കൊല്ലം : ഉത്രയുടെ രക്തസാമ്പിളില്‍ വിഷമയമായ അളവില്‍ സിട്രിസിന് ഗുളികയുടെ അംശം കണ്ടെത്തിയിരുന്നതായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഫാര്‍മക്കോളജി വിഭാഗം പ്രൊഫസര്‍ ഡോ. എസ്.ആഷ. ഉത്ര വധക്കേസ് വിചാരണയില്‍ സാക്ഷിമൊഴി നല്‍കുകയായിരുന്നു അവര്‍.
സിട്രിസിന് മരുന്ന് 100 മില്ലിലിറ്റര്‍ രക്തത്തില്‍ 0.542 മില്ലിഗ്രാം എന്ന അളവില്‍ മരണശേഷവും കണ്ടു. അത് ഒരു കാരണവശാലും ചികിത്സാവശ്യത്തിനല്ലെന്ന് മനസ്സിലാക്കാം. അത്തരം ഡോസ് തലച്ചോറിനെ മന്ദീഭവിപ്പിക്കുകയും മസിലുകളുടെ ചലനത്തെ ബാധിക്കുകയും ഉറക്കമുണ്ടാക്കുകയും ചെയ്യുമെന്നും സാക്ഷി മൊഴി നല്കി.
ഒരേ സ്ഥലത്തായി രണ്ടു കടികള്‍ അടുത്തടുത്ത് കണ്ടതും അവ തമ്മിലെ അകലവും കടിപ്പാടുകള്‍ തമ്മിലെ അളവിലെ വ്യതിയാനവും സ്വാഭാവികമായ പാമ്പുകടിയല്ല സൂചിപ്പിക്കുന്നതെന്ന് ഉത്രയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോ. രാഗേഷ് മൊഴി നല്കി.
മൂര്‍ഖന്റെ വിഷമേറ്റാണ് ഉത്ര മരിച്ചത്. രക്തത്തില്‍ കണ്ട സിട്രിസിന്റെ അളവുകൂടി പരിഗണിക്കുമ്പോള്‍ സ്വാഭാവികമായ പാമ്പുകടിയാണിതെന്നു പറയാന്‍ സാധ്യമല്ലെന്നും മൊഴി നല്കി.
ഈ അളവില്‍ മരുന്ന് കഴിച്ച ഒരാളിനു പാമ്പ് കടിച്ചാല്‍ വേദന അറിയുമോ എന്ന പ്രതിഭാഗത്തിന്റെ ചോദ്യത്തിനു വേദന അറിയുമെന്നും ചിലപ്പോള്‍ ചലിക്കാന്‍ കഴിയില്ലെന്നും മൊഴി നല്കി. ബുധനാഴ്ച തിരുവനന്തപുരം ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലെ വിദഗ്ധരെ സാക്ഷികളായി വിസ്തരിക്കും.