'കെട്ടി അയക്കപ്പെട്ട' പെണ്ണ് തിരിച്ചു വീട്ടിലെത്തിയാൽ, നാട്ടുകാരൊക്കെ മൂക്കത്ത് വിരൽ വെക്കും. 'ഓളെ ഓൻ ഒഴിവാക്കിയതാണ്', 'ഓ...ഓളെ കാര്യം തീർത്തതാണ്' എന്നെല്ലാം അവർ പരസ്പരം അടക്കം പറയും. ഉമ്മറത്ത് ചാരുകസേരയിൽ ചാരിയിരുന്ന് ദിവസേനയുള്ള അച്ഛന്റെ ദീർഘ നിശ്വാസവും മുറ്റമടിക്കുന്ന ചൂലുകൊണ്ട് മണ്ണിൽ ദേഷ്യം കോറിയിടുന്ന അമ്മയുടെ സങ്കടം പറച്ചിലും കേട്ടായിരിക്കും അവൾ എന്നും എഴുന്നേൽക്കുന്നത്. സ്വയം പരിതപിച്ചും കുറ്റപ്പെടുത്തിയും ആവാം അവൾ ഉറങ്ങാൻ കിടക്കുന്നത്. കുടുംബത്തിന്റെ അന്തസ്സും പേറി, ജനിച്ച് ജീവിക്കുന്ന ഓരോ പെൺകുട്ടികളും സന്തോഷവും സമാധാനവും അറിയുന്നില്ല. ദുരന്തപൂർണമായ വൈവാഹിക ജീവിതത്തിൽ നിന്നും മോചിക്കപ്പെട്ടാലും മലീനസമായ ഇത്തരം ചുറ്റുപാടിൽ ശ്വാസം മുട്ടി ജീവിക്കുന്ന പലരും ഇപ്പോഴുമുണ്ടാവും.

നമ്മുടെ സമൂഹം എപ്പോഴും വിവാഹ ബന്ധങ്ങൾ വേർപിരിയുന്നത് ഒരു പാപമായിട്ടാണ് കാണുന്നത്.
#A_divorced_daughter_is_better_than_a_dead_daughter എന്ന ഹാഷ് ടാഗ് സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നല്ലോ. ഉത്രയുടെ മരണവുമായി ബന്ധപ്പെട്ടായിരുന്നു കേരളം അന്ന് ഡിവോഴ്സിന്റെ പ്രാധാന്യത്തെക്കുറിച്ചു ചർച്ച ചെയ്തു തുടങ്ങിയത്. വിസ്മയയുടെ മരണത്തിന്റെ പശ്ചാത്തലത്തിൽ ഇനിയും ഇത് ചർച്ച ചെയ്യപ്പെടേണ്ടതു തന്നെയാണ്.

വിവാഹം... കുടുംബം... ഇത് വ്യത്യസ്ത കാഴ്ചപ്പാടുകളുള്ള വ്യക്തികളുടെ സമന്വയമാണ്. പരസ്പരം സ്നേഹവും ബഹുമാനവും കൊണ്ട് മാത്രം മുന്നോട്ട് പോകേണ്ട ഒന്ന്. പക്ഷെ, പലപ്പോഴും ഒരാളുടെ മാത്രം സഹനം കൊണ്ട് കുടുംബം താങ്ങി നിർത്തപ്പെടാറുണ്ട്. അവിടെ വ്യക്തി സ്വാതന്ത്ര്യങ്ങൾ ഹനിക്കപ്പെടാം. മിക്കപ്പോഴും സ്ത്രീകൾ തന്നെയാവും താളമില്ലാത്ത ദാമ്പത്യ ജീവിതത്തിലെ പ്രധാന ഇരകൾ. അല്ലെങ്കിലും 'കേറി വരുന്ന' പെണ്ണാണല്ലോ, എല്ലാം താളക്രമത്തിലാക്കേണ്ടത്...

പലരുടെയും ജീവിതത്തിൽ സഹനത്തിന്റെ അങ്ങേയറ്റം കണ്ടായിരിക്കും ഡിവോഴ്സിന്റെ വക്കിൽ വരെ എത്തുന്നത്. ഒരുമിച്ച് ജീവിക്കാൻ വൈമനസ്യമുണ്ടായിട്ടും തട്ടിയും മുട്ടിയും ആ ബന്ധം മുന്നോട്ടു കൊണ്ടു പോകാൻ വീടും, നാടും ഒന്നടങ്കം പരിശ്രമിക്കും. നരക തുല്യമായ ജീവിതം നയിക്കാൻ പലരും അങ്ങനെ നിർബന്ധിക്കപ്പെടും.

