കൊച്ചി: വാഗമണ്‍ ലഹരി പാര്‍ട്ടി കേസില്‍ ഒന്‍പതാം പ്രതിയായ നടിയും മോഡലുമായ തൃപ്പൂണിത്തുറ സ്വദേശിനി ബ്രിസ്റ്റി ബിശ്വാസ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. 20 വര്‍ഷമായി തൃപ്പൂണിത്തുറയില്‍ താമസിക്കുന്ന കൊല്‍ക്കത്ത സ്വദേശികളുടെ മകളാണ്. മലയാളം നന്നായി സംസാരിക്കാന്‍ അറിയില്ല. അതിനാല്‍ പോലീസ് ഓഫീസര്‍ക്കുണ്ടായ സംശയമാണ് തന്നെ പ്രതിയാക്കാന്‍ കാരണം.

ബി.ടെക് വിദ്യാര്‍ഥിനിയായ താന്‍ കൂട്ടുകാരോടൊപ്പം ഡിസംബര്‍ 19-ന് വാഗമണിലേക്ക് വിനോദ യാത്രയ്ക്ക് പോയതാണ്. ക്ലിഫ് ഇന്‍ റിസോര്‍ട്ടിലെ മൂന്ന് കെട്ടിടങ്ങളില്‍ ഒന്നിലാണ് താമസിച്ചത്.

ഡി.ജെ.പാര്‍ട്ടി നടക്കുന്നതിനെക്കുറിച്ചോ അവിടെ താമസിച്ച മറ്റുള്ളവരെക്കുറിച്ചോ അറിയാമായിരുന്നില്ല. തങ്ങള്‍ താമസിച്ച കെട്ടിടത്തില്‍നിന്ന് 6.45 ഗ്രാം കഞ്ചാവ് മാത്രമാണ് പിടിച്ചെടുത്തത്.

കോഴിക്കോട് സ്വദേശിയുമായി തന്റെ വിവാഹം നിശ്ചയിച്ചിരിക്കുകയാണ്. ജനുവരിയില്‍ ചടങ്ങുകള്‍ തുടങ്ങാനിരിക്കുകയാണ്. പഠനത്തിന്റെ ഭാഗമായി പ്രോജക്ടും സമര്‍പ്പിക്കേണ്ടതുണ്ട്. അതിനാല്‍ ജാമ്യം അനുവദിക്കണമെന്നുമാണ് ആവശ്യം.

വാഗമണ്‍ ക്ലിഫ് ഇന്‍ റിസോര്‍ട്ടില്‍ ഡി.ജെ. പാര്‍ട്ടിക്കായി ബ്രിസ്റ്റി അടക്കമുള്ളവര്‍ ലഹരി ഉത്പന്നങ്ങളുമായി ഒത്തുചേര്‍ന്നുവെന്നാണ് കേസ്. ബ്രിസ്റ്റിയുടെ പക്കല്‍നിന്ന് 6.45 ഗ്രാം ഉണങ്ങിയ കഞ്ചാവ് തങ്കമണി പോലീസ് ഇന്‍സ്‌പെക്ടര്‍ പിടിച്ചെടുത്തതായി വാഗമണ്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. ഡിസംബര്‍ 21 മുതല്‍ ബ്രിസ്റ്റി അടക്കമുള്ള പ്രതികള്‍ റിമാന്‍ഡിലാണ്.

 

Content Highlights: vagamon drug praty case actress bristy biswas submitted bail application