ലോസ് ആഞ്ജലിസ്(യുഎസ്എ): ആറായിരത്തോളം സ്ത്രീകളെ ഡോക്ടര്‍ ലൈംഗികമായി ഉപദ്രവിച്ചെന്ന കേസില്‍ 73 മില്യണ്‍ ഡോളറിന്റെ (ഏകദേശം അഞ്ഞൂറ് കോടിയിലേറെ രൂപ) ഒത്തുതീര്‍പ്പിന് കോടതിയുടെ അംഗീകാരം. കാലിഫോര്‍ണിയ സര്‍വകലാശാല (യു.സി.എല്‍.എ)യിലെ മുന്‍ ഗൈനക്കോളജിസ്റ്റ് ജയിംസ് ഹീപ്‌സിനെതിരായ കേസിലെ ഒത്തുതീര്‍പ്പിനാണ് ഫെഡറല്‍ ജഡ്ജി അംഗീകാരം നല്‍കിയത്. ഈ തുക ഡോക്ടറുടെ അതിക്രമത്തിനിരയായ സ്ത്രീകള്‍ക്ക് വീതിച്ചുനല്‍കും. 2500 ഡോളര്‍ മുതല്‍ 2,50,000 ഡോളര്‍ വരെ ഓരോരുത്തര്‍ക്കും ലഭിക്കുമെന്നും വിദഗ്ധ സമിതി ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും സി.ബി.എസ്. ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. 

1983 മുതല്‍ 2018 വരെയുള്ള കാലയളവില്‍ ജയിംസ് ഹീപ്‌സിന്റെ അതിക്രമത്തിനിരയായ ഒരുകൂട്ടം സ്ത്രീകളാണ് കേസ് ഫയല്‍ ചെയ്തിരുന്നത്. യു.സി.എല്‍.എ.യിലെ സ്റ്റുഡന്റ് ഹെല്‍ത്ത് സെന്റര്‍, മെഡിക്കല്‍ സെന്റര്‍ എന്നിവിടങ്ങളില്‍വെച്ച് ജയിംസ് ഹീപ്‌സ് ലൈംഗികമായി ഉപദ്രവിച്ചെന്നായിരുന്നു ഇവരുടെ പരാതി. പരിശോധനയ്ക്കിടെ കയറിപ്പിടിച്ചു, അള്‍ട്രാസൗണ്ട് സ്‌കാനിങ് ഉപകരണം കൊണ്ട് ലൈംഗികവേഴ്ച അനുകരിച്ചു, അശ്ലീല പദപ്രയോഗങ്ങള്‍ നടത്തി തുടങ്ങിയവയായിരുന്നു ആരോപണം. ഇതിനൊപ്പം സര്‍വകലാശാല ഹീപ്‌സിനെതിരായ പരാതികളില്‍ നടപടിയെടുത്തില്ലെന്നും പരാതിക്കാര്‍ ആരോപിച്ചിരുന്നു. മോശമായി പെരുമാറിയ ഹീപ്‌സിനെതിരേ പരാതി നല്‍കിയിട്ടും സര്‍വകലാശാല നിസ്സംഗത പാലിച്ചെന്നായിരുന്നു ഇവര്‍ ആരോപിച്ചത്. 

എന്നാല്‍ 2017 ഡിംസബറില്‍ തന്നെ ഹീപ്‌സിനെതിരേ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നായിരുന്നു സര്‍വകലാശാലയുടെ മറുപടി. 2018-ല്‍ ഹീപ്‌സ് വിരമിച്ചെന്നും അദ്ദേഹവുമായുള്ള കരാര്‍ പുതുക്കിയിട്ടില്ലെന്നും സര്‍വകലാശാല പറഞ്ഞു. ലൈംഗികാതിക്രമങ്ങള്‍ തടയാനുള്ള നടപടിക്രമങ്ങളില്‍ മാറ്റംവരുത്താമെന്ന് സമ്മതിച്ച സര്‍വകലാശാല, കഴിഞ്ഞവര്‍ഷം കേസില്‍ ഒത്തുതീര്‍പ്പിലെത്താന്‍ കഴിയാത്തതില്‍ തങ്ങള്‍ക്ക് തെറ്റുപറ്റിയിട്ടില്ലെന്നും വ്യക്തമാക്കി. ലൈംഗികാതിക്രമം തടയാനും അതിക്രമം നടന്നാല്‍ അത് അന്വേഷിക്കുന്നതിനുമുള്ള നടപടിക്രമങ്ങളിലാണ് മാറ്റം വരുത്തുക. 

'ഇന്നത്തെ നിയമനടപടിയുടെ സവിശേഷതകളെക്കുറിച്ച് ഞങ്ങള്‍ക്ക് അഭിപ്രായം പറയാനാകില്ല. എന്നാല്‍ ലൈംഗികാതിക്രമം നീതികരിക്കാന്‍ കഴിയാത്തതാണെന്ന് ഞങ്ങള്‍ക്ക് നിസ്സംശയം പറയാനാകും. അതിനാല്‍ ഓരോ രോഗിയുടെയും മാന്യതയെ ബഹുമാനിക്കുന്ന പരിചരണം നല്‍കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്, യു.സി.എല്‍.എ. ഹെല്‍ത്ത് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. 

അതേസമയം, 64-കാരനായ ജയിംസ് ഹീപ്‌സിനെതിരേ 21 ക്രിമിനല്‍ കേസുകളും നിലവിലുണ്ട്. ഏഴ് സ്ത്രീകള്‍ നല്‍കിയ ലൈംഗികപീഡന പരാതിയിലാണ് അദ്ദേഹത്തിനെതിരേ ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തിയിരിക്കുന്നത്. ഈ കേസുകളില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ 67 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാം. എന്നാല്‍ താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് ഡോക്ടറുടെ വാദം. 

കഴിഞ്ഞ മാര്‍ച്ചില്‍ സതേണ്‍ കാലിഫോര്‍ണിയ സര്‍വകലാശാലയും സമാനമായ കേസില്‍ ഒത്തുതീര്‍പ്പിന് സമ്മതിച്ചിരുന്നു. കാമ്പസിലെ ഗൈനക്കോളജിസ്റ്റ് 700-ലേറെ സ്ത്രീകളെ ലൈംഗികമായി ഉപദ്രവിച്ചെന്ന കേസിലാണ് 852 മില്യണ്‍ ഡോളറിന്റെ ഒത്തുതീര്‍പ്പിന് സര്‍വകലാശാല സമ്മതിച്ചത്. ഇത്തരം കേസുകളിലെ ഏറ്റവും വലിയ ഒത്തുതീര്‍പ്പ് തുകയായിരുന്നു ഇത്.

Content Highlights: ucla james heaps sexual abuse case court approved settlement