കൊല്ലം: അഞ്ചല്‍ ഉത്ര വധക്കേസില്‍ പ്രതിയായ ഭര്‍ത്താവ് സൂരജ് പിടിയിലായതോടെ കുഞ്ഞിന്റെ സംരക്ഷണത്തെ ചൊല്ലിയും ആശയക്കുഴപ്പം. നിലവില്‍ സൂരജിന്റെ മാതാപിതാക്കളോടൊപ്പം കഴിയുന്ന സൂരജ്-ഉത്ര ദമ്പതിമാരുടെ മകനെ തങ്ങള്‍ക്ക് കൈമാറണമെന്നാണ് ഉത്രയുടെ കുടുംബത്തിന്റെ ആവശ്യം. 

ഒരു വയസും ഒരു മാസവും പ്രായമുള്ള കുഞ്ഞിനെ വിട്ടുകിട്ടാനായി നിയമനടപടികളിലേക്ക് കടക്കാനാണ് ഉത്രയുടെ കുടുംബത്തിന്റെ തീരുമാനം. ഇതിനായി നിയമവിദഗ്ധരുമായി ആലോചിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് ഉത്രയുടെ സഹോദരനും പ്രതികരിച്ചു. 

അതേസമയം, കുഞ്ഞിന്റെ സുരക്ഷയ്ക്കാണ് പ്രധാന്യം നല്‍കുകയെന്ന് പത്തനംതിട്ട ശിശുക്ഷേമ സമിതി അധ്യക്ഷന്‍ സക്കീര്‍ ഹുസൈന്‍ പറഞ്ഞു. കുഞ്ഞിന്റെ കാര്യത്തില്‍ അപേക്ഷ ലഭിക്കുന്നതനുസരിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

കുഞ്ഞിന്റെ സംരക്ഷണ ചുമതലയില്‍ അന്തിമ തീരുമാനം ഉടന്‍ സ്വീകരിക്കുമെന്ന് കൊല്ലം ജില്ലാ ശിശു സംരക്ഷണ ഓഫീസറും അറിയിച്ചു. കുഞ്ഞിന്റെ സംരക്ഷണം ആവശ്യപ്പെട്ട് സൂരജ് നേരത്തെ വെല്‍ഫയര്‍ കമ്മിറ്റിയെ സമീപിച്ചിരുന്നു. അമ്മ മരിച്ച കുട്ടിയുടെ രക്ഷിതാവ് എന്ന നിലയിലാണ് കുഞ്ഞിനെ സൂരജിന് കൈമാറിയതെന്നും അദ്ദേഹം വ്യക്തമാക്കി. 

അതിനിടെ, കുഞ്ഞിന്റെ കാര്യത്തില്‍ അധികൃതര്‍ സ്വീകരിക്കുന്ന തീരുമാനം അനുസരിക്കുമെന്നായിരുന്നു സൂരജിന്റെ അമ്മയുടെ പ്രതികരണം. ഒരു വയസും ഒരു മാസവും പ്രായമായ കുഞ്ഞ് ഉത്രയുടെ വീട്ടില്‍ കഴിയുമ്പോള്‍ മുഴുവന്‍ സമയവും കരച്ചിലായിരുന്നു. ഭക്ഷണം പോലും കഴിച്ചിരുന്നില്ല. മൂന്നാം മാസം തൊട്ട് അവനെ താനാണ് നോക്കിയിരുന്നത്. അതിനാലാണ് കുഞ്ഞിനെ തങ്ങള്‍ ചോദിച്ചുവാങ്ങിയതെന്നും ഇനി അധികൃതരുടെ തീരുമാനം എന്തായാലും അനുസരിക്കാതെ വേറെ വഴിയില്ലല്ലോ എന്നും സൂരജിന്റെ അമ്മ പറഞ്ഞു. 

Content Highlights: uthra snake bite murder case kollam; question about child welfare