ജീവിതത്തിൽ നാം നേടുന്ന പങ്കാളിയോടൊത്ത് ജീവിതാന്ത്യം വരെ ജീവിക്കാം എന്നുള്ള ശുഭാപ്തി വിശ്വാസം നല്ലതുതന്നെ. പക്ഷെ വ്യത്യസ്തരായത് കൊണ്ട് തന്നെ, ഇടയ്ക്കെപ്പോഴെങ്കിലും മടുത്താൽ നിർത്താനുള്ളത് തന്നെയാണ് ആ ബന്ധം. ഒരിക്കലും പരസ്പരം ഭാരമായി, ഒരു കുടുംബ ജീവിതം നയിക്കുന്നത് രണ്ടു കൂട്ടർക്കും ഗുണകരമായിരിക്കുകയില്ല. വളർന്നു വരുന്ന കുട്ടികൾ മാതാപിതാക്കൾ തമ്മിലുള്ള അസ്വാരസ്യം കണ്ടു വളരുന്നത് കൊണ്ടു എന്ത് പ്രയോജനം?

സ്നേഹം കാണിച്ചു വളർത്തുന്നവരാവണം യഥാർത്ഥ മാതാപിതാക്കൾ. അതിനുത്തമം അകന്നു ജീവിക്കുന്നതോ പുതിയ പങ്കാളിയെ തേടുന്നതോ ആണ് എങ്കിൽ, അതു തന്നെയാണ് തിരഞ്ഞെടുക്കേണ്ടത്. പരസ്പര സമ്മതത്തോടെയാണ് വിവാഹ മോചനമെങ്കിൽ നിയമപരമായി കാര്യങ്ങൾ എളുപ്പവുമാകും.

യുഎന്നിന്റെ റിപ്പോർട്ട് പ്രകാരം, 1960-ന് ശേഷം ഇതുവരെ 250 ശതമാനത്തിലേറെ വർദ്ധനവാണ് വിവാഹമോചനത്തിൽ ലോകമെമ്പാടും സംഭവിച്ചിരിക്കുന്നത്. സ്ത്രീകളുടെ അവസ്ഥയിൽ കാതലായ മാറ്റങ്ങൾ സമൂഹത്തിൽ വന്നിട്ടുണ്ട് എന്നതാണ് ഇതിനു പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ജനന നിരക്കിലെ കുറവും സ്ത്രീകളുടെ വിവാഹ പ്രായത്തിലെ വർദ്ധനവും തൊഴിൽ മേഖലയിലെ പങ്കാളിത്തവും സാമ്പത്തിക സ്വയം പര്യാപ്ത കൈവരിക്കുന്നതിനു സഹായമായിട്ടുണ്ട്. സ്വന്തം ജീവിതത്തിൽ തീരുമാനങ്ങൾ എടുക്കുന്നതിനു ചുറ്റുപാട് കൂടുതൽ അനുകൂലമായിരിക്കുന്നു (സ്വന്തം വ്യക്തിത്വം തെളിയിക്കാൻ!).

2017-ലെ കണക്കനുസരിച്ച് ഇന്ത്യയിൽ 1 ശതമാനം മാത്രമാണ് വിവാഹമോചന നിരക്ക്. അതായത് 1000 വിവാഹം നടക്കുമ്പോൾ ഏകദേശം 13 വിവാഹ മോചനം മാത്രം നടക്കുന്നു. ലോകത്തിൽ വച്ച് ഏറ്റവും കുറഞ്ഞ നിരക്കാണ് ഇതെന്ന് ഓസ്ട്രേലിയൻ ലീഗൽ ഏജൻസി സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞ രണ്ടു ദശാബ്ദങ്ങൾക്കിടയിൽ വിവാഹമോചന നിരക്ക് ഇരട്ടിയായിട്ടുണ്ട്. മാത്രമല്ല, പരസ്പരം അകന്നു കഴിയുന്നവരുടെ (seperation) നിരക്ക് വിവാഹ മോചനത്തേക്കാളും മൂന്നിരട്ടിയാണ്. കോടതി നടപടി ക്രമങ്ങളുടെ മെല്ലെപ്പോക്കും, സമൂഹത്തിന്റെ വിമുഖതയും ഇതിനൊരു പ്രധാന കാരണങ്ങളാകാം.

