ്രമവും കൊലപാതകവും.
റുബീന തിരുവനന്തപുരം ഓടയം സ്വദേശിയാണ്. ഓടയം ഒരു കടലോര ഗ്രാമമാണ്. അവിടുത്തെ കടല്‍ത്തീരത്തിനടുത്തുള്ള ദരിദ്രമായ ചുറ്റുപാടിലാണ് അവള്‍ വളര്‍ന്നത്. ഉപ്പയ്ക്ക് മീന്‍ പിടുത്തമാണ് ജോലി. ഉമ്മയ്ക്ക് മീന്‍ വില്പനയും. അവരുടെ നാലുമക്കളില്‍ മൂന്നാമത്തവളാണ് റുബീന. ഒമ്പതാം ക്ലാസിലെത്തിയപ്പോഴേക്കും അവളുടെ പഠനം നിലച്ചു. സാമ്പത്തിക പ്രതിസന്ധി തന്നെ കാരണം. തുടര്‍ന്നങ്ങോട്ട് തുഴ നഷ്ടപ്പെട്ട തോണിക്കാരന്റെ ജീവിതമായി അവള്‍ക്ക്. കടലിനോട് പങ്കുവെക്കാറുള്ള ദുഃഖങ്ങള്‍ക്കപ്പുറം പരിമിതമായ സ്വപ്നങ്ങള്‍ കാണാന്‍ പോലുമവള്‍ മടിച്ചു. തന്റെ സമപ്രായക്കാരെല്ലാം വിവാഹിതകളായിട്ടും റുബീനയിലേക്ക് അത്തരമൊരു സൗഭാഗ്യം വന്നതേയില്ല. അന്നന്നത്തെ അന്നത്തിനുള്ള വക നേടുന്നതിലധികമായി ഒരു രൂപപോലും സമ്പാദ്യമില്ലാത്ത വീട്ടിലേക്ക് ഏത് പുരുഷനാണ് പെണ്ണ് ചോദിച്ച് വരിക?
റുബീനയ്ക്ക് 24 വയസ്സായിട്ടും അവളുടെ വിവാഹത്തിനുള്ള മുന്നൊരുക്കങ്ങളൊന്നും വീട്ടില്‍ നടന്നിരുന്നില്ല. ആയിടയ്ക്കാണ് ബീമാപള്ളിയിലെ നസീമ എന്ന സ്ത്രീ അവരുടെ വീട്ടിലേക്ക് വരുന്നത്. ഊരു ചുറ്റലും അസാരം കല്യാണ ബ്രോക്കര്‍ പണിയുമാണ് മൂപ്പത്തിയുടെ കൈയിലിരുപ്പ്. നസീമയുടെ ലിസ്റ്റിലെ 'കല്യാണ ചെക്കന്മാരുടെ' ലിസ്റ്റില്‍ റുബീനയ്ക്ക് പറ്റിയ ഒരാളുണ്ടെന്ന് ആ സ്ത്രീ റുബീനയുടെ ഉമ്മയോട് തീര്‍പ്പ് പറഞ്ഞു. ചെക്കന്‍ ഇന്നാട്ടുകാരനല്ല മാലദ്വീപുകാരനാണ്. സ്വന്തമായി ബിസിനസ് ഉണ്ട്. നാലോ അഞ്ചോ വീടുകള്‍ സ്വന്തമായുണ്ട്. സമ്പാദ്യമുണ്ടാക്കുന്ന തിരക്കില്‍ വിവാഹം കഴിക്കാന്‍ മറന്നുപോയ ഒരു പാവം മനുഷ്യനാണ് ആളെന്നും നസീമ വിസ്തരിച്ച് പറഞ്ഞു. അവനെ വിവാഹം കഴിച്ചാല്‍ റുബീനയുടെ കുടുംബവും രക്ഷപ്പെടുമെന്ന് നസീമ ആണയിട്ടു.
