കൊച്ചി: വാളയാര്‍ കേസില്‍ പോലീസിനെയും പ്രോസിക്യൂഷനെയും അതിരൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. കേസില്‍ വിചാരണക്കോടതിയുടെ വിധി റദ്ദാക്കിയ ഉത്തരവിലാണ് പോലീസിനും പ്രോസിക്യൂഷനുമെതിരേ ഹൈക്കോടതി രൂക്ഷ വിമര്‍ശനമുന്നയിച്ചത്. കേസിലെ ഓരോ വീഴ്ചകളും ഹൈക്കോടതി അക്കമിട്ട് വിശദീകരിക്കുകയും ചെയ്തു. 

വാളയാര്‍ കേസിന്റെ ആദ്യ അന്വേഷണം വെറുപ്പുളവാക്കുന്നതാണെന്നായിരുന്നു ഹൈക്കോടതിയുടെ വിലയിരുത്തല്‍. അന്വേഷണത്തില്‍ തുടക്കംമുതലേ പാളിച്ചയുണ്ടായി. കേസില്‍ പിന്നീട് അന്വേഷണം നടത്തിയ ഡി.വൈ.എസ്.പി. എം.ജെ. സോജന്റെ പ്രവര്‍ത്തനങ്ങള്‍ താരതമ്യേന മെച്ചപ്പെട്ടതാണെങ്കിലും പോലീസിന് ശാസ്ത്രീയ തെളിവുകള്‍ ഹാജരാക്കാനായില്ലെന്നും കോടതി വിലയിരുത്തി. 

പ്രോസിക്യൂഷനെതിരേ കടുത്ത പ്രയോഗങ്ങളാണ് ഉത്തരവിലുള്ളത്. പ്രോസിക്യൂഷന്‍ സമ്പൂര്‍ണ പരാജയമാണെന്നായിരുന്നു വിലയിരുത്തല്‍. പ്രോസിക്യൂഷന് ഒരുകാര്യവും കോടതിക്ക് മുന്നിലെത്തിക്കാനായില്ലെന്നും ഹൈക്കോടതി പറഞ്ഞു. 

പ്രോസിക്യൂട്ടര്‍ നിയമനത്തില്‍ സംസ്ഥാന സര്‍ക്കാരിനുള്ള ചില ഓര്‍മ്മപ്പെടുത്തലുകളും ഉത്തരവിലുണ്ട്. രാഷ്ട്രീയ താത്പര്യം അനുസരിച്ച് നല്‍കേണ്ട ജോലിയല്ല പ്രോസിക്യൂട്ടര്‍ നിയമനമെന്നായിരുന്നു കോടതി പറഞ്ഞത്. മെറിറ്റ് അടിസ്ഥാനത്തിലായിരിക്കണം പ്രോസിക്യൂട്ടര്‍ നിയമനം നടത്തേണ്ടത്. പോക്‌സോ കോടതി ജഡ്ജിമാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കണമെന്നും നിര്‍ദേശിച്ചു. 

പാലക്കാട് പോക്‌സോ കോടതിയെയും ഹൈക്കോടതി വിമര്‍ശിച്ചു. തെളിവുകള്‍ വേണ്ട രീതിയില്‍ പരിശോധിക്കാനോ വിശകലനം ചെയ്യാനോ പോക്‌സോ കോടതിക്ക് കഴിഞ്ഞില്ലെന്നായിരുന്നു വിമര്‍ശനം. ബുധനാഴ്ച പുറപ്പെടുവിച്ച ഉത്തരവിന്റെ പകര്‍പ്പ് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് അയക്കാനും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. 

Content Highlights: walayar case high court criticizes police and prosecution