ഡബ്ലിന്‍: ആണ്‍സുഹൃത്തിന്റെ ലൈംഗിക പീഡനത്തിനിരയായ യുവതിക്ക് ഒരു മില്യണ്‍ ഡോളര്‍ ( ഏകദേശം 7.15 കോടി രൂപ) നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ച് അയര്‍ലന്‍ഡ് കോടതി. ഡബ്ലിന്‍ സ്വദേശിയായ യുവതിക്കാണ് ഇത്രയുംതുക നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി ഉത്തരവിട്ടത്. ആണ്‍സുഹൃത്തായിരുന്ന നോര്‍വെ സ്വദേശിയാണ് യുവതിയെ ലൈംഗിക പീഡനത്തിനിരയാക്കിയത്. 

നിരന്തരമായ ലൈംഗിക പീഡനത്തിന് ശേഷം യുവതി മാനസികമായി തളര്‍ന്നെന്നും മാനസികപ്രശ്‌നങ്ങള്‍ നേരിടുകയാണെന്നുമുള്ള വാദം കോടതി അംഗീകരിച്ചു. പീഡനത്തിന് ശേഷം എവിടെപ്പോയാലും താന്‍ സുരക്ഷിതയല്ലെന്ന ചിന്തയാണെന്ന് യുവതി കോടതിയില്‍ പറഞ്ഞിരുന്നു. നേരത്തെ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതും കോടതിയെ അറിയിച്ചു. വിചാരണയില്‍ ഹാജരായ മനശാസ്ത്ര വിദഗ്ധനും യുവതിയുടെ മാനസികനിലയെക്കുറിച്ച് കോടതിയെ ബോധിപ്പിച്ചിരുന്നു. ഇതെല്ലാം വിശദമായി കേട്ടശേഷമാണ് നഷ്ടപരിഹാരം വിധിച്ചത്. 

സംഭവത്തില്‍ യുവതിയുടെ ആണ്‍സുഹൃത്തായിരുന്ന നോര്‍വെ സ്വദേശിക്ക് നേരത്തെ ഏഴ് വര്‍ഷം തടവ് ശിക്ഷ വിധിച്ചിരുന്നു. ഇത് പിന്നീട് 15 മാസമായി കുറച്ചു. പ്രതിയും യുവതിയും തമ്മില്‍ അടുപ്പത്തിലായിരുന്ന സമയത്താണ് കേസിനാസ്പദമായ സംഭവം നടന്നത്. താന്‍ ഉറങ്ങുന്നതിനിടെ പലപ്പോഴും ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചെന്നും അതിക്രമം നടത്തിയെന്നുമായിരുന്നു യുവതിയുടെ പരാതി. മോശമായരീതിയില്‍ യുവതിയെ ഉപദ്രവിച്ചതായും ലൈംഗിക അതിക്രമം നടത്തിയതായും പ്രതിയും കോടതിയില്‍ സമ്മതിച്ചിരുന്നു. 

Content Highlights: woman raped by her boyfriend; ireland court orders one million dollar as compensation