നസീമ പറഞ്ഞ പ്രകാരം റുബീനയും ഉമ്മയും ബീമാപ്പള്ളിയില്‍ പോയി 'പയ്യനെ' കണ്ടു. അല്പം മുടന്തുള്ള ഹസന്‍ ജാബിര്‍ എന്ന നാല്പത്തെട്ട്കാരനാണ് 'പയ്യന്‍'. ഒരു രീതിയിലും തനിക്ക് ചേരാത്തൊരാളെന്ന് റുബീന മനസ്സില്‍ കരുതി. പ്രായവും അവളുടേതിനേക്കാള്‍ ഇരട്ടിയുണ്ട്. അയാളെ കണ്ടപ്പോള്‍ തന്നെ ഒരുതരം ഞെട്ടലാണ് അവളിലുണ്ടായത്. ഒരു കൂരയ്ക്ക് കീഴെ വിശപ്പിന്റെയും ഇരുട്ടിന്റെയും കഥകള്‍ മാത്രം കേട്ടുറങ്ങുന്ന ഒരു പാവം പെണ്‍കുട്ടിയുടെ ആഗ്രഹങ്ങള്‍ക്ക് മറ്റാരാണ് പിന്തുണ തരിക? ഉമ്മയുടെ കണ്ണീരിനും നസീമയുടെ വാക്കിനും ഹസന്‍ ജാബിറിന്റെ സമ്പത്തിനുമിടയിലൂടെ ചില നിമിഷങ്ങള്‍ റുബീന അനന്തമായി സഞ്ചരിച്ചിരിച്ചുകൊണ്ടിരുന്നു. ചിന്തകളിലൊന്നുപോലും കരക്കടുപ്പിക്കാന്‍ കഴിയുന്നില്ലെന്ന് അവള്‍ക്കപ്പോള്‍ ബോധ്യമായി.
എല്ലാ പരിമിതികള്‍ക്കിടയിലും ജീവിതം ചില കൗതുകങ്ങള്‍ വെച്ചുനീട്ടുമെന്നത് മറ്റൊരു കാഴ്ചയാണ്. വേണമെങ്കില്‍ ഈ വഴി സഞ്ചരിച്ചുനോക്കാമെന്ന സൂചന അതില്‍ നക്ഷത്രത്തെളിച്ചമാകും. ഇടംവലം തിരിയാന്‍ ഇടമില്ലാത്ത ഒറ്റയടിപാതയിലൂടെ സഞ്ചരിക്കുമ്പോള്‍ നക്ഷത്രങ്ങളുടെ മാസ്മരികതയില്‍ നമ്മള്‍ പെട്ടുപോകും. ജയവും പരാജയവും തൂക്കിനോക്കാന്‍ അപ്പോള്‍ നേരം കാണില്ല. അതുകൊണ്ടുതന്നെ റുബീന അയാളെ വിവാഹം കഴിക്കാന്‍ തയ്യാറായി. തിരുവനന്തപുരത്തെ ഒരു ഹോട്ടലില്‍ വെച്ച് വിവാഹം നടന്നു. ഒരു മോതിരവും ഒരു പവന്റെ സ്വര്‍ണമാലയും മഹറായി റുബീനയ്ക്ക് ലഭിച്ചു. കല്യാണ ദിവസം 15000 രൂപ ജാബിര്‍ റുബീനയുടെ ഉമ്മയ്ക്ക് നല്‍കി. നസീമയേയും മറ്റ് ഇടനിലക്കാരെയും ജാബിര്‍ വേണ്ട രീതിയില്‍ തന്നെ പരിഗണിക്കുകയും ചെയ്തു. എന്നിട്ടും റുബീനയുടെ ഉമ്മയില്‍ നിന്ന് ബ്രോക്കര്‍ ഫീസ് ഈടാക്കാന്‍ ഇടനിലക്കാര്‍ മറന്നതുമില്ല.
