മീററ്റ്:  ഉത്തര്‍പ്രദേശില്‍ യുവാവിനെ വെട്ടിക്കൊന്ന കേസില്‍ 70-കാരിക്ക് ജീവപര്യന്തം തടവ്. അനുപ്ഷഹര്‍ സ്വദേശി കസ്തൂരി ദേവിയെയാണ് ബുലന്ദ്ഷഹര്‍ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി രാജേശ്വര്‍ ശുക്ല ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോഴാണ് യുവാവിനെ വെട്ടിക്കൊന്നതെന്ന് പ്രതിഭാഗം വാദിച്ചെങ്കിലും സംഭവം മുന്‍കൂട്ടി ആസൂത്രണം ചെയ്ത കൊലപാതകമാണെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍. 

2010 ജൂലായ് 31-നാണ് കസ്തൂരി ദേവി പ്രവീണ്‍ കുമാര്‍(20) എന്നയാളെ വെട്ടിക്കൊന്നത്. പ്രവീണ്‍ വീട്ടില്‍ക്കയറി മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ താന്‍ തടയുകയായിരുന്നെന്നും തുടര്‍ന്ന് കോടാലി കൊണ്ട് ആക്രമിച്ചെന്നുമായിരുന്നു കസ്തൂരി ദേവിയുടെ മൊഴി. കൃത്യം നടത്തിയതിന് പിന്നാലെ ഇവര്‍ അനുപ്ഷഹര്‍ പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയും കുറ്റം സമ്മതിക്കുകയും ചെയ്തു. 

11 വര്‍ഷത്തോളമാണ് കേസിന്റെ വിചാരണ നീണ്ടുപോയത്.  സംഭവം നടക്കുമ്പോള്‍ കസ്തൂരി ദേവിക്ക് 59 വയസ്സായിരുന്നു. അര്‍ധരാത്രി വീട്ടില്‍ അതിക്രമിച്ച് കയറിയാണ് യുവാവ് തന്റെ 20 വയസ്സുള്ള മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്നായിരുന്നു ഇവരുടെ വാദം. കസ്തൂരിയുടെ മകളും മകനുമായിരുന്നു കേസിലെ ദൃക്‌സാക്ഷികള്‍. വിചാരണയ്ക്കിടെ ഇവരും ഇതേ മൊഴി തന്നെയാണ് നല്‍കിയത്. എന്നാല്‍ സംഭവത്തിന് പിന്നില്‍ ഗൂഢാലോചന നടന്നതായാണ് കോടതി കണ്ടെത്തിയത്. മുന്‍കൂട്ടി ആസൂത്രണം ചെയ്ത ദുരഭിമാനക്കൊലയാണെന്നും കോടതി പറഞ്ഞു. 

യുവാവിന്റെ കഴുത്തിന് സമീപത്തായി അഞ്ച് തവണയാണ് വെട്ടേറ്റത്. ഇതാണ് പെട്ടെന്നുള്ള മരണത്തിന് കാരണമായത്.  പീഡനശ്രമം ചെറുക്കാനാണ് കോടാലി കൊണ്ട് ആക്രമിച്ചതെങ്കില്‍ ഇത്രയുംതവണ ആക്രമിക്കില്ലെന്നും കോടാലി കൊണ്ടുള്ള ചെറിയ ആക്രമണം കൊണ്ട് പോലും യുവാവിനെ പിന്തിരിപ്പിക്കാന്‍ കഴിയുമായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. മാത്രമല്ല, യുവാവിനെ കൊന്ന് മൃതദേഹം വീടിന് പുറത്തെത്തിച്ച ശേഷമാണ് കുടുംബം മറ്റുള്ളവരെ വിവരമറിയിച്ചതെന്നും കോടതി കണ്ടെത്തി. ഇതെല്ലാം മുന്‍കൂട്ടി ആസൂത്രണം ചെയ്ത കൊലപാതകമെന്ന കണ്ടെത്തലിലേക്കാണ് വിരല്‍ചൂണ്ടുന്നതെന്നും കോടതി പറഞ്ഞു. 

Content Highlights: woman says he killed youth when he tried to rape her daughter court given life imprisonment