കൊല്ലം: കേരളത്തെ ഞെട്ടിച്ച അഞ്ചല്‍ ഉത്ര വധക്കേസില്‍ ഒക്ടോബര്‍ 11-ന് കോടതി വിധി പറയും. കൊല്ലം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവം നടത്തുക. ഉത്രയെ ഭര്‍ത്താവ് സൂരജ് മൂര്‍ഖന്‍ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. സൂരജ് മാത്രമാണ് കൊലക്കേസിലെ പ്രതി. സൂരജിന് പാമ്പിനെ നല്‍കിയ സുരേഷിനെ കേസില്‍ മാപ്പ് സാക്ഷിയാക്കിയിരുന്നു. 

2020 മെയ് ഏഴാം തീയതിയാണ് ഉത്രയെ അഞ്ചലിലെ വീട്ടില്‍ പാമ്പ് കടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നും സംഭവം കൊലപാതകമാണെന്നും കുടുംബത്തിന് തുടക്കംമുതലേ സംശയമുണ്ടായിരുന്നു. ഇതോടെ ഭര്‍ത്താവ് സൂരജിനെതിരേ പരാതി നല്‍കി. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സൂരജ് പാമ്പിനെ കൊണ്ട് കടിപ്പിച്ചാണ് ഉത്രയെ കൊലപ്പെടുത്തിയതെന്ന് കണ്ടെത്തിയത്. കൊലപാതകമാണെന്ന് തെളിഞ്ഞതോടെ സൂരജിനെ പോലീസ് അറസ്റ്റ് ചെയ്തു. 

സാമ്പത്തികനേട്ടം മാത്രം ലക്ഷ്യമാക്കി വിവാഹംചെയ്ത സൂരജ് ഭിന്നശേഷിക്കാരിയായ ഉത്രയെ ആസൂത്രിതമായി കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ കുറ്റപത്രം. സൂരജ് അറസ്റ്റിലായി 82-ാം ദിനത്തിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

ഡമ്മി പരീക്ഷണം ഉള്‍പ്പെടെയുള്ള ശാസ്ത്രീയമായ രീതികളിലൂടെയായിരുന്നു അന്വേഷണം. ഉത്രയുടെ ഡമ്മിയില്‍ കോഴിമാംസം കെട്ടിവെച്ച് പാമ്പിനെ കൊണ്ട് കടിപ്പിച്ച് പരീക്ഷണവും നടത്തി.  

കൊലപാതകരീതിയും അതിനുവേണ്ടി നടത്തിയ ആസൂത്രണവും ഉത്ര വധക്കേസിനെ അപൂര്‍വങ്ങളില്‍ അപൂര്‍വമാക്കുന്നെന്ന് കുറ്റപത്രത്തിലുണ്ട്. ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയെ ജീവിതത്തില്‍നിന്ന് ഒഴിവാക്കാനും അവരുടെ കുടുംബത്തില്‍നിന്നുള്ള സാമ്പത്തികനേട്ടം തുടര്‍ന്നും ലഭിക്കാനും ആസൂത്രിതമായി കൊലപാതകം നടത്തി, ജീവനുള്ള വസ്തുവിനെ ആയുധമാക്കി കൊലനടത്തല്‍, സ്വാഭാവിക പാമ്പുകടിയേറ്റുള്ള മരണമായി ചിത്രീകരിക്കാനുള്ള ഗൂഢാലോചന എന്നിവയും കേസിനെ അപൂര്‍വങ്ങളില്‍ അപൂര്‍വമാക്കുന്നു.

Content Highlights: uthra murder case verdict on october 11