യുദ്ധങ്ങള്‍ക്കും മഹാമാരികള്‍ക്കുമൊടുവില്‍ കഷ്ടപ്പെടേണ്ടി വരിക സ്ത്രീകളും കുഞ്ഞുങ്ങളുമാണെന്നാണല്ലോ പഴമൊഴി, സ്ത്രീ പീഡന കേസുകളും ഗാര്‍ഹിക പീഡനങ്ങളും ലോക് ഡൗണ്‍ കാലത്തും കുറഞ്ഞിട്ടില്ല എന്നതാണ് വാസ്തവം. കൂടാതെ പുറത്തിറങ്ങാനാവാതെ  വീടുകളില്‍ രാപകല്‍ ഒന്നിച്ചു കഴിയേണ്ടി വന്നപ്പോള്‍ ഗാര്‍ഹിക പീഡനങ്ങള്‍ കൂടുതല്‍ അനുഭവിക്കേണ്ടി വന്നു എന്നാണ് പല സ്ത്രീകളുടെയും അനുഭവം.

ലോകമെമ്പാടും ഈ വര്‍ഷം നഴ്‌സുമാരുടെ വര്‍ഷമായി ആദരിക്കുമ്പോള്‍, മലയാളി നഴ്‌സ് ആയ യുവതി അമേരിക്കയിലെ തന്റെ ജോലിസ്ഥലത്തുവച്ച്  ഭര്‍ത്താവിനാല്‍ മുന്‍കൂട്ടി പദ്ധതിയിട്ട അതിക്രൂരവും പൈശാചികവുമായ കൊലപാതകത്തില്‍ ജീവന്‍ വെടിഞ്ഞിട്ട് ഏറെ നാളായില്ല.. പതിനേഴു കത്തിക്കുത്തുകള്‍ പോരാഞ്ഞിട്ട് വീണു കിടക്കുന്ന അവളുടെ മേല്‍ വാഹനം ഓടിച്ചു കയറ്റി അയാള്‍ അവളെ കൊന്നു. ഇതിനും കുറച്ചു നാള്‍ മുന്‍പ് മലയാളിയായ മറ്റൊരു ചെറുപ്പക്കാരന്‍ സ്വന്തം ഭാര്യയെ വില കൊടുത്തു വാങ്ങിയ പാമ്പിനെ കൊണ്ട് കൊത്തിച്ചു, അതി വിദഗ്ധമായി അവളെ തന്റെ ജീവിതത്തില്‍ നിന്നും ഒഴിവാക്കിയെടുത്തു.

 പക്ഷെ, ഒരു പാടു തവണ കണ്ടും കേട്ടും പുതുമ നഷ്ടപ്പെട്ട വിഷയങ്ങളായ സ്ത്രീ പീഡന മരണങ്ങള്‍ നമ്മുടെ മനസുകളില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നും വളരെ പെട്ടെന്ന് മാഞ്ഞുപോവുകയാണ്.. 
നാലു നാളത്തെ വാര്‍ത്തകള്‍ക്കും ചാനല്‍ ചര്‍ച്ചകള്‍ക്കുമൊടുവില്‍ അവര്‍ക്കോ അവരുടെ വേണ്ടപ്പെട്ടവര്‍ക്കോ എന്തു സംഭവിക്കുന്നു എന്ന് ആരും അന്വേഷിച്ചു ചെല്ലാറില്ല .. നഷ്ടം അവരുടേതു മാത്രമായി  അവസാനിക്കുകയാണ് പതിവ്..
   
ഭര്‍തൃ വീടുകളില്‍ പെണ്‍കുട്ടികള്‍ മരണപ്പെടുന്ന വാര്‍ത്തകളില്‍ പോലും നിറഞ്ഞു നില്‍ക്കുന്നത് പൊന്നിലും പട്ടിലും മൂടിയ അവരുടെ  വിവാഹ ദിന ഫോട്ടോകള്‍ മാത്രമാണ്, എന്തുകൊണ്ട് നമ്മുടെ പെണ്‍കുട്ടികള്‍ക്ക് ഇങ്ങനെ സംഭവിക്കുന്നു? 

ആരാണ് ഇതിനെല്ലാം ഉത്തരം പറയേണ്ടത്?

