ഒറ്റപ്പാലം: ഭക്ഷണത്തില്‍ വിഷപദാര്‍ഥം കലര്‍ത്തി ഭര്‍ത്താവിന്റെ പിതാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവതിക്ക് അഞ്ചുവര്‍ഷം കഠിനതടവും അരലക്ഷം രൂപ പിഴയും വിധിച്ചു. കരിമ്പുഴ തോട്ടര പടിഞ്ഞാറേതില്‍ ബഷീറിന്റെ ഭാര്യ ഫസീലയെയാണ് (33) ഒറ്റപ്പാലം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്. യുവതിയുടെ ഭര്‍ത്താവിന്റെ പിതാവ് മുഹമ്മദിനെ (59) കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് ജഡ്ജി പി. സെയ്തലവി വിധിപറഞ്ഞത്.

2013 മുതല്‍ 2015 വരെയുള്ള രണ്ടുവര്‍ഷക്കാലം ഭക്ഷണത്തിനൊപ്പം മെത്തോമൈല്‍ എന്ന വിഷപദാര്‍ഥം നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കേസില്‍ പറയുന്നത്. ഈ കാലയളവില്‍ നിരന്തരം ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടാറുണ്ടായിരുന്ന മുഹമ്മദ് ചികിത്സയിലായിരുന്നു. ഇതിനിടെ, ഒരുദിവസം യുവതി ഭക്ഷണത്തില്‍ വിഷം കലര്‍ത്തുന്നത് മുഹമ്മദ് കാണുകയും പോലീസിനെ സമീപിക്കുകയുമായിരുന്നു.

ഫോറന്‍സിക് പരിശോധനയില്‍ പോലീസ് ഇവരുടെ വീട്ടില്‍നിന്ന് കണ്ടെത്തിയ വിഷപദാര്‍ഥം മെത്തോമൈല്‍ ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ. ഹരി ഹാജരായി. ഐ.പി.സി. 307, 328 വകുപ്പുപ്രകാരം കൊലപാതകശ്രമത്തിനും വിഷം നല്‍കിയതിനുമായി 25,000 രൂപവീതമാണ് കോടതി അരലക്ഷം പിഴചുമത്തിയത്. രണ്ടുവകുപ്പുകളിലും അഞ്ചു വര്‍ഷം വീതമാണ് കഠിനതടവ് വിധിച്ചതെങ്കിലും ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി.ഭര്‍ത്താവിന്റെ മാതാവിന്റെ മാതാവ് നബീസയെ കൊലപ്പെടുത്തിയ കേസിലും പ്രതികളാണ് ഫസീലയും ഭര്‍ത്താവ് ബഷീറും. 2016 ജൂണിലായിരുന്നു നബീസയുടെ കൊലപാതകം. കേസ് കോടതിയുടെ പരിഗണനയിലാണ്.

Content Highlights: woman gets five year imprisonment in murder attempt case 


Watch Video

Watch Video

ഈ കള്ളിലും കയറിലുമാണ് ജീവിതം; ചിറ്റൂരിന്റെ സ്വന്തം പാണ്ടിച്ചെത്ത്