ന്യൂഡല്‍ഹി: സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമല്ലെന്ന സുപ്രീംകോടതി വിധിക്ക് പിന്നാലെ ഇതുസംബന്ധിച്ചുള്ള ആശയക്കുഴപ്പങ്ങള്‍ തുടരുന്നു. ഉഭയസമ്മതത്തോടെയുള്ള സ്വവര്‍ഗലൈംഗികതയാണ് കുറ്റകരമല്ലാതാക്കിയതെന്ന് കോടതി വിധിയില്‍ വ്യക്തമായി പറയുന്നുണ്ടെങ്കിലും സമാനസ്വഭാവമുള്ള പരാതികളില്‍ പോലീസ് കേസെടുക്കാന്‍ തയ്യാറാകുന്നില്ല. ഡല്‍ഹിയില്‍ 19-കാരി പീഡിപ്പിച്ചെന്ന് കാണിച്ച് 25-കാരിയായ യുവതി പരാതി നല്‍കിയെങ്കിലും പോലീസ് കേസെടുത്തിരുന്നില്ല. സുപ്രീം കോടതി വിധി ചൂണ്ടിക്കാണിച്ചാണ് പോലീസ് കേസെടുക്കാതിരുന്നത്. കേസ് രജിസ്റ്റര്‍ ചെയ്താലും പുതിയ വിധിയുടെ അടിസ്ഥാനത്തില്‍ തിരിച്ചടിയുണ്ടാകുമെന്നാണ് പോലീസ് ഭാഷ്യം. 

ഡല്‍ഹിയില്‍ വച്ചാണ് 25 വയസുകാരിയായ യുവതി ദിവസങ്ങളോളം അതിക്രൂരമായ പീഡനത്തിനിരയായത്. നേരത്തെ ഗുരുഗ്രാമില്‍ ജോലിചെയ്തിരുന്ന യുവതി കഴിഞ്ഞ മാര്‍ച്ചില്‍ ജോലി രാജിവെച്ച് സ്വന്തം ബിസിനസ് സംരഭം ആരംഭിച്ചിരുന്നു. ഓണ്‍ലൈന്‍ വസ്ത്രവ്യാപാര രംഗത്ത് മുതല്‍മുടക്കാനായിരുന്നു യുവതിയുടെ തീരുമാനം. പിതാവ് നല്‍കിയ ഒന്നര ലക്ഷം രൂപയോടൊപ്പം പാര്‍ട്ണര്‍മാരെയും സംഘടിപ്പിച്ച് ബിസിനസ് ആരംഭിക്കാനായിരുന്നു പദ്ധതി.

ഇതിനിടെയാണ് എച്ച്.സി.എല്ലില്‍ ജോലിയുണ്ടെന്ന് അവകാശപ്പെട്ടിരുന്ന രോഹിത് എന്ന യുവാവിനെ പരിചയപ്പെട്ടത്. ബിസിനസില്‍ പണംമുടക്കാന്‍ താത്പര്യമുണ്ടെന്ന് അറിയിച്ച രോഹിത് യുവതിയെ തന്റെ ഫ്‌ളാറ്റിലേക്ക് ക്ഷണിച്ചു. ഇവിടെവച്ച് രോഹിതും സുഹൃത്തായ രാഹുലും ചേര്‍ന്ന് യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പീഡനദൃശ്യങ്ങള്‍ ചിത്രീകരിച്ച ഇരുവരും ഇതുകാണിച്ച് ഭീഷണിപ്പെടുത്തി പീഡനം തുടര്‍ന്നു. ഇതിനിടെ ഇവരുടെ ബിസിനസ് ഇടപാടുകാരും ഫ്‌ളാറ്റിലെത്തി  യുവതിയെ പീഡനത്തിനിരയാക്കി. 