മാലദ്വീപിലെ ഭര്‍ത്താവിന്റെ വീട്ടിലെത്തിയപ്പോള്‍ നസീമ പറഞ്ഞതെല്ലാം വലിയ നുണയാണെന്ന് റുബീനയ്ക്ക് ബോധ്യമായി. ജാബിര്‍ നേരത്തെ വിവാഹം കഴിച്ചയാളാണെന്നും ആദ്യഭാര്യ മറ്റൊരാളോടൊപ്പം കഴിയുകയാണെന്നും അവള്‍ മനസ്സിലാക്കി. ആദ്യവിവാഹത്തിലെ അഞ്ച് ആണ്‍കുട്ടികള്‍ ആ വീട്ടിലുണ്ട്. ആ കുട്ടികളെപ്പോലും ജാബിര്‍ വേണ്ടവിധത്തില്‍ പരിചരിക്കുന്നില്ലെന്ന് റുബീനയ്ക്ക് വ്യക്തമായി. നസീമ പറഞ്ഞതില്‍ ഒരു കാര്യം മാത്രമാണ് ശരി. ആ സ്ത്രീ പറഞ്ഞതുപോലെ അയാള്‍ ആ ദ്വീപിലെ സാമാന്യം ഭേദപ്പെട്ട ധനികനാണ്. അഞ്ചോളം വീടുകള്‍ അയാള്‍ വാടകയ്ക്ക് കൊടുത്തിട്ടുണ്ട്. മൂന്ന് കടകള്‍ സ്വന്തമായും ഉണ്ട്. എങ്കിലും സ്വന്തം മക്കള്‍ക്കോ പുതുതായി ആ വീട്ടിലെത്തിയ റുബീനയ്‌ക്കോ ഭക്ഷണത്തിനപ്പുറം മറ്റെന്തെങ്കിലും നല്‍കാന്‍ അയാള്‍ തയ്യാറായിരുന്നില്ല. അയാള്‍ സ്‌നേഹിച്ചത് പണത്തെ മാത്രമെന്നപോലെ എല്ലാവരോടും പെരുമാറി. അതോടെ ആ വീടും ദ്വീപും ദ്വീപിലെ പല മനുഷ്യരും അവള്‍ക്ക് ദുസ്സഹമായി മാറി. ജാബിറിന്റെ അഞ്ചുമക്കളും റുബീനയോട് വലിയ അടുപ്പം കാണിച്ചതുമില്ല. ആ വീട്ടില്‍ അവളുടെ ജീവിതം ഒരു ദ്വീപുപോലെ ശരിക്കും ഒറ്റപ്പെട്ടു. ഇതിന്നിടയിലാണ് അവള്‍ ഒരാണ്‍ കുഞ്ഞിന് ജന്മം നല്‍കുന്നത്.
സ്വന്തമായി കടയുണ്ടായിട്ടും വിശന്നു കരയുന്ന മകന്‍ ഷുഹൈബിന് നല്‍കാനുള്ള പഴമോ ബിസ്‌ക്കറ്റോ കൊടുത്തയക്കാന്‍ ജാബിര്‍ പലപ്പോഴും മടികാണിച്ചു. റുബീന എത്ര തന്നെ മകന്റെയും അവളുടേയും ആവശ്യങ്ങള്‍ നിരത്തിയാലും അയാള്‍ അതിനോടൊക്കെ മുഖം തിരിച്ചുനിന്നു. പലദിവസങ്ങളിലും കുഞ്ഞ് വിശന്ന് കരഞ്ഞ് തളര്‍ന്നുറങ്ങിയിട്ടാകും രാത്രിയില്‍ അയാള്‍ കടപൂട്ടി കുഞ്ഞിനുവേണ്ട ഭക്ഷണവുമായി വരിക. അയാളോടൊപ്പം ജീവിക്കുക അത്ര എളുപ്പമല്ലെന്ന് റുബീന അതിനകം മനസ്സിലാക്കി. അനുദിനം അവളുടെ ജീവിതം മടുപ്പിലേക്കും മരവിപ്പിലേക്കും മുന്നേറിക്കൊണ്ടിരുന്നു. മുന്നോട്ടേക്കുള്ള വഴികളെല്ലാം അടഞ്ഞെന്ന് റുബീനയ്ക്ക് ബോദ്ധ്യമായി. മകന്‍ ഷുഹൈബിന് അന്ന് പത്തുമാസം പ്രായമായതേയുള്ളൂ. അവരുടെ വിവാഹം കഴിഞ്ഞിട്ട് ഏതാണ്ട് രണ്ടുവര്‍ഷവും. ആ ഒരു ഘട്ടത്തില്‍ അവള്‍ ചില കടുത്ത തീരുമാനങ്ങളില്‍ എത്തിച്ചേര്‍ന്നു.
