ന്യൂഡല്‍ഹി: ബലാത്സംഗക്കേസിലെ പ്രതിയോട് ഇരയെ വിവാഹം കഴിക്കുമോ എന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ ചോദ്യം. മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ മോഹിത് സുഭാഷ് നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ ഇത്തരം ചോദ്യങ്ങളുന്നയിച്ചതെന്ന് എന്‍.ഡി.ടി.വി. റിപ്പോര്‍ട്ട് ചെയ്തു. ചീഫ് ജസ്റ്റിസിന്റെ ചോദ്യങ്ങള്‍ ഇതിനോടകം സാമൂഹികമാധ്യമങ്ങളിലും ചര്‍ച്ചയായിട്ടുണ്ട്. 

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസിലാണ് മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്ട്രിക് പ്രൊഡക്ഷന്‍ കമ്പനി ജീവനക്കാരനായ മോഹിത് സുഭാഷ് ചവാന്‍ സുപ്രീംകോടതിയെ സമീപിച്ചത്. തന്റെ അറസ്റ്റ് തടയണമെന്നും കേസില്‍ മുന്‍കൂര്‍ജാമ്യം വേണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. ഹര്‍ജിയില്‍ വാദം നടക്കുന്നതിനിടെയാണ് പ്രതിഭാഗത്തോട് ചീഫ് ജസ്റ്റിസ് ചോദ്യങ്ങളുന്നയിച്ചത്. 

കേസില്‍ അറസ്റ്റ് ചെയ്താല്‍ പ്രതിക്ക് സര്‍ക്കാര്‍ ജോലി നഷ്ടമാകുമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചിരുന്നു തുടര്‍ന്നാണ് ചീഫ് ജസ്റ്റിസ് വിവാദമായ ചോദ്യം ഉന്നയിച്ചത്.

ചീഫ് ജസ്റ്റിസ്:  നിങ്ങള്‍ അവരെ വിവാഹം കഴിക്കാമെങ്കില്‍ ഞങ്ങള്‍ക്ക് നിങ്ങളെ സഹായിക്കാനാവും. അല്ലെങ്കില്‍ നിങ്ങള്‍ക്ക് ജോലിയും പോകും ജയിലിലുമാകും. നിങ്ങള്‍ പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് പീഡിപ്പിച്ചു'. 

ഇതിനുപിന്നാലെയാണ് ഇരയെ വിവാഹം കഴിക്കുമോ എന്ന് ചീഫ് ജസ്റ്റിസ് പ്രതിയോട് ചോദിച്ചത്. ശേഷം ചീഫ് ജസ്റ്റിസ് പറഞ്ഞത് ഇങ്ങനെ:- ' നിങ്ങളൊരു സര്‍ക്കാര്‍ ജീവനക്കാരനാണെന്ന് നിങ്ങള്‍ക്കറിയാം. ഒരു പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് പീഡിപ്പിക്കുന്നതിന് മുമ്പ് നിങ്ങള്‍ അത് ചിന്തിക്കേണ്ടതായിരുന്നു.

വിവാഹം കഴിക്കാൻ നിങ്ങളെ നിര്‍ബന്ധിക്കുകയല്ല, നിങ്ങള്‍ക്ക് അങ്ങനെ ഒരു താൽപര്യമുണ്ടോ എന്ന് അറിയാൻ മാത്രമാണ് ചോദിക്കുന്നത്. വിവാഹം കഴിക്കാന്‍ ഞങ്ങള്‍ നിങ്ങളെ നിര്‍ബന്ധിച്ചുവെന്ന് പിന്നീട് പറയും അതു കൊണ്ടാണ് ചോദിക്കുന്നത്.- ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു. 

ചീഫ് ജസ്റ്റിസിന്റെ ചോദ്യത്തിന് പ്രതിയുടെ മറുപടി ഇങ്ങനെയായിരുന്നു. ' ആദ്യം എനിക്ക് അവളെ വിവാഹം കഴിക്കണമെന്നുണ്ടായിരുന്നു. പക്ഷേ, അവള്‍ നിരസിച്ചു. ഇപ്പോള്‍ എനിക്കതിന് കഴിയില്ല. ഇപ്പോള്‍  ഞാന്‍ വിവാഹിതനാണ്. ഞാന്‍ ഒരു സര്‍ക്കാര്‍ ജീവനക്കാരനാണ്. കേസില്‍ അറസ്റ്റ് ചെയ്യപ്പെടുകയാണെങ്കില്‍ ഞാന്‍ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെടും: 

ചീഫ് ജസ്റ്റിസ്: 'അതുകൊണ്ടാണ് ഞങ്ങള്‍ ഈയൊരു അനുകമ്പ കാണിച്ചത്. നിങ്ങളുടെ അറസ്റ്റ് നാല് ആഴ്ചത്തേക്ക് സ്റ്റേ ചെയ്യാം. നിങ്ങള്‍ക്ക് സാധാരണ ജാമ്യത്തിന് അപേക്ഷിക്കാം'.  തുടര്‍ന്ന് പ്രതിയുടെ അറസ്റ്റ് നാല് ആഴ്ചത്തേക്ക് സ്റ്റേ ചെയ്ത് ചീഫ് ജസ്റ്റിസ് ഉത്തരവിട്ടു. പ്രതിക്ക് സ്വാഭാവിക ജാമ്യത്തിനായി കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. 

പരാതിക്കാരിയെ പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് മോഹിത് പീഡിപ്പിച്ചെന്നാണ് കേസ്. പെണ്‍കുട്ടി പരാതിയുമായി പോലീസിനെ സമീപിച്ചപ്പോള്‍ പ്രതിയുടെ മാതാവാണ് മോഹിത് പെണ്‍കുട്ടിയെ വിവാഹം കഴിക്കുമെന്ന വാഗ്ദാനം നല്‍കിയത്. പെണ്‍കുട്ടി ഇത് നിരസിച്ചെങ്കിലും പിന്നീട് 18 വയസ് തികയുമ്പോള്‍ വിവാഹം കഴിക്കാമെന്നത് രേഖയാക്കി. എന്നാല്‍ പെണ്‍കുട്ടിക്ക് 18 വയസ് തികഞ്ഞതോടെ മോഹിത് വിവാഹത്തിന് വിസമ്മതിക്കുകയായിരുന്നു. ഇതോടെയാണ് പെണ്‍കുട്ടി പീഡന പരാതി നല്‍കിയത്. സംഭവത്തില്‍ പോക്‌സോ വകുപ്പുകളടക്കം ചുമത്തി പോലീസ് കേസെടുത്തതോടെ പ്രതി സെഷന്‍സ് കോടതിയില്‍നിന്ന് മുന്‍കൂര്‍ ജാമ്യം നേടി. പരാതിക്കാരി ഇതിനെതിരേ ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് ബോംബെ ഹൈക്കോടതിയുടെ ഔറംഗാബാദ് ബെഞ്ച് പ്രതിയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കി. ഇതോടെയാണ് മോഹിത് സുപ്രീംകോടതിയെ സമീപിച്ചത്.

Content Highlights:  will you marry her supreme court chief justice asked to rape case accused