കൊച്ചി: കൊല്ലം അഞ്ചൽ സ്വദേശിനി ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയായ ഭർത്താവ് സൂരജിന്റെ അമ്മയ്ക്കും സഹോദരിക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. പത്തനംതിട്ട അടൂർ സ്വദേശിനി രേണുക, സഹോദരി സൂര്യ എന്നിവർക്കാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചിരിക്കുന്നത്. രണ്ടാം പ്രതിയും സൂരജിന്റെ അച്ഛനുമായ സുരേന്ദ്രന് നേരത്തെ ജാമ്യം കിട്ടിയതും കൂടി കണക്കിലെടുത്താണ് ഇരുവർക്കും ജാമ്യം അനുവദിച്ചിരിക്കുന്നത്.

50,000 രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആൾ ജാമ്യവുമാണ് മുഖ്യ വ്യവസ്ഥ. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ ഹാജരാകണമെന്നതടക്കമുള്ള ഉപാധികളുമുണ്ട്.

കഴിഞ്ഞ മേയ് ആറിന് രാത്രിയാണ് ഉത്ര പാമ്പു കടിയേറ്റ് മരിച്ചത്. ഭർത്താവ് സൂരജ് പാമ്പിനെ കൊണ്ടുവന്ന് കടിപ്പിക്കുകയായിരുന്നു. ഉത്രയെ മാനസികവും ശാരീരികവുമായി ഉപദ്രവിച്ചെന്നായിരുന്നു രേണുകയ്ക്കും സൂര്യക്കുമെതിരായ കേസ്.

Content Highlights:uthra murder case soorajs mother and sister gets bail