ഒരു ദിവസം രാവിലെ ജാബിര്‍ കടയിലേക്ക് പോയശേഷം റുബീന കുഞ്ഞിനെ വേഗം ഉറക്കി കിടത്തി. അവന്റെ പൊന്നോമന കവിളുകളില്‍ നിരവധി മുത്തമിട്ടശേഷം മേശപ്പുറത്തുള്ള ഗുളികകള്‍ അവള്‍ ഒന്നൊന്നായി വിഴുങ്ങി. അത് മരണത്തിലേക്കുള്ള യാത്രയാകുമെന്നവള്‍ കരുതി. പക്ഷെ അങ്ങനെ സംഭവിച്ചില്ല. കഴിച്ച ഗുളികകള്‍ ഒരു നീണ്ട മയക്കമേ അവള്‍ക്ക് സമ്മാനിച്ചുള്ളൂ. മയക്കത്തില്‍ നിന്നുണര്‍ന്നപ്പോള്‍ അവള്‍ കണ്ടത് ചലനമറ്റുകിടക്കുന്ന കുഞ്ഞിനെയാണ്. ആ രംഗം അവളെ ഒരുന്മാദിയാക്കി മാറ്റി. തൊട്ടടുത്തുള്ള മലയാളി നഴ്‌സുമാരോട് കുഞ്ഞിന്റെ അവസ്ഥയെക്കുറിച്ച് ഓടിച്ചെന്നറിയിച്ച് അവള്‍ തിരിച്ച് വീട്ടിലേക്ക്തന്നെ മടങ്ങി. കുഞ്ഞിനെ വീണ്ടും വീണ്ടും ഉണര്‍ത്താന്‍ ശ്രമിച്ചിട്ടും ഫലമില്ലെന്ന് കണ്ടപ്പോള്‍ അവള്‍ വീണ്ടും മരണത്തെക്കുറിച്ച് ചിന്തിച്ചു. മുറിക്കകത്തെ ഫാനില്‍ കയറുകൊണ്ട് കുരുക്കിട്ട് മരണം വരിക്കാന്‍ ശ്രമിക്കുമ്പോഴാണ് നഴ്‌സുമാര്‍ വീട്ടിലേക്ക് വന്നത്. അതോടെ രണ്ടാമത്തെ ആത്മഹത്യാശ്രമവും പാഴായി. ദുരൂഹമായ കുഞ്ഞിന്റെ മരണവും പരാജയമായ ആത്മഹത്യാശ്രമവും റുബീനയെ കടുത്ത നിരാശയിലാഴ്ത്തി.
ഒരസംബന്ധനാടകത്തിലെ കരച്ചില്‍ നിലച്ചുപോയ ദുഃഖപുത്രിയായവള്‍. അപ്പോഴേക്കും സ്വന്തം കുഞ്ഞിനെക്കൊന്നവള്‍ എന്ന അലമുറകള്‍ ചുറ്റിലും മുഴങ്ങി. പിന്നീട് റുബീന കാണുന്ന ലോകം ജയിലാണ്. ഞാന്‍ റുബീനയെ കാണുമ്പോള്‍ നാലുവര്‍ഷത്തെ ജയില്‍ ജീവിതം റുബീന പിന്നിട്ടിരുന്നു. ഒരു വിചാരണയുമില്ലാതെ നാലു വര്‍ഷം ! ആ അവസ്ഥ ശരിക്കുമെന്നെ ഞെട്ടിച്ചു.
വീണ്ടും റുബീനയെ കാണുന്നത് രണ്ടാമത്തെ തവണ ഇന്ത്യന്‍ എംബസിയുടെ ഉദ്യോഗസ്ഥര്‍ ജയിലില്‍ വന്നപ്പോഴാണ്. അന്ന് എന്നോട് കരുണയില്ലാതെ സംസാരിച്ച എംബസി ഉദ്യോഗസ്ഥനായ നാരായണ്‍ ഝാ അതേമട്ടില്‍ അവളോടും സംസാരിച്ചു. സത്യത്തില്‍ റുബീനയ്‌ക്കെതിരെ കുഞ്ഞിനെ കൊന്നുവെന്നതിന് തെളിവുകളൊന്നുമില്ല. കുഞ്ഞിന്റെ മരണവുമായി ബന്ധപ്പെട്ട മെഡിക്കല്‍ റിപ്പോര്‍ട്ട് ആ സമയം വരെ കോടതിയിലെത്തിയിട്ടുമില്ല. ഭര്‍ത്താവിനേയോ കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്റ്ററെയോ അതേവരെ വിസ്തരിച്ചിട്ടേയില്ല. സാക്ഷി പറയേണ്ട മലയാളി നഴ്‌സുമാര്‍ ഇന്ത്യയിലേക്ക് മടങ്ങുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും നാരായണ്‍ ഝായോട് കേസിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അയാള്‍ റുബീനയെ നോക്കി പറഞ്ഞു.