ഫ്‌ളാറ്റില്‍ കഴിയുന്നതിനിടെ 25-കാരിക്ക് വീട്ടുകാരുമായി ബന്ധപ്പെടാന്‍ യുവാക്കള്‍ അവസരമൊരുക്കിയിരുന്നു. എന്നാല്‍ പീഡനവിവരം വെളിപ്പെടുത്തരുതെന്ന് ഭീഷണിപ്പെടുത്തിയതിനാല്‍ യുവതി വീട്ടുകാരോട് ഒന്നും പറഞ്ഞിരുന്നില്ല. യുവതിയുടെ വീട്ടിലേക്ക് രാഹുല്‍ ഇരുപതിനായിരം രൂപ അയച്ചുകൊടുക്കുകയും ചെയ്തു. ഈ പണം മകളുടെ പുതിയ ബിസിനസ് സംരംഭത്തിലെ വരുമാനമെന്നാണ് വീട്ടുകാര്‍ കരുതിയിരുന്നത്. ഇതിനിടെയാണ് ഫ്‌ളാറ്റിലെത്തിയ 19-കാരിയും യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ തുടങ്ങിയത്. ആദ്യം ചെറുത്തുനിന്നെങ്കിലും യുവതിയെ മര്‍ദ്ദിച്ചവശയാക്കിയശേഷമാണ് 19-കാരി പീഡിപ്പിച്ചത്. പിന്നീട് ദിവസങ്ങളോളം ഇത് ആവര്‍ത്തിച്ചു. ഒടുവില്‍ ഫ്‌ളാറ്റില്‍നിന്ന് രക്ഷപ്പെട്ട യുവതി മൂന്നുപേര്‍ക്കെതിരെയും പോലീസില്‍ പരാതി നല്‍കി. എന്നാല്‍ രാഹുല്‍ മാത്രമാണ് പോലീസിന്റെ പിടിയിലായത്. ഇയാള്‍ നിലവില്‍ തിഹാര്‍ ജയിലിലാണ്. കേസിലെ മറ്റൊരു പ്രതിയായ രോഹിത് ഇപ്പോഴും ഒളിവിലാണ്. 

യുവതിയുടെ പരാതിയില്‍ രണ്ടു പേര്‍ക്കെതിരെ മാത്രം പോലീസ് കേസെടുത്തതാണ് വലിയ വിവാദത്തിന് തിരി കൊളുത്തിയിരിക്കുന്നത്. സുപ്രീം കോടതി വിധിയെതുടര്‍ന്ന് 19-കാരിക്കെതിരെ കേസെടുക്കാനാവില്ലെന്നായിരുന്നു സീമാപുരി പോലീസ് യുവതിയോട് പറഞ്ഞത്. പോലീസ് കേസെടുക്കാന്‍ തയ്യാറാകാത്തതിനാല്‍ യുവതി മജിസ്‌ട്രേറ്റിന് പരാതി നല്‍കുകയും സി.ആര്‍.പി.സി സെക്ഷന്‍ 164പ്രകാരം മൊഴി രേഖപ്പെടുത്തുകയും ചെയ്തു. ആറാഴ്ച ഗര്‍ഭിണിയായതിനാല്‍ അബോര്‍ഷന്‍ നടത്താന്‍ അനുമതി നല്‍കണമെന്നും യുവതി മജിസ്‌ട്രേറ്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

അതേസമയം, യുവതിയുടെ പരാതിയില്‍ പ്രാഥമികമായ അന്വേഷണം മാത്രമാണ് നടന്നതെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് ഒരാളെ അറസ്റ്റ് ചെയ്തതെന്നും സീമാപുരി സ്റ്റേഷന്‍ ഓഫീസര്‍ പ്രതികരിച്ചു. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. 

യുവാക്കള്‍ക്കെതിരെ ഐ.പി.സി. 376-ാം വകുപ്പ് പ്രകാരം ബലാത്സംഗത്തിന് കേസെടുക്കാമെങ്കിലും 19-കാരിക്കെതിരെ ഈ വകുപ്പ് ചുമത്തി കേസെടുക്കാനാവില്ല. ഐ.പി.സി 376-ാം വകുപ്പില്‍ സ്ത്രീ-പുരുഷ ബലാത്സംഗത്തെക്കുറിച്ച് മാത്രമാണ് പ്രതിപാദിക്കുന്നത്. സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമല്ലാതാക്കിയതോടെ ഐ.പി.സി 377 പ്രകാരവും 19-കാരിക്കെതിരെ കേസെടുക്കാനാവില്ല. യുവതിയുടെ സമ്മതത്തോടെയാണോ അതോ സമ്മതമില്ലാതായാണോ ലൈംഗിക ചൂഷണം നടന്നതെന്ന് വ്യക്തമാകാത്തതിനാലാണ് ഈ വകുപ്പ് ചുമത്തിയും കേസെടുക്കാന്‍ കഴിയാത്തത്.

അതേസമയം, പരാതിയില്‍ ബലാല്‍ക്കാരമായി പീഡനം നടന്നതെന്ന് വ്യക്തമായി പറയുന്നതിനാല്‍ ഐ.പി.സി 377 പ്രകാരം കേസെടുക്കണമെന്നാണ് യുവതിയുടെ അഭിഭാഷക പ്രിയങ്ക ദാഗര്‍ പ്രതികരിച്ചത്. ഉഭയസമ്മതത്തോടെയുള്ള സ്വവര്‍ഗലൈംഗികത മാത്രമാണ് ക്രിമിനല്‍ക്കുറ്റമല്ലാതാക്കിയതെന്നും ഈ സംഭവത്തില്‍ യുവതിയുടെ സമ്മതമില്ലാത്തതിനാല്‍ 377-ാം വകുപ്പ് പ്രകാരം കേസെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.