പട്ടിലും പൊന്നിലും മൂടിയില്ലെങ്കില്‍ പെണ്‍ജീവിതങ്ങള്‍ പാഴാണെന്ന അദ്യശ്യ സന്ദേശം സമൂഹത്തിനു നല്‍കുന്ന കച്ചവട ലോകം. യൗവനത്തിലെത്തിയ മകള്‍ക്ക് കല്യാണമായില്ലേയെന്ന നാട്ടുകാരുടെ ചോദ്യങ്ങള്‍ക്ക് വല്ല വിധേനയും ഉത്തരം കണ്ടെത്താനായി പരക്കം പായുന്ന മാതാപിതാക്കള്‍ ..
മകളുടെ കല്യാണമെന്നാല്‍ സകല വമ്പത്തരങ്ങളും നാട്ടുകാരുടെ മുന്നില്‍ നിരത്താന്‍ മാത്രമുള്ള അവസരമെന്നു കരുതുന്ന ധനവാന്‍ മാരും ഇവര്‍ക്കൊപ്പം എങ്ങനെയും എത്താനായി പറമ്പുവിറ്റും കടം വാങ്ങിയും സ്ത്രീധനമൊരുക്കുന്ന നിര്‍ധനരും.

ജോലിയില്ലാത്ത മകന് വിദേശത്തേക്ക് കടക്കാന്‍ വിദേശത്ത് നഴ്‌സായ പെണ്‍കുട്ടിയെ തപ്പി നടക്കുന്നവര്‍ ...
തങ്ങളുടെ കടങ്ങള്‍ വീട്ടാന്‍ വമ്പിച്ച സ്ത്രീധനം മാത്രം ഉന്നമിട്ട് മറ്റൊന്നുമന്വേഷിക്കാതെ കല്യാണം നടത്തുന്നവര്‍ ..
     
വിവാഹമെന്നാല്‍ രണ്ടു പേര്‍ ഒന്നിച്ച് ജീവിക്കാനുള്ള ഉടമ്പടി എന്നതില്‍ കവിഞ്ഞ് മറ്റു പലവിധ കച്ചവടങ്ങള്‍ മാത്രമായി തീരുമ്പോള്‍, പലപ്പോഴും ഒന്നിച്ചു ജീവിക്കേണ്ടവര്‍ അവസരങ്ങളുണ്ടെങ്കില്‍ കൂടിയും പരസ്പരം മനസിലാക്കാന്‍ ശ്രമിക്കുന്നില്ല. പരസ്പരമറിയുന്നതിലും കൂടുതല്‍ നമ്മുടെ ചെറുപ്പക്കാര്‍ താല്‍പര്യം കാണിക്കുന്നത് സേവ് ദ ഡേറ്റ്' മെഹന്തി, വീഡിയോ ഷൂട്ടിംഗുകള്‍ക്കാണ്,

സാമൂഹിക നീതി വകുപ്പിന്റെയും പോലീസിന്റെയും ഭാഗമായി അനവധി ബോധവല്‍ക്കരണ ക്‌ളാസുകള്‍ നടത്തിയിട്ടുണ്ട്, എല്ലായിടത്തും കുറെ സ്ത്രീകളെ പിടിച്ചിരുത്തി പഠിപ്പിക്കുകയാണ് പതിവ്. പീഡനം ഉണ്ടായാല്‍ എവിടെ, എങ്ങനെ പരാതിപ്പെടണം എന്ന് ..എന്നാല്‍, പീഡനം ഉണ്ടാവാതിരിക്കാന്‍ എന്തു ചെയ്യണം എന്നതിലേക്ക് കുറച്ചു കൂടി കാര്യങ്ങള്‍ ചേര്‍ക്കാനില്ലേ?

നിയമം' എന്ന വിഷയം നമ്മുടെ കുട്ടികളെ നിര്‍ബന്ധമായും ചെറിയ ക്‌ളാസുകള്‍ മുതല്‍ തന്നെ പഠിപ്പിക്കേണ്ടതാണ്. സ്ത്രീ സംരക്ഷണ നിയമങ്ങളും വിവാഹ മോചന നിയമങ്ങളും ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരുന്ന് പഠിക്കട്ടെ, വ്യക്തി സ്വാതന്ത്രൃം എന്നതിനവകാശികള്‍ ആണും പെണ്ണും ഒരുപോലെയാണെന്നും അവര്‍ പഠിക്കട്ടെ.