'എനിക്കൊന്നും നിങ്ങളുടെ കാര്യത്തില്‍ ചെയ്യാനില്ല.'
തുടര്‍ന്ന് മുകളിലേക്ക് കൈയുയര്‍ത്തിയിട്ട് പുരോഹിതനെപ്പോലെ അയാള്‍ ഉപദേശിച്ചു: 'ദൈവത്തോട് പ്രാര്‍ത്ഥിക്കൂ..'
റുബീന നിസ്സഹായയായി പകച്ചുനോക്കുന്നത് ഞാന്‍ കണ്ടു. അതെന്നെ ശരിക്കും പൊള്ളിച്ചു. അതിലേറെ കഷ്ടമായ എന്റെ അവസ്ഥയെ മറികടന്ന് ഞാന്‍ അവളോട് മന്ത്രിച്ചു.
'തകര്‍ന്ന് പോകരുത്. പിടിച്ചു നില്‍ക്കുക. ലോകത്ത് ഇനിയും നന്മ ബാക്കിയുണ്ടെന്ന് തന്നെ കരുതുക.'
ഒരര്‍ത്ഥത്തില്‍ അതെന്നോട് തന്നെയുള്ള പ്രഖ്യാപനമാകണം. അന്ന് മടങ്ങുമ്പോള്‍ ഞാന്‍ വാഹിദ് എന്ന തടവുകാരനോട് പറഞ്ഞു.
'ഞാനാണ് ആദ്യം മോചിപ്പിക്കപ്പെടുന്നതെങ്കില്‍ നിരപരാധിയായ ആ പെണ്‍കുട്ടിയുടെ മോചനത്തിന് വേണ്ടി എന്തെങ്കിലും ഞാന്‍ ചെയ്യും.'
വാഹിദ് എന്റെ വാക്കുകളെ സന്തോഷത്തോടെ സ്വാഗതം ചെയ്തു. യാതൊരു പ്രതീക്ഷയുമില്ലാതെ വാഹിദിനോട് പറഞ്ഞകാര്യത്തിന് അപ്രതീക്ഷിത വിജയം കൈവന്നത് പെട്ടെന്നാണ്. ആ സംഭവത്തിന് ശേഷം രണ്ടുമാസത്തിനകം ഞാന്‍ ജയില്‍ മോചിതനായി. നാട്ടില്‍ വന്നപ്പോള്‍ കാണാനിടയായ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോടും അദ്ദേഹത്തിന് ചുറ്റുമുള്ള മാധ്യമ പ്രവര്‍ത്തകരോടും നിരപരാധികളായി ജയിലില്‍ കഴിയുന്ന റുബീനയുടേയും രാജേഷിന്റെയും അവസ്ഥ ഞാന്‍ വിവരിച്ചു. അവരുടെ മോചനക്കാര്യത്തില്‍ സര്‍ക്കാര്‍ തലത്തില്‍ ഗൗരവമായ ഇടപെടല്‍ വേണമെന്ന് ഞാന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. വേണ്ടത് ചെയ്യുമെന്ന് അദ്ദേഹം അന്നെനിക്ക് ഉറപ്പുനല്‍കി. കൂടാതെ മാധ്യമ പ്രവര്‍ത്തകര്‍ റുബീനയുടെ ദുരിത ജീവിതത്തിന് തുടര്‍ദിവസത്തെ പത്രങ്ങളില്‍ വലിയ പ്രാധാന്യം കൊടുക്കുകയും ചെയ്തു.
എന്റെ മോചനക്കാര്യത്തില്‍ ഇടപെട്ട സുഹൃത്തുക്കള്‍ തന്നെ റുബീനയുടെ കാര്യത്തിലും സജീവമായി. അതില്‍ പ്രധാന വഴിത്തിരിവായത് മാധ്യമ പ്രവര്‍ത്തകന്‍ കെ.പി. റഷീദ് റുബീനയുടെ ഉമ്മയുമായി നടത്തിയ നീണ്ട അഭിമുഖമാണ്. അഭിമുഖത്തില്‍ റുബീനയുടെ നിരപരാധിത്വം സത്യസന്ധമായി ലേഖകന്‍ അവതരിപ്പിച്ചിരുന്നു. പ്രസ്തുത അഭിമുഖത്തിന്റെ ഇംഗ്ലീഷ് പരിഭാഷ മാലദ്വീപിലെ മിനിവാന്‍ പത്രം (Minivan Daily) പ്രസിദ്ധീകരിക്കാനിടയായി. അതേത്തുടര്‍ന്ന് ആ വിഷയം അവിടെയുള്ള ഒരു ചാനലിലും വന്നു. ആ സമയത്താണ് ദ്വീപിലെ അഭിഭാഷക ഫരീഷ അബ്ദുല്ല റുബീനയുടെ കേസില്‍ ഇടപെടുന്നത്.
