ഴിഞ്ഞ ദിവസം  നമ്മള്‍ കേട്ട വാര്‍ത്തയാണ് കൊല്ലത്ത്  ഉത്ര എന്ന വീട്ടമ്മ സ്വന്തം കിടപ്പുമുറിയില്‍ പാമ്പുകടിയേറ്റ് മരിച്ചു എന്നത്. വില്ലനായത് സ്വന്തം ഭര്‍ത്താവ് തന്നെ. സ്ത്രീധനത്തിന്റെ പേരില്‍ ആ പെണ്‍കുട്ടി പീഡനം അനുഭവിച്ചിരുന്നു എന്നത് മാതാപിതാക്കളും പറയുന്നു. സമയാസമയം പ്രതികരിക്കാതിരുന്നത് പ്രതിക്ക് കാര്യങ്ങള്‍ കൂടുതല്‍ അനുകൂലമാക്കി. പെണ്‍കുട്ടികളെ വിവാഹം കഴിപ്പിച്ചയച്ചാല്‍ മാത്രം പോര അവര്‍ വീട്ടില്‍ വന്നു പറയുന്ന കാര്യങ്ങള്‍ മാതാപിതാക്കള്‍ ഗൗരവപരമായി കണക്കിലെടുക്കുകയും വേണം. അല്ലാത്ത പക്ഷം ഇത്തരം കൃത്യങ്ങള്‍ ആവര്‍ത്തിക്കപ്പെടുക തന്നെ ചെയ്യും.

സ്വന്തം ഗൃഹത്തില്‍ നടക്കുന്ന അക്രമങ്ങള്‍ക്ക് എതിരെ പ്രതികരിക്കുവാനും പരാതി നല്‍കാനും സ്ത്രീകള്‍ തന്നെ മുന്നേട്ടു വരേണ്ടത് അത്യവശ്യമാണ്. ഇത്തരം അതിക്രമങ്ങളില്‍ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്നതിനുള്ള നിയമമാണ്  Domestic Violence Act 2005 അഥവാ ഗാര്‍ഹിക അതിക്രമങ്ങളില്‍ നിന്നും സത്രീകളെ സംരക്ഷിക്കുന്നതിനുള്ള നിയമം 2005.

ഗാര്‍ഹിക അന്തരീക്ഷത്തില്‍ അതിക്രമം കൂടാതെ ജീവിക്കാനുള്ള സ്ത്രീകളുടെ അവകാശത്തെ മുന്‍ നിര്‍ത്തി നിര്‍മ്മിക്കപ്പെട്ടതാണ് ഈ നിയമം. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ തടയുന്നതിനും, സ്ത്രീകള്‍ക്ക് സമത്വം,സ്വാതന്ത്രം, സമാധാനം, നീതി എന്നിവ ഇന്ത്യന്‍ ഭരണഘടന വ്യവസ്ഥ ചെയ്യുന്നുണ്ടെങ്കിലും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ് ചെയ്യുന്നത്.  സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ അതിക്രമങ്ങള്‍ക്ക് ഇരയാകുന്നത് സ്വന്തം വീടുകളില്‍ തന്നെയാണ് എന്നതാണ് ഏറ്റവും ദുഃഖകരമായ വസ്തുത. അതിക്രമങ്ങള്‍ ഇല്ലാത്ത അന്തരീക്ഷത്തില്‍ ജീവിക്കുന്നതിനും സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുമായി നിലവില്‍ വന്നതാണ് ഈ നിയമം. കുടുംബാന്തരീക്ഷത്തില്‍ ജീവിക്കാനുള്ള സ്ത്രീകളുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തുകയാണ് ഈ നിയമത്തിന്റെ പ്രധാന ലക്ഷ്യം.

