തലശ്ശേരി: ഭര്‍തൃവീട്ടുകാരോടുള്ള വിരോധം മൂലം ഭര്‍തൃസഹോദരിയുടെ ഒന്നരവയസ്സുള്ള മകനെ കിണറ്റിലിട്ട് കൊന്ന കേസില്‍ യുവതിക്ക് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ. കണ്ണൂര്‍ പാനൂര്‍ ചമ്പാട് അരയാക്കൂല്‍ നൗഷാദ് നിവാസില്‍ എന്‍.എന്‍.നയീമയെ(29)യാണ് ശിക്ഷിച്ചത്. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി(ഒന്ന്) ജഡ്ജി പി.എന്‍.വിനോദാണ് ശിക്ഷവിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒരുവര്‍ഷം കഠിനതടവനുഭവിക്കണം. പിഴയടച്ചാല്‍ തുക കുട്ടിയുടെ അമ്മയ്ക്ക് നല്‍കണം.

2011 സെപ്റ്റംബര്‍ 17-ന് രാവിലെ എലാങ്കോട് പുതിയവീട്ടിലാണ് കേസിനാസ്പദമായ സംഭവം. ഭര്‍തൃസഹോദരി നിസാനിയയുടെയും ഹാരിസിന്റെയും ഇളയകുട്ടിയായ അദ്നാനാണ് മരിച്ചത്. വീട്ടില്‍നിന്ന് കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ വീട്ടുപറമ്പിലെ പൊട്ടക്കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പോലീസ് അന്വേഷണത്തിലാണ് കുട്ടിയെ കിണറ്റിലിട്ട് കൊന്നതാണെന്ന് വ്യക്തമായത്. 

സ്വന്തം വീട്ടിലായിരുന്ന നയീമ ഭര്‍ത്താവ് വിദേശത്ത് പോകുന്നതുമായി ബന്ധപ്പെട്ട് സംഭവദിവസത്തിന്റെ തലേന്നാണ് ഭര്‍തൃവീട്ടിലെത്തിയത്. വണ്ടിയാക്കി കളിക്കാമെന്നുപറഞ്ഞ് കുഞ്ഞിനെയുമെടുത്ത് കിണറ്റിന്റെ ഭാഗത്തേക്ക് നയീമ പോകുന്നത് കണ്ടതായി വിചാരണവേളയില്‍ സാക്ഷി മൊഴിനല്‍കിയിരുന്നു. ദൃക്സാക്ഷികളില്ലാത്ത കേസില്‍ സാഹചര്യത്തെളിവിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ ശിക്ഷിച്ചത്. സംഭവത്തിനു മുന്‍പ് നയീമ ഭര്‍ത്താവിന്റെ സഹോദരി നിസാനിയക്കെതിരേ ഭര്‍തൃവീടിനു സമീപം പോസ്റ്റര്‍ പതിച്ചിരുന്നു. സ്വഭാവഹത്യചെയ്യുന്ന തരത്തിലായിരുന്നു പോസ്റ്റര്‍. ഗള്‍ഫിലുള്ള ഭര്‍ത്താവ് എഴുതിയതാണെന്ന വ്യാജേന പ്രതി ഭര്‍തൃസഹോദരിക്കെതിരേ എഴുതിയ കത്ത് പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. സംഭവശേഷം ഭര്‍ത്താവ് യുവതിയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തി. പാനൂര്‍ പോലീസാണ് കേസെടുത്ത് അന്വേഷണംനടത്തിയത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സി.കെ.രാമചന്ദ്രന്‍ ഹാജരായി.

Content Highlights: woman killed sister in law's son in panoor,kannur, gets lifetime imprisonment