പൊതുവിൽ വികസ്വര രാജ്യങ്ങളിൽ കുറഞ്ഞ വിവാഹമോചന നിരക്കും, വികസിത രാജ്യങ്ങളിൽ കൂടിയ നിരക്കും ആയി കാണാം (ലക്സംബെർഗ് (87%), അമേരിക്ക (46%), ഫ്രാൻസ് (55%), സ്പെയിൻ (65%)). ലിംഗ സമത്വത്തിൽ മുന്നിൽ നിൽക്കുന്ന സ്കാന്റിനേവിയൻ രാജ്യങ്ങളിലെ വിവാഹ മോചന നിരക്ക് 50 ശതമാനത്തോളമോ, അതിലേറെയോ ആണ്. ഇന്ത്യൻ സംസ്ഥാനങ്ങളുടെ കാര്യത്തിലാകട്ടെ, വിവാഹമോചന നിരക്കിൽ മുന്നിൽ നിൽക്കുന്നത് വടക്കു കിഴക്കൻ സംസ്ഥാനങ്ങളാണ്. കേരളവും ഒട്ടും പിന്നിലല്ല. പൊതുവിൽ സ്ത്രീകൾ ഇവിടങ്ങളിൽ ഭേദപ്പെട്ട അവസ്ഥയിലാണ്. അതേ സമയം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളായ ബീഹാർ, ഉത്തർ പ്രദേശ്, ഹരിയാന എന്നിവടങ്ങളിൽ വിവാഹമോചനനിരക്ക് വളരെ കുറവാണ്. അവിടങ്ങളിലെ സാമൂഹിക വ്യവസ്ഥ പുരുഷ കേന്ദ്രീകൃതമാണെന്നുള്ളതാണ് ശ്രദ്ധിക്കേണ്ട വസ്തുത. സ്ത്രീകളുടെ നില മികച്ചു നിൽക്കുന്ന സ്ഥലങ്ങളിൽ എപ്പോഴും വിവാഹ മോചനത്തിന്റെ തോതും കൂടുതലായി കാണാം.

കുറഞ്ഞ വിവാഹമോചനനിരക്ക് വിവാഹ ബന്ധത്തിന്റെ കെട്ടുറപ്പല്ല കാണിക്കുന്നത്. മറിച്ച്, അവസരമില്ലായ്മയും നീതി നിഷേധവുമാണ്. ബന്ധം വേർപ്പെടുത്തി ജീവിക്കാൻ സ്ത്രീകൾക്ക് സ്വതന്ത്ര്യവും കരുത്തും ഇല്ലായ്മയാണ് ഈ അവസ്ഥയ്ക്ക് കാരണം. ഡിവോഴ്സിനൊടുള്ള സമൂഹത്തിന്റെ വികലമായ കാഴ്ചപ്പാടാണ് പ്രധാന പ്രശ്നം. എത്ര വലിച്ചു കീറി പുറത്ത് വരാൻ ശ്രമിച്ചാലും എങ്ങനെയെങ്കിലും തുന്നിച്ചേർത്തു പ്രദർശിപ്പിക്കാൻ വേണ്ടി മാത്രം ബന്ധങ്ങൾ നിലനിർത്താൻ പ്രേരിപ്പിക്കുയാവാം ഒട്ടുമിക്ക കുടുംബങ്ങളും ചെയ്യുന്നത്. അവിടെ ബലിയർപ്പിക്കപ്പെടുന്നത് അവനവന്റെ വ്യക്തിത്വവും, സന്തോഷവും ആയിരിക്കും.

രണ്ടു വ്യക്തികൾ മാത്രം പൂർണ്ണമായി തീരുമാനമെടുത്ത് നടത്തേണ്ട വിവാഹമെന്ന സമ്പ്രദായത്തിൽ കുടുംബത്തിന്റെ കൈകടത്തൽ പലരുടെയും കാര്യത്തിൽ അതിരുകടക്കുന്നതാണ്. വ്യക്തികളുടെ ഇഷ്ടാനിഷ്ടങ്ങൾ പലപ്പോഴും അവിടെ വക വയ്ക്കപ്പെടാറില്ല. ആരോ നിശ്ചചയിക്കുന്ന 'കല്യാണ പ്രായത്തിൽ' ഏതൊക്കെയോ മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിൽ ചിലർ ചേർന്ന് കണ്ടെത്തുന്ന ഏതോ ഒരാളിൽ ബന്ധിക്കപ്പെടുന്ന ഒരുപാട് സ്ത്രീജന്മങ്ങളുണ്ട്. ആവും വിധം വിറ്റും കടം വാങ്ങിയും സ്ത്രീധനം ഒപ്പിച്ചു കല്യാണമാർക്കറ്റിലേക്ക് ഉള്ള വിൽപനചരക്കായി മാത്രം പെണ്മക്കളെ വളർത്തുന്ന അച്ഛനമ്മമാർ ഇന്നും ഉണ്ട് എന്നതാണ് സങ്കടകരമായ വസ്തുത.

(ചെന്നൈ മദ്രാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്റ് സ്റ്റഡീസി(MIDS) ല്‍ ഗവേഷക വിദ്യാര്‍ഥിയാണ് ലേഖകന്‍)