കൊല്ലം : ഉത്ര വധക്കേസിൽ സൂരജാണ് കുറ്റവാളിയെന്നു തെളിയിക്കുന്ന 12 സാഹചര്യങ്ങൾ നിരത്തി പ്രോസിക്യൂഷൻ വാദം. കൊല്ലം ആറാം അഡീഷനൽ സെഷൻസ് കോടതി മുൻപാകെയാണ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി.മോഹൻരാജ് തെളിവുകൾ നിരത്തിയത്.

കഴിഞ്ഞവർഷം ജനുവരിയിൽ, ഉത്രയ്ക്ക് സഹിക്കാനാകാത്ത പീഡനങ്ങളാണ് ഭർത്തൃഗൃഹത്തിലെന്ന് ബോധ്യപ്പെട്ട് വിളിച്ചുകൊണ്ടുവരാൻ ചെന്ന മാതാപിതാക്കളോട് ഇനി പ്രശ്നങ്ങളുണ്ടാകില്ലെന്ന് സൂരജ് ഉറപ്പുനൽകി. അന്നുമുതലാണ് സൂരജ് ഉത്രയെ പാമ്പിനെ ഉപയോഗിച്ച് കൊലപ്പെടുത്താൻ ഗൂഢാലോചന തുടങ്ങിയത്. ജനുവരിമുതൽ അണലിയെപ്പറ്റിയും പാമ്പുപിടിത്തക്കാരൻ ചാവർകാവ് സുരേഷിനെപ്പറ്റിയും ഇന്റർനെറ്റിൽ തിരഞ്ഞു. കഴിഞ്ഞകൊല്ലം ഫെബ്രുവരി 12 മുതൽ സുരേഷുമായി ബന്ധം സ്ഥാപിച്ചു. ഇരുവരും 18-ന് ചാത്തന്നൂരിൽവെച്ച് കണ്ടു.

ഫെബ്രുവരി 24-ന് കല്ലുവാതുക്കൽ ഊഴായ്ക്കോട്ടുനിന്ന് സുരേഷ് പിടിച്ച അണലിയെ സൂരജിനു കൈമാറി. തൊട്ടടുത്തദിവസം മുകളിലെ കിടപ്പുമുറിയിൽനിന്ന് മൊബൈൽ ഫോൺ എടുക്കാൻ പോയ ഉത്ര സ്റ്റെയർകേസിൽ ഒരു പാമ്പിനെ കണ്ടത് യാദൃശ്ചികമല്ലെന്നും അത് കൊലപ്പെടുത്താനുള്ള സൂരജിന്റെ പാളിപ്പോയ ആദ്യശ്രമമായിരുന്നെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഈവിവരം ഉത്ര മാതാപിതാക്കളോട് പറഞ്ഞത് മരണമൊഴിയെന്ന തെളിവുനിയമത്തിലെ 32-ാം വകുപ്പുപ്രകാരം പ്രസക്തമാണെന്നും പ്രോസിക്യൂട്ടർ വാദിച്ചു.

ഉത്രയ്ക്ക് എങ്ങനെയാണ് കഴിഞ്ഞവർഷം മാർച്ച് മൂന്നിന് പാമ്പുകടിയേറ്റതെന്നോ എത്ര മണിക്കാണ് കടിച്ചതെന്നോ സൂരജ് കോടതി നടപടികളിൽ ഒരിക്കൽപ്പോലും പറഞ്ഞില്ല. അന്നു പുലർച്ചേ 2.54-നുമാത്രമാണ് ഉത്രയെ ആശുപത്രിയിൽ കൊണ്ടുപോകാൻ സുഹൃത്ത് സുജിത്തിനോട് ആവശ്യപ്പെടുന്നത്. വേദനകൊണ്ടു പുളഞ്ഞ ഉത്രയെ ആശുപത്രിയിൽ കൊണ്ടുപോകാൻ താമസിപ്പിച്ചത് മരണം ഉറപ്പാക്കാനായിരുന്നു. കൃത്യവും സന്ദർഭോചിതവുമായ ചികിത്സകൊണ്ടുമാത്രമാണ് ഉത്രയെ അന്ന് രക്ഷിക്കാനായത്. വീട്ടിൽ രണ്ടുവാഹനങ്ങളുണ്ടായിട്ടും സ്വയം ഉത്രയെ ആശുപത്രിയിൽ കൊണ്ടുപോയില്ല. അതിന് കോടതിയിൽ നൽകിയ വിശദീകരണം താനന്ന് മദ്യപിച്ചിരുന്നെന്നാണ്. ഭാര്യയുടെ ജീവൻ രക്ഷിക്കാൻപോലും വാഹനമോടിക്കില്ലെന്ന വാദം സാമാന്യബുദ്ധിക്കു നിരക്കാത്തതാണെന്ന് പ്രോസിക്യൂഷൻ പറഞ്ഞു.

അണലിയുടെ കടിയേറ്റ് ഉത്ര ആശുപത്രിയിൽ കിടക്കുമ്പോൾത്തന്നെ സൂരജ് സുരേഷിനോട് മൂർഖൻ പാമ്പിനെക്കുറിച്ച് തിരക്കിയിരുന്നു. ഒരുമാസത്തിനുശേഷം വീണ്ടും ചാവർകാവ് സുരേഷിനെ വിളിച്ചതും മൂർഖനെ ആവശ്യപ്പെട്ടതും പുഷ്പഗിരി ആശുപത്രിയിൽ ഇരുന്നുകൊണ്ടാണെന്ന് ഫോൺ ടവർ ലൊക്കേഷൻ കാണിച്ച് കോടതിയെ ബോധിപ്പിച്ചു.