കൊച്ചി: വാളയാറിലെ സഹോദരിമാരായ പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കീഴ്‌ക്കോടതി വെറുതെവിട്ട പ്രതികളെ അറസ്റ്റ് ചെയ്യാന്‍ ഹൈക്കോടതിയുടെ ഉത്തരവ്. പ്രതികളെ വെറുതെവിട്ടതിനെതിരേ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി ഈ നിര്‍ദേശം നല്‍കിയത്. 

അറസ്റ്റ് ചെയ്ത് പ്രതികളെ വിചാരണ കോടതിയില്‍ ഹാജരാക്കണമെന്നും, ജാമ്യത്തില്‍ വിടണമെന്നുമാണ് ഹൈക്കോടതി ഉത്തരവില്‍ പറയുന്നത്. പാലക്കാട് ജില്ലാ പോക്‌സോ കോടതിയാണ് കേസിലെ പ്രതികളെ തെളിവുകളുടെ അഭാവത്തില്‍ വിട്ടയച്ചത്. എന്നാല്‍ പോലീസിനും പ്രോസിക്യൂഷനും സംഭവിച്ച വീഴ്ചയാണ് ഇതിനുകാരണമെന്ന് ആരോപിച്ച് പ്രതിഷേധമുയര്‍ന്നിരുന്നു. പെണ്‍കുട്ടികളുടെ കുടുംബവും പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിഷേധം ശക്തമായതോടെയാണ് കീഴ്‌ക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്തത്. പെണ്‍കുട്ടികളുടെ മാതാപിതാക്കളും ഇതേ കാര്യം ഉന്നയിച്ച് അപ്പീല്‍ നല്‍കിയിരുന്നു 

2017 ജനുവരിയില്‍ 13 വയസ്സുകാരിയെയും, മാര്‍ച്ചില്‍ ഒമ്പതുവയസ്സുകാരിയെയും വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. പെണ്‍കുട്ടികളുടെ മരണത്തില്‍ പിന്നീട് പ്രതിഷേധങ്ങള്‍ വ്യാപകമായതോടെയാണ് പോലീസ് പ്രതികളെ പിടികൂടിയത്. പെണ്‍കുട്ടികളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് കേസെങ്കിലും തെളിവുകളുടെ അഭാവത്തില്‍ പ്രതികളെ പിന്നീട് വെറുതെവിടുകയായിരുന്നു. 

Content Highlights: walayar rape and murder case; high court order to arrest all accused