തൊടുപുഴ: വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ച ശേഷം കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസിലെ പ്രതി അർജുനെ(22) പോലീസ് കസ്റ്റഡിയിൽ വിട്ടു. തൊടുപുഴ പോക്സോ കോടതിയാണ് ജൂലായ് 13 വരെ പ്രതിയെ പോലീസ് കസ്റ്റഡിയിൽ വിട്ട് ഉത്തരവിട്ടത്.

10 ദിവസത്തെ കസ്റ്റഡി അപേക്ഷയാണ് പോലീസ് സമർപ്പിച്ചതെങ്കിലും 13-ന് വൈകിട്ട് 5 മണിവരെയാണ് പോക്സോ കോടതി ജഡ്ജി നിക്സൺ എം. ജോസഫ് കസ്റ്റഡി അനുവദിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി.ബി. വാഹിദ ഹാജരായി.

ജൂൺ 30-നാണ് ചുരുക്കുളം എസ്റ്റേറ്റിലെ മുറിക്കുള്ളിൽ ആറുവയസ്സുകാരിയെ അർജുൻ പീഡിപ്പിച്ചശേഷം കെട്ടിത്തൂക്കി കൊലപ്പെടുത്തിയത്. അസ്വാഭാവിക മരണത്തിനാണ് പോലീസ് അന്ന് കേസ് രജിസ്റ്റർ ചെയ്തതെങ്കിലും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ വഴിത്തിരിവാകുകയായിരുന്നു. പെൺകുട്ടി പീഡനത്തിനിരയായെന്ന് കണ്ടെത്തിയതോടെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് അർജുൻ പിടിയിലായത്. പീഡിപ്പിക്കുന്നതിനിടെ പെൺകുട്ടി ബോധരഹിതയായെന്നും തുടർന്ന് കെട്ടിത്തൂക്കിയെന്നുമായിരുന്നു പ്രതിയുടെ മൊഴി. രണ്ടു വർഷത്തോളം പെൺകുട്ടിയെ പീഡിപ്പിച്ചതായും ഇയാൾ പോലീസിനോട് സമ്മതിച്ചിരുന്നു.

Content Highlights:vandiperiyar rape and murder case accused sent to police custody