ഇന്ന് സ്ത്രീ സംരക്ഷണത്തിനായി ധാരാളം നിയമങ്ങളുണ്ട്. വിവാഹിതകളായ സ്ത്രീകളെ പീഡനത്തില്‍ നിന്നും സംരക്ഷിക്കാനായി ഉണ്ടാക്കിയ ആക്ടാണ് 2005 ലെ ഗാര്‍ഹിക പീഡന നിരോധന നിയമം. ഈ നിയമപ്രകാരം ഭര്‍ത്തൃ വീട്ടിലോ സ്വന്തം വീട്ടിലോ ഉള്ള പീഡനങ്ങള്‍ക്കെതിരെ ഒരു സ്ത്രീക്ക് പരാതിപ്പെടാനും പരിഹാരങ്ങള്‍ നേടിയെടുക്കാനും കഴിയും. ഇതില്‍, ഭര്‍ത്താവില്‍ നിന്നോ മറ്റ് കുടുംബാംഗങ്ങളില്‍ നിന്നോ ഉള്ള ശാരീരിക, മാനസിക, ലൈംഗിക, സാമ്പത്തിക പീഡനങ്ങള്‍ തടയുക എന്നതിനൊപ്പം, തനിക്കും തന്റെ കുട്ടികള്‍ക്കും ചിലവിനുള്ള പണം, വേണ്ടി വന്നാല്‍ വീട്ടുവാടക എന്നിവ നേടിയെടുക്കുന്നതിനും പീഡനങ്ങള്‍ക്കിരയായതിനുള്ള നഷ്ട പരിഹാരം ലഭിക്കുന്നതിനുമുള്ള വ്യവസ്ഥകളുണ്ട്. ഈ ഉത്തരവുകള്‍ ലംഘിച്ചാല്‍ പ്രതിക്ക് തടവുശിക്ഷ ലഭിക്കുന്നതാണ്.

ഇതു കൂടാതെ ഇന്ത്യന്‍ ശിക്ഷാ നിയമ പ്രകാരം സ്ത്രീ പീഡനങ്ങള്‍ക്കെതിരെ ഭര്‍ത്തൃമതിയായ ഒരു സ്ത്രീക്ക്, ഭര്‍ത്താവിനും കുടുംബാംഗങ്ങള്‍ക്കുമെതിരെ ക്രിമിനല്‍ കേസു നല്‍കാനുള്ള അവകാശവുമുണ്ട്. ഇതു പ്രകാരം പ്രതിക്ക് തടവു ശിക്ഷയും പിഴയും ലഭിക്കാനുള്ള വകുപ്പുകളാണുള്ളത്. 

ഒരു സ്ത്രീയുടെ ശാരീരിക, മാനസിക, ലൈംഗിക, സാമ്പത്തിക സുരക്ഷിതത്വം മുന്‍ നിര്‍ത്തിയുള്ളതാണ് ഇത്തരം നിയമങ്ങള്‍. ഇതു കൂടാതെ ഗാര്‍ഹിക പീഡന നിരോധന നിയമ പ്രകാരം, ജില്ല തോറും സാമൂഹിക നീതി വകുപ്പിനു കീഴില്‍ ഒരു സംരക്ഷണ ഉദ്യോഗസ്ഥയെയും നിയമിച്ചിട്ടുണ്ട്, ഇവിടെ ഇരകളായ സ്ത്രീകള്‍ക്ക് സൗജന്യ നിയമസഹായം ലഭ്യമാണ്.  കൂടാതെ ഈ നിയമ പ്രകാരം ഓരോ ജില്ലയിലും സൗജന്യ നിയമ സഹായം നല്‍കുന്ന അനേകം സേവന ദാതാക്കള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സാമൂഹിക നീതി വകുപ്പിന്റെ തന്നെ സഖി' എന്ന സ്ഥാപനത്തിലും സ്ത്രീകള്‍ക്കു വേണ്ട നിയമ, വൈദ്യ, കൗണ്‍സിലിംഗ് സേവനങ്ങള്‍ തികച്ചും സൗജന്യമായി ലഭിക്കുന്നതാണ്. ഇതിനൊപ്പം ഓരോ ജില്ലയിലും പോലീസിന്റെ വനിതാ സെല്‍, പിങ്ക് പോലീസ് സൗകര്യങ്ങളും സ്ത്രീകള്‍ക്കു മാത്രമായുള്ളതാണ്. കെല്‍സയുടെ ഭാഗമായുള്ള ലീഗല്‍ സര്‍വീസ് അതോറിറ്റിയും താലൂക്കുകള്‍ തോറും പ്രവര്‍ത്തിക്കുന്നു, ഇവിടെ സൗജന്യ നിയമ സഹായവും കൗണ്‍സിലിംഗ്, മീഡിയേഷന്‍ സേവനങ്ങളും ലഭ്യമാണ്.