മാധ്യമ പ്രവര്‍ത്തക അനുപമ മിലിയും ഫരീഷയുമായി ബന്ധപ്പെട്ടുകൊണ്ടിരുന്നു. ഹൃദ്രോഗികൂടിയായ റുബീനയെ വിചാരണകൂടാതെ അഞ്ചുവര്‍ഷത്തോളം തടവിലിട്ടതും കുറ്റം തെളിയിക്കാന്‍ കഴിയാത്ത സാഹചര്യവും ഫരീഷ കോടതിയില്‍ ശക്തമായി വാദിച്ചു. മാറിയുടുക്കാന്‍ വസ്ത്രങ്ങള്‍ പോലുമില്ലാതെയാണ് അത്രയും വര്‍ഷങ്ങള്‍ ആ യുവതി തടവില്‍ കഴിഞ്ഞിരുന്നത്. ഫരീഷയുടെ വരവോടെ റുബീനയുടെ അടഞ്ഞ ജീവിതത്തിലേക്ക് വെളിച്ചം വീശിത്തുടങ്ങി. സോഷ്യല്‍ മീഡിയയുടെ ശക്തമായ പിന്തുണയും വിദേശമന്ത്രാലയത്തിന്റെ ഇടപെടലും റുബീനയുടെ മോചനത്തിന് പിന്‍ബലമേകി. അതൊക്കെ തടവറയില്‍ നിന്നും റുബീന മോചിപ്പിക്കപ്പെടാനുള്ള സാധ്യതകളായി.
കടമ്പകളെല്ലാം പിന്നിട്ട് റുബീന നാട്ടില്‍ തിരിച്ചെത്തി. സ്വാതന്ത്ര്യത്തിന്റെ തെളിമയില്‍നിന്ന് അവളുടെ വിളി ഞാന്‍ കേട്ടു. അവള്‍ നേരിട്ട ദുരിതപര്‍വം വാക്കുകളിലൂടെ ഒഴുകി. ഒരു തെളിച്ചത്തിന്റെ കണ്ണുനീര്‍ ഞാന്‍ ദൂരെ നിന്നും അനുഭവിച്ചു.
നാട്ടിലെത്തിയ ശേഷം റുബീനയുടെ ജീവിതം തളിരിടുന്നത് ഞാനറിഞ്ഞു. ഭിന്നശേഷിക്കാരനായ നൗഷാദിനെ വിവാഹം കഴിച്ച് അവള്‍ ഭേദപ്പെട്ട കുടുംബജീവിതം നയിക്കുന്നുണ്ടെന്ന കാര്യം ഒരു സുഹൃത്താണ് എന്നെ വിളിച്ചറിയിച്ചത്. അപ്പോള്‍ അതീവ സന്തോഷം തോന്നി. പക്ഷെ അവരുടെ ജീവിതത്തിലെ സൗഭാഗ്യങ്ങള്‍ക്ക് അധികം ആയുസ്സ് ഉണ്ടായില്ല. നിഹാന്‍ എന്ന മകനുമൊത്ത് ആ കുടുംബം ഒരുതരത്തില്‍ കരകയറുമ്പോള്‍ വീണ്ടും ദുരന്തം വന്നെത്തുകയായി. മുച്ചക്ര സ്‌കൂട്ടറില്‍ കാറിടിച്ച്
നൗഷാദ് മരിച്ചപ്പോള്‍ റുബീനയുടെ ജീവിതം പിന്നെയും പ്രതിസന്ധിയിലകപ്പെട്ടു. ചിലരുടെ ജീവിതം അതാകണം, ദുരന്തങ്ങളില്‍ നിന്നും ദുരന്തങ്ങളിലേക്കുള്ള ഒരു നരകയാത്ര !
Content highlights: Life in prison, Maldives, Jayachandran Mokeri's memories, Indian Embassy