ഗാര്‍ഹിക ബന്ധം എന്നാല്‍ ഗൃഹത്തില്‍ താമസിക്കുന്നത് വഴിയുള്ള ബന്ധം എന്നാണിവിടെ അര്‍ഥമാക്കുന്നത്. ഇതില്‍ രക്ത ബന്ധം,വൈവാഹിക ബന്ധം,വിവാഹേതര ബന്ധങ്ങള്‍ (ലിവിംഗ് ടുഗദര്‍) എന്നിവ ഉള്‍പ്പെടുന്നു.

സ്വന്തം വീടുകളില്‍ അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമാണ് ഈ നിയമത്തിന്റെ ആനുകൂല്യം ലഭിക്കുക. 

ഗാര്‍ഹിക അതിക്രമങ്ങള്‍ എന്നാല്‍ എന്താണ്?

ഗാര്‍ഹിക അതിക്രമം അഥവാ പീഡനം എന്നത് സ്വന്തം വീട്ടുകാരില്‍ നിന്നോ പങ്കാളിയില്‍ നിന്നോ ഭര്‍തൃവീട്ടുകാരില്‍ നിന്നോ ഉള്ള അതിക്രമങ്ങള്‍ ആണ്. ഗാര്‍ഹിക അതിക്രമങ്ങളെ പ്രധാനമായും നാലായി തരം തിരിച്ചിരിക്കുന്നു...

1. ശാരീരിക അതിക്രമങ്ങള്‍  

ഒരു സ്ത്രീയുടെ ശരീരത്തില്‍ അപകടമോ വേദനയൊ ഉളവാക്കാവുന്നതായ എല്ലാത്തരം  ശാരീരിക ഉപദ്രവങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.

2. മാനസികമായ അതിക്രമങ്ങള്‍

പരിഹസിക്കലും, കുറ്റപ്പെടുത്തലും, വാക്കാലുള്ള അവഹേളനവും, അപകീര്‍ത്തിപ്പെടുത്തലും, മാനസികമായ പീഡനങ്ങളും ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു.കൂടാതെ കുട്ടികള്‍ ഉണ്ടാകാത്തതിനോ, ആണ്‍കുട്ടികള്‍ ഉണ്ടാകാത്തതിനോ സ്ത്രീയെ കുറ്റപ്പെടുത്തി സംസാരിക്കുന്നതും ഈ നിയമ പ്രകാരം കുറ്റകരമാണ്.

3. ലൈംഗിക അതിക്രമങ്ങള്‍ 

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള ലൈംഗിക പ്രവൃത്തി, ഇത്തരം കാര്യങ്ങള്‍ക്കായി നിര്‍ബന്ധിക്കല്‍ ഇതെല്ലാം ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു.കൂടാതെ വിവാഹ ബന്ധത്തില്‍നടക്കുന്ന ബലാല്‍സംഗങ്ങള്‍ അതായത് ഭാര്യയുടെ സമ്മതമില്ലാതെ അവരുമായി ബലമായുള്ള ലൈംഗികബന്ധം, അശ്ലീല ചിത്രങ്ങള്‍ കാണാന്‍ നിര്‍ബന്ധിക്കല്‍,ബാല ലൈംഗിക പീഡനങ്ങള്‍ മുതലായവ  ലൈംഗിക അതിക്രമങ്ങളാണ്.

3. സാമ്പത്തിക അതിക്രമം 

ഭാര്യയ്ക്കും കുട്ടിയ്ക്കും ചിലവിന് കൊടുക്കാതിരിക്കുക, അവരെ സംരക്ഷിക്കാതിരിക്കുക, അവരെ ഉപേക്ഷിച്ചു പോവുക, വിവാഹ സമയത്ത് ഭാര്യയ്ക്ക് ലഭിച്ച സ്വര്‍ണ്ണം, പണം എന്നിവയും ഭാര്യയുടെ പേരിലുള്ള സ്വത്ത് വകകള്‍ അവരുടെ സമ്മതം ഇല്ലാതെ വിനിയോഗിക്കുക, ഭാര്യയുടെ ശമ്പളം പിടിച്ചുവാങ്ങുക, അവരെ ജോലി ചെയ്യുന്നതിന് അനുവദിക്കാതിരിക്കുക എന്നതെല്ലാം സാമ്പത്തിക അതിക്രമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്നു.

