കൊല്ലം: നിലമേല്‍ സ്വദേശി വിസ്മയ ഭര്‍ത്തൃവീട്ടില്‍ മരിച്ച കേസില്‍ പ്രതി കിരണ്‍കുമാറിന്റെ ജാമ്യാപേക്ഷ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. സ്ത്രീപീഡന പരാതി നിലനില്‍ക്കില്ലെന്ന പ്രതിഭാഗത്തിന്റെ വാദത്തെ തള്ളിക്കൊണ്ടാണ് ജഡ്ജി കെ.വി.ജയകുമാര്‍ ജാമ്യാപേക്ഷ നിരസിച്ചത്. സ്ത്രീപീഡനം, സ്ത്രീപീഡനമരണം എന്നീവകുപ്പുകളില്‍ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും അതിനാല്‍ അന്വേഷണഘട്ടത്തില്‍ പ്രതിക്ക് ജാമ്യത്തിന് അവകാശമില്ലെന്നും കോടതി നിരീക്ഷിച്ചു.

സ്ത്രീപീഡനവകുപ്പ് പ്രകാരം കേസ് നിലനില്‍ക്കില്ലെന്ന പ്രതിഭാഗത്തിന്റെ വാദത്തെ എതിര്‍ത്ത്, സുപ്രീംകോടതിയുടെ സമീപകാലത്തെ വിധികളും വിസ്മയയുടെ മരണത്തിലേക്ക് നയിച്ച പീഡനങ്ങളും പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. വിവാഹശേഷം കൂടുതല്‍ സ്ത്രീധനവും വിലകൂടിയ കാറും വസ്തുക്കളും വേണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ജനുവരി രണ്ടിനും മാര്‍ച്ച് 17-നും വിസ്മയയെ മര്‍ദിച്ചതിനും മാനസികപീഡകള്‍ ഏല്‍പ്പിച്ചതിനും തെളിവുകള്‍ ഉണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. പ്രോസിക്യൂഷനുവേണ്ടി ജില്ലാ ഗവ. പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ ആര്‍.സേതുനാഥ് ഹാജരായി.

അഭിഭാഷകനായ ബി.എ.ആളൂരാണ് പ്രതിക്കുവേണ്ടി ഹാജരായത്. കേസില്‍ എഫ്.ഐ.ആര്‍. റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിഭാഗം ഹൈക്കോടതിയെയും സമീപിച്ചിട്ടുണ്ട്. പ്രതിക്ക് ശാസ്താംകോട്ട ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി നേരത്തേ ജാമ്യം നിരസിച്ചിരുന്നു.