കോഴിക്കോട്:  മുസ്ലീം ലീഗ് നേതാവും എം.എല്‍.എയുമായ കെ.എം. ഷാജിയുടെ സമ്പാദ്യത്തെക്കുറിച്ച് അന്വേഷിക്കുന്ന വിജിലന്‍സ് സംഘം വിപുലീകരിക്കും. നിലവില്‍ ഒരു എസ്.പി.യും ഡിവൈ.എസ്.പി.യും ഉള്‍പ്പെടെ നാല് പേരാണ് അന്വേഷണസംഘത്തിലുള്ളത്. ഇതിന് പുറമേ ആറ് ഉദ്യോഗസ്ഥരെ കൂടി സംഘത്തില്‍ ഉള്‍പ്പെടുത്തും. കെ.എം. ഷാജി എം.എല്‍.എയായ പത്ത് വര്‍ഷത്തെ സ്വത്ത് വിവരം വിശദമായി പരിശോധിക്കാനാണ് വിജിലന്‍സിന്റെ തീരുമാനം. ഇതിന്റെ ഭാഗമായാണ് അന്വേഷണ സംഘം വിപുലീകരിക്കുന്നത്. 

അതിനിടെ, സ്വത്തുവിവരങ്ങളുമായി ബന്ധപ്പെട്ട് കെ.എം. ഷാജിയെ വിജിലന്‍സ് വീണ്ടും ചോദ്യംചെയ്യും. പണവും സ്വത്ത് വിവരവും സംബന്ധിച്ച രേഖകള്‍ ലഭിക്കുന്ന മുറയ്ക്കാകും ചോദ്യംചെയ്യല്‍. കഴിഞ്ഞദിവസം ഷാജിയെ അഞ്ച് മണിക്കൂര്‍ ചോദ്യംചെയ്തിരുന്നു. ഈ മൊഴികള്‍ വിശകലനം ചെയ്താണ് അന്വേഷണസംഘം വിപുലീകരിക്കാന്‍ തീരുമാനിച്ചത്. ഷാജിയുടെ മൊഴികളില്‍ അന്വേഷണസംഘം പൂര്‍ണമായും തൃപ്തരല്ലെന്നും വിവരമുണ്ട്. 

എം.എല്‍.എ.യായ സമയത്ത് കെ.എം. ഷാജി അനധികൃതമായി സ്വത്ത് സമ്പാദിച്ചോ എന്നതാണ് വിജിലന്‍സ് പ്രധാനമായും അന്വേഷിക്കുന്നത്. ഇതിന്റെ ഭാഗമായി കണ്ണൂരിലെയും കോഴിക്കോട്ടെയും വീടുകളുടെ മൂല്യം അതാത് വകുപ്പുകളുടെ സഹായത്തോടെ കണക്കാക്കും. ഇഞ്ചികൃഷിയിലൂടെ വരുമാനം ലഭിച്ചുവെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്ന് ഷാജിയുടെ കാര്‍ഷിക വരുമാനവും കണക്കാക്കും. 

Content Highlights: vigilance team will interrogate km shaji again investigation team will elaborate