എവിടെ പരാതി നല്‍കാം 

ഗാര്‍ഹിക പീഡനത്തിന്  ഇരയാവുകയോ അല്ലെങ്കില്‍ നടക്കാന്‍ ഇടയുണ്ടെന്ന് വിശ്വസിക്കാന്‍ തക്കതായ കാരണം ഉണ്ടെങ്കിലോ ഏതൊരു സ്ത്രീയ്ക്കും അല്ലെങ്കില്‍ ഇതിനെപ്പറ്റി അറിവുള്ള  ഏതൊരാള്‍ക്കും  പരാതി നല്‍കുവാന്‍  സാധിയ്ക്കും.

കൂടാതെ പരാതിക്കാരിയുടെ നിര്‍ദ്ദേശാനുസരണം ഏതൊരു വ്യക്തിക്കും അല്ലെങ്കില്‍ വനിതാസംരക്ഷണ ഉദ്യേഗസ്ഥയ്‌ക്കോ സേവനദാദാക്കള്‍ക്കൊ പരാതിക്കാരിക്ക് വേണ്ടി കേസ് ഫയല്‍ ചെയ്യുവാന്‍ അധികാരം ഉണ്ട്. ഓരോ ജില്ലയിലും സാമൂഹ്യക്ഷേമവകുപ്പിന്റെ കീഴില്‍ ഒരു വനിതാ സംരക്ഷണ ഉദ്യോസ്ഥയെ ഇതിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഗാര്‍ഹിക പീഡന പരാതികള്‍ക്കായി എല്ലാ ജില്ലകളിലും സാമൂഹിക ക്ഷേമ വകുപ്പിന്റെ തന്നെ സേവനദാദാക്കളും അതായത് സന്നദ്ധ സംഘടനകളും  (എന്‍ജിഒ) പ്രവര്‍ത്തിച്ച് വരുന്നു.ഇവരുടെ സേവനം തികച്ചും സൗജന്യമാണ് കൂടാതെ സംസ്ഥാന, ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി മുഖേനയും സൗജന്യ നിയമ സഹായം തേടാവുന്നതാണ്. സ്വന്തം അഭിഭാഷകന്‍ മുഖേനയും സ്ത്രീക്ക് പരാതി നല്‍കാവുന്നതാണ്.

മജിസ്ട്രേറ്റ് കോടതിയിലാണ് ഇത്തരം ഹര്‍ജികള്‍ ഫയല്‍ ചെയ്യേണ്ടത്. പരാതിക്കാരി താമസിക്കുകയോ ജോലിചെയ്യുന്നതോ ആയ സ്ഥലത്തെ മജിസ്ട്രേറ്റ്  കോടതി, എതിര്‍കക്ഷി താമസിക്കുന്നതോ ജോലി ചെയ്യുന്നതോ ആയ സ്ഥലത്തെ മജിസ്ട്രേറ്റ് കോടതി, പരാതിക്കടിസ്ഥാനമായ സംഭവം നടന്ന സ്ഥലത്തെ മജിസ്ട്രേറ്റ് കോടതി എന്നിവിടങ്ങളില്‍ കേസ് ഫയല്‍ ചെയ്യാവുന്നതാണ്.സാധാരണ ഗതിയില്‍ ഒരു പരാതി ലഭിച്ചു കഴിഞ്ഞാല്‍ ആ പരാതി അറുപത് ദിവസത്തിനകം തീര്‍പ്പാക്കണമെന്ന് നിയമം നിഷ്‌കര്‍ഷിക്കുന്നു.