 ഇതിനും പുറമെയാണ് പീഡനങ്ങളാകുന്ന ദാമ്പത്യത്തില്‍ നിന്നും പുറത്തു കടക്കുന്നതിനുള്ള വിവാഹ മോചന നിയമങ്ങള്‍, ഒരു സ്ത്രീക്ക്, തൃപ്തികരമല്ലാത്ത വിവാഹ ജീവിതത്തില്‍ നിന്നും പുറത്തു കടക്കുന്നതിനായുള്ള വിവാഹ മോചന നിയമങ്ങളും നിലവിലുണ്ട്. ഇത്തരം നിയമങ്ങളെല്ലാം നമ്മുടെ കുട്ടികള്‍ അവരുടെ വിദ്യാഭ്യാസ കാലത്തു തന്നെ പഠിക്കേണ്ടതാണ്.

ഇതിനൊപ്പം,പതിനെട്ടു തികയുക എന്നതില്‍ നിന്നും, സാമ്പത്തികമായി സ്വന്തം കാലില്‍ നില്‍ക്കാറാവുക എന്നതാവണം പെണ്‍കുട്ടിയുടെ വിവാഹത്തിനുള്ള യോഗ്യത എന്നു നമ്മള്‍ മാറ്റി ചിന്തിക്കുകയും വേണം.
സ്വന്തമായി ഒരു വരുമാനവും തല ചായ്കാന്‍ ഇടവുമില്ലാത്തതിനാല്‍ മാത്രം കുടുംബ കോടതി വരാന്തകളില്‍ നടക്കുന്ന ' നിര്‍ബന്ധിത' ഒത്തുതീര്‍പ്പുകളില്‍ കണ്ണീരോടെ നിസഹായരായ പെണ്‍കുട്ടികള്‍ ഒപ്പുവയ്ക്കുന്നത് പല തവണ കണ്ടുനില്‍ക്കേണ്ടി വന്നിട്ടുണ്ട്.

 മാതാപിതാക്കളെ, വിറ്റ സാധനം തിരിച്ചെടുക്കില്ലെന്ന നിലപാട് സ്വന്തം മക്കളുടെ കാര്യത്തില്‍ ശരിയാണോ എന്നാലോചിക്കുക. ആപത്തായി തീരാവുന്ന ഒരു ബന്ധത്തില്‍ നിന്നും തിരിച്ചു വരാനുള്ള സ്വാതന്ത്യം അവര്‍ അര്‍ഹിക്കുന്നില്ലേ?

ഒരു പെണ്‍കുട്ടിയുടെ ജീവിതോദ്ധേശം ഒരു വന്റെ ഭാര്യയായി തീരുക മാത്രമാണെന്ന തരത്തിലുള്ള ചില പരസ്യങ്ങള്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും മനസിലേക്ക് തെറ്റായ സന്ദേശമാണ് നല്‍കുന്നത്, നിര്‍ധനരായ മാതാപിതാക്കളുടെ മനസില്‍  തീകോരിയിടുകയാണ്, ഉപഭോക്ത സംസ്‌കാരത്തിന്റെ ഭാഗമായി പൊന്നിനും പട്ടിനും പരസ്യമായി പെണ്‍കുട്ടികളുടെ വിവാഹ സീനുകള്‍ മാത്രം കാണിക്കുന്നതില്‍ വീണു പോവാതിരിക്കുക. ചില പരസ്യങ്ങളില്‍ പറയുന്നതുപോലെ, ഒരു പെണ്‍ കുട്ടി ജനിക്കുമ്പോള്‍ മുതല്‍ അവളുടെ കല്യാണമല്ലാതെ നിങ്ങള്‍ക്ക് അവളെ കുറിച്ച് മറ്റെന്തെലാം സ്വപ്നം കാണാനുണ്ട്.

നിങ്ങളുടെ മകള്‍ നോബല്‍ സമ്മാനം വാങ്ങുന്നത് സ്വപ്നം കാണൂ...
നിങ്ങളുടെ മകള്‍ നാടുഭരിക്കുന്നത് സ്വപ്നം കാണൂ...
നിങ്ങളുടെ മകളെ കാണാന്‍ ആളുകള്‍ കാത്തുനില്‍ക്കുന്നത് സ്വപ്നം കാണൂ...
നിങ്ങളുടെ അവസാന കാലത്തും അവള്‍ ജീവനോടെ, ആരോഗ്യവതിയായി, നിങ്ങളോടൊപ്പം സന്തോഷമായിരിക്കുന്നു എന്നും സ്വപ്നം കാണൂ.

മിഥ്യാഭിമാനങ്ങള്‍ക്കായും നാട്ടുകാരുടെ ചോദ്യങ്ങള്‍ക്കുത്തരങ്ങള്‍ക്കായും നിങ്ങളുടെ മകളെ, ആ സുന്ദര സ്വപ്നത്തെ നശിപ്പിക്കാതിരിക്കൂ.

Content Highlight: women and society