കൊല്ലം : ഉത്രയ്ക്ക് രണ്ടുപ്രാവശ്യം പാമ്പുകടിയേറ്റപ്പോഴും മയക്കുമരുന്നുകള്‍ നല്‍കിയിരുന്നെന്ന് ശാസ്ത്രീയതെളിവുകള്‍കൊണ്ടും സാഹചര്യങ്ങള്‍കൊണ്ടും വെളിവാകുന്നതായി പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. ഇത് യാദൃച്ഛികമല്ലെന്നും കൊലപാതകത്തിലേക്കു വിരല്‍ചൂണ്ടുന്ന സാഹചര്യമാണെന്നുമായിരുന്നു ആറാം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ബോധിപ്പിച്ചത്.

അണലികടിച്ചദിവസം പ്രതി സൂരജ് പായസം കൊടുത്തതായും ഉടനെ മയക്കംവന്നതായും ഉത്ര അമ്മയോടുപറഞ്ഞത് മരണമൊഴിയായി കണക്കാക്കണമെന്ന് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ജി.മോഹന്‍രാജ് വാദിച്ചു. കടിയേറ്റ് ആശുപത്രിയില്‍ കൊണ്ടുപോയപ്പോള്‍ ഉത്ര മയക്കത്തിലായിരുന്നു. അണലികടിച്ചാല്‍ മയക്കമുണ്ടാകില്ലെന്ന് വിദഗ്ധര്‍ മൊഴിനല്‍കിയിരുന്നു. 2020 മേയ് ഏഴിന് മൂര്‍ഖന്റെ കടിയേറ്റ സംഭവത്തിനുശേഷം ഉത്രയുടെ രക്തം പരിശോധിച്ചപ്പോള്‍ മയക്കുമരുന്നിന്റെ അംശം കണ്ടു. ചികിത്സയ്ക്കുള്ള ഡോസ് അല്ലായിരുന്നു ഇതെന്ന് മെഡിക്കല്‍ കോളേജിലെ ഫാര്‍മക്കോളജി വിഭാഗം മേധാവി മൊഴിനല്‍കിയിരുന്നതും ചൂണ്ടിക്കാട്ടി.

പാമ്പിനെ കൊണ്ടുവന്ന കറുത്ത ഷോള്‍ഡര്‍ ബാഗ് തന്റേതല്ലെന്ന് വിചാരണവേളയില്‍ പ്രതി പറഞ്ഞത് ശക്തമായ സാഹചര്യത്തെളിവാണെന്നും പ്രോസിക്യൂഷന്‍ ബോധിപ്പിച്ചു. 2020 മേയ് ആറിനാണ് ഉത്രയുടെ വീട്ടിലേക്ക് സൂരജ് കറുത്തബാഗ് കൊണ്ടുവന്നത്. അന്ന് 11.30-ന് ഇതേ ബാഗ് ധരിച്ച് ഏഴംകുളം സൗത്ത് ഇന്ത്യന്‍ ബാങ്ക് എ.ടി.എമ്മില്‍നിന്ന് സൂരജ് പണം പിന്‍വലിക്കുന്ന വീഡിയോദൃശ്യം പ്രോസിക്യൂഷന്‍ കോടതിയില്‍ പ്രദര്‍ശിപ്പിച്ചു. 2020 ഏപ്രില്‍ 24-ന് ചാവര്‍കാവ് സുരേഷ് കൈമാറിയ പാമ്പിനെ ഇതേ ബാഗിലാണ് കൊണ്ടുപോയത്. 

2020 മേയ് ഏഴിന് പതിവില്ലാതെ അതിരാവിലെ സൂരജ് ഉണര്‍ന്ന് മരിച്ചുകിടന്ന ഉത്രയെ നോക്കുകപോലും ചെയ്യാതെ പുറത്തിറങ്ങിയെന്നത് സംശയംജനിപ്പിക്കുന്ന പ്രവൃത്തിയാണ്. അഞ്ചല്‍ സെന്റ് ജോണ്‍സ് ആശുപത്രിയില്‍ കൊണ്ടുപോയ ഉത്രയെ ഡ്യൂട്ടി ഡോക്ടര്‍ കാണുന്നതിനുമുന്‍പ് കൈയില്‍ കടിച്ചപാടുണ്ടെന്നു പറഞ്ഞ് സൂരജ് പുറത്തിറങ്ങി. ഉത്രയുടെ മാതാപിതാക്കളോട് പാമ്പുകടിച്ചതാണെന്നു പറഞ്ഞ് വീട്ടിലേക്കുപോയി. ഉത്രയുടെ സഹോദരനോടൊപ്പം വീട്ടിലെത്തിയ സൂരജ് കിടപ്പുമുറിക്കുസമീപത്തെ മുറിയിലെ അലമാരയ്ക്കടിയില്‍ പാമ്പുണ്ടെന്ന് കാണിച്ചുകൊടുത്തെങ്കിലും ഉടന്‍ പുറത്തിറങ്ങിപ്പോയി. പാമ്പുകളെ കൈകാര്യംചെയ്തു പരിചയമുള്ള സൂരജ് ഇപ്രകാരം പ്രവര്‍ത്തിച്ചത് അയാളുടെ കുറ്റകൃത്യത്തിലേക്കു വിരല്‍ചൂണ്ടുന്നതാണ്.

ഉത്രയെ രണ്ടുപ്രാവശ്യം പാമ്പുകടിച്ചപ്പോഴും കിടപ്പുമുറിയില്‍ ഉണ്ടായിരുന്ന സൂരജ് എന്താണ് സംഭവിച്ചതെന്ന് കോടതിയില്‍ വിശദീകരിക്കാന്‍ തയ്യാറാകാത്തത് ഗൗരവമേറിയ സാഹചര്യമാണ്. 2020 മേയ് 20-ന് കേരള മുഖ്യമന്ത്രിക്ക് പ്രതി അയച്ച പരാതിയിലെ വസ്തുതകള്‍പോലും ഇപ്പോള്‍ മാറ്റിപ്പറയുന്നെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.

Content Highlights: uthra murder case trial