ഈ നിയമപ്രകാരം കോടതി നല്‍കുന്ന ഉത്തരവുകള്‍ 

ആരാണോ അക്രമം നടത്തുന്നത് അയാളോട് അത് നിറുത്തുവാന്‍ കല്‍പ്പിക്കുന്ന സംരക്ഷണ ഉത്തരവുകള്‍ നല്‍കുവാന്‍ കോടതിക്ക് അധികാരം ഉണ്ട്. കൂടാതെ ചികില്‍സയ്ക്ക് ആവശ്യമായ ചിലവുകളും തൊഴില്‍ എടുക്കുവാന്‍ പറ്റാതായ കാലത്തേയ്ക്കുള്ള നഷ്ടപരിഹാരവും നല്‍കാന്‍ ഉത്തരവിടാന്‍ കോടതിക്ക് അധികാരം ഉണ്ട്. ഭര്‍ത്താവിന്റെയൊ, മാതാപിതാക്കളുടേയൊ പേരില്‍ ഉള്ള വീടാണെങ്കിലും ഭാര്യയ്ക്ക് ആ വീട്ടില്‍ താമസിയ്ക്കുവാനുള്ള ഉത്തരവ് കോടതിക്ക് നല്‍കാവുന്നതാണ്.

വീട് ആരുടെ പേരില്‍ ഉള്ളതാണെങ്കിലും അതിക്രമം നടത്തുന്ന വ്യക്തി പുരുഷാനാണെങ്കില്‍  അയാളോട് ആ വീട്ടില്‍ നിന്നും മാറിനില്‍ക്കാന്‍ കോടതിക്ക് ഉത്തരവ് നല്‍കാവുന്നതാണ്. കുട്ടികളുടെ സംരക്ഷണം സംബന്ധിച്ച താല്‍ക്കാലിക ഉത്തരവ്, പരാതിക്കാരിയ്ക്കും കുട്ടികള്‍ക്കും ദൈന്യംദിന ചിലവുകള്‍ നല്‍കല്‍, ശാരീരിക മാനസിക പീഡനങ്ങള്‍ക്കുള്ള നഷ്ടപരിഹാര  ഉത്തരവ്, സ്വത്തുക്കള്‍ കൈമാറ്റം ചെയ്യുന്നത് തടയുവാനും, അപഹരിച്ച സ്വത്തുക്കള്‍ തിരിച്ചു നല്‍കുന്നത് സംബന്ധിച്ചും കോടതിക്ക് ഉത്തരവിടാം. 

ഈ നിയമ പ്രകാരം പരാതിക്കാരിക്ക് ലഭ്യമാകുന്ന സേവനങ്ങള്‍

ആവശ്യമുള്ള സന്ദര്‍ഭങ്ങളില്‍ വീട്ടില്‍ നിന്ന് മാറി താമസിക്കുന്നതിന് സര്‍ക്കാര്‍ അംഗീകരിച്ച അഭയ മന്ദിരങ്ങള്‍ ലഭിക്കുന്നതാണ്. കൂടാതെ സൗജന്യ ചികിത്സക്കുള്ള സഹായവും സര്‍ക്കാര്‍ നല്‍കുന്നു. ആവശ്യമെങ്കില്‍ പരാതിക്കാരിയുടെ കുടുബാംഗങ്ങള്‍ക്കും സൗജന്യ കൗണ്‍സലിംഗ് സേവനദാതാക്കള്‍ വഴി ലഭ്യമാക്കുന്നു.

 

ലേഖകന്‍: എ.വി. വിമല്‍കുമാര്‍ (കേരള ഹൈക്കോടതി അഭിഭാഷകന്‍, ലെക്‌സ് എക്‌സ്‌പെര്‍ട്ട്‌സ് ഗ്ലോബല്‍ ,അഡ്വക്കേറ്റ്‌സ് ആന്‍ഡ് അറ്റോര്‍ണീസ്, കൊച്ചി)

 

 

Content Highlights: uthra murder case;advocate vimalkumar